✝️ ജനങ്ങൾക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന
(Missa pro populo / Holy Qurbano for the People / വികാരി കുർബാന) ⛪
📖 സൺഡേ സ്കൂൾ അധ്യാപകർക്കും മാതാപിതാക്കൾക്കും പഠിക്കാനും പഠിപ്പിക്കാനും സഹായകമായ കുറിപ്പ് (Adult Catechesis series No.2) 📖
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
1❓: ‘ജനങ്ങൾക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന’ അഥവാ ‘Missa pro populo’ (Vicar’s Mass) എന്ന് പറഞ്ഞാൽ എന്താണ്?
✅: ഒരു ഇടവക വികാരിയോ, മിഷൻ സുപ്പീരിയറോ, രൂപതാ മെത്രാനോ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന വിശ്വാസികൾക്ക് (ഇടവക ജനങ്ങൾക്ക് അല്ലെങ്കിൽ മിഷൻ/രൂപതാ ജനങ്ങൾക്ക്) വേണ്ടി അവരുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കായി അർപ്പിക്കേണ്ട വിശുദ്ധ കുർബാനയാണ് ‘ജനങ്ങൾക്ക് വേണ്ടിയുള്ള കുർബാന’ അഥവാ Missa pro populo / Holy Qurbano for the People എന്ന് അറിയപ്പെടുന്നത്.
2❓: വികാരി കുർബാന ആരെല്ലാമാണ് അർപ്പിക്കേണ്ടത്?
✅: പൗരസ്ത്യ സഭകളുടെ കാനോൻ നിയമം (CCEO) അനുസരിച്ച്, പ്രധാനമായും രൂപതാ മെത്രാന്മാരും (Bishops), ഇടവക വികാരിമാരും ഒപ്പം മിഷൻ സുപ്പീരിയർമാരും ആണ് തങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ഈ വിശുദ്ധ കുർബാന അർപ്പിക്കാൻ ബാധ്യസ്ഥരായിട്ടുള്ളത്. തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തിനു വേണ്ടി പ്രാർത്ഥിക്കേണ്ടത് അവരുടെ പ്രധാന കടമയാണ്.
3❓: പൗരസ്ത്യ സഭകളുടെ കാനോൻ നിയമം (CCEO) ജനങ്ങൾക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയെക്കുറിച്ച് എന്തൊക്കെയാണ് വ്യക്തമാക്കുന്നത്?
✅: CCEO കാനോൻ 294-ൽ ഇടവക വികാരിമാരുടെയും മിഷൻ സുപ്പീരിയർമാരുടെയും ഈ കടമയെക്കുറിച്ച് കൃത്യമായി അനുശാസിക്കുന്നുണ്ട്:
ഇംഗ്ലീഷ് വിവർത്തനം:
The pastor is frequently to celebrate the Divine Liturgy for the people of the parish entrusted to him but is bound to celebrate it for them on the days prescribed by the particular law of his Church sui iuris.
മലയാള അർത്ഥം:
ഇടവക വികാരി തനിക്ക് ഏൽപ്പിച്ചിരിക്കുന്ന ഇടവക ജനങ്ങൾക്ക് വേണ്ടി പതിവായി ദിവ്യബലി അർപ്പിക്കുകയും, സ്വന്തം സഭയുടെ പ്രത്യേക നിയമം നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ അത് അർപ്പിക്കാൻ ബാധ്യസ്ഥനുമാണ്.
രൂപതാ മെത്രാന്മാർ തങ്ങളുടെ രൂപതാ ജനങ്ങൾക്ക് വേണ്ടി കുർബാന അർപ്പിക്കണമെന്നും സഭാ നിയമം (CCEO 198) നിഷ്കർഷിക്കുന്നു.
4❓: ജനങ്ങൾക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയുടെ പ്രത്യേകത എന്താണ്?
✅: സാധാരണയായി വ്യക്തികളുടെ പ്രത്യേക നിയോഗങ്ങൾക്കും മരിച്ചവരുടെ ഓർമ്മയ്ക്കും മറ്റുമായി കുർബാന ധർമ്മം സ്വീകരിച്ച് കുർബാന അർപ്പിക്കാറുണ്ട്. എന്നാൽ ‘Missa pro populo’ എന്നത് ഇടവക മുഴുവനും വേണ്ടി, അതായത് ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും വേണ്ടി അർപ്പിക്കുന്ന കുർബാനയാണ്. ഇടവക വികാരിമാരും ഒപ്പം മിഷൻ സുപ്പീരിയർമാരും തങ്ങളുടെ കീഴിലുള്ള എല്ലാ കുടുംബങ്ങളുടെയും വ്യക്തികളുടെയും നിയോഗങ്ങൾക്ക് വേണ്ടിയാണ് ഇത് അർപ്പിക്കുന്നത്. അതിനാൽ തന്നെ, അന്നത്തെ വിശുദ്ധ കുർബാനയിൽ ഇടവക സമൂഹം മുഴുവൻ സംബന്ധിക്കുന്നത് അഭികാമ്യമാണെന്ന് സഭ അനുശാസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ കുർബാനയിൽ ജനങ്ങളുടെ ആത്മീയ വളർച്ച, പാപമോചനം, രോഗശാന്തി, കുടുംബങ്ങളുടെ സമാധാനം എന്നിവയ്ക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു. സഭ നിഷ്കർഷിക്കുന്ന ദിവസങ്ങളിൽ ഇടവക വികാരി കുർബാന നിർബന്ധമായും അർപ്പിച്ചിരിക്കണം.
5❓: ജനങ്ങൾക്ക് വേണ്ടിയുള്ള കുർബാന (വികാരി കുർബാന) അർപ്പിക്കേണ്ട തീയതികൾ എല്ലാ കത്തോലിക്കാ സഭകളിലും ഒരേപോലെയാണോ? ഈ തീയതികൾ നിശ്ചയിക്കാൻ കാനോൻ നിയമപ്രകാരം ആർക്കാണ് അവകാശമുള്ളത്?
✅: വികാരി കുർബാന അർപ്പിക്കേണ്ട തീയതികൾ കത്തോലിക്കാ സഭയിലെ ഓരോ വ്യക്തിസഭകൾക്കും (Sui Iuris Churches) വ്യത്യാസപ്പെട്ടിരിക്കും. പൗരസ്ത്യ സഭകളുടെ കാനോൻ നിയമം (CCEO 294, CCEO 880 §3) അനുസരിച്ച്, വികാരി കുർബാന അർപ്പിക്കേണ്ട കടമുള്ള തിരുനാളുകളും തീയതികളും ഓരോ വ്യക്തിസഭയുടെയും നിയമങ്ങൾക്കനുസൃതമായാണ് നിശ്ചയിക്കുന്നത്. ഈ തീയതികൾ തീരുമാനിക്കാനും മാറ്റം വരുത്താനുമുള്ള പൂർണ്ണ അവകാശം അതത് സഭകളുടെ പരമാധികാരിക്കും (മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ കാതോലിക്കാ ബാവായും പരിശുദ്ധ സുന്നഹദോസും – Synod of Bishops) ഉള്ളതാണ്.
6❓: മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഏതൊക്കെ ദിവസങ്ങളിലാണ് ജനങ്ങൾക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന (Missa pro populo) അർപ്പിക്കേണ്ടത്?
✅: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രത്യേക നിയമം (The Code of Particular Canons of the Syro-Malankara Catholic Church – Can. 138) പ്രകാരം താഴെ പറയുന്ന 10 പ്രധാന ദിവസങ്ങളിലാണ് ഇടവക വികാരിമാരും ഒപ്പം മിഷൻ സുപ്പീരിയർമാരും ജനങ്ങൾക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കേണ്ടത്:
നിശ്ചിത തീയതിയുള്ള തിരുനാളുകൾ:
- Yaldo (ക്രിസ്തുമസ്/ യൽദാ പെരുന്നാൾ) – ഡിസംബർ 25
- Denho (നമ്മുടെ കർത്താവിന്റെ മാമോദീസാ / ദനഹാ പെരുന്നാൾ ) – ജനുവരി 6
- Suboro (വചനിപ്പ് പെരുന്നാൾ) – മാർച്ച് 25
NB (Can. 483): മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ദുഃഖവെള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാറില്ല. എന്നാൽ മാർച്ച് 25 (വചനിപ്പ് തിരുനാൾ / Suboro) ദുഃഖവെള്ളിയിൽ വന്നാൽ അന്ന് വിശുദ്ധ കുർബാന അർപ്പിക്കണം.
(2016ൽ മാർച്ച് 25 ന് ദുഃഖവെള്ളി ആയിരുന്നു.
ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മുമ്പായി പള്ളികളിൽ വിശുദ്‌ധ കുർബാന അർപ്പിച്ചു.)
- Dukrono d’Mor Pathros o Mor Paulos (മാർ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ) – ജൂൺ 29
- Dukrono d’Mor Thoma (മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ) – ജൂലൈ 3
- Dukrono d’Mor Ivanios (ധന്യൻ അർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ) – ജൂലൈ 15
- Sunoyo (വിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണം) – ഓഗസ്റ്റ് 15
ഓരോ വർഷവും തീയതി മാറുന്ന തിരുനാളുകൾ:
- Qyomto (ഉയിർപ്പ് പെരുന്നാൾ / ക്യംതാ) – ഈസ്റ്റർ ഞായറാഴ്ച
- Suloko (നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണം) – ഉയിർപ്പിന് ശേഷമുള്ള 40-ാം ദിവസം (വ്യാഴാഴ്ച)
- Pentecost (പെന്തിക്കൊസ്തി പെരുന്നാൾ) – ഉയിർപ്പിന് ശേഷമുള്ള 50-ാം ദിവസം (ഞായറാഴ്ച)
✍️ ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)


Leave a Reply