A Morning Prayer in Malayalam

പ്രഭാത പ്രാർത്ഥന

“ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. (ഉല്‍‍പത്തി പുസ്തകം 1:26)”
ഭൂമിയുടെയും, സൃഷ്ട വസ്തുക്കളുടെയും അധിപനും, ഉടയവനുമായ കർത്താവെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ഭൂമിഎത്ര മനോഹരമാണ്. വിശുദ്ധമായി അവിടുന്ന് ഭൂമിയെ സൃഷ്ടിച്ചു. എല്ലാം മനോഹരമായിരുന്നു. എന്നാൽ തിന്മ ഭൂമിയിൽ അധിവസിക്കുവാൻ തുടങ്ങിയപ്പോൾ ഭൂമി മലിനമാകുവാൻ തുടങ്ങി. മനുഷ്യന്റെ സ്വാർത്ഥതയും അവന്റെ ഉള്ളിൽ വസിക്കുന്ന തിന്മയുടെ പ്രേരണയും ചേർന്ന് ഈ ഭൂമിയെ നശിപ്പിക്കുവാൻ തുടങ്ങി. പിതാവേ, ഭൂമിയെ സ്നേഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പരിസ്ഥിതിയുടെ കാവൽക്കാരായി മാറുവാൻ കൃപ ചൊരിയണമേ. ആഹാരത്തിനല്ലാതെ കൊല്ലുന്ന മനുഷ്യനറെ പ്രവണതകളാൽ നശിക്കുന്ന പ്രകൃതിയെ അവിടുന്ന് സംരക്ഷിക്കണമേ. എങ്കിലും കോപത്തോടെ ഞങ്ങളെ ശിക്ഷിക്കരുതേ. കൊറോണ വൈറസ് ഭീതി പടർത്തുന്ന രാജ്യങ്ങളെ സമർപിച്ചു പ്രാർത്ഥിക്കുകയാണ്. മനുഷ്യന്റെ നിയന്ത്രണാതീതമായ ഭക്ഷണ ഭ്രമത്താൽ ഞങ്ങളിലേക്ക് കടന്ന് വരുന്ന വ്യാധികൾ ചെറുക്കുവാൻ അവിടുന്ന് കരുണയാകണമേ. മനുഷ്യ കുലത്തെ തുടച്ചു നീക്കുവാൻ അങ്ങ് അനുവദിക്കരുതേ. ദൈവമേ ഞങ്ങൾ അവിടുത്തെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവല്ലോ. അങ്ങയുടെ കൃപ ഞങ്ങളിലേക്ക് വർഷിക്കണമേ . പ്രകൃതിയുടെ കാവലാളാകേണ്ട മനുഷ്യൻ സംഹാരകാൻ ആകുമ്പോൾ ദൈവം പ്രകൃതിയെ സ്വയം സംരക്ഷിക്കുവാൻ സഹായിക്കുമെന്നു തിരിച്ചറിഞ്ഞു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പ്രകൃതി വിഭവങ്ങളെ ശ്രദ്ധാ പൂർവം വിനിയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ ഫ്രാൻസിസ് അസീസി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment