പുലർവെട്ടം 461

{പുലർവെട്ടം 461}

 
“Father! To God himself we cannot give a holier name.”
 
– William Wordsworth
 
അവന്റെ പാദമുദ്രകൾ പതിഞ്ഞ ദേശത്ത് കൂടിയുള്ള സഞ്ചാരത്തിൽ ഹൃദയം സ്നേഹസാന്ദ്രമാകുന്ന ഏതാനും ഇടങ്ങളിലൊന്ന് ഒരു ചെറിയ ഗുഹയ്ക്ക് മീതേ പണിതുയർത്തിയ പള്ളിയാണ്. യേശു ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഇടമായിട്ടാണത് സങ്കല്പിക്കപ്പെടുന്നത്. ഏറെനേരം അവിടെ നിൽക്കാനാവില്ല. ഇടമുറിയാതെയുള്ള സന്ദർശകരുടെ തിക്കുമുട്ടലിൽ കഷ്ടിച്ചൊരു സ്വർഗ്ഗസ്ഥനായ പിതാവേ ഉറക്കെ ചൊല്ലാനുള്ള നേരമേയുള്ളൂ. പരശതം ഭാഷകളിലാണ് വേദപുസ്തകത്തിന്റെ ഭാഷയിൽ വിശുദ്ധധൂപം പോലെ ആകാശങ്ങളിലേക്ക് മനുഷ്യരുടെ നിലവിളികൾ ഉയരുന്നത്.
 
പുറത്ത് കടക്കുമ്പോൾ ഭൂഗോളത്തോടുതന്നെ ഒരു പുതിയ തരം സൗഹൃദം രൂപപ്പെടുന്നതായി തോന്നുന്നു. വേർതിരിവുകളും ഭേദങ്ങളുമില്ലാതെ മനുഷ്യകുലത്തിന് ഒരുമിച്ച് ചൊല്ലാവുന്ന അപൂർവം പ്രാർത്ഥനകളിൽ ഒന്നാണിത്.
 
ദേവാലയത്തിന്റെ ഭിത്തിയിൽ വിവിധ ഭാഷകളിൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന കൊത്തിവച്ചിട്ടുള്ള സെറാമിക് പാളികളുണ്ട്; മലയാളവുമുണ്ട്. അതിന്റെ ചുവരുകളിൽ തങ്ങളുടെ ഭാഷയുണ്ടായിരിക്കുക എന്നത് അഭിമാനകരമായി എല്ലാവരും കരുതുന്നു. ഒരാൾ ആ ഇടനാഴികളുടെ ഓരത്ത് നിന്ന് ഉറക്കെ വേദപുസ്തകം വായിക്കുന്നുണ്ട്. ചെറിയൊരു സമൂഹം കണ്ണുപൂട്ടി കാതോർക്കുന്നു. – ഓരോ വാക്കിനും മുൻപൊരിക്കലും ഇല്ലാത്ത വിധത്തിൽ മുഴക്കം അന്നു തോന്നി. അതിന്റെ ഹർഷം പങ്കു വയ്ക്കേണ്ടതാണെന്ന വിചാരത്തിലാണ് ഇനിയുള്ള പുലരിക്കുറിപ്പുകൾ.
 
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ.”
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 461

Leave a comment