വിശുദ്ധ കൊറോണയുടെ ജീവിതം അടുത്തറിയാം

പകർച്ചവ്യാധികൾക്ക് എതിരായ മധ്യസ്ഥയാണെങ്കിലും അത്രയൊന്നും അറിയപ്പെടാതെപോയ വിശുദ്ധ കൊറോണയുടെ ജീവിതം അടുത്തറിയാം, ലോകത്തെ വിറപ്പിക്കുന്ന ‘കൊറോണാ വൈറസി’ൽനിന്ന് മുക്തി ലഭിക്കാൻ വിശുദ്ധയുടെ മധ്യസ്ഥവും തേടാം.

കൊറോണ എന്ന് കേൾക്കുമ്പോൾ ഇന്ന് ലോകമെങ്ങും അനർത്ഥം വിതയ്ക്കുന്ന രോഗാണുവിനെക്കുറിച്ചുള്ള ഭീതിയാണ് ഉണ്ടാകുന്നതെങ്കിലും സത്യത്തിൽ ‘കൊറോണ’ വൈറസല്ല, ക്രിസ്തുവിശ്വാസത്തെപ്രതി ജീവൻ ത്വജിച്ച രക്തസാക്ഷിയാണ്. ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് മൃഗീയമായി കൊല്ലപ്പെട്ട 16 വയസുകാരിയായ വിശുദ്ധയാണ്. മാത്രമല്ല, പകർച്ചവ്യാധികൾക്ക് എതിരായ വിശേഷാൽ മധ്യസ്ഥകൂടിയാണ് വിശുദ്ധ കൊറോണ.

വിശുദ്ധ കൊറോണ ജീവിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളുണ്ട്. ദമാസ്‌ക്കസ് എന്ന് ചിലരും അന്ത്യോക്യ എന്ന് മറ്റ് ചിലരും രേഖപ്പെടുത്തുന്നു. എന്നാൽ രക്തസാക്ഷിത്വ കാലഘട്ടം, സിറിയ റോമൻ ഭരണത്തിലായിരുന്ന രണ്ടാം നൂറ്റാണ്ടാണെന്നതിൽ (എ.ഡി 177) ചരിത്രകാരന്മാരെല്ലാം യോജിക്കുന്നു. മർക്കൂസ് ഔറേലിയൂസിന്റെ ഭരണകാലത്തായിരുന്നു രക്തസാക്ഷിത്വം.

ആ സംഭവം ഇപ്രകാരം സംഗ്രഹിക്കാം:

ക്രിസ്ത്യാനിയായിരിക്കുക എന്നത് ജീവൻ ഹോമിക്കുന്നതിന് തുല്യമായിരിക്കുന്ന കാലം. റോമൻ സൈന്യത്തിൽ അംഗമായിരുന്ന വിക്ടർ എന്ന പടയാളിയുടെ ക്രിസ്തുവിശ്വാസം തിരിച്ചറിഞ്ഞതോടെ റോമൻ ന്യായാധിപൻ ശിക്ഷ വിധിച്ചു. മരത്തിൽ കെട്ടിയിട്ട് മാംസത്തിൽനിന്ന് ത്വക്ക് പറിഞ്ഞുവരുന്നതുവരെ ചാട്ടകൊണ്ട് അടിക്കുക^ അതായിരുന്നു ശിക്ഷ.

കൊടിയ പീഡനം ഏൽക്കേണ്ടിവന്നിട്ടും അയാൾ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. വേദനകൊണ്ട് വിക്ടർ പുളയുമ്പോഴും ക്രിസ്തുവിന്റെ ശിഷ്യത്വം നഷ്ടമാക്കാൻ കൂട്ടാക്കാത്ത അയാളെ നോക്കി ഒരു വിളിപ്പാടകലെ കൊറോണ എന്ന 16 വയസുകാരിയും കണ്ണീരൊഴുക്കി. അവളും ഒരു ക്രിസ്തുശിഷ്യയായിരുന്നു എന്നതുതന്നെ കാരണം. മറ്റൊരു റോമൻ പട്ടാളക്കാരന്റെ ഭാര്യയായിരുന്നു അവൾ (അവൾ ക്രിസ്തുവിശ്വാസിയാണെന്ന കാര്യം ഭർത്താവിന് അറിയില്ലായിരുന്നുവത്രേ)

മരണത്തോട് അടുക്കുന്ന വിക്ടറിനുവേണ്ടി പ്രാർത്ഥിക്കുക എന്നത് തന്റെ കടമയാണെന്ന ബോധ്യത്തിൽ ക്രിസ്തുശിഷത്വം പരസ്യമാക്കിയ അവൾ വിക്ടറിന്റെ സമീപത്തേക്ക് ഓടിയെത്തി മുട്ടിന്മേൽനിന്ന് വിക്ടറിനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. അവളെ പിടികൂടി റോമൻ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കാൻ പിന്നെ വൈകിയില്ല. കോപാകുലനായ ന്യായാധിപൻ പീഡനമുറകൾക്ക് ഏൽപ്പിച്ചുകൊടുത്തശേഷം ശിക്ഷ വിധിച്ചു. ഒരുപക്ഷേ, അതിനുമുമ്പ് ക്രിസ്തുശിഷ്യർക്ക് ആർക്കും നേരിടേണ്ടിവരാത്ത ശിക്ഷാവിധി:

‘അടുത്തടുത്ത് നിൽക്കുന്ന രണ്ട് പനവൃക്ഷം വലിച്ച് താഴേക്ക് അടുപ്പിച്ചശേഷം അവളുടെ ശരീരത്തിന