ഒറ്റക്കായവർ (കഥ)

ഒറ്റക്കായവർ (കഥ)

💐💐💐💐💐💐💐

” വയ്യെങ്കിൽ വല്ല ഹോസ്പിറ്റലിലും പോണം… അല്ലാതിങ്ങിനെ വേഷം കെട്ടു കാണിക്കുകയല്ല വേണ്ടത് !”

ദേഷ്യം ഇരച്ചു കയറി വന്നുവെങ്കിലും ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ പറയാതിരിക്കാനായില്ലാ…

”രേഷ്മാ.. മൈൻഡ് യുവർ വേഡ്സ്.. അമ്മ മന:പൂർവ്വം ചെയ്തതല്ലല്ലോ ”

ഇരുന്നു കൊണ്ടു തന്നെ ഡൈനിങ്ങ് ചെയറവൾ പുറകിലേക്ക് തള്ളി.. പിന്നീടെന്നെ തറപ്പിച്ചു നോക്കി ഉച്ചത്തിൽ അലറി.

“ഗോ റ്റു ഹെൽ.. ഞാനിങ്ങനെയൊക്കെത്തന്നെ പറയും.. മൂന്നു ദിവസം മുമ്പേ നല്ലൊരു പ്ളേറ്റും എടുത്തു പൊട്ടിച്ചു..!”

എന്താണിനി ചെയ്യേണ്ടതെന്നറിയാതെ അമ്മ ഇപ്പോഴും നിന്നു വിറക്കുകയാണ്. ദോശക്കൊപ്പം ഞങ്ങൾക്കു കഴിക്കാനുള്ള ചട്നി വിളമ്പുമ്പോൾ ആ കൈയൊന്നു വിറച്ച് ഒരല്പം രേഷ്മയുടെ പുതിയ സാരിയിലേക്ക് വീണതാണ് പ്രശ്നം. എന്റെ കഷ്ടകാലമെന്നു പറഞ്ഞാൽ മതിയല്ലോ. കാരണം..ഒരു കല്യാണത്തിന് പോകാൻ നന്നായൊരുങ്ങി കാറിൽ കയറാൻ തുടങ്ങിയവളെ ഞാനാണ് കഴിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞ് നിർബന്ധിച്ചത്. അമ്മ പുലർച്ചേ എഴുന്നേറ്റ് ഉണ്ടാക്കുന്നതാണ് ഇതൊക്കെ.. കല്യാണ വീട്ടിലേക്കാണെങ്കിൽ നല്ല ദൂരവുമുണ്ട്. അവിടെത്തുമ്പോഴേക്കും പന്ത്രണ്ട് മണി ആവുകയും ചെയ്യും.

അമ്മ ഒരു ടവൽ എടുത്തു കൊണ്ടു വന്നു. വിറക്കുന്ന ആ വലതു കൈ കൊണ്ടു തന്നെ സാരിയിൽ പറ്റിയ ചട്നി തുടച്ചു കളയാൻ നോക്കി.

അതവളുടെ ദേഷ്യം കൂട്ടിയേ ഉള്ളൂ..

“ഒന്നു പോണുണ്ടോ.. ഇനീം വെച്ചു തേക്കാതെ… ”

രേഷ്മ മുറിയിൽ കയറി വാതിലടച്ചു. ഒരു കാരണം കിട്ടാൻ കാത്തു നിന്നതു പോലെയായിരുന്നു അവൾ. എന്റെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും എന്തെങ്കിലും ആവശ്യങ്ങൾക്കു പോകാൻ അവൾക്ക് എപ്പോഴും താത്പര്യമുണ്ടാവാറില്ല. ഇനിയിപ്പോ എങ്ങിനെയാണ് അവളെയൊന്ന് അനുനയിപ്പിക്കുന്നത് ? മനസ്സില്ലാ മനസ്സോടെ ഞാൻ ദോശ കഴിക്കൽ തുടർന്നു. അതിനിടക്ക് അമ്മയെ കടക്കണ്ണാൽ ഒന്നു പാളി നോക്കി. ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരിക്കുന്നു. എനിക്കെന്തോ പോലെ തോന്നി. അമ്മക്കെന്താ ശരിക്കും വയ്യേ ? നാലഞ്ചു ദിവസമായി പാത്രങ്ങൾ വീഴുന്നതിന്റേയും കറികൾ തെറിപ്പിക്കുന്നതിന്റേയുമൊക്കെ പരാതികൾ കേൾക്കുന്നു.

“അമ്മേ… ഒന്നു റെഡി ആയേ… അവൾ പറഞ്ഞതു ശരിയാ..നമുക്കേതായാലും ഇന്നൊന്നു ഹോസ്പിറ്റലിൽ പോവാം”

“അയ്യോ… എന്തിന്..? വേണ്ട..വേണ്ടാ..ഇതിപ്പോ എന്തോ ചെറിയ ക്ഷീണമാണ്. രണ്ടൂസം കഴിഞ്ഞ് മാറിക്കൊളും.”

” അതു പറ്റില്ലമ്മാ.. ഇപ്പോത്തന്നെ പോകണം.. കുറേ നാളായില്ലേ ഒരു ചെക്കപ്പ് ഒക്കെ നടത്തീട്ട്..!”

ഒരു കുറ്റബോധം എന്റെ മനസ്സിലുമുണ്ട്. അഞ്ചാറു മാസം മുമ്പ് ഡോക്ടറെഴുതിയ മരുന്നുകൾ ഒരു വഴിപാട് പോലെ വാങ്ങിക്കൊണ്ടുവരുമെന്നല്ലാതെ മറ്റൊന്നും ഞാനീയിടെ ശ്രദ്ധിക്കാറേയില്ലാ. മാസത്തിലൊരിക്കലെങ്കിലും കൊണ്ടു പോയി കാണിക്കണമെന്ന് അന്ന് ഡോക്ടർ പറഞ്ഞിരുന്നതുമാണ്.

“അമ്മേ… ഇന്ന് പോയ പറ്റൂ.. ഞാനേതായാലും ലീവ് എടുത്തിട്ടുമുണ്ട്.”

“അതൊന്നുമില്ലാ… നിങ്ങളു രണ്ടാളും കൂടിയാ കല്യാണത്തിനു തന്നെ പോ.. അവളല്‌പം കഴിഞ്ഞു വരും”

പിന്നേയും കുറേ നിർബന്ധിക്കേണ്ടി വന്നു അമ്മയെ ഒന്നു സമ്മതിപ്പിക്കാൻ. വീട്ടിൽ നിന്നിറങ്ങാൻ നേരത്ത് രേഷ്മയുടെ മുറിയിൽ മുട്ടി വിളിച്ചു. അമ്മയേയും കൊണ്ടു ഹോസ്പിറ്റലിൽ പോകുന്നുവെന്ന് പറഞ്ഞു. അവളുടെ മറുപടികൾ രണ്ടു മൂളലിലൊതുങ്ങി. ഞാൻ കാറെടുത്തു. ഒരു പാട് നാളുകൾക്ക് ശേഷം അമ്മ എനിക്കൊപ്പം മുൻ സീറ്റിലിരുന്നു.

അമ്മയെ മുമ്പു കാണിച്ചിരുന്ന ഹോസ്പിറ്റലിലേക്കു തന്നെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ബുക്ക് ചെയ്തിട്ടൊന്നുമില്ല. ഒന്നു വിളിച്ചാലോ ? കൈവിറയലൊക്കെ വന്നതല്ലേ.. ന്യൂറോളജി ഡോക്ടറെക്കൂടി ഒന്നു കണ്ടേക്കാം. ഡ്രൈവിങ്ങിനിടക്കു തന്നെ ബ്ളൂടൂത്ത് ഹെഡ് ഫോൺ കണക്ട് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ആ ഡോക്ടർ എത്തുമ്പോൾ മൂന്നു മണിയാവുമത്രെ. ഇപ്പോൾ സമയം പത്തു മണി ആയേ ഉള്ളൂ.. വീട്ടിൽ നിന്നിറങ്ങി പത്തു കിലോമീറ്ററുകളോളം ആവുകയും ചെയ്തു. ഇനിയിപ്പോ എന്തു ചെയ്യും ? കാറിന്റെ വേഗം കുറച്ചു ഞാനമ്മയെ നോക്കി. ഒരു കുഞ്ഞിന്റെ കൗതുകത്തോടെ അമ്മ ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണയക്കുകയാണ്. അറിയാതെ എന്നിലൊരു സന്തോഷം നിറഞ്ഞു. പെട്ടെന്നാണ് അമ്മ ചോദിച്ചത്..

” നിനക്കോർമ്മയുണ്ടോ ഈ വഴിയൊക്കെ ?”

ഈ വഴികളിൽ എന്തോർക്കാനാണ് ? ആ ഹോസ്പിറ്റലിലേക്കു പോകാൻ വേണ്ടി മാത്രം വല്ലപ്പോഴും യാത്ര ചെയ്യുന്ന റോഡ്. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.

”ചെറുപ്പത്തിലു കെ. കെ മേനോൻ ബസ്സിലു ഏറ്റവും മുമ്പിലു പോയി നിക്കാൻ വാശി പിടിച്ചതൊക്കെ മറന്നാ നീയ്…?”

ഞാനറിയാതെ ചിരിച്ചു പോയി.. ശരിയാണ്.. പണ്ട് രണ്ടാഴ്ചയിലൊരിക്കലെങ്കിലും അമ്മവീട്ടിലേക്കു പോയിരുന്ന വഴിയാണിത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളിലെ വഴികൾ. കുറച്ചു കൂടി ചെന്നു വലത്തോട്ട് തിരിഞ്ഞ് നാലഞ്ചു കിലോമീറ്ററുകൾ പോയാൽ അമ്മയുടെ നാടായി. ഞാനെട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാവണം അമ്മാവൻ ബാംഗ്ളൂർ തന്നെ സ്ഥിരതാമസമായത്. അതിനു ശേഷം ആരും പോകാറില്ല അങ്ങോട്ട്. ഞാനൊരു നെടുവീർപ്പിട്ടു. നമുക്ക് പ്രിയപ്പെട്ടതായിരുന്ന എത്രയെത്ര ഇടങ്ങളും ആളുകളുമാണ് വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് അപരിചിതമാകുന്നത്.

“അമ്മ രാവിലെ എന്തെങ്കിലും കഴിച്ചിരുന്നോ ? ”

”ഇനിയിപ്പോ ഉച്ചക്ക് കഴിക്കാം.. സാരമില്ലാ..”

ആഹാ.. രാവിലത്തെ ബഹളത്തിനിടയിൽ അമ്മ ദോശ കഴിക്കാൻ മറന്നിരിക്കുന്നു. ഏതെങ്കിലും നല്ലൊരു ഹോട്ടലിനായ് എന്റെ കണ്ണുകൾ പരതി. ഒരു ഗ്രാമപ്രദേശമാണെങ്കിലും അടുത്ത ജംഗ്ഷൻ അടുക്കാറായപ്പോൾ കുറച്ചു കടകൾ കണ്ടു. അതിനിടയിൽ ഒരു നാടൻ ഹോട്ടലും. ഞാൻ വണ്ടി പാർക്ക് ചെയ്തു.

ഹോട്ടൽ മുതലാളിയും സപ്ളയറുമൊക്കെ ഒരാൾ തന്നെയാണെന്നു തോന്നുന്നു. അയാൾ വന്നപ്പോൾ റോഡിനപ്പുറത്തെ ഒരു പഴയ വീട് ചൂണ്ടിക്കാണിച്ച് അമ്മ ആദ്യം ചോദിച്ചത് അത് ജോർജ് ഡോക്ടറുടെ വീടല്ലായിരുന്നോ എന്നാണ്.

”അതെ..”

അയാൾ ഒന്നു നിറുത്തി പിന്നെയും പറഞ്ഞു..

” അതു കുറേ വർഷങ്ങളു മുമ്പാ.. ഇപ്പോ അവടെ ആരുല്ലാ..”

അമ്മ ഒന്നു മൂളി.. നെടുവീർപ്പിട്ടു.. പിന്നെ പെട്ടെന്ന് ചോദിച്ചു..

”വെള്ളേപ്പം ഉണ്ടോ ഇവടെ ?”

അയാൾ തലയാട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരാൾക്ക് മതിയെന്നു പറഞ്ഞു.

‘കറിയൊന്നും വേണ്ടാട്ടോ.. കൊറച്ച് പഞ്ചസാര ഇട്ടാ മതിയാവും” അമ്മ കൂട്ടിച്ചേർത്തു. അതു കേട്ട് ഞാനമ്മയെ ഒരു കൗതുകത്തോടെ നോക്കി. അമ്മ ഒരു കുസൃതിച്ചിരിയാണ് മറുപടിയായി നല്കിയത്.

“നെനക്കറിയോ.. ന്റെ ചെറുപ്പത്തിലേയ്.. വല്ല പനിയൊക്കെ വന്നാൽ അച്ഛനീ ജോർജ് ഡോക്ടറുടെ അടുത്തേക്കാ കൊണ്ടുവരാറ്.. എന്നിട്ട് ഇവിടെയുണ്ടായിരുന്ന പഴയ കടേന്ന് വെള്ളോപ്പോം പഞ്ചസാരേം വാങ്ങിത്തരും… പിന്നെ പാലുംവെള്ളോം..!”

അതും പറഞ്ഞു പാലിനേക്കാൾ വെൺമയിൽ അമ്മ ചിരിച്ചു. അയാൾ അപ്പവുമായി വരുമ്പോൾ ഞാൻ പാലു മാത്രമായിട്ട് കിട്ടുമോന്ന് ചോദിച്ചു. അമ്മ പെട്ടെന്ന് തിരുത്തി..

” പാലല്ല മോനേ.. പാലുംവെള്ളം..”

” ഉം.. ഉണ്ടമ്മേ… എടുക്കാം..” ഒരു ചിരിയപ്പോൾ അയാളുടെയും മുഖത്തുണ്ടായിരുന്നു.

നല്ല സന്തോഷത്തോടെ അമ്മ അതു കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു..

” പണ്ട് അച്ഛച്ചനായിട്ട് തുടങ്ങീതാ ഈ കട.. പത്തു പതിനഞ്ചു കൊല്ലം മുമ്പ് ഞാനൊന്നു പുതുക്കി പണിതു.”

”ഏതായാലും അപ്പത്തിനിപ്പഴും പഴേ രുചി ഇണ്ട് ട്ടോ..”

അയാൾക്കു നല്ല സന്തോഷമായി എന്നു തോന്നുന്നു. അമ്മയോടൊപ്പം സംസാരിച്ച് പിന്നെ പോരുമ്പോൾ അയാൾ കാറു വരെ വന്ന് യാത്രയാക്കുകയും ചെയ്തു.

പിന്നെയും കാറെടുത്തപ്പോൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിക്കാതെ അമ്മ വീട്ടിലേക്കുള്ള വഴിയിലേക്കാണ് ഞാൻ ഡ്രൈവ് ചെയ്തത്.

”ഇതെന്താടാ..?”

അമ്മ ചോദിക്കാതിരുന്നില്ല..

” ചുമ്മാ… കുറേ വർഷങ്ങളായില്ലേ നമ്മളീ വഴിയൊക്കെ വന്നിട്ട്.. ഒന്നു പോയിക്കറങ്ങി വരാന്നേ…”

അമ്മയുടെ മനസ്സിന്റെ സന്തോഷം ആ കണ്ണുകളിലെ തിളക്കത്തിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. മുഖത്ത് അടക്കിപ്പിടിച്ചിരിക്കുന്നയാ പുഞ്ചിരിയിൽ ഒരു കൊച്ചു കുട്ടിയുടെ കാതുകവും. കാറങ്ങിനെ അമ്മയുടെ നാട്ടിലേക്കും കൂടെയാ പഴയ ഓർമ്മകളിലേക്കും അടുത്തു കൊണ്ടിരുന്നു.

ആദ്യം പോയത് പൂട്ടിക്കിടന്നിരുന്ന ആ പഴയ വീട്ടിലേക്കു തന്നെയാണ്. പണ്ടുണ്ടായിരുന്ന ഒരു ബോഗൺവില്ല ഇപ്പോൾ വീടിനു മേലേക്ക് ആകെ പടർന്നിരിക്കുന്നു. ഒരു വലിയ പൂക്കൂട പോലെ.. ഒരു നെടുവീർപ്പുമായി അമ്മ ആ വീടിനു ചുറ്റും നടന്നു. പിന്നെയാ പഴയ കിണറിനടുത്ത് പോയി നിന്ന് ഉള്ളിലേക്ക് നോക്കി. കൈതട്ടി അപ്പോഴെന്തോ അടർന്നു വീണ് കിണറിലേക്ക് പതിച്ചു. നിശ്ചലമായി കിടന്നിരുന്ന വെള്ളത്തിനു മുകളിലപ്പോൾ ഏതോ ഓർമ്മകളുടെ കുഞ്ഞലകളുയർന്നു. നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കുന്നതിനിടെ എന്നെ നോക്കി അമ്മ ചിരിച്ചു.

”നമുക്കൊന്നു വിശാലൂന്റെ വീട്ടീ പോയാലോ ?”

”അതാരാ…?”

“നീ വാ… കാണിച്ചു തരാം..”

അമ്മയിലാകെ ഒരു ഉത്സാഹം നിറയുന്നത് ആ വാക്കുകളിലറിഞ്ഞു.

“ഇവടന്ന് കുറച്ചങ്ങട് മുന്നോട്ട് പോയാ മതി”

കാറിൽ ഇരുന്നതും അമ്മ വഴി കാണിക്കാൻ തുടങ്ങി. അധികം പോവേണ്ടി വന്നില്ലാ. ഒരു ചെറിയ ഓടിട്ട വീട് അമ്മ ചൂണ്ടിക്കാട്ടി.

കാർ നിറുത്തുമ്പോഴേക്കും ഉത്സാഹത്തോടെ അമ്മ ചാടിയിറങ്ങി. ആവേശത്തിലായതുകൊണ്ടാവാം വീഴാൻ പോകുന്നതു പോലെ തോന്നി.

കാറിന്റെ ശബ്ദം കേട്ട് പുറത്തേക്കെത്തിയ വൃദ്ധൻ സൂക്ഷിച്ചു നോക്കുകയായിരുന്നെങ്കിലും അമ്മ ” ഡി വിശാലൂ…” എന്നു വിളിച്ച് ചിരപരിചിതയെപ്പോലെ അകത്തേക്ക് പോയി. പുറത്തേക്ക് വന്ന ആൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി അകത്തേക്ക് ചെല്ലുമ്പോഴേക്കും പഴയ കൂട്ടുകാരികൾ കെട്ടിപിടിത്തവും കരച്ചിലും കഴിഞ്ഞിരുന്നു.

അമ്മയുടെ കൂട്ടുകാരി വർഷങ്ങളായി കിടപ്പിലാണത്രെ ! യൗവനത്തിന്റെ ചൂടിൽ കള്ളുചെത്താൻ വന്ന ഒരാൾക്കൊപ്പം ഇറങ്ങി പോയതിനു ദൈവം കൊടുത്ത ശിക്ഷയാവാമെന്നു പറഞ്ഞ് വിശാലുവമ്മ കരഞ്ഞു കൊണ്ടേയിരുന്നു. അതു കേട്ട് ഈവർഷങ്ങളത്രയും ഒരു മോളേപ്പോലെ അവരെ നോക്കുന്ന ആ ചെത്തുകാരൻ വൃദ്ധന് സങ്കടം തോന്നില്ലേ എന്നു ഞാനോർത്തു. പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലും ചോദിക്കണ്ടേയെന്നു കരുതി “മക്കളൊക്കെ എവിടേയാ” എന്നയാളോട് ചോദിച്ചു പോവുകയും ചെയ്തു.

” ഈ ചൊട്ടകളൊക്കെ തല്ലിയൂറ്റി തല്ലിയൂറ്റി നടന്ന എന്നെ തെങ്ങുകളൊക്കെ കൂടി ശപിച്ചൂന്നാ തോന്നണേ.. ഒരു മച്ചിങ്ങ പോലുമില്ലാത്ത ജന്മായിപ്പോയി..!”
രണ്ടു കൈയുമുയർത്തി ഒന്നുമില്ലെന്ന് ആഗ്യം കാട്ടി അതു പറയുമ്പോൾ അയാൾ തല കുമ്പിട്ടിരുന്നു.

ഊണു കഴിച്ച് പോകാമെന്നൊക്കെ നിർബന്ധിച്ചുവെങ്കിലും കഴിക്കാൻ നിന്നില്ലാ. കൂട്ടുകാരികൾ വിശേഷങ്ങൾ പങ്കുവെച്ചു തീരുമ്പോഴേക്കും ആ വൃദ്ധൻ ചെത്തി കഷണങ്ങളാക്കിയ ഒരു ഉപ്പു മാങ്ങ കൊണ്ടുവന്നു വെച്ചു. ഒത്തിരി സ്വാദോടെ അതും കഴിച്ച് അവിടെ നിന്നും ഇറങ്ങി കാറിനടുത്തെത്തുമ്പോഴേക്കും അമ്മ പറഞ്ഞു..

”ഇവിടെ അടുത്തൊരു കുളവും കൂടി ഉണ്ടെടാ.. അവടേം കൂടിയൊന്നു പോകാം നമുക്ക്..”

കാറിൽ കയറാനുള്ള ദൂരമുണ്ടായിരുന്നില്ല. ഒരല്പം നടന്നപ്പോഴേക്കും വിജനമായ പാടങ്ങളായി. അതിന്റെ തുടക്കത്തിൽ തന്നെ പച്ചയാർന്നൊരു കുളം. അതിൽ അവിടവിടായി വിരിഞ്ഞു നില്ക്കുന്ന എതാനും വെളുത്ത ആമ്പൽ പൂക്കൾ. ഒരു കൊച്ചു കുട്ടിയേപ്പോലെ സന്തോഷവതിയായ അമ്മ കുളത്തിന്റെ പടവുകളിലേക്കിറങ്ങി. ചെരുപ്പഴിച്ചു വച്ച് വെള്ളത്തിലേക്കിറങ്ങാൻ നോക്കുമ്പോൾ അമ്മ പിന്നേയും വീഴാൻ പോകുന്നതു പോലെ എനിക്കു തോന്നി. പെട്ടെന്നാ കൈകൾ പിടിച്ച് പടവുകളിലിരുത്തി. അമ്മ തന്റെ കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ചു. കുഞ്ഞു മീനുകളപ്പോൾ ആ ചുളിവു വീണ പാദങ്ങളിൽ ഇക്കിളിക്കൂട്ടി ചെറുപ്പമാക്കാൻ നോക്കി.

”എന്താ ചിരി… എന്താ സന്തോഷം ?” ഞാൻ കളിയാക്കി..

” അതേടാ… ഞാൻ സന്തോഷിക്കും..! നിനക്കറിയോ… എന്നെയച്ഛൻ നീന്തലു പഠിപ്പിച്ച കുളമാ ഇത്.. അറിയോ. ?'”

ഉം…ഉം.. ഞാൻ ചിരിച്ചു കൊണ്ടു മൂളി. അവിടെയിരുന്ന അര മണിക്കൂർ സമയം കൊണ്ട് രണ്ടാമ്പൽ പൂക്കൾ ഞാൻ പൊട്ടിച്ചെടുത്തിരുന്നു. അമ്മ അത് വാരിയെടുത്തു മണത്തു.

പിന്നീടെഴുന്നേറ്റ് ചെരിപ്പിടാൻ തുനിയുമ്പോൾ വലതു കാൽ ചെരിപ്പിലേക്കിടാൻ അമ്മ പാടുപെട്ടു. വിചാരിക്കുന്നിടത്തേക്കല്ല കാലുകൾ പോവുന്നത്. ചെരിപ്പ് ഞാനിട്ടു കൊടുത്തപ്പോൾ പിന്നെ ഉത്സാഹത്തോടെ കാറിനടുത്തേക്ക് വേഗം നടന്നുവെങ്കിലും കയറിയിരിക്കുമ്പോഴേക്കും അമ്മ ക്ഷീണിച്ചിരുന്നു.

” എന്തേയ്..? ഉറക്കം വരണുണ്ടോ ? ഉം…? പതുക്കെ ചാരിക്കിടന്നോളൂ..”

ഇടക്കിടെ അമ്മ കണ്ണു തുറന്നു നോക്കിയെങ്കിലും ഞാനൊന്നും ചോദിക്കാൻ നിന്നില്ല. ഹോസ്പിറ്റലിലേക്കു കാറെത്തിയപ്പോൾ മാത്രമാണ് പിന്നെ ഞാനമ്മയെ വിളിച്ചത്.

രണ്ടു മൂന്നു വട്ടം വിളിക്കേണ്ടി വന്നു അമ്മയുണരാൻ. എന്നിട്ടുമാ കണ്ണുകൾ ക്ഷീണിച്ചു മറയുന്നതുപോലെ ! എനിക്കെന്തോ ഒരു ഭയം തോന്നി. കാറു നേരെ കാഷ്വാലിറ്റിയുടെ അടുത്ത് തന്നെ കൊണ്ടു പോയി നിറുത്തി. വീൽ ചെയറിലേക്ക് ആദ്യം ഇരുത്താൻ നോക്കിയെങ്കിലും പിന്നെ എല്ലാവരും കൂടി സ്ട്രെകചറിലേക്കു തന്നെ കിടത്തി. കാറിന്റെ താക്കോൽ ആർക്കോ കൈമാറി അമ്മയോടൊപ്പം നടക്കുമ്പോൾ എന്റേയും നെഞ്ചിടിപ്പു കൂടിയിരുന്നു.

ഐ. സി. യു വിലേക്കു പോകുന്ന വഴി തന്നെ അമ്മയെ നോക്കിയ ഏതോ ഡോക്ടർ സി. ടി സ്കാനിലേക്ക് വഴി തിരിച്ചു വിട്ടു. അപ്പോഴേതോ പേപ്പറിൽ ഞാനൊപ്പിട്ടു കൊടുക്കുകയും ചെയ്തു. സ്കാനിങ്ങ് റൂമിനു വെളിയിലെ ചുവപ്പു ലൈറ്റിലേക്കു നോക്കിയിരിക്കുന്നതിനിടയിലെപ്പോഴോ പുറത്തേക്ക് വന്ന ഒരു ഡോക്ടറോട് ഞാൻ അമ്മക്ക് എങ്ങിനെയുണ്ടെന്നു ചോദിച്ചു.

“അത്ര ഭയക്കാനൊന്നുമില്ല. എങ്കിലും തലച്ചോറിന്റെ ഇടതു ഭാഗത്തായി കുറച്ച് രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്.. നാലഞ്ചു ദിവസമായിക്കാണണം ആ ബ്ളീഡിങ്ങ് തുടങ്ങിയിട്ട്..”

എന്നെ സമാധാനപ്പെടുത്തി അയാൾ പോയി അല്പനേരത്തിനുള്ളിൽ അമ്മയെ ഐ സി യുവിലേക്ക് കൊണ്ടുപോയി. നഴ്സുമാർക്കൊപ്പം, അമ്മക്കൊപ്പം ലിഫ്റ്റിൽ നിൽക്കുമ്പോൾ കാറിൽ നിന്നും മൊബൈലെടുക്കാൻ മറന്നു പോയല്ലോ എന്നു ഞാനോർത്തു.

തനിയെ ആ ഐസിയുവിനു മുന്നിലിരിക്കുമ്പോൾ ആരെങ്കിലുമൊരാൾ കൂടെയുണ്ടായിരുന്നെങ്കിലെന്ന്, ഒന്നു കൈ പിടിക്കാൻ.. ഒന്നു മിണ്ടിപ്പറയാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് നമ്മൾ കൊതിച്ചു പോകുന്ന നിമിഷങ്ങളുണ്ടെന്ന് ഞാൻ ആദ്യമായറിഞ്ഞു.

അച്ഛന്റെ മരണ ശേഷം, എന്റെ ജോലിക്കും, വിവാഹ ജീവിതത്തിനുമിടക്ക് എത്രയോ മണിക്കൂറുകൾ അമ്മയൊറ്റക്ക് കൂട്ടിനൊരാളില്ലാതെ വീട്ടിലിരുന്നിട്ടുണ്ടാവുമെന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ സന്തോഷങ്ങൾക്കിടയിൽ, ജോലിത്തിരക്കുകൾക്കിടയിൽ അമ്മ എന്തെടുക്കുന്ന് എന്നൊരു വട്ടം ഫോൺ ചെയ്തു പോലും ചോദിച്ചില്ലല്ലോ എന്നോർത്തു മനസ്സു പിടഞ്ഞു.

അപ്പോഴാണ് ചെറുപ്പക്കാരിയായ ഒരു ഡോക്ടർ പുറത്തേക്ക് വന്നത്.

“സുമംഗലയുടെ…..?”

”അതെ… മകനാണ്…”

അവർ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുവെന്ന് വരുത്തി.

“ഇരിക്കൂ..”

അവരും എന്റെ അരികിലിരുന്നു.

” ഞങ്ങൾ പരമാവധി ശ്രമിച്ചു.. ബട്ട്… അൺഫോർച്ചുനൈറ്റ്ലി… സോറി…”

ഉള്ളിലെവിടെയോ നിന്നൊരു വിതുമ്മൽ മുള പൊട്ടുന്നതു ഞാനറിഞ്ഞു. തല കുമ്പിട്ടപ്പോഴേക്കും അടർന്നു വീണ കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലും അവരുടെ കയ്യിലിരുന്ന ആമ്പൽ പൂക്കൾ ഞാൻ കണ്ടു. അവരതെനിക്ക് നീട്ടി..

” അമ്മയുടെ കൈകളിൽ മുറുക്കി പിടിച്ചിരുന്നതാണ്…”

ആ ആമ്പൽ പൂക്കളും വാങ്ങി, ആൾക്കൂട്ടത്തിനിടയിലെപ്പോഴോ അമ്മയുടെ കൈവിട്ടു പോയൊരു കുട്ടിയായ് ഇപ്പോൾ ഞാനിവിടെ… ഒറ്റക്ക്…!

മാതാപിതാക്കൾ.. അവരുടെ സാന്നിധ്യം..
ഓർമ്മകൾ എല്ലാം ജീവിതത്തിലെ അമൂല്ല്യമായ നിധികളാണ്….. ഒട്ടും മടികാണിക്കണ്ട അവരെ സ്നേഹിക്കാനും ബഹുമാനിക്കാനും…

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s