തന്‍റേതല്ലാത്ത പണം

✝ ശുഭദിനം ✝

ഒരിക്കല്‍ ക്രിസ്ത്യാനിയായ ഒരു മനുഷ്യൻ,
ഇസ്രായേലിലെ ജെറുസലേം പട്ടണത്തില്‍ തന്നെയുളള തന്‍റെ ജോലി സ്ഥലത്തിന്നടുത്തേക്ക് താമസം മാറ്റി.

മിക്ക ദിവസങ്ങളിലും അയാള്‍ ജോലിക്ക് പോയിരുന്നത് ബസ്സിലായിരുന്നു.

ഓഫീസിൽ നിന്നും നിശ്ചിത സമയത്ത് ഇറങ്ങുന്നത് കൊണ്ട് സ്ഥിരമായി ഒരേ ബസും ജോലിക്കാരെയുമായിരുന്നു അയാൾക്കു ലഭിച്ചിരുന്നത്.

ഒരിക്കല്‍ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് സീറ്റില്‍ വന്നിരുന്നപ്പോഴാണ് അര ഷെക്കേൽ കൂടുതല്‍ ബാക്കി ലഭിച്ചതായി അയാളുടെ ശ്രദ്ധയില്‍ പെടുന്നത്.

തന്‍റേതല്ലാത്ത പണം തിരിച്ച് നല്‍കുന്നതിനെ പറ്റി അയാള്‍ ചിന്തിച്ചു .

ഇടക്ക് അയാളുടെ മനസ്സ് ഇങ്ങിനെ മന്ത്രിച്ചു,

“വളരെ ചെറിയ ഒരു തുക ഇത് തിരിച്ച് നല്‍കുന്നത് തന്നെ നാണക്കേടാണ്.

ഒരു പക്ഷേ യാത്രക്കാര്‍ക്ക് ബാക്കി നല്‍കാതെ ഇതിനെക്കാള്‍ വലിയ തുക അയാളുടെ കയ്യിലുണ്ടാകും.

അയാള്‍ക്ക് ഒരു നഷ്ടവും ഈ ചെറിയ തുക കൊണ്ട് സംഭവിക്കാന്‍ പോകുന്നില്ല.

ഇത് കയ്യില്‍ വെച്ചാല്‍ പണം ആവശ്യമുള്ള മറ്റാർക്കെങ്കിലും നല്‍കാം”

ഇങ്ങിനെയൊക്കെ അയാള്‍ ചിന്തിച്ചെങ്കിലും അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിറുത്തിയപ്പോള്‍ ഡ്രൈവറുടെ കയ്യില്‍ അര ഷെക്കേൽ വെച്ച് കൊടുത്തു കൊണ്ട് അദ്ദേഹം ഇങ്ങിനെ പറഞ്ഞു:

“ഇത് എനിക്ക് അർഹിക്കപ്പെടാത്ത പണമാണ്.

ചില്ലറ തരുന്ന സമയത്ത് താങ്കള്‍ എനിക്ക് കൂടുതല്‍ തന്നതാണ്”

പണം കയ്യില്‍ വാങ്ങി ഡ്രൈവര്‍ ഇങ്ങിനെ ചോദിച്ചു:

“ ഈ പ്രദേശത്ത് അടുത്തിടക്ക് താമസമാക്കിയ ഒരു ക്രിസ്ത്യാനിയാണ് താങ്കള്‍ അല്ലെ?

കുറെയായി ക്രിസ്തുവിനെ പറ്റി അറിയാന്‍ ഏതെങ്കിലും ദൈവാലയത്തിൽ പോകണമെന്ന് ഞാന്‍ തീരുമാനിച്ചിരിക്കയായിരുന്നു.

താങ്കള്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാന്‍ ബോധപൂര്‍വ്വം ഞാൻ അര ഷെക്കേൽ കൂടുതല്‍ തന്നതാണ്”

ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അയാളുടെ കാലുകള്‍ തളരുന്നുവോ എന്ന്‍ അയാള്‍ക്ക് തോന്നി.

വീണ് പോകുമോ എന്ന് ഭയപ്പെട്ടപ്പോള്‍ അയാള്‍ ഒരു തെരുവ് വിളക്കിന്‍റെ കാലില്‍ പിടിച്ച് നിന്നു.

ആകാശത്തേക്ക് നോക്കി വിതുമ്പുന്ന ചുണ്ടില്‍ അയാള്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു:

“കർത്താവായ ദൈവമേ നീ എന്നെ കാത്തില്ലായിരുന്നെങ്കില്‍ അര ഷെക്കേലിന്‌ ഞാന്‍ നിന്നെ വില്‍ക്കുമായിരുന്നു”

സുഹൃത്തുക്കളെ ഒരു ദിവസം എത്ര തവണ നാം നമ്മുടെ ദൈവത്തെ വില്‍ക്കുന്നു?.

ചിന്തിക്കുക…….

Leave a comment