ഓസ്ട്രേലിയൻ ഡയറി

‘പാശ്ചാത്യ സംസ്കാരം’ എന്ന വാക്ക് നിങ്ങളുടെ മനസിൽ ഉണ്ടാക്കുന്ന ധ്വനി എന്താണ്? അതൊരു നല്ല അർത്ഥത്തിലുള്ള പ്രയോഗമായിട്ടാണോ മോശം അർത്ഥമുള്ള പ്രയോഗമായിട്ടാണോ നിങ്ങൾ പരിചയിച്ചിട്ടുള്ളത്?

എന്റെ കാര്യം പറഞ്ഞാൽ, പാശ്ചാത്യ സംസ്കാരം എന്നത് ഒരു മോശം കാര്യമായാണ് ഞാൻ ആദ്യമൊക്കെ കേട്ടിരുന്നതും മനസിലാക്കിയിരുന്നതും. പിന്നീട് വായനകളിൽ നിന്നും അനുഭവകഥകളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ ആ ധാരണയിൽ പതിയെ മാറ്റമുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ ഞാൻ നടത്തിയ എന്റെ ആദ്യ വിദേശയാത്രയാണ് അതിൽ നിർണായകമായ സ്വാധീനം ചെലുത്തിയത്.

പാശ്ചാത്യരുടെ കുടിയേറ്റത്തിലൂടെ രൂപം കൊണ്ട ഓസ്ട്രേലിയ എന്ന രാജ്യത്തിൽ, എന്നെപ്പോലെ ആദ്യമായി കടലുകടക്കുന്ന ഒരാളെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവമായിരുന്നു. അവ വിശദമായി എഴുതാൻ ആഗ്രഹമുണ്ട് എങ്കിലും സമയക്കുറവ് ഒരു തടസ്സമാണ്. എന്തായാലും, നേരേ ചൊവ്വേ തുണിയുടുക്കാത്ത ആളുകൾ, ഉറപ്പില്ലാത്ത കുടുംബബന്ധങ്ങൾ, പരസ്പര സ്നേഹമില്ലാത്ത മനുഷ്യർ, എന്നിങ്ങനെയുള്ള ക്ലീഷേ ‘പാശ്ചാത്യസംസ്കാര വേവലാതി’കൾ അറിവില്ലായ്മയോ അസൂയയോ കാരണം ഉണ്ടാകുന്നതാണെന്ന് മനസിലായി. നമ്മുടെ നാട്ടിൽ നിന്ന് അവിടേയ്ക്ക് കുടിയേറിയവർ ലക്ഷക്കണക്കിന് വരും. അതിനർത്ഥം അവർക്ക് അവിടം ഇവിടത്തെക്കാൾ മികച്ചതായി തോന്നി എന്നതാണല്ലോ. (കഴിഞ്ഞ കോമൺവെൽത്ത് കളി കാണാൻ അങ്ങോട്ട് ചെന്ന കുറേ ഇൻഡ്യാക്കാർ വിസ വെട്ടിച്ച് തിരിച്ച് വരാതെ അവിടെ കൂടിയ സംഭവവുമുണ്ട്). ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന നാല് നഗരങ്ങളിലായി 15 ദിവസങ്ങൾ ഞാൻ ചെലവഴിച്ചു. താമസം അവിടെ സ്ഥിരതാമസമാക്കിയ മലയാളികൾക്കൊപ്പമായിരുന്നു. പ്രഭാഷണവേദികളിൽ വന്ന നൂറുകണക്കിന് ആളുകളുമായും സംവദിക്കാൻ കഴിഞ്ഞു. ആ അനുഭവങ്ങളിൽ നിന്ന് മനസിലായത്, നമ്മുടെ രാജ്യം അവരെക്കാൾ കുറഞ്ഞത് നൂറ് വർഷമെങ്കിലും പിന്നിലാണ് എന്നാണ്. അത് ആധുനിക സാങ്കേതികവിദ്യ കാരണം സാധ്യമായ, ഭൗതിക സാഹചര്യങ്ങളിൽ മാത്രമുള്ള ഒരു പുരോഗമനമല്ല. മറിച്ച് അവിടത്തെ ഓരോ വ്യക്തിയുടേയും മനോഭാവത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുന്ന, അവിടത്തെ സംസ്കാരത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന ഒരു പുരോഗമനമാണ്. അതിൽ ശ്രദ്ധേയമെന്ന് തോന്നിയ ചില കാര്യങ്ങൾ വിവരിക്കാം.

