പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായ മണ്‍ പാത്രങ്ങള്‍പോലെ ഗണിക്കപ്പെട്ടതെങ്ങനെ? കുറുനരികള്‍പോലും കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്നാല്‍ എന്റെ ജനത്തിന്റെ പുത്രി മരുഭൂമിയിലെ ഒട്ടക പ്പക്ഷിയെപ്പോലെ ക്രൂരയായി (വിലാപങ്ങള്‍ 4:1-3)”
നിത്യനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ഈ പ്രഭാതത്തിൽ, അമ്മയുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒരു കുഞ്ഞിന്റെ ആത്മാവ് ഞങ്ങളുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കർത്താവെ, ആ അമ്മയ്ക്ക് മാനസാന്തരം നൽകണമേ. അവരുടെ ജീവിതത്തതിൽ വന്നു പോയ വീഴ്ച്ചകളെ തിരുത്തുവാനും ദൈവ തിരുമുൻപിൽ പാപങ്ങളെ ഓർത്തു കരയുവാനും സാധിക്കട്ടെ. അവിടുത്തെ മടിത്തട്ടിൽ ആയിരിക്കുന്ന ആ കുഞ്ഞു മകനെ ഓർത്തു വിഷമിക്കുന്ന ഏവരെയും ആശ്വസിപ്പിക്കണമേ. പിതാവേ, സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അനേകം അമ്മമാർ ഈ ഭൂമിയിൽ ഉണ്ടല്ലോ. ചില സ്വാർത്ഥ താത്‌പര്യങ്ങളെ പ്രതി കുഞ്ഞിന്റെ മുഖം കാണുന്നതിന് മുൻപേ തന്നെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ വച്ച് കുഞ്ഞിനെ ഇല്ലായ്മ ചെയ്തവർ. സമൂഹത്തിന്റെ മുൻപിലും ബന്ധുക്കളുടെ മുൻപിലും അവർ കുറ്റാരോപിതർ അല്ലായിരിക്കാം. എങ്കിലും തമ്പുരാനെ അവിടുത്തെ മുൻപിൽ അവർ ചെയ്ത കൊലപാതകത്തെ ന്യായീകരിക്കുവാൻ ആകാതെ അവർ കരയുന്നുവല്ലോ. ദൈവമേ അവരെ ആശ്വസിപ്പിക്കണമേ. ചെയ്തു പോയ പാപത്തിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞു നോവുന്നവർക്ക് പാപ വിമോചനം നൽകണമേ. ദൈവ തിരുമുൻപിൽ ഈ പാപം ഏറ്റു പറയുവാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് ആത്മാർത്ഥമായ കുമ്പസാരത്തിനു അവസരം നൽകി അനുഗ്രഹിക്കണമേ. ഉദരത്തിൽ ഉരുവാകുന്ന ഓരോ കുഞ്ഞും മാതാപിതാക്കളുടെ സംരക്ഷണം അർഹിക്കുന്നു എന്ന തിരിച്ചറിവ് ഞങ്ങൾക്ക് നൽകണമേ. സൃഷ്ടാവിന്റെ പദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുവാൻ ഞങ്ങളെ അനുവദിക്കരുതേ. നാഥാ, ഇന്നേ ദിനത്തിൽ കുഞ്ഞുങ്ങളെ നഷ്ടപെട്ട എല്ലാ അമ്മമാരെയും ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ ആശ്വസിപ്പിക്കണമേ. അനുഗ്രഹിക്കണമേ. ആമേൻ

പരിശുദ്ധ കന്യക മറിയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment