ദൈവ മക്കളുടെ അധികാരവും വിടുതലും: (ആത്മ സ്പർശം എപ്പിസോഡ് 11) | Rev. Fr. Justin Panachikal / Shalom TV

ഈശോ മിശിഹായിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ,
ഈ ദിവസങ്ങളിലെല്ലാം നമ്മുടെ ജീവിതം എത്ര മനോഹരമായിട്ടാണ് ദൈവം സൃഷ്ടിച്ചതെന്നും, ദൈവമക്കൾ എന്ന നമ്മുടെ ജീവിതത്തിന്റെ മഹത്വം അതിന്റെ ആഴത്തിൽ ജീവിക്കുവാൻ, സുഖപ്പെടണം എന്ന ആഗ്രഹത്തിൽ ജീവിക്കുവാൻ, സ്വാതന്ത്ര്യം അതിന്റെ ആ പൂർണ്ണതയിൽ അനുഭവിക്കുവാൻ, ദൈവമക്കൾ എന്ന അധികാരത്തിൽ ജീവിക്കുവാൻ, ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് മുന്നോട്ടുപോകുവാൻ, ദൈവം നമ്മുടെ ജീവിതത്തെ ഏറ്റെടുത്ത് ആ ദൈവത്തോട് ചേർന്നുനിന്നുകൊണ്ട് ആ ജീവിതം മനോഹരമാക്കുവാനൊക്കെ നമ്മൾ കേട്ടു, നമ്മൾ അറിഞ്ഞു.

ഈ നമ്മുടെ ജീവിത പരിശ്രമത്തിൽ നമ്മളറിഞ്ഞു സുഖപ്പെടുത്തുക എന്ന് പറഞ്ഞാൽ എപ്പോഴും വേദനകൾ എടുത്തു മാറ്റുക എന്നുള്ളത് മാത്രമല്ല, പിന്നെയോ നമ്മുടെ വേദനകളിൽ, നമ്മുടെ മുറിവുകളിൽ, in our brokenness, അതിനെ ദൈവം ബ്ലെസ്സിങ് ആക്കി മാറ്റും.

അത് എനിക്ക് വേണ്ടി മാത്രമല്ല, മറ്റൊരാൾക്ക് വേണ്ടി കൂടി ദൈവം അതിനെ ബ്ലെസ്സിങ് ആക്കി മാറ്റും.

ഒരുപക്ഷേ എന്റെ സഹനമായിരിക്കാം മറ്റുള്ളവർ ജീവിതത്തിൽ അനുഭവിക്കുന്ന സുവിശേഷം.

നമ്മളെ ദൈവം ഇങ്ങനെ വളരെ ജീവിതത്തിന്റെ മഹത്വത്തിലേക്ക് നയിക്കാൻ പരിശ്രമിക്കുമ്പോൾ മറുഭാഗത്തുനിന്ന് നമുക്ക് എതിർപ്പുകൾ ഉണ്ടാകുന്നില്ല എന്ന് നമ്മൾ ചിന്തിക്കരുത്.

എന്നെ ശ്രവിക്കുന്ന ഈശോയിൽ പ്രിയമുള്ളവരെ, വീണ്ടും ഒരിക്കൽക്കൂടി ഞാൻ നിങ്ങളോട് ചോദിക്കുകയാണ്: ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ടോ?

ഉടനെ എല്ലാവരും പറയും, ഉണ്ട്.

എന്താണത്?

ജറെമിയ 29:11 ഏറ്റവും ആദ്യം മനസ്സിലേക്ക് ഓടിവരും.

“നിങ്ങളെക്കുറിച്ച് ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. അത് നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണ്.”

I agree. ശരി.

പക്ഷേ എന്താണ് ആ പദ്ധതി?

എന്താണ് ദൈവത്തിന് എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചുമുള്ള പദ്ധതി?

അത് നമ്മളൊന്ന് കണ്ടതാണ്. ഒരിക്കൽക്കൂടി നമ്മളാ ഒരു വചനമൊന്ന് റീവിസിറ്റ് ചെയ്യുകയാണ്.

വചനം, 1 യോഹന്നാൻ 3:1. നമ്മൾ കാണുന്നുണ്ട്: “കണ്ടാലും! എത്ര വലിയ സ്നേഹമാണ് ദൈവം നമ്മോട് കാണിച്ചത്! ദൈവമക്കൾ എന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.”

യോഹന്നാൻ ശ്ലീഹാ അടിവരയിട്ട് പറയുകയാണ്, നമ്മൾ ദൈവമക്കളാണ്.

വീണ്ടും: “ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.

പ്രിയപ്പെട്ടവരേ, നാം ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല; എങ്കിലും, ഒരു കാര്യം നാം അറിയുന്നു: അവിടുന്ന് പ്രത്യക്ഷനാകുമ്പോൾ നാം അവിടുത്തെപ്പോലെയാകും; അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും.”

ഇതാണ് നമുക്ക് നൽകപ്പെട്ടിരിക്കുന്ന ഒരു വെളിപ്പെടുത്തൽ.

നാം ദൈവത്തെപ്പോലെ ആയിത്തീരാൻ വേണ്ടി ദൈവം തന്റെ മഹത്വത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച നമ്മൾ അതിന്റെ പൂർണ്ണതയിലേക്ക് വീണ്ടും പ്രവേശിക്കും.

അത് കർത്താവ് തന്റെ കുരിശുമരണത്തിലൂടെ, ഉത്ഥാനത്തിലൂടെ നമുക്ക് നഷ്ടപ്പെടുത്തിയ ദൈവമഹത്വം നമുക്ക് വീണ്ടെടുത്തു തന്നു.

നമ്മളാ ദൈവമഹത്വത്തിലേക്ക് വീണ്ടും അവിടുത്തെ മക്കൾ എന്നതുപോലെ പ്രവേശിക്കുകയാണ്.

നമ്മൾ അവിടുത്തെപ്പോലെ ആയിത്തീരും.

കാരണം നമ്മൾ ഓൾറെഡി അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്.

പക്ഷേ, ഈ ബോധ്യത്തിൽ നിന്ന് ആദ്യം പറ്റിക്കപ്പെട്ടത് ആദവും ഹവ്വയുമാണ്.

ആദത്തോടും ഹവ്വയോടും പിശാച് ചോദിച്ച ചോദ്യം എന്താണ്?

“ദൈവത്തെ വിശ്വസിക്കാൻ പറ്റുമോ? ദൈവം നിങ്ങളോട് അത് കഴിക്കരുത് എന്ന് പറഞ്ഞില്ലേ? അപ്പോൾ എന്തോ ഗൂഢോദ്ദേശ്യമില്ലേ?

ദൈവം നന്മയാണ്, നിങ്ങൾക്ക് എങ്ങനെ ദൈവത്തിൽ ശരണപ്പെടാൻ പറ്റും? നിങ്ങൾക്ക് യഥാർത്ഥമായ സ്വാതന്ത്ര്യം ദൈവം തന്നിട്ടില്ല.

എന്തുകൊണ്ടാ?

അത് കഴിക്കരുതെന്ന് പറഞ്ഞു.” നമ്മളും പറയുന്നത് അതേ കാര്യമാണ്, “അത് ചെയ്യരുത് എന്ന് പറഞ്ഞു.”

സഭയുടെ പ്രമാണങ്ങൾ, ബൈബിളിലെ കാര്യങ്ങൾ, അല്ലേ? വചനങ്ങൾ, Catechism of the Catholic Church, അത് അങ്ങനത്തെ പല കാര്യങ്ങളും പറയുമ്പോൾ, “ഓ, ഉണ്ടോ? സ്വാതന്ത്ര്യമില്ല, ദൈവത്തെ വിശ്വസിക്കാൻ പറ്റത്തില്ല, ദൈവം നീതിമാനാണ് എന്ന് പറയാൻ പറ്റത്തില്ല.”

പ്രിയമുള്ളവരെ, ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ടെങ്കിൽ പിശാചിനും നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്.

അത് ഇല്ല എന്ന് നമ്മൾ കരുതരുത്. നിന്റെ ഉള്ളിലെ ആത്മാവിനെ, അല്ലെങ്കിൽ നിന്നെ ദൈവം അത്ര അസൂയയോടെ അഭിലഷിക്കുന്നു എന്ന് വചനം പറയുമ്പോൾ, അതുപോലെതന്നെ നീ നഷ്ടപ്പെട്ടുപോകണം, ദൈവത്തിന് നിന്നെക്കുറിച്ചുള്ള പദ്ധതി എന്താണോ അത് വർക്കാകരുത് എന്നുള്ളതാണ് പിശാചിന്റെ പദ്ധതി.

ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച നീ, നിന്റെ ജീവിതത്തിന്റെ മഹത്വത്തിന്റെ പൂർണ്ണതയിൽ, മക്കൾ എന്ന ബോധ്യത്തിൽ, ഐഡന്റിറ്റിയിൽ, മക്കളുടെ സ്വാതന്ത്ര്യത്തിൽ, ദൈവസ്നേഹം അനുഭവിച്ച്, പിതാവുമായിട്ടുള്ള ബന്ധത്തിൽ, ആ ബന്ധത്തിൽ ആഴപ്പെട്ട് പിതാവിന്റെ മക്കളെപ്പോലെ ജീവിച്ച്, പിന്നീട് ആ ദൈവത്തിന്റെ മഹത്വത്തിലേക്ക് അവിടുത്തെപ്പോലെ ആയിത്തീരാനുള്ള വിളി അനുസരിച്ച് നീ എത്തിച്ചേരണം എന്ന് ദൈവം ആഗ്രഹിക്കുമ്പോൾ, മറുവശത്ത് നിന്നുകൊണ്ട് അതിനെതിരായിട്ടുള്ള കളികൾ നടക്കുന്നുണ്ട്.

വളരെ ലളിതമായിട്ട്, സിംപ്ലി പറഞ്ഞാൽ പിശാചിന്റെ ടാക്റ്റിക്സുകളും സ്ട്രാറ്റജിയും എന്താണ്?

അവന്റെ പദ്ധതി എന്താണ്?

ദൈവത്തിന്റെ നിയോഗം, പർപ്പസ്, നിന്നിൽ പൂർത്തിയാകരുത്.

അതായത്, നീ ദൈവത്തിന്റെ മകനും മകളുമെന്ന ഐഡന്റിറ്റി നിനക്ക് ബോധ്യപ്പെടരുത്, അതനുസരിച്ച് നീ ജീവിക്കരുത്.

ദൈവത്തിന്റെ സ്നേഹം നിന്നിലേക്ക് അനുഭവപ്പെടാൻ ഇടയാകരുത്.

ആ പിതാവുമായിട്ടുള്ള, പിതാവും മക്കളുമെന്ന ബന്ധത്തിൽ നീ ആഴപ്പെടരുത്.

നിന്റെ സഹനങ്ങൾ ദൈവമഹത്വത്തിന് കാരണമാകരുത്.

ഇങ്ങനെ പല കാരണങ്ങളിലൂടെ, പല രീതിയിൽ പിശാച് നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുന്നു.

പ്രിയമുള്ളവരെ, നമ്മുടെ ഈയൊരു ആത്മീയ യാത്രയിൽ ഈയൊരു കാര്യത്തിലേക്കും കൂടി നമ്മുടെ ശ്രദ്ധയൊന്നു കൊടുക്കുന്നത് നല്ലതാണ്.

1 യോഹന്നാൻ 3:8-ൽ നമ്മൾ വായിക്കുന്നുണ്ട്: “പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവനാണ്. എന്തെന്നാൽ, പിശാച് ആദ്യം മുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.”

പിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.

കാരണം, ദൈവത്തിന്റെ മക്കളെ ദൈവത്തിൽ നിന്ന് അകറ്റുക എന്നുള്ളതാണ് അവന്റെ തന്ത്രം.

പലപ്പോഴും ഇപ്പോൾ നമ്മൾ കുമ്പസാരിക്കാനായിട്ട് ഒരുങ്ങുമ്പോൾ, നിങ്ങളൊന്നു ചിന്തിച്ചു നോക്കിക്കേ.

ഏറ്റവും വളരെ വളരെ ബേസിക് ആയിട്ട് നമ്മളൊരുങ്ങുന്നത് എന്താണ്?

എന്തൊക്കെ പ്രമാണങ്ങൾ നമ്മൾ തെറ്റിച്ചു, അല്ലേ?

എന്തൊക്കെ പ്രമാണങ്ങൾ നമ്മൾക്ക് വീഴ്ച പറ്റി, എന്തൊക്കെ, what rules did I break?

പ്രിയമുള്ളവരെ, നേരെ തിരിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്.

“ഞാനിതു ചെയ്യുന്നത് ദൈവത്തിന് ഇഷ്ടമാകുമോ? ഞാനിതു ചെയ്താൽ ദൈവത്തിൽ നിന്ന് അകന്നുപോകുമോ? ഞാനിതു ചെയ്താൽ ദൈവം എന്നിൽ മഹത്വപ്പെടുമോ?

എന്റെ മക്കൾ എങ്ങനെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് നമുക്കൊന്നു ചിന്തിച്ചു നോക്കാം.

ആ പിതാവിന്റെ മക്കളെപ്പോലെ ജീവിക്കുന്നതിന് ഞാൻ ഈ ചെയ്യുന്ന പ്രവർത്തി ഹെൽപ്ഫുൾ ആണോ, സഹായകരമാണോ? ഈശോയെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ എന്റെ ഈ പ്രവർത്തി സഹായിക്കുമോ?”

അങ്ങനെ ചിന്തിക്കുമ്പോഴാണ് നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും ഉദ്ദേശ്യശുദ്ധിയും അതിന്റെ ബ്യൂട്ടിയോ അല്ലെങ്കിൽ അത് എത്രമാത്രം മോശപ്പെട്ടതാണെന്നുമൊക്കെ നമുക്ക് തിരിച്ചറിയാൻ പറ്റുന്നത്.

