മാറ്റേണ്ടത് വീടിന്റെ വാസ്തുവോ?

*മാറ്റേണ്ടത് വീടിന്റെ വാസ്തുവോ*

*അതോ നമ്മുടെ മനോഭാവമോ* ?
**************************************

ആന്ധ്രയിൽ മുനുസ്വാമി എന്നൊരു വലിയ വ്യാപാരിയുണ്ടായിരുന്നു. ഒരിക്കൽ ഒരു വലിയ വ്യാപാര നേട്ടം ഉണ്ടായ സമയത്ത് വിശാഖപട്ടണത്തിൽ നിന്നും അല്പം ദൂരെയുള്ള ഒരു ഗ്രാമപ്രദേശത്ത് അദ്ദേഹം കുറച്ച് ഭൂമി വാങ്ങിച്ചു. അവിടെ മൂന്നു നിലയിൽ ഒരു വലിയ ഫാം ഹൗസ് പണികഴിപ്പിക്കുകയും ചെയ്തു. തോട്ടത്തിൽ മനോഹരമായ ഒരു വലിയ കുളവും വീടിന്റെ പിൻമുറ്റത്ത് നൂറു വർഷം പഴക്കമുള്ള ഒരു വലിയ മാവും ഉണ്ടായിരുന്നു. ആ തോട്ടം വാങ്ങാൻ കാരണം തന്നെ ആ വലിയ മാവ് ആണെന്ന് പറയാം. എന്തെന്നാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാമ്പഴം അത്രമേൽ ഇഷ്ടമാണ്.

വീടിന്റെ മിനുക്കുപണി നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വീടിന് വാസ്‌തുദോഷം വല്ലതും ഉണ്ടെങ്കിൽ അത് കണ്ടുപിടിച്ച് ഒഴിവാക്കാൻ നിർബന്ധിച്ചു. വാസ്തുവിലൊന്നും മുനുസ്വാമിയ്ക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല.എങ്കിലും കൂട്ടുകാരൻ പറഞ്ഞതനുസരിച്ച്‌ മുനുസ്വാമി ഹൈദ്രാബാദിലുള്ള ഒരു വാസ്തുവിദഗ്ധനെ പോയി കണ്ടു. ലോകപ്രശസ്ത ജ്യോതിഷനും വാസ്തു വിദഗ്ധനുമായ ഡോ. വീര റെഡ്ഡിയായിയുന്നു ആ മാന്യദേഹം.

വിശാഖപട്ടണത്തിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവർ ആ ഗ്രാമത്തിലേക്ക് കാറോടിച്ചുപോയി. മുനുസ്വാമിയാണ് കാറോടിക്കുന്നത്. വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്നും ചില വാഹനങ്ങൾ അവരെ മറികടക്കാൻ ശ്രമിച്ചു.
മുനുസ്വാമി അവർക്ക് വഴിമാറിക്കൊടുത്തു.

അതുകണ്ട പണ്ഡിതൻ തന്റെ സ്വതഃസിദ്ധമായ തെലങ്കാന ശൈലിയിൽ പറഞ്ഞു ” മുനുസ്വാമീ, നിങ്ങൾ എത്ര സുരക്ഷിതമായിട്ടാണ് വണ്ടിയോടിക്കുന്നത്? “

മുനുസ്വാമി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു “സാധാരണയായി വളരെ അത്യാവശ്യമുള്ള ആളുകളായിരിക്കും ഇങ്ങനെ മറികടക്കാൻ ശ്രമിക്കുന്നത്. അവരോട് നമ്മൾ മത്സരിക്കേണ്ട ആവശ്യമില്ലല്ലോ. “

അവർ വിജയനഗരം എന്ന ഇടുങ്ങിയ പട്ടണത്തിൽ എത്തിച്ചേർന്നു. തെരുവുകളിൽക്കൂടി വണ്ടിയോടിക്കുന്ന സമയത്ത് മുനുസ്വാമി വണ്ടിയുടെ വേഗത നന്നായി കുറച്ചു. പെട്ടെന്ന് തെരുവിൽ നിന്ന് കുടുകുടെ പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു കുട്ടി റോഡിന് കുറുകെ ഓടി. ആരെയോ കാത്തുനിൽക്കുന്നതുപോലെ മുനുസ്വാമി ഒരു നിമിഷം വണ്ടി അവിടെ നിർത്തിയിട്ടു. അന്നേരം മറ്റൊരു കുട്ടിയും റോഡിന് കുറുകെ ചാടിയോടി.

ഡോ. റെഡ്ഡി അതു കണ്ട് അത്ഭുതപ്പെട്ടു.
“അവന്റെ പിന്നാലെ മറ്റൊരു കുട്ടി കൂടി വരുന്നുണ്ടെന്ന കാര്യം നിങ്ങൾക്കെങ്ങനെ മനസ്സിലായി? ” അദ്ദേഹം മുനുസ്വാമിയോട് ചോദിച്ചു.

ഒരു കുട്ടി ഒരിക്കലും ഇങ്ങനെ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടുകയില്ല. തീർച്ചയായും അവന്റെ കൂടെ ഒരു കൂട്ടുകാരൻ കൂടി ഉണ്ടായിരിക്കും.”

വീര റെഡ്ഡി മുനുസ്വാമിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ചു.

ഫാം ഹൗസിനു മുന്നിലെത്തിയപ്പോൾ രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. പൊടുന്നനെ വീടിനു പുറകിലുള്ള മാവിൽ നിന്നും ഏഴെട്ട് പക്ഷികൾ കൂട്ടത്തോടെ പറന്നു. അതുകണ്ട മുനുസ്വാമി പണ്ഡിതനോട് പറഞ്ഞു “അങ്ങേയ്ക്ക് വിരോധമില്ലെങ്കിൽ നമുക്ക് അല്പസമയം ഇവിടെത്തന്നെ നിൽക്കാം. “

“എന്തുപറ്റി? ” പണ്ഡിതൻ ചോദിച്ചു.

“മിക്കവാറും കുട്ടികൾ മാമ്പഴം മോഷ്ടിക്കാൻ വന്നിട്ടുണ്ടാവും. നമ്മൾ പെട്ടന്നങ്ങോട്ടു കയറിച്ചെന്നാൽ കൂട്ടികൾ കൂട്ടത്തോടെ ഭയന്നോടും. മരത്തിൽ ആരെങ്കിലും കയറിയിട്ടുണ്ടെങ്കിൽ അവർക്ക് താഴെയിറങ്ങാൻ സാവകാശം കൊടുക്കാം. അല്ലെങ്കിൽ അവർ വീണ് കാലൊടിയും. ”
മുനുസ്വാമി തമാശ രൂപത്തിൽ പറഞ്ഞു.

പണ്ഡിറ്റ് വീര റെഡ്ഡി ഒരു നിമിഷം മിണ്ടാതിരുന്നു. എന്നിട്ട് ഒരു പരിശോധനയും കൂടാതെ പറഞ്ഞു ” ഈ വീടിന് ഒരു തരത്തിലുള്ള വാസ്തു പരിഹാരവും ആവശ്യമില്ല “

ഇത്തവണ ഞെട്ടിപ്പോയത് മുനുസ്വാമിയാണ്.
“അതെന്താണ്? ” അദ്ദേഹം പണ്ഡിതനോട് ചോദിച്ചു.

“താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യമുള്ളിടത്ത് ഏത് കെട്ടിടവും ഐശ്വര്യം ചൊരിയും. അവിടെ ഒരു വാസ്തുവും നോക്കേണ്ടതില്ല. ”
ഡോ. വീര റെഡ്ഡി പറഞ്ഞു.

മറ്റുള്ളവരുടെ സന്തോഷത്തിനും സൗകര്യത്തിനും പ്രാധാന്യം കൊടുക്കുമ്പോൾ അത് അവർക്ക് മാത്രമല്ല നമുക്കും സുരക്ഷിതത്ത്വം നൽകുന്നു.
മറ്റുള്ളവരുടെ നന്മക്കും സന്തോഷത്തിനും വേണ്ടി ചിന്തിക്കുമ്പോൾ ഒരാൾ സ്വയമറിയാതെ തന്നെ ഒരു യോഗിയായിത്തീരുകയാണ്.

ഒരു ജ്യോതിഷന്റെയും വാസ്തുപണ്ഡിതന്റെയും ആവശ്യമില്ലാത്തവണ്ണം നമുക്കും നമ്മുടെ മനോഭാവത്തെ മെച്ചപ്പെടുത്താം.

☺️☺️☺️

Leave a comment