Daniel Kochuvila Ramban (1944-2017)

Advertisements

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

സ്വകുടുംബത്തേക്കാളധികം സ്വർഗ്ഗ രാജ്യത്തെ സ്നേഹിച്ച ദാനിയേൽ കൊച്ചുവിള റമ്പാച്ചൻ…

Advertisements

കുടുംബത്തിലെ മൂത്ത മകൻ, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടയാൾ എല്ലാം വിട്ടുപേക്ഷിച്ച് വൈദികനാകാനായി സെമിനാരിയിൽ ചേരുന്നു. സഹോദരങ്ങളെയും മാതാപിതാക്കളെയും ദൈവസന്നിധിയിൽ സമർപ്പിച്ച പരിശീലന കാലയളവിൽ ഒന്നിനുപിറകെ ഒന്നായി നാലു സഹോദങ്ങളും മരണമടയുന്നു. ആൺമക്കളെല്ലാം നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് താങ്ങാകാൻ അവരുടെ ആഗ്രഹം പോലെ, വീട്ടിലേക്ക് മടങ്ങി കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാം എന്നുറപ്പിച്ച്, കത്തോലിക്കാ സഭയിലേക്ക് തന്റെ കുടുംബത്തെ സ്വീകരിച്ച, തന്റെ ദൈവവിളിക്ക് മാർഗ്ഗദർശി കൂടിയായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിനെ കണ്ട് വീട്ടിലേക്ക് തിരികെ പോകുകയാണ്‌ കുടുംബത്തിന്റെ ഉത്തരവാദിത്തം എന്റെ ചുമതലയാണ് എന്നറിയിച്ചപ്പോൾ ആ സെമിനാരിക്കാരനെ ചേർത്തു നിർത്തി വിളിച്ച തമ്പുരാന്റെ വാക്കുകൾ പിതാവ് ആവർത്തിച്ചു, “കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല” (ലൂക്കാ 9 : 62). പ്രതിസന്ധികളുടെയും പരീക്ഷകളുടെയും അഗ്നിയിൽ തകർന്നു പോകാതെ സ്ഫുടം ചെയ്തെടുക്കാൻ കരുത്തായത് ആ വാക്കുകളാണ്, തുടർന്ന് കുടുംബത്തേക്കാളധികം സ്വർഗരാജ്യത്തെ സ്നേഹിച്ചു. സ്വർഗ രാജ്യത്തെ കുടുംബത്തേക്കാൾ സ്നേഹിച്ചവന് നഷ്ടപ്പെട്ടതെല്ലാം കർത്താവ് മടക്കി നൽകി, വീണ്ടും സഹോദരങ്ങളെ നൽകി അനുഗ്രഹിച്ചു. ജേഷ്ഠസഹോദരന്റെ ജീവിത മാതൃക കണ്ടു വളർന്ന സഹോദരങ്ങളിൽ രണ്ടു പേർ സി. റ്റെറസീന എസ്.ഐ.സി, സി. ഭവ്യ എസ്.ഐ.സി സന്യസ്ത ജീവിതം സ്വീകരിച്ചു. അപ്രകാരം സംഭവ ബഹുലമായ ഒരു ജീവിതമാണ് ദാനിയേൽ കൊച്ചുവിള റമ്പാച്ചന്റേത്.

കൊല്ലം ജില്ലയിലെ നല്ലിലയിൽ കൊച്ചുവിള വീട്ടിൽ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും കടിഞ്ഞൂൽ സന്താനമായി 1944 ഏപ്രിൽ 21ന് ദാനിയേൽ ജനിച്ചു. പഴങ്ങാലം എൽ.പി.സ്കൂൾ, കുഴിമതികാട് ഹൈസ്കൂൾ എന്നിവിടങ്ങളിലായി 1961ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഫ്രാൻസിസ്കൻ സന്യാസ വൈദികനും മിഷണറിയുമായിരുന്ന ഫാ. കത്ബർട്ട് ഓ.എഫ്.എം കൊല്ലം മുഖത്തല ആശ്രമം കേന്ദ്രമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ തന്റെ പ്രേഷിത ശുശ്രൂഷകൾ ചെയ്യുന്ന നാളിൽ നല്ലില കേന്ദ്രമാക്കി ഒരു പള്ളി പണിയുന്നതിനായി ശ്രമിക്കുകയും അങ്ങനെ സെന്റ് ജോർജ് യാക്കോബായ പുത്തൻ പള്ളി (കല്ലുവിള പള്ളി) പണിയുവാനായി മുന്നിട്ടിറങ്ങിയ കല്ലുവിള കുടുംബാംഗങ്ങൾ തന്നെ മലങ്കര കത്തോലിക്കാ പള്ളിക്കും സ്ഥലം നൽകുകയും തുടർന്ന് ആ കുടുംബത്തിലെ വിവിധ അംഗങ്ങൾ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുകയും ചെയ്തു. ഇതെല്ലാം സംഭവിക്കുന്നത് ദാനിയേലിന്റെ ഹൈസ്കൂൾ പഠനകാലത്താണ്. കത്ബർട്ട് അച്ചനുമായുള്ള അടുത്ത ബന്ധവും തങ്ങളെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ച ഗ്രിഗോറിയോസ് പിതാവിനോടുള്ള ആകർഷണവും വൈദികനാകണമെന്ന ആഗ്രഹത്തിന് വേരുപാകി. അങ്ങനെ 1961 ജൂണിൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിനായി ചേർന്നു.

സെമിനാരിക്കാലത്താണ് സഹോദരങ്ങൾ അഞ്ച് പേരിൽ നാലാളും (കുഞ്ഞപ്പൻ, മാത്തുക്കുട്ടി, തോമസുകുട്ടി, പൊടിച്ചി അമ്മ) മരണമടഞ്ഞത്. തിരികെ മടങ്ങാം എന്നുറപ്പിച്ച ദാനിയേലിനെ വൈദിക ജീവിതത്തിൽ ഉറപ്പിച്ചു നിർത്തിയത് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവാണ്. കോട്ടയം വടവാതൂർ സെന്റ് തോമസ് മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. വൈദികനാകും മുമ്പ് രണ്ട് സഹോദരങ്ങളെ (മോളിക്കുട്ടി, സി. ഭവ്യ) കൂടെ നൽകി ദൈവം അനുഗ്രഹിച്ചു. 1971 മാർച്ച് 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് ഗ്രിഗോറിയോസ് പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ച അച്ചൻ 1971 മാർച്ച് 19ന് നല്ലില സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.
തുടർന്ന് മൂന്നു മാസത്തോളം പിതാവിന്റെ സഹായിയായി കൂടെയുണ്ടായിരുന്നു.

സേവനമനുഷ്ഠിച്ച ഇടവകകൾ

1971 ജൂണിൽ അവിഭക്ത തിരുവനന്തപുരം അതിരൂപതയിൽ കൊല്ലം ജില്ലയിൽ പുത്തൂർ, കാരിക്കൽ പള്ളികളിൽ ജോർജ് ജേക്കബ് കിഴക്കേതിൽ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയായി ഇടവക ജീവിതം ആരംഭിച്ചു. വികാരിയായി ആദ്യ നിയമനം വള്ളിക്കോട് കോട്ടയം, ഇളപ്പുപാറ (1973-76) പള്ളികളിൽ. തുടർന്ന്
കൈതക്കോട്, മാറനാട്, പള്ളിക്കാവിള, മൂന്ന്മുക്ക്, മരുതൂർ, കൊടുവിള (1976- 81), നിലമേൽ, തട്ടത്തുമല, ദർപ്പക്കാട്, മണ്ണാറക്കോട്, പങ്ങൽക്കാട്, പുന്നയം (1981- 84), നരിക്കൽ, തിരുവഴി, കോട്ടവട്ടം (1984- 87), കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം, സാംനഗർ, കട്ടിളപ്പാറ, റോസ്മല (1987- 92), തുവയൂർ വെസ്റ്റ്, തുവയൂർ ഈസ്റ്റ്, അന്തിച്ചിറ (1992- 95), കുടശ്ശനാട്, പൂഴിക്കാട്, കുരമ്പാല സൗത്ത് ( 1995- 96), ഓടനാവട്ടം, പരുത്തിയറ, വാപ്പാല (1996- 2000), പൂത്തൂർ, കാരിക്കൽ, പവിത്രേശ്വരം, തേവലപ്പുറം, പൂവറ്റൂർ, കാരുവേലിൽ (2000- 2005), വെളിയം, പൂയപ്പള്ളി (2005- 2007). തിരുവനന്തപുരം അതിരൂപത വിഭജിച്ച് മാവേലിക്കര രൂപത നിലവിൽ വന്നപ്പോൾ മാവേലിക്കരയിലേക്ക് കടന്നുവന്നു. കല്ലുമല (2007-2010), കുണ്ടറ (2010- 2016), കടപ്പാക്കട (2016) പള്ളികളിലായി സുദീർഘമായ ഇടവക ശുശ്രൂഷ.

കൊട്ടാരക്കര വൈദിക ജില്ലയുടെയും കൊല്ലം വൈദിക ജില്ലയുടെയും ജില്ലാ വികാരിയായും മാവേലിക്കര ഭദ്രാസനത്തിലെ പയസ് അസോസിയേഷൻ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2008- 2011 കാലഘട്ടത്തിൽ മാവേലിക്കര രൂപതയുടെ മാർ ഇവാനിയോസ് സെമിനാരി ആദ്ധ്യാത്മിക പിതാവായി സേവനം ചെയ്തു.

സേവനമനുഷ്ഠിച്ചിടത്തെല്ലാം ഒരു വൈദികൻ എന്ന നിലയിൽ തന്റെ കടമകൾ നിറവേറ്റാൻ പരമാവധി ശ്രമിക്കുകയും അനുദിന ബലി താമസസ്ഥലത്ത് മുടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇടവകകളിൽ ഞായറാഴ്ച കുർബാന, കുമ്പസാരം, വാർഷിക ധ്യാനം, ആണ്ടുതോറുമുള്ള പെരുന്നാളുകൾ, വിവിധ ഭക്താഭ്യാസങ്ങൾ, എട്ടു നോമ്പാചരണം, ഒക്ടോബർ മാസ ജപമാല ഭക്തി ഇവയെല്ലാം രൂപപ്പെടുത്താനും വളർത്താനും ശ്രദ്ധിച്ചു. ആദ്യം വികാരിയായിരുന്ന വള്ളിക്കോട് കോട്ടയത്ത് പഴയ പള്ളി പുനരുദ്ധരിക്കുകയും രണ്ട് കുരിശടികൾ പണിയുകയും ചെയ്തു.

കൈതക്കോട്ടെ താമസത്തിനിടയിൽ രണ്ടു പുതിയ മിഷൻ ( കല്ലട വെസ്റ്റ് & മരുതൂർ )തുടങ്ങുകയും കൊടുവിള, കല്ലട ഈസ്റ്റ്എന്നീ രണ്ടു പള്ളികൾ പണിയുകയും ചെയ്തു. കൈതക്കോട് പള്ളിയോട് ചേർന്ന് നഴ്സറി സ്കൂൾ പണിയിച്ചു. നിലമേലിലെ മിഷൻ സമയത്ത് തട്ടത്തുമല പള്ളി കൂദാശ നടത്തുകയും ദളിത് ക്രിസ്ത്യാനികൾക്കിടയിൽ പുതിയ ചാപ്പലുകൾ പണികഴിക്കുകയും ചെയ്തു. കുളത്തൂപ്പുഴ ഹൈസ്കൂളിൽ ലോക്കൽ മാനേജരായിരുന്നപ്പോൾ 5 കമ്പ്യൂട്ടർ വാങ്ങി കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. കുളത്തൂപ്പുഴ ജംഗ്ഷനിൽ ദാനം കിട്ടിയ സ്ഥലത്ത് മനോഹരമായ കുരിശടി പണിയിച്ചു. തിങ്കൾക്കരിക്കത്തും ഒരു കുരിശടി പണിതു. അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്താൽ സാംനഗർ കോളനിയിൽ നിർദ്ധനരായവർക്ക് ഉപജീവനമാർഗമായി ആടു വിതരണ പദ്ധതി, ചോർന്നൊലിക്കുന്ന കൂരകൾ വാസയോഗ്യമാക്കുക തുടങ്ങിയവ നടപ്പാക്കി.

അന്തിച്ചിറ മിഷനിൽ തയ്യൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സഹായത്തോടെ പാരിഷ്ഹാൾ പണിയുകയും അവിടെ ദളിത് മിഷനിലെ കുട്ടികൾക്കായി നേഴ്സറി സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ മിഷനിലാണ് പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ തുടക്കം നടന്നത്. തൂവയൂർ ഈസ്റ്റിൽ ഒരു വൈദിക മന്ദിരവും അതിന്റെ മുകൾഭാഗം ഓപ്പൺ സ്റ്റേജ് ആയും രൂപകല്പന ചെയ്ത് പൂർത്തിയാക്കി.

ഓടനാവട്ടത്തെ താമസത്തിനിടയിൽ ഇടവകയുടെ ജൂബിലി ആഘോഷം സമുചിതമായി നടത്തുകയും വൈദിക മന്ദിരം പണിയുകയും ചെയ്തു. ഓടനാവട്ടം ഹോസ്പിറ്റലിൽ നേഴ്സസ് ക്വാർട്ടേഴ്സ് ഒരു നില കൂടി പണിയിച്ച് വിപുലമാക്കി. പുത്തൂർ, കാരിക്കൽ പള്ളികളിൽ സെമിത്തേരിയിൽ സെല്ലാറുകൾ പണികഴിപ്പിച്ചു. പുത്തൂർ എൽ. പി. സ്കൂളിന് സർക്കാർ അംഗീകാരം നേടി പുനരുദ്ധരിച്ചു. കാരുവേലിൽ പകുതിയാക്കി വെച്ചിരുന്ന ചെറിയ കെട്ടിടത്തിന്റെ പണിപൂർത്തിയാക്കി. പുത്തൂർ ബഥനി ഹോസ്പിറ്റലിന്റെ പ്രവർത്തനം കുറേക്കൂടി ഊർജ്ജസ്വലമാക്കി.

വെളിയത്ത് സ്കൂൾ കെട്ടിടം ഭാഗികമായി പുനരുദ്ധരീകരിക്കുകയും സ്കൂൾ കോമ്പൗണ്ടിന് ചുറ്റുമതിൽ കെട്ടുകയും തരിശായി കിടന്നിരുന്ന സ്ഥലം മുഴുവൻ റബ്ബർ, വാഴ എന്നിവ കൃഷി ചെയ്യുകയും സ്കൂൾ പ്രവർത്തനം ഉഷാറാക്കുകയും ചെയ്തു. പൂയപ്പള്ളിയിൽ പുതിയ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങളായി മുടങ്ങി കിടന്നത് ഇടവക കൂട്ടായ്മയെ ഒരുമിപ്പിച്ച് പണിത് പൂർത്തിയാക്കി. കൂടാതെ റബ്ബർ കൃഷി ആരംഭിച്ചു. Health for One Million People (HOM) എന്ന പദ്ധതിയുമായി സഹകരിച്ച് ലോറൻസ് മാർ അപ്രേം പിതാവിനൊപ്പം നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായി.

ദൈവരാജ്യ ശുശ്രൂഷയ്ക്കൊപ്പം മാതാപിതാക്കൾക്കും സഹോദരങ്ങളായ സി. ടെറസിന, മോളി രാജൻ, സി. ഭവ്യ എന്നിവർക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ കരുതലും പ്രാർത്ഥനയുടെ പിന്തുണയുമായി മാർഗ്ഗദീപമായി അച്ചൻ കൂടെയുണ്ടായിരുന്നു.

ദാനിയേൽ അച്ചന്റെ പൗരോഹിത്യ ശുശ്രൂഷകളുടെ തനിമയും ജീവിതത്തിന്റെ വിശുദ്ധിയും സ്വർഗ്ഗ രാജ്യത്തെ പ്രതിയുള്ള സമർപ്പണവും തിരിച്ചറിഞ്ഞ പരിശുദ്ധ സഭ റമ്പാൻ പട്ടം നൽകി അച്ചന് അർഹമായ ആദരവ് നൽകി. മാവേലിക്കര ഭദ്രാസനാധിപൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവിന്റെയും സഭയിലെ പിതാക്കൻമാരുടെയും സഹകാർമ്മികത്വത്തിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാബാവ 2014 മെയ് 21ന് മാവേലിക്കര കത്തീഡ്രലിൽ സന്യാസ ജീവിതത്തിന്റെ പ്രതീകമായ റമ്പാൻ പട്ടം നൽകി.

കൊല്ലം കടപ്പാക്കടയിൽ വികാരിയായി ശുശ്രൂഷ ചെയ്തുവന്ന സമയത്താണ് ക്യാൻസർ രോഗബാധിതനായത്. വേദനകൾക്കൊടുവിൽ ദൈവപുത്രന്റെ പിറവി തിരുനാളിന്റെ തലേദിവസം 2016 ഡിസംബർ 24ന് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി, ക്രിസ്മസ് ദിനത്തിൽ മാതൃ ദേവാലയമായ നല്ലില പള്ളിയിൽ ഭൗതീക ശരീരം സംസ്കരിച്ചു.

ദാനിയേൽ കൊച്ചുവിള റമ്പാച്ചന്റെ ശവസംസ്കാര ശുശ്രൂഷയിൽ ആ ജീവിതത്തെ അടുത്തറിയാവുന്ന മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവിന്റെ വിടവാങ്ങൽ പ്രസംഗത്തിലെ ഈ വാക്കുകൾ,
“ലാളിത്യവും തുറവിയുമുള്ള വ്യക്തിത്വമായിരുന്നു ദാനിയേൽ കൊച്ചുവിള റമ്പാച്ചന്റേത്. ശിശുസഹജമായ പെരുമാറ്റരീതി, വളച്ചുകെട്ടില്ലാത്ത സംസാരശൈലി, കരുണാർദ്രമായ സമീപനങ്ങൾ എന്നിവ റമ്പാച്ചന്റെ പ്രത്യേകതയായിരുന്നു. ശുശ്രൂഷ ചെയ്ത ഇടവകകളിൽ ആശ്വാസവും എപ്പോഴും ആശ്രയിക്കാവുന്ന ആഴമായ ബന്ധവും റമ്പാച്ചൻ പകർന്നു നൽകിയിരുന്നു.
യുവജനങ്ങളെ വിശ്വാസത്തിൽ രൂപീകരിക്കുവാൻ റമ്പാച്ചന് അസാദ്ധ്യമായ പാടവമുണ്ട്.
സമപ്രായക്കാരന്റെ മനോവ്യാപാരവും ശരീരഭാഷയും യുവാക്കളോട് ഇടപെടുമ്പോൾ റമ്പാച്ചൻ കാണിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഹോസ്റ്റലുകളിൽ താമസമാക്കിയ യുവജനങ്ങൾ, ജീവിത വ്യഗ്രതയിൽ ഇടവകയിലെ സജീവ പങ്കാളിത്തത്തിൽ നിന്നകന്ന് ജീവിക്കുന്നവർ, വിശ്വാസ ജീവിതത്തിൽ വിരസത അനുഭവിക്കുന്നവർ തുടങ്ങി ക്ഷുഭിത യൗവനത്തിന്റെ ജീവിത പ്രതിസന്ധികളിൽ ജീവിതം വഴിമുട്ടിയ അനേകർക്ക് വഴികാട്ടിയായി. അനേക യുവാക്കളെ വൈദിക ജീവിതത്തിലേക്കും നിരവധി യുവതികളെ സന്യാസ ജീവിതത്തിലേക്കും വഴി കാണിച്ചു.
ദാരിദ്ര ദുഃഖമനുഭവിക്കുന്ന അനേകർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയും ജീവിത വഴികൾ കാണിച്ചുകൊടുത്തും റമ്പാച്ചൻ സഹായിച്ചിട്ടുണ്ട്. ഔദാര്യത്തോടെയുള്ള ഉപരിപ്രവർത്തനങ്ങൾ അതിന്റെ രഹസ്യാത്മകതയിലും വിശുദ്ധിയിലും റമ്പാച്ചൻ കാത്തുസൂക്ഷിച്ചു.
മതബോധനം ഗൗരവത്തിലും അതിന്റെ ഉത്സാഹാന്തരീക്ഷത്തിലും കുട്ടികളിലേക്ക് കൈമാറുവാൻ വേണ്ടവിധം പ്രോത്സാഹിപ്പിച്ചിരുന്നു. കുട്ടികളിലെ കായിക, കല, സാംസ്കാരിക അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാതൃകാ കുട്ടികളെ അൾത്താര ബാലന്മാരായി സ്വീകരിച്ച് പരിശീലിപ്പിച്ചു.
നിഷ്കളങ്കമായ സമീപനങ്ങളും കാഴ്ചപ്പാടുകളും റമ്പാച്ചന്റെ പ്രത്യേകതയായിരുന്നു. വൈദിക ജീവിതത്തിന്റെ ഔന്നത്യത്തിന് ചേർന്ന സംസാരം, ഇടപെടലുകൾ എന്നിവ കാത്തുസൂക്ഷിച്ചു. വൈദികരെ കരുതി, പ്രോത്സാഹിപ്പിച്ച്, ഒരുമിച്ച് പ്രാർത്ഥിച്ച് വൈദിക കൂട്ടായ്മ പ്രോത്സാഹിപ്പിച്ചു. സഭാ സംവിധാനങ്ങളോട്, വൈദിക മേലധ്യക്ഷന്മാരോട് ആദരവും ബന്ധവും കാത്തുസൂക്ഷിച്ചു. സങ്കീർണമല്ലാത്ത വ്യക്തിത്വത്തിനുടമയായ റമ്പാച്ചൻ ദൈവജനത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങളിൽ സംലഭ്യനായിരുന്നു.”, സ്വർഗ്ഗ രാജ്യത്തിനായി ജീവിതം സമർപ്പിച്ച ഒരു ജീവിതത്തിന്റെ സമ്യക്കായ ചിത്രമാണ്.

കടപ്പാട് : സി. ടെറസിനാ. എസ്. ഐ. സി, മോളി രാജൻ, സി. ഭവ്യ എസ്. ഐ. സി (റമ്പാച്ചന്റെ സഹോദരികൾ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Advertisements
Advertisements

Leave a comment