Monday of week 7 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

Monday of week 7 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 12: 6

കര്‍ത്താവേ, അങ്ങയുടെ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.
എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.
എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യാക്കോ 3:13-18
നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹവും ഉണ്ടാകുമ്പോള്‍, ആത്മപ്രശംസ ചെയ്യരുത്.

സഹോദരരേ, നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹവും ഉണ്ടാകുമ്പോള്‍, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്. ഈ ജ്ഞാനം ഉന്നതത്തില്‍ നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്. എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്. എന്നാല്‍, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ഥതയില്ലാത്തതോ അല്ല. സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:8,9,10,15

കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

എന്റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ!
എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും
അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

കര്‍ത്താവിന്റെ കല്പനകള്‍ നീതിയുക്തമാണ്. അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 9:14-29
ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!

അക്കാലത്ത് യേശു ശിഷ്യന്മാരുടെ അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നതും നിയമജ്ഞര്‍ അവരോടു തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതും കണ്ടു. അവനെ കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനം ചെയ്തു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്താണ് അവരുമായി തര്‍ക്കിക്കുന്നത്? ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ എന്റെ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്. മൂകനായ ഒരു ആത്മാവ് അവനെ ആവേശിച്ചിരിക്കുന്നു. അത് എവിടെവച്ച് അവനെ പിടികൂടിയാലും അവനെ നിലംപതിപ്പിക്കുന്നു. അപ്പോള്‍ അവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. അതിനെ ബഹിഷ്‌കരിക്കാന്‍ അങ്ങയുടെ ശിഷ്യന്മാരോട് ഞാന്‍ അപേക്ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല.
അവന്‍ അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ. അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ ആത്മാവ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്തു. യേശു അവന്റെ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട് എത്ര കാലമായി? അവന്‍ പറഞ്ഞു: ശൈശവം മുതല്‍. പലപ്പോഴും അത് അവനെ നശിപ്പിക്കാന്‍വേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാന്‍ നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ! യേശു പറഞ്ഞു: കഴിയുമെങ്കിലെന്നോ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും. ഉടനെ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!
ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട് യേശു അശുദ്ധാത്മാവിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍ നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്. അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തുപോയി. ബാലന്‍ മരിച്ചവനെപ്പോലെയായി. അവന്‍ മരിച്ചുപോയി എന്നു പലരും പറഞ്ഞു. യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു. യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്? അവന്‍ പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങയുടെ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങയുടെ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 9: 2-3

അങ്ങയുടെ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.
Or:
യോഹ 11: 27

കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment