Uncategorized

Monday of the 1st week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________

🔵 *തിങ്കൾ, 2/3/2020*

Monday of the 1st week of Lent

Liturgical Colour: Violet.

*പ്രവേശകപ്രഭണിതം*

cf. സങ്കീ 122:2-3

ദാസന്മാരുടെ കണ്ണുകള്‍ അവരുടെ യജമാനന്മാരുടെ കൈകളിലേക്കെന്നപോലെ,
ഞങ്ങളുടെ കണ്ണുകളും ഞങ്ങളോടു കരുണ കാണിക്കുന്നതുവരെ
ഞങ്ങളുടെ ദൈവമായ കര്‍ത്താവിലേക്കു തിരിയുന്നു.
ഞങ്ങളില്‍ കനിയണമേ, കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ.

*സമിതിപ്രാര്‍ത്ഥന*

ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഞങ്ങളെ മാനസാന്തരപ്പെടുത്തുകയും
തപസ്സുകാലാനുഷ്ഠാനം ഞങ്ങള്‍ക്ക് പ്രയോജനകരമാകാന്‍
സ്വര്‍ഗീയപ്രബോധനങ്ങളാല്‍ ഞങ്ങളുടെ മാനസങ്ങള്‍
പ്രബുദ്ധമാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

ലേവ്യ 19:1-2,11-18
അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.
നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം വ്യാജം പറയുകയോ അരുത്. എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കുകയുമരുത്. ഞാനാണ് കര്‍ത്താവ്. നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു രാവിലെ വരെ കാത്തിരിക്കരുത്. ചെകിടരെ ശപിക്കുകയോ കുരുടന്റെ വഴിയില്‍ തടസ്സം വയ്ക്കുകയോ അരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ് കര്‍ത്താവ്. അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം. ഏഷണി പറഞ്ഞു നടക്കുകയോ അയല്‍ക്കാരന്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണ് കര്‍ത്താവ്. സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും. നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ് കര്‍ത്താവ്.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 19:8,9,10,15

കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

എന്റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ!
എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും
അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

*സുവിശേഷ പ്രഘോഷണവാക്യം*
……….
……….
……….

*സുവിശേഷം*

മത്താ 25:31-46
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.
അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, അങ്ങയുടെ പ്രവര്‍ത്തനംവഴി
ഞങ്ങളുടെ ജീവിതരീതി വിശുദ്ധീകരിക്കുകയും
അങ്ങയുടെ പ്രീതിയുടെ ഔദാര്യം
ഞങ്ങള്‍ക്കു സംലഭ്യമാക്കുകയും ചെയ്യുന്ന
ഞങ്ങളുടെ ഭക്തിയുടെ കാഴ്ചദ്രവ്യം
അങ്ങേക്കു സ്വീകാര്യമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

മത്താ 25: 40,34

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
എന്റെ ഏറ്റവും എളിയസഹോദരന്മാരില്‍ ഒരുവന്
നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍
എനിക്കുതന്നെയാണു ചെയ്തുതന്നത്.
എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ,
വരുവിന്‍; ലോകസംസ്ഥാപനം മുതല്‍
നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം
അവകാശപ്പെടുത്തുവിന്‍.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, അങ്ങയുടെ കൂദാശയുടെ സ്വീകരണത്താല്‍
മനസ്സിന്റെയും ശരീരത്തിന്റെയും ശക്തി
ഞങ്ങള്‍ക്ക് അനുഭവവേദ്യമാകട്ടെ.
അങ്ങനെ, ഇവ രണ്ടിനും സൗഖ്യം ലഭിച്ച്,
സ്വര്‍ഗീയൗഷധത്തിന്റെ തികവില്‍ ഞങ്ങള്‍
അഭിമാനം കൊള്ളുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ജനങ്ങളുടെ മേലുള്ള പ്രാർത്ഥന*

കര്‍ത്താവേ, അങ്ങയുടെ ജനത്തിന്റെ മനസ്സിനെ
അങ്ങയുടെ മഹത്ത്വത്തിന്റെ പ്രഭയാല്‍ പ്രകാശിപ്പിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടതെന്തെന്നു ദര്‍ശിക്കാന്‍ സാധിക്കുകയും
ശരിയായവ ചെയ്യാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s