പുറത്തുനിന്ന് ആഹാരം കഴിച്ച സന്ദർഭങ്ങളിൽ, അവിടെ ചെറിയ ബർഗറിനും കോഫിയ്ക്കും ഉൾപ്പടെ നല്ല വിലയാണ് എന്ന് ശ്രദ്ധിച്ചിരുന്നു. അതൊരു പ്രശ്നമായി ആദ്യം തോന്നിയെങ്കിലും, പിന്നീടാണ് അതിന്റെ കാരണം മനസിലായത്. നമ്മുടെ നാട്ടിലെ പോലെ സാമൂഹിക അസമത്വത്തിന്റെ ഫലമായി ഉണ്ടാകുന്ന ‘ചീപ് ലേബർ’ അവിടെ കിട്ടില്ല. അവിടെ എല്ലാ തൊഴിലും മാന്യതയുള്ളതാണ്. ഏത് ജോലിയ്ക്കും ആളെ കിട്ടണമെങ്കിൽ നല്ല വേതനം കൊടുക്കണം. അതുകൊണ്ട് തന്നെ പാചകം, വിളമ്പ്, എന്നിങ്ങനെ മനുഷ്യാധ്വാനം ഉൾപ്പെടുന്ന എന്തിനും അവിടെ സാമാന്യം ചെലവുണ്ട്. ഇതിന് നല്ലൊരു മറുവശമുണ്ട്; നിങ്ങൾക്ക് ഏത് ജോലി ചെയ്താലും സാമാന്യം നല്ല വരുമാനമുണ്ടാക്കാം. തൊഴിലല്ല അവിടെ ഒരാളുടെ ‘സ്റ്റാറ്റസ്’ തീരുമാനിക്കുന്നതും. അതുകൊണ്ട് തന്നെ ‘ഒഴിവുനേരങ്ങളിൽ കൊറിയർ ഡെലിവറിയ്ക്ക് പോകുന്ന ഡോക്ടർ’ അവിടെ ഒരു അസ്വാഭാവിക കാര്യമല്ല.

ഹോട്ടലിൽ തുച്ഛമായ തുകയ്ക്ക് മേശ തുടയ്ക്കുന്ന ബംഗാളി, സാമൂഹികമായ അധഃസ്ഥിതി കാരണം കുറഞ്ഞ വേതനത്തിന് തോട്ടിപ്പണി ചെയ്യുന്ന കീഴാളർ, എന്നിങ്ങനെ നമുക്ക് ചില ‘നോർമൽ’ കാര്യങ്ങളുണ്ട്. ”പണ്ടത്തെപ്പോലെ തേങ്ങയിടാനും വീട്ടുപണിയ്ക്കും ആളെ കിട്ടുന്നില്ല” എന്ന പരാതി സ്ഥിരം നമ്മൾ കേൾക്കാറുണ്ട്. സത്യത്തിൽ ആ പറയുന്നവർ ഉദ്ദേശിക്കുന്നത് ‘ചുളുവിൽ’ പണി ചെയ്യിക്കാൻ ആരെയും കിട്ടുന്നില്ല എന്നതാണ്. കാരണം അസമത്വത്തോട് നമ്മൾ വല്ലാതെ പൊരുത്തപ്പെട്ട് ജീവിക്കുന്നു. ചില ജോലികൾ നമുക്ക് ‘മാന്യ’വും ചിലത് അല്ലാത്തതുമാണ്. അതിനാൽ ചില ജോലികൾ ചെയ്യുന്നത് നമുക്ക് ‘കുറച്ചിലാ’ണ്. പാശ്ചാത്യസംസ്കാരത്തിൽ സമ്പന്ന വീടുകളിൽ പോലും, പഠിക്കുന്ന കുട്ടികൾ സമാന്തരമായി സൂപ്പർ മാർക്കറ്റിലോ ഫുഡ് കോർട്ടുകളിലോ ജോലി ചെയ്യുന്നത് സാധാരണ കാര്യമാണ്. വിദ്യാഭ്യാസം ഒരു പ്രൊഫഷനാക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ (ടീച്ചർ, റിസർച്ചർ തുടങ്ങിയവ) അവിടെ ആരും അധികം പഠിയ്ക്കാറുമില്ല. പത്താം തരം കഴിയുമ്പോഴേയ്ക്കും മിക്കവരും ഏതെങ്കിലും ജോലിയിലേക്ക് പ്രവേശിക്കും. ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ വർഷങ്ങൾ ചെലവാക്കി താത്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ ശ്രമിച്ചിട്ട്, ശേഷം അതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയിൽ ചെന്ന് പെടുന്ന നമ്മുടെ യുവത്വം വരുത്തിവെക്കുന്ന നഷ്ടം തിരിച്ചറിയുന്നത് അവിടെയാണ്. നമ്മുടെ ഒരു യുവവ്യക്തി പി.ജി. കഴിയുന്ന പ്രായത്തിൽ അവിടെ ഒരാൾ തീർത്തും സ്വതന്ത്രവ്യക്തിയായി സ്വന്തം കാലിൽ ജീവിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയിട്ടുണ്ടാകും. ഇവിടെയാ പീ.ജി.ധാരി ഭാവിയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ അയാൾ ‘ഏത് ജോലിയായാലും ജീവിതം ഹാപ്പി’ എന്ന ലൈനിൽ ടെൻഷൻ-ഫ്രീയായി ജീവിക്കുകയാകും.

പണ്ട് ഒരു സുഹൃത്ത് സൂചിപ്പിച്ചിട്ട് ഞാൻ ചെയ്തുനോക്കിയ ഒരു പരീക്ഷണം ഉണ്ട് – count the happy faces around you! ആൾത്തിരക്കുള്ള സ്ഥലങ്ങളിൽ വെറുതേ നിന്ന് ചുറ്റുമുള്ള മനുഷ്യരുടെ മുഖം ശ്രദ്ധിയ്ക്കുക, അവയിൽ എത്ര മുഖങ്ങളിൽ നിങ്ങൾ സന്തോഷം കാണുന്നു എന്നെണ്ണുക. നിങ്ങളും നിരീക്ഷിക്കൂ, സന്തുഷ്ടമുഖങ്ങൾ എത്ര വിരളമാണെന്ന് മനസിലാകും. ദേഷ്യം, നിരാശ, ദൈന്യത, അതൃപ്തി, തുടങ്ങിയ ഭാവങ്ങൾക്കിടയിൽ സന്തോഷം കണ്ടെത്താൻ നല്ല ബുദ്ധിമുട്ടായിരിക്കും.

ഇതേ പരീക്ഷണം ഓസ്ട്രേലിയയിലും നടത്തി. എന്നാൽ അവിടെ കാണുന്ന മുഖങ്ങളിൽ ഭൂരിഭാഗവും സന്തുഷ്ടഭാവത്തിലാണെന്നത് കൗതുകകരമായിരുന്നു. തമാശ എന്താന്ന് വെച്ചാൽ, ഞാൻ തങ്ങളുടെ മുഖത്തേയ്ക്ക് നോക്കുന്നത് ശ്രദ്ധിച്ചവരിൽ പലരും ചിരിച്ചുകൊണ്ട് ”Hi, how you doing?” എന്ന് ചോദിക്കുന്നത് കേട്ട് ഞാൻ വണ്ടറടിച്ചു എന്നതാണ്. ഒരു പരിചയവുമില്ലാത്ത ഒരാൾ മുഖത്തേയ്ക്ക് നോക്കുമ്പോൾ അവർക്കെങ്ങനെയാണ് ഇത്ര ഹൃദ്യമായി വിഷ് ചെയ്യാൻ കഴിയുന്നത്! ഇവിടാണെങ്കിൽ ”എന്തെടാ കോപ്പേ ചെറയുന്നത്?” എന്ന മട്ടിൽ രൂക്ഷമായൊരു നോട്ടമാണല്ലോ ഞാൻ പ്രതീക്ഷിക്കേണ്ടത്. ഒരു കടയിൽ കയറി ചെന്നാൽ, ആദ്യം ചിരിച്ചുകൊണ്ട് ഒരു “Hi, how are you?” പറഞ്ഞ ശേഷമേ എന്താ വേണ്ടത് എന്നവർ അന്വേഷിക്കൂ. ആ സമയത്ത് എനിക്കോർമ്മ വന്നത് നമ്മുടെ നാട്ടിൽ കസ്റ്റമറോട് കട കൊള്ളയടിക്കാൻ ചെന്നവരോടെന്ന മട്ടിൽ പെരുമാറുന്ന ചില കടക്കാരെയാണ്.

സിഡ്നിയിലെ മാഡം തുസ്സാഡ്സ് മെഴുകുപ്രതിമാ മ്യൂസിയത്തിൽ ഒരു കാഴ്ച കണ്ടു. അവിടെ മൈക്കൽ ജാക്സന്റെ പ്രതിമ നിൽക്കുന്നിടത്ത്, കംപ്യൂട്ടർ ഗ്രാഫിക്സ് വഴി നമ്മളെത്തന്നെ സ്ക്രീനിൽ പിന്നണി നർത്തകരുടെ ഇടയിലായി കാണിക്കുന്ന ഒരു സൗകര്യമുണ്ട്. പിന്നണിക്കാരുടെ സ്‌റ്റെപ്പ് നമ്മൾ അനുകരിച്ചാൽ, നമ്മളും അവരും കൂടി ഒരു അടിപൊളി സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന ഇഫക്റ്റ് കിട്ടും. ഞങ്ങളവിടെ ചെല്ലുമ്പോൾ എഴുപതിനപ്പുറം പ്രായം തോന്നിക്കുന്ന ഒരു ഓസ്സീ അമ്മച്ചി അവിടെ നിന്ന് ഗംഭീര ഡാൻസ്! സ്റ്റെപ്പ് ഒന്നും മാച്ചല്ല, പക്ഷേ മൂപ്പത്തി അപാര എനർജിയിലാണ്. കണ്ടങ്ങ് നിന്നുപോയി. ഡാൻസ് തീർന്നതും ഞങ്ങളെല്ലാവരും കൈയടിച്ചു. കൈയടി കേട്ട് പുള്ളിക്കാരി ഞെട്ടിത്തെറിച്ചു! കാരണം ചുറ്റുമുള്ളവർ നോക്കി നിൽക്കുന്ന കാര്യം പോലും അറിയാതെ സ്വയം മറന്നാണ് ആ വൃദ്ധ നൃത്തം ചെയ്തിരുന്നത്.

ഇവിടെ അങ്ങനെയൊരു കാഴ്ച നമുക്ക് സങ്കൽപ്പിക്കാനാകുമോ? വാർദ്ധക്യം വരെയൊന്നും പോണ്ടാ, യൗവനത്തിലേ തന്നെ നമ്മൾ സ്വയം മറന്ന് സന്തോഷിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നുണ്ടോ എന്ന് സംശയമുണ്ട് (മദ്യലഹരിയില്ലാതെ). മംഗളകർമ്മം എന്ന് വിശേഷിപ്പിക്കുന്ന ഒരു വിവാഹ ചടങ്ങിൽ ചെന്ന് നിരീക്ഷിക്കൂ. അവിടെപ്പോലും വലിഞ്ഞുമുറുകി ടെൻഷനടിച്ച് നിൽക്കുന്ന ഒരുപാട് മുഖങ്ങൾ കാണാം. പിന്നെവിടെയാണ് നമ്മൾ സന്തോഷിക്കാൻ പോകുന്നത്? നമ്മുടെ കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നത് വൈകി മാത്രമാണ്. അതുകൊണ്ട് കൂടി ആകണം, വിവാഹം വരെ അച്ഛനമ്മമാരുടെ താത്പര്യം നോക്കിയും വിവാഹശേഷം മക്കളുടെ ഭാവി നോക്കിയും ടെൻഷനടിച്ച് ജീവിക്കുന്ന നമ്മൾ സ്വന്തം സന്തോഷം മറന്നു പോകുന്നു. നമ്മുടെ സമൂഹത്തിന്റെ സംസ്കാരം നമ്മളെ അതിന് സദാ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് തലമുറകളായി ആവർത്തിച്ച് വരുന്നതിനാൽ നഷ്ടപ്പെടുന്നതെന്താണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നു പോലും ഇല്ല.

എല്ലാ തൊഴിലിനും ഒരേ മാന്യതയുള്ളതും ആളുകളുടെ സന്തോഷത്തെ സ്വാധീനിക്കുന്നുണ്ടാകണം. ഗതികേട് കൊണ്ട് താനെന്തോ ‘കുറഞ്ഞ’ ജോലിയിൽ വന്നുപെട്ടു എന്ന കോംപ്ലക്സ് ആർക്കുമില്ല. പെർത്തിലെ ഫ്രിമാന്റിൽ പ്രിസൺ മ്യൂസിയത്തിൽ ഗൈഡായി നിന്ന മാത്യു, സ്വയം എത്ര ആസ്വദിച്ചാണ് ആ ജോലി ചെയ്യുന്നത് എന്ന് ഒരല്പം അത്ഭുതത്തോടെയാണ് ശ്രദ്ധിച്ചത്. ആർക്കാനും വേണ്ടി കുറേ കാര്യങ്ങൾ ഛർദ്ദിക്കുന്നതിന് പകരം, തമാശയും ഭാവഭേദങ്ങളും കുസൃതിയും ഒക്കെ ചേർത്ത് ആവേശപൂർവമാണ് മാത്യു ഓരോ കാര്യവും പറയുന്നത്. മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും അവിടത്തെ സ്റ്റാഫ് ”ക്യാമറ/ഫോൺ തന്നാൽ നിങ്ങളുടെ ഫോട്ടോ എടുത്ത് തരാം” എന്ന് ഇങ്ങോട്ട് പറയും. ചിലർ കുസൃതിയോടെ “എന്റെ കൂടി ഒരു ഫോട്ടോ എടുത്തോളൂ” എന്ന് ആവശ്യപ്പെട്ട് പോസ് ചെയ്യും. അവിടങ്ങളിൽ ആളുകൾ വിനോദത്തിനും ഉല്ലാസത്തിനുമാണ് ചെല്ലുന്നത് എന്ന് നല്ല ബോധ്യമുള്ളതിനാൽ അവർ അത്തരമൊരു മൂഡ് അവിടെ നിലനിർത്താൻ ശ്രമിക്കുന്നു. ഇവിടെ കൊച്ചുകുഞ്ഞുങ്ങൾക്കുള്ള പാർക്കിൽ കപ്പടാമീശയും രൂക്ഷഭാവവുമായി നിൽക്കുന്ന ചില ‘സെക്കൂരിറ്റി’ക്കാരെ ഓർത്തുപോയി.

✒Dr വൈശാഖൻ തമ്പി

Leave a comment