അപ്പോൾ പിശാച് നമ്മളിലേക്ക് കുത്തിവെക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കുറെ നുണകളാണ്.

കാരണം യോഹന്നാന്റെ സുവിശേഷം വീണ്ടും, 8:44-ൽ നമ്മൾ വായിക്കുന്ന കാര്യം എന്താണ്?

“പിശാച് ആദ്യം മുതലേ നുണയനും നുണയുടെ പിതാവുമാണ്.”

അവൻ കൊലപാതകിയാണ്, നുണയനാണ്, നുണയുടെ പിതാവാണ്.

നുണയുടെ പിതാവാണ്!

അവൻ നുണകളിലൂടെ പലപ്പോഴും പറഞ്ഞു പറ്റിക്കാൻ ശ്രമിക്കുകയാണ്.

അപ്പോൾ ആദത്തിന്റെയും ഹവ്വയുടെയും കാര്യം എടുത്തോ.

ആദത്തോടും ഹവ്വയോടും അവൻ പറയാത്ത ഒരു കാര്യമുണ്ട്: നിങ്ങൾക്ക് ഓൾറെഡി നൽകപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്, നിങ്ങൾ ദൈവത്തെപ്പോലെയാകും.

അത് പറഞ്ഞില്ല. എന്താണ് പറഞ്ഞത്?

“ദൈവം കൽപ്പിക്കരുത് എന്ന് പറഞ്ഞ ആ കാര്യം ചെയ്താൽ പൂർണ്ണമായ സ്വാതന്ത്ര്യം കിട്ടും, അപ്പോൾ നിങ്ങൾക്ക് ദൈവത്തെപ്പോലെയായിത്തീരാം.”

അതൊരു നുണയാണ്.

അതുപോലെ എത്രയോ നുണകളിലൂടെയാണ് നമ്മളെ പറഞ്ഞു പറ്റിക്കുന്നത്.

ഈശോയിൽ സ്നേഹമുള്ളവരെ, നമ്മുടെ സൗഖ്യത്തിന്റെ ഈയൊരു യാത്രയിൽ നമുക്കെതിരെ നിൽക്കുന്ന ശക്തികളെ, ടാക്റ്റിക്കുകളെ, തന്ത്രങ്ങളെ തിരിച്ചറിയാൻ നമ്മൾ പഠിക്കണം.

നമ്മളൊത്തിരി കേട്ടിട്ടുള്ള ഒരു വാക്കാണ് ‘ബന്ധനം’. അല്ലേ?

ആ ബന്ധനമാണ് ഈ ബന്ധനമാണെന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്.

വളരെ ലളിതമായിട്ട് ചോദിക്കട്ടെ, എന്താണ് ബന്ധനം ആക്ച്വലി?

ശരിക്കും പറഞ്ഞാൽ എന്താണ് ബന്ധനം?

ശരിക്കും നമ്മൾക്കറിയാം നമ്മളൊരാളെ ബന്ധിച്ചാൽ, അല്ലെങ്കിൽ നമ്മൾ കയറുകൊണ്ട് കെട്ടുകയോ, ഇപ്പോൾ എന്നെ ഇവിടെ നിർത്തിയിട്ട് എന്റെ കയ്യിൽ കൂച്ചുവിലങ്ങിടുകയാണെന്ന് വിചാരിച്ചോ.

അതല്ലെങ്കിൽ എന്റെ കൈ രണ്ടും കയറു കൊണ്ട് കെട്ടിവെക്കുക.

അപ്പോൾ എന്ത് സംഭവിക്കുന്നു?

എനിക്ക് എന്റേതായ സ്വാതന്ത്ര്യത്തിൽ പ്രവർത്തിക്കാൻ പറ്റുന്നില്ല. എനിക്ക് നിങ്ങളോട് സംസാരിക്കുമ്പോൾ കൈയെടുത്ത് സംസാരിക്കണം, വളരെ ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റുന്ന എന്റെ കഴിവിനെ കെട്ടി വെച്ചിരിക്കുകയാണ്.

എന്റെ കൈ രണ്ടും ഇങ്ങനെ കൂച്ചുവിലങ്ങിട്ട് കെട്ടിവെച്ചു, എന്റെ വായുടെ പുറത്ത് ഒരു ടേപ്പ് ഒട്ടിച്ചുവെച്ചു.

എന്ത് സംഭവിക്കും?

എനിക്ക് ഈ രണ്ട് കഴിവുകൾ, എന്റെ ടാലന്റുകൾ, ക്വാളിറ്റീസ്, ഫാക്കൽറ്റീസ് എനിക്ക് യൂസ് ചെയ്യാൻ പറ്റുന്നില്ല.

വാ തുറന്ന് സംസാരിക്കാൻ പറ്റുന്നില്ല, കൈ കൊണ്ടൊന്നും ചെയ്യാൻ പറ്റുന്നില്ല.

അപ്പോൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നത് അതിന്റെ പൂർണ്ണതയിൽ എത്തുന്നതിൽ നിന്നും തടസ്സപ്പെടുത്തുവാണ്.

അപ്പോൾ ആത്മീയമായിട്ട് പറയുമ്പോൾ എന്താണ് ബന്ധനം? ദൈവസ്നേഹം അനുഭവിക്കുന്നതിൽ നിന്ന്, ദൈവത്തിന്റെ മക്കൾ എന്ന ബോധ്യത്തിൽ ജീവിക്കുന്നതിൽ നിന്ന്, ദൈവം എനിക്ക് തന്നിരിക്കുന്ന എല്ലാ കഴിവുകളും കൃപകളും അതിന്റെ ആഴത്തിൽ ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിൽ നിന്ന്, ദൈവമക്കൾ എന്ന അധികാരത്തിൽ നിൽക്കുന്നതിൽ നിന്ന്, ഈശോയോട് ചേർന്നു നിൽക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്നത് എന്തൊക്കെയോ അതെല്ലാമാണ് ബന്ധനം.

ഈശോയെപ്പോലെ സ്നേഹിക്കാൻ നിനക്ക് പറ്റാത്തതിന്റെ ഒരു കാരണമുണ്ടോ?

നിനക്ക് ക്ഷമിക്കാൻ പറ്റാത്ത ഒരു മേഖലയുണ്ടോ?

അത് നിന്നെ തടസ്സപ്പെടുത്തുന്നില്ലേ?

അപ്പോൾ പ്രിയമുള്ളവരെ, നമ്മുടെ ഈയൊരു സൗഖ്യത്തിന്റെ യാത്രയിൽ നിങ്ങളെ ദൈവസ്നേഹത്തിൽ നിന്നും അകറ്റുന്നത് എന്താണെന്ന് കണ്ടെത്തണം.

ദൈവത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ നിന്ന് നിങ്ങളെ തടസ്സപ്പെടുത്തുന്നത് എന്താണെന്ന് കണ്ടെത്തണം.

അതാണ് ബന്ധനങ്ങൾ.

എഫേസോസുകാർക്കെഴുതിയ ലേഖനം നാലാം അധ്യായം 27-ാം തിരുവചനത്തിൽ: “പിശാചിന് അവസരം കൊടുക്കരുത്; സാത്താന് അവസരം കൊടുക്കരുത്” എന്ന് വചനം പറയുന്നുണ്ട്.

എന്താണ് അവസരം കൊടുക്കുക എന്ന് പറഞ്ഞാൽ?

Foothold.

അതായത് നിങ്ങളൊരാൾ നിങ്ങളുടെ വാതിൽക്കൽ മുട്ടി, നിങ്ങൾ ആ വാതിൽ തുറന്നു കൊടുക്കുന്ന സമയത്ത് നിങ്ങൾക്ക് മനസ്സിലായി ഇയാളെ വീട്ടിൽ കയറ്റാൻ പറ്റില്ല.

ഉടനെ എന്ത് ചെയ്യുന്നു?

നിങ്ങൾ വാതിലടക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ വാതിൽ തുറന്നതു കൊണ്ട് ഉടനെ ഒരാൾ ചാടിക്കേറി ആ വാതിൽപടിയിൽ കാലുവെക്കുന്നു.

അടക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ വാതിൽ അടക്കാൻ പറ്റുന്നില്ല, കാരണം അയാൾ കാലുവെച്ചിരിക്കുകയാണ്.

അതിനാണ് ‘foothold’ എന്ന് പറയുന്നത് ഇംഗ്ലീഷിൽ.

ചിലപ്പോൾ ചില സമയത്ത് പോലീസുകാരൊക്കെ വീട് റൈഡ് ചെയ്യാൻ നേരത്ത് അവർ കുറ്റവാളികൾ ഡോർ തുറന്ന് പെട്ടെന്ന് പോലീസിനെ കണ്ട് ഡോർ അടക്കാണ്ടിരിക്കാൻ തുറന്നയുടനെ അവർ വാതിൽപടിയിൽ കയറി കാലുവെക്കും.

ഇങ്ങനെ കാലുവെച്ചു, പിന്നെ ഡോർ അടക്കാൻ പറ്റുന്നില്ല. ഇതിനാണ് foothold എന്ന് പറയുന്നത്.

സാത്താന് ഞാനൊരു അവസരം കൊടുത്തു, അല്ലെങ്കിൽ അവൻ പറയുന്ന ഒരു കാര്യത്തിന് ഞാൻ ശ്രദ്ധിച്ചു, അതൊരു ഇൻവിറ്റേഷൻ കൊടുത്തു, അവനോട് പറഞ്ഞു, ഈയൊരു തെറ്റ് ചെയ്തു.

ഉടനെ അവൻ അവിടെ കയറി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്, ദൈവത്തിൽ നിന്നെന്നെ അകറ്റാൻ ശ്രമിക്കുകയാണ്.

സി. എസ്. ലൂയിസ് നമ്മളോട് പറയുന്ന രണ്ട് കാര്യങ്ങളുണ്ട്.

പിശാച് ഏറ്റവും കൂടുതൽ നമ്മളെ വശീകരിക്കാനും പറ്റിക്കാനും ശ്രമിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്.

ഒന്ന്, പിശാചില്ല എന്ന് സ്ഥാപിക്കലാണ്. എന്തുകൊണ്ടാണ്?

ഞാൻ ഉണ്ടെന്ന് നിങ്ങളോട് പറയുമ്പോഴല്ലേ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം?

എന്നെക്കുറിച്ച് നാലുപേരറിയണം, അല്ലെങ്കിൽ നിങ്ങളെക്കുറിച്ച് നാലുപേരറിയണം, നമുക്ക് പോപ്പുലാരിറ്റി വേണം, ഫെയിം വേണം.

പക്ഷേ പിശാച് പറയുകയാണ്, “ഇല്ലില്ല, ഞാനില്ല.”

എന്നാൽ ലോകത്ത് ഒത്തിരിയേറെ ആളുകൾ ഇഷ്ടപ്പെടാത്ത, അംഗീകരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്, ഒക്കെ, പിശാച് ഉണ്ട് എന്ന് അംഗീകരിക്കാനോ ഏറ്റെടുക്കാനോ പലരും തയ്യാറാകുന്നില്ല.

ആരാണ് സാത്താൻ?

അവന്റെ പദത്തിന്റെ അർത്ഥം എന്താണ്? ശത്രുവാണ്.

ശത്രു, accuser, നിന്നെ കുറ്റപ്പെടുത്തുന്നവൻ എന്നാണ് ആ പദത്തിന്റെ അർത്ഥം.

അവന്റെ ജോലിയും അതുതന്നെയാണ്.

നിന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു, നിന്നെ ദൈവത്തിൽ നിന്നകറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിന്റെ ശത്രുവാണ്.

ആ ശത്രു നിന്നെക്കാൾ ശക്തിയുള്ളവനാണ്.

നിന്നെക്കാൾ ശക്തിയുള്ള ഒരു ശത്രു നിനക്കുള്ളപ്പോൾ നിന്നെ രക്ഷിക്കാൻ ഒരാൾ വരണമെന്ന് നിനക്കറിയാം.

കാരണം സ്വന്തം കഴിവിൽ നിന്നു കൊണ്ട് ആ ശത്രുവിനെ ജയിച്ചടക്കാൻ നിനക്ക് പറ്റില്ല.

അപ്പോൾ നിന്നെ രക്ഷിക്കാൻ ഒരു രക്ഷകന്റെ ആവശ്യമുണ്ട്. ആ രക്ഷകനാണ് കർത്താവായ യേശുക്രിസ്തു.

പിശാച് എന്റെ ശത്രുവാണ്, അവൻ എന്നെക്കാൾ ശക്തിയുണ്ട്, അവൻ എന്നെ പറ്റിക്കും നുണകളിലൂടെ, അവന്റെ തന്ത്രങ്ങളിലൂടെ ദൈവത്തിൽ നിന്നകറ്റും. അതിൽ നിന്നും എനിക്ക് ലഭിച്ച മരണത്തിന്റെയും പാപത്തിന്റെയും ഇതമായ എല്ലാ തന്ത്രങ്ങളിൽ നിന്നും എന്നെ രക്ഷിക്കാൻ എനിക്ക് രക്ഷകനെ ആവശ്യമുണ്ട്, ആ രക്ഷകൻ യേശുക്രിസ്തുവാണ്.

അവൻ ഇല്ലെങ്കിലോ?

എനിക്ക് അങ്ങനെ ഒരു ശത്രുവില്ല, എനിക്കൊരു രക്ഷകന്റെ ആവശ്യമില്ല, എനിക്ക് എന്റെ ജീവിതത്തിൽ ഒരു സേവിയർ വേണ്ട.

ആക്ച്വലി എന്നെ ശ്രവിക്കുന്ന പ്രിയമുള്ളവരെ, പിശാചില്ല എന്ന് സ്ഥാപിക്കാൻ അവൻ ശ്രമിക്കുന്നതിലൂടെ എന്താണ് അവൻ പരിശ്രമിക്കുന്നത്?

നിനക്കൊരു savior, ഒരു രക്ഷകനെ വേണ്ട.

ഇനി വേറെ ഓപ്പോസിറ്റ് ട്രിക്ക് എന്താണ്?

അവൻ ഉണ്ട് എന്ന് സ്ഥാപിച്ച് അവനിലേക്ക് എല്ലാ അറ്റൻഷനും കൊടുക്കുകയാണ്.

പിശാചിനെ ശ്രദ്ധിക്കുന്നു, “അയ്യോ! അയ്യോ പിശാച് എന്ത് ചെയ്യും? അയ്യോ ഞാൻ പെട്ടുപോയല്ലോ? പിശാചിനെ തോൽപ്പിക്കാൻ പറ്റുന്നില്ലല്ലോ?”

പിശാചിനെ അമിതമായിട്ട് ഭയപ്പെടുന്ന ഒരു അവസ്ഥയിലോട്ട് വരുകയാണ്.

ഒരു കാര്യം നമ്മൾ തിരിച്ചറിയുക, അവൻ വെറുമൊരു സൃഷ്ടി മാത്രമാണ്. പിശാച് വെറുമൊരു സൃഷ്ടി മാത്രമാണ്.

ദൈവം അനുവദിക്കാത്ത ഒരു മേഖലയിലേക്കും അവന് കടക്കാൻ പോലും സാധിക്കില്ല. ദൈവം അനുവദിക്കാത്ത ഒരു മേഖലയിലേക്ക് പ്രവേശിക്കാൻ അവന് സാധിക്കില്ല.

പക്ഷേ പലപ്പോഴും അവന് ഇൻവിറ്റേഷൻ കൊടുക്കുന്നത് പാപത്തിലൂടെയും പ്രവർത്തികളിലൂടെയും പെർമിഷനും അധികാരവും ഇൻവിറ്റേഷനും കൊടുക്കുന്നത് പലപ്പോഴും നമ്മളായിരിക്കാം.

ഈശോയിൽ സ്നേഹം നിറഞ്ഞവരെ, അതുകൊണ്ട് നമ്മളറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഞാൻ ഫോക്കസ് ചെയ്യേണ്ടത് പിശാചിനെയല്ല, പിശാചിന്റെ തന്ത്രങ്ങളെയാണ്.

എന്റെ ജീവിതത്തിൽ എന്നെ ദൈവത്തിൽ നിന്നും അകറ്റാൻ അവൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയാണ്?

അത് ഒരുപക്ഷേ എന്റെ ഉള്ളിലുള്ള ആകുലതകളും പരിഭ്രമങ്ങളും ആയിരിക്കാം, ക്ഷമിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കാം, എന്റെ ഉള്ളിൽ മുഴങ്ങിക്കേൾക്കുന്ന ഞാൻ തന്നെ വിശ്വസിച്ചു വെച്ചിരിക്കുന്ന എന്നെക്കുറിച്ചുള്ള ചില നുണകളായിരിക്കാം.

എന്തു കൊണ്ടാണ്, എങ്ങനെയാണ് ഞാൻ ദൈവസ്നേഹത്തിൽ നിന്നും അകന്നു പോകുന്നത്?

അപ്പോൾ പിശാചിന് നമ്മളെക്കുറിച്ച് ഒരു പ്ലാനും പദ്ധതിയും ഉണ്ടെന്ന് തിരിച്ചറിയുന്ന നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്താണ്?

ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവനെ ചെറുത്തുനിൽക്കാൻ നമുക്ക് സാധിക്കണം.

ഞാൻ അവനെയല്ല ഫോക്കസ് ചെയ്യേണ്ടത്. ഞാൻ ഫോക്കസ് ചെയ്യേണ്ടത് അവന്റെ തന്ത്രങ്ങളെയാണ്.

അവൻ, തിരിച്ചറിയേണ്ടത് തന്ത്രങ്ങളെയാണ്. അവൻ, ഇന്ന ഇന്ന തന്ത്രങ്ങൾ എന്റെ ജീവിതത്തിൽ പാപത്തിന്റെ സാഹചര്യങ്ങൾ കടന്നുവരുമ്പോൾ ഞാൻ അറിയണം ആ തന്ത്രം അവൻ ഉപയോഗിച്ച് എന്നെ ദൈവത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ആവർത്തിച്ചാവർത്തിച്ച് ഒരുപക്ഷേ തോൽവികൾ സംഭവിച്ചു എന്ന് വിചാരിക്കുക.

അതിൽ നിന്നുണ്ടാകുന്ന കുറ്റബോധവും നാണക്കേടും എന്നെ ദൈവത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുമ്പോൾ ഞാൻ തിരിച്ചറിയേണ്ടത് ആ തോൽവിയെ ഉപയോഗിച്ച് അവൻ ദൈവത്തിൽ നിന്ന് എന്നെ അകറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഈശോയിൽ സ്നേഹമുള്ളവരെ, ദൈവപദ്ധതി പൂർത്തിയാക്കുന്നതിൽ നിന്നും എന്നെ തടസ്സപ്പെടുത്തുക, അതോടൊപ്പം തന്നെ ദൈവത്തിന്റെ മക്കൾ എന്ന അധികാരം, ദൈവത്തിന്റെ നന്മയിൽ വിശ്വസിക്കാൻ പറ്റുന്നില്ല, ദൈവത്തിന്റെ മക്കളാണെന്നുള്ള അധികാരം കിട്ടുന്നില്ല, അവർ അധികാരത്തിൽ വിശ്വസിച്ചുകൊണ്ട് തലയെടുപ്പോടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ പറ്റുന്നില്ല, എന്നെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അനുവദിക്കുന്നില്ല.

ഇതൊക്കെയാണ് അവന്റെ പ്ലാനുകളും പദ്ധതികളും.

നമ്മൾ ഈ ആരാധനയിലേക്ക് ഈ നിമിഷം പ്രവേശിക്കുമ്പോൾ സ്നേഹം നിറഞ്ഞവരെ, പിശാചിന് നമ്മളെക്കുറിച്ചുള്ള തന്ത്രങ്ങൾ എന്തൊക്കെയാണ്?

എന്റെ ജീവിതത്തിൽ ഏതൊക്കെ മേഖലകളിൽ എന്തൊക്കെ പറഞ്ഞുകൊണ്ടാണ് അവൻ ദൈവത്തിൽ നിന്ന് എന്നെ അകറ്റാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിയാം.

ഈശോയോട് പറയാം: “ഈശോയെ, എനിക്ക് വേണ്ടത് പിശാചിനെയല്ല, എനിക്ക് വേണ്ടത് അവിടുത്തെയാണ്.

എനിക്കൊരു ശത്രുവുണ്ട്, ആ ശത്രുവിനെ തോൽപ്പിക്കാൻ എനിക്ക് ദൈവത്തിന്റെ കൃപയും കരുത്തും ആവശ്യമുണ്ട്.”

ഭയമല്ല പ്രിയമുള്ളവരെ നമുക്ക് വേണ്ടത്, ദൈവത്തിലുള്ള നമ്മുടെ ശരണവും പ്രത്യാശയും ഉറപ്പുമാണ്.

ആ ഒരു കൃപയ്ക്കായിട്ട് ഈ ആരാധനയിൽ നമുക്ക് പ്രാർത്ഥിക്കാം.

ശത്രുവിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും കർത്താവ് തന്റെ കൃപയാലും അനുഗ്രഹത്താലും നമ്മളെ രക്ഷിക്കുവാൻ വേണ്ടി അവിടുത്തെ സഹായത്തിനായിട്ട് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ആമേൻ.

(തുടർന്ന് ഗാനം ആലപിക്കുന്നു)

വാ വാ യേശുനാഥാ…
വാ വാ സ്നേഹനാഥാ…
ഹൃദയം തേടീടും സ്നേഹമേ…
വാ വാ യേശുനാഥാ…
വാ വാ യേശുനാഥാ…

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

നിത്യസ്തുതിക്ക് യോഗ്യനായ പരമ പരിശുദ്ധ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

കണ്ടാലും! എത്ര വലിയ സ്നേഹമാണ് ദൈവം നമ്മോട് കാണിച്ചത്!
ദൈവമക്കൾ എന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും.

ഈശോയിലെ പ്രിയമുള്ളവരെ, നമ്മളായിരിക്കുന്ന ഇടങ്ങളിൽ ആയിരുന്നുകൊണ്ട് ആരാധനയുടെ ഈ നിമിഷത്തിൽ നമ്മൾ പങ്കുചേരുമ്പോൾ, സാധിക്കുമെങ്കിൽ നമുക്ക് മുട്ടിന്മേലായിരിക്കാം.

ഏതാനും നിമിഷത്തെ മുട്ടിന്മേൽ നിൽക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളോ വേദനകളോ ഉണ്ടെങ്കിൽ അവയെല്ലാം സാധിക്കുന്നതെങ്കിൽ കർത്താവിന്റെ തിരുസന്നിധിയിൽ നമ്മുടെ വിശുദ്ധീകരണത്തിനായിട്ട്, നമ്മുടെ നിയോഗങ്ങൾക്കായിട്ട് നമുക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാം.

ഈയൊരു നിമിഷം ഈശോയുടെ സന്നിധിയിൽ നിൽക്കുമ്പോൾ ഹൃദയം തുറന്ന്, മനസ്സ് തുറന്ന്, പൂർണ്ണഹൃദയത്തോടെ അവിടുത്തെ ആരാധിക്കാൻ നമുക്ക് സാധിക്കട്ടെ.

സർവ്വ സൃഷ്ടിജാലങ്ങളും ദൈവം തങ്ങൾക്ക് തന്നിരിക്കുന്ന കൃപകളും കഴിവുകളും ഉപയോഗിച്ച് ദൈവത്തെ ആരാധിക്കുന്നതു പോലെ, സസ്യങ്ങൾ ഫലമുളവാക്കുമ്പോൾ, മരങ്ങൾ ഫലമുളവാക്കുമ്പോൾ ദൈവത്തെ ആരാധിക്കുന്നതു പോലെ, നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങളെല്ലാം ദൈവം അവർക്ക് കൊടുത്തിരിക്കുന്ന അതിന്റെ മഹത്വത്തിന്റെ പൂർണ്ണതയിൽ സന്താനപുഷ്ടിയുള്ളവരാകുമ്പോൾ, ആരോഗ്യത്തോടെ മുന്നോട്ടു ജീവിക്കുമ്പോൾ, ദൈവം അവർക്ക് കൊടുത്തിരിക്കുന്ന ജീവിത മേഖലകളിൽ നിന്നു കൊണ്ട് അവർ ദൈവത്തെ ആരാധിക്കുന്നുണ്ട്.

ദൈവം നമുക്ക് തന്നിരിക്കുന്ന നമ്മുടെ ജീവിതത്തിന്റെ പൂർണ്ണ മഹത്വത്തിൽ നിന്നുകൊണ്ട് നമുക്ക് ദൈവത്തെ ആരാധിക്കാൻ സാധിക്കും.

എന്താണത്?

ദൈവത്തിന്റെ മക്കളാണെന്നുള്ള നമ്മുടെ ബോധ്യം.

ആ മക്കൾക്ക് ചേർന്ന ജീവിതം നമ്മൾ നയിക്കുമ്പോൾ നമ്മൾ ദൈവത്തെ ആരാധിക്കുകയാണ്.

പ്രിയമുള്ളവരെ, ഈയൊരു നിമിഷം നിങ്ങൾ ആരാധനയിൽ പങ്കെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ആയിരിക്കാൻ പറ്റുമായിരുന്ന പല ഇടങ്ങൾ ഉണ്ടായിരുന്നു.

എങ്കിലും ഇന്ന് ഇവിടെ ഈ ആരാധനയിൽ പങ്കെടുക്കുവാൻ നിങ്ങൾ തീരുമാനിച്ചു.

വചനം കേട്ട് ആരാധനയിൽ പങ്കെടുക്കുവാൻ നിങ്ങൾ തീരുമാനിച്ചത് വഴി ഞാൻ ഈശോയ്ക്ക് കൊടുക്കുന്ന ഒന്നാമത്തെ ആരാധന ഞാൻ എടുത്ത എന്റെ തീരുമാനമാണ്.

“എന്റെ ഈശോയെ, തീരുമാനിക്കാൻ അവിടുന്ന് എനിക്ക് അനുഗ്രഹം തന്നു. അങ്ങയെ ആരാധിക്കുവാൻ ഞാൻ തീരുമാനിച്ച് അങ്ങയുടെ സന്നിധിയിൽ ഞാൻ ഇപ്പോൾ ആയിരിക്കുന്നു.”

സർവ്വ സൃഷ്ടിജാലങ്ങളോടും ഈ പ്രപഞ്ചത്തോടും ചേർന്ന്, പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടും സകല മാലാഖമാരോടും വിശുദ്ധരോടും ചേർന്ന്, തിരുസഭയോട് ചേർന്ന് ഈശോയെ ഞങ്ങളും അങ്ങയെ ആരാധിക്കുന്നു.

തിരുവോസ്തി നാഥനായ ഈശോയെ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദി പറയുന്നു.

പാപികളായിരുന്നിട്ടും രോഗികളായിരുന്നിട്ടും ഞങ്ങളെ സ്നേഹിക്കുന്ന എന്റെ ഈശോയെ, ഞങ്ങളെ ലോകം മുഴുവനും ഞങ്ങളെ തള്ളിക്കളഞ്ഞപ്പോഴും നീ എനിക്ക് പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ് ചേർത്തു പിടിച്ച പിതാവായ ദൈവമേ, ഞങ്ങളെ ഓരോ നിമിഷവും സ്നേഹം കൊണ്ട് നിറച്ച് ദൈവസന്നിധിയിലേക്ക് ആനയിക്കുന്ന പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.

ആരാധനയുടെ ഈയൊരു നിമിഷം ഞങ്ങളുടെ ഹൃദയങ്ങളെ ഞങ്ങൾ അങ്ങയിലേക്ക് ഉയർത്തുന്നു.

കർത്താവേ, അവിടുന്ന് എത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ഒപ്പം ആ സ്നേഹത്തിൽ നിന്ന് ഞങ്ങളെ അടർത്തിക്കൊണ്ടു പോകുവാൻ പിശാചിന്റെ പരിശ്രമങ്ങളെ തിരിച്ചറിയുവാൻ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ എന്ന് ഈ ആരാധനയിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

പ്രിയമുള്ളവരെ, ദൈവം നമുക്ക് തന്ന ഏറ്റവും മനോഹരമായ നമ്മുടെ ജീവിതം, നമ്മൾ അർഹിക്കുന്നതിലും ആഗ്രഹിച്ചതിലും ഒക്കെ അധികമായിട്ട് ഒരുപക്ഷേ നമ്മളറിയാതെ പോലും ദൈവം നമ്മുടെ ജീവിതത്തിലേക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ട്.

നമ്മൾ ചോദിച്ച കാര്യങ്ങൾ ലഭിക്കാത്തപ്പോൾ പോലും അത് സ്നേഹത്തിൽ നിന്നുകൊണ്ടാണ് ദൈവം എനിക്ക് വേണ്ട എന്ന് വെച്ചതെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നിടത്ത് നമ്മൾ ദൈവസ്നേഹത്തിലേക്ക് ആഴപ്പെടുകയാണ്.

ഒരുപക്ഷേ ഇപ്പോൾ എനിക്ക് മുറിവുകളായിട്ടും തോൽവികളായിട്ടും തോന്നുന്ന പല കാര്യങ്ങളും നാളെ അനുഗ്രഹമായിട്ട് മാറ്റപ്പെട്ടേക്കാം എന്ന് ഒരുപക്ഷേ എനിക്കറിയില്ലായിരിക്കാം, പക്ഷേ അത് നാളെ അനുഗ്രഹമാകും എന്ന് ദൈവത്തിന് ഉറപ്പുണ്ട്.

ഇവിടെയെല്ലാം പ്രിയമുള്ളവരെ, മക്കളെ എന്നതുപോലെ നമ്മളെ ചേർത്തു പിടിക്കുന്ന ആ ദൈവം, ആ പിതാവിന്റെ സ്നേഹത്തിൽ നിന്ന് നമ്മളെ അകറ്റുവാൻ വേണ്ടി പല നുണകളിലൂടെ നമ്മുടെ ജീവിതത്തിൽ കടന്നുപോകുന്ന വേദനകളെ വളരെ മോശമായി ചിത്രീകരിച്ചും, നമ്മളെ തെറ്റിദ്ധരിപ്പിച്ചും, ആ ദൈവത്തിന്റെ മക്കൾ എന്ന ആ ഒരു ബന്ധത്തിൽ നിന്ന് നമ്മളെ അടർത്താൻ ശ്രമിക്കുന്ന പിശാചിന്റെ ഒളിയമ്പുകളെ തിരിച്ചറിയാൻ കർത്താവേ, പരിശുദ്ധാത്മാവിനാൽ ഞങ്ങളുടെ ആന്തരിക നേത്രങ്ങളെ തുറക്കണമേ എന്ന് ഈ നിമിഷം നമുക്ക് പ്രാർത്ഥിക്കാം.

കർത്താവിന്റെ തിരുസന്നിധിയിൽ ആയിരിക്കുന്ന ഈയൊരു നിമിഷം നമുക്കൊന്ന് നമ്മുടെ ജീവിതത്തെ ഒന്ന് ആഴത്തിൽ ആത്മശോധന ചെയ്യാം.

“ഈശോയെ ഞാൻ വേദനിപ്പിക്കുന്നുണ്ടോ എന്ന് എത്ര വട്ടം ഞാൻ ചിന്തിക്കാറുണ്ട്?

ഞാൻ ഒരു പ്രവൃത്തി ചെയ്യുമ്പോൾ, ഞാൻ ഒരു തീരുമാനമെടുക്കുമ്പോൾ, ഞാൻ ഓരോ കാര്യങ്ങളിലും മുന്നോട്ടുപോകുമ്പോൾ ഇത് ഈശോയെ വേദനിപ്പിക്കുന്നുണ്ടോ?

ഇത് ഈശോയ്ക്ക് ഇഷ്ടമാണോ?

ഇത് ദൈവത്തെ മഹത്വപ്പെടുത്തുന്നുണ്ടോ?

ഇത് എന്റെ ജീവിതത്തിന് ഉതകുന്നതാണോ എന്ന് ചിന്തിക്കുകയാണോ ഞാൻ ചെയ്യുന്നത്?

അതെയോ, ഇതു ചെയ്താൽ എനിക്ക് ശിക്ഷിക്കപ്പെടുമോ?

ഇതു ചെയ്താൽ കുഴപ്പമില്ലേ?

ഇതു ചെയ്താലും സാരമില്ല എന്ന് പറയുന്ന ഒരു മനോഭാവമാണോ എനിക്കുള്ളത്?”

വെളിച്ചത്തിന്റെ മക്കളെപ്പോലെ ജീവിക്കുവാനുള്ള നമ്മുടെ വിളി…

സ്നേഹം നിറഞ്ഞവരെ, നമ്മൾ നമ്മുടെ ജീവിതത്തിന്റെ പരിപൂർണ്ണതയിൽ സ്നേഹിക്കപ്പെടുവാൻ ദൈവം ആഗ്രഹിക്കുമ്പോൾ അതിന് തടസ്സം നിൽക്കുന്ന എന്തൊക്കെയാണ് നമ്മുടെ ജീവിതത്തിലുള്ളത്?

അതൊരു പക്ഷേ പാപങ്ങൾ ആയിരിക്കാം, നമ്മുടെ നിലപാടുകൾ ആയിരിക്കാം.

അതുമല്ലെന്നുണ്ടെങ്കിൽ നമ്മൾ ജീവിതത്തിൽ ഇതുവരെയും ദൈവത്തിന് കടന്നുവരാൻ അനുവദിക്കാത്ത ജീവിതത്തിലെ ചില മേഖലകൾ ആയിരിക്കാം.

അതിനെക്കുറിച്ച് ആലോചിക്കാൻ പോലും നമുക്ക് താല്പര്യമില്ലായിരിക്കാം.

പലപ്പോഴും നമ്മളെ ബന്ധനത്തിലാക്കുന്ന, ദൈവസ്നേഹം അനുഭവിക്കുന്നതിൽ നിന്ന്, ദൈവം എനിക്ക് തന്നിരിക്കുന്ന എല്ലാ കഴിവുകളും ദൈവം എനിക്ക് തന്നിരിക്കുന്ന എല്ലാ കൃപകളും പൂർണ്ണമായും ജീവിക്കുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്ന എന്തൊക്കെ കാര്യങ്ങൾ എന്റെ ഉള്ളിലുള്ളത്?

ഭയമാണോ?

പേടിയാണോ?

ആകുലതകളാണോ?

കഴിഞ്ഞകാല ജീവിതത്തിൽ എനിക്ക് വന്നിട്ടുള്ള വീഴ്ചകളാണോ?
ആത്മവിശ്വാസക്കുറവാണോ?

എന്താണ് എന്നെ പിന്നോട്ട് വലിക്കുന്നത്?

എന്താണ് എന്റെ ജീവിതത്തിൽ തടസ്സം നിൽക്കുന്നത്?

എന്താണ് എന്റെ ജീവിതത്തിൽ ദൈവം എനിക്ക് തന്ന സ്നേഹത്തെ തല്ലിക്കെടുത്തുന്നത്?

അതിനെയെല്ലാം കർത്താവേ, തച്ചുടയ്ക്കുവാൻ, അതിനെയെല്ലാം അതിജീവിക്കുവാൻ ശക്തിയും കൃപയും തരണമേ എന്ന് പ്രിയമുള്ളവരെ ഈ ആരാധനയിൽ നമുക്ക് പ്രത്യേകമായിട്ട് പ്രാർത്ഥിക്കാം.

ഒരുപക്ഷേ കർത്താവേ, ഞാൻ അതിനെ എന്റെ നേത്രങ്ങൾ കൊണ്ട് നോക്കിയിട്ട് എനിക്ക് കാണാൻ കഴിയുന്നില്ല.

ഈ ആരാധനയിൽ അങ്ങയുടെ തിരുസന്നിധിയിൽ നിൽക്കുമ്പോൾ കർത്താവേ, ആ ബോധ്യം എനിക്ക് തരണമേ എന്ന് പ്രാർത്ഥിക്കാം.

പ്രിയമുള്ളവരെ, നിങ്ങളെവിടെയായിരിക്കുന്നുവോ സാധിക്കുമെങ്കിൽ ഈ നിമിഷം കരങ്ങളെ രണ്ടും ഒന്ന് നെഞ്ചോട് ചേർത്ത്, ഒന്ന് കണ്ണുകളടച്ച്, ഒന്ന് ആഴത്തിലൊന്ന് ആത്മശോധന ചെയ്തേ.

“കർത്താവേ, ഞാൻ പിശാചിനെ ഭയപ്പെടുകയാണോ?

ദൈവം എന്റെ പക്ഷത്തുണ്ടെങ്കിൽ ഞാൻ എന്തിനാണ് എന്റെ ശത്രുവിനെ ഭയപ്പെടുന്നത്?

അതല്ലെങ്കിൽ പിശാചില്ല എന്ന് കരുതിയതുവഴി ദൈവത്തിന്റെ ആവശ്യം എന്റെ ജീവിതത്തിലും എനിക്കില്ല, എനിക്ക് രക്ഷിക്കപ്പെടേണ്ട ഒരു ആവശ്യമില്ല എന്ന് ചിന്തിക്കുന്ന ഒരു അവസ്ഥയിലാണോ ഞാൻ?

എന്റെ കർത്താവിനെ എന്റെ രക്ഷകനും നാഥനുമായിട്ട് കാണാൻ എനിക്ക് ബുദ്ധിമുട്ടുന്നുണ്ടോ?

എന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഞാൻ ഈശോയെ വേദനിപ്പിക്കുന്നുണ്ടോ?

ഞാൻ ചെയ്യുന്ന ഓരോ പ്രവൃത്തികളും ദൈവത്തെയാണോ മഹത്വപ്പെടുത്തുന്നത് അതോ ദൈവസ്നേഹത്തിന് തടസ്സം നിൽക്കുകയാണോ?

കർത്താവേ, അങ്ങേക്ക് എന്നെ തൊടാൻ പറ്റാത്ത രീതിയിൽ ഞാൻ എന്നെത്തന്നെ മാറ്റിനിർത്തുന്നുണ്ടോ?

പിശാചിന് കയറി വരാൻ ഞാൻ എന്റെ ജീവിതത്തിൽ പാപത്തിന്റെയോ സ്വാർത്ഥതാല്പര്യങ്ങളുടെയോ വാതിലുകൾ തുറന്നിടുന്നുണ്ടോ?”

കർത്താവേ, ഈ നിമിഷങ്ങളെ ഒക്കെയും ഞാൻ അങ്ങയുടെ കരങ്ങളിൽ പ്രത്യേകമായിട്ടും സമർപ്പിക്കുന്നു.

യോഹന്നാൻ 8:32:

“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

” ഈശോയെ, അവിടുന്ന് ആണ് വഴിയും സത്യവും ജീവനും എന്ന് ഞാൻ വിശ്വസിച്ച് ഏറ്റെടുക്കുന്നു.

കർത്താവേ, പാപം മൂലം, രോഗം മൂലം, അതിലൂടെ കയറിവന്ന ഓരോ ജീവിതത്തിന്റെ അവസ്ഥകൾ മൂലവും അവിടുത്തെ സ്നേഹത്തിന് തടസ്സം നിൽക്കുന്ന, അവിടുത്തേക്ക് എന്നെക്കുറിച്ചുള്ള പദ്ധതി പൂർണ്ണമാകുന്നതിൽ നിന്ന് തടസ്സം നിൽക്കുന്ന എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഈശോയുടെ സൗഖ്യം തരണമേ.

പിശാചിന്റെ ടാക്റ്റിക്കുകളെ, തന്ത്രങ്ങളെ തിരിച്ചറിയുവാൻ ഈ ആത്മീയ സമരത്തിൽ കർത്താവേ അവിടുന്ന് പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ ബലപ്പെടുത്തണമേ.

പ്രിയമുള്ളവരെ, കരങ്ങളെ നെഞ്ചോട് ചേർത്ത്, ശിരസ്സ് നമിച്ച് ഈശോയുടെ ആശീർവാദത്തിനായിട്ട് ഈ നിമിഷം നമുക്ക് പ്രാർത്ഥിക്കാം.

പിശാചിന്റെ ഒളിയമ്പുകളെ, കുതന്ത്രങ്ങളെ, അവന്റെ പൊള്ളയായ വാഗ്ദാനങ്ങളെ പൊട്ടിച്ചെറിഞ്ഞ് യഥാർത്ഥമായ ദൈവസ്നേഹത്തിന്റെ ആഴം അനുഭവിക്കുവാൻ നമ്മുടെ ഹൃദയങ്ങളെ ദൈവസന്നിധിയിൽ തുറന്നു വെക്കാം.

കർത്താവിന്റെ ആശീർവാദം ഈ നിമിഷം നമുക്ക് ഏറ്റെടുക്കാം.

(തുടർന്ന് ആശീർവാദവും ഗാനാലാപനവും)

ആരാധന… ആരാധന…
ഈശോയേ ആരാധന…
ആരാധന… ആരാധന…
ഈശോയേ ആരാധന…
ആരാധന… ആരാധന…
സ്നേഹമേ ആരാധന…
സ്നേഹമേ ആരാധന…

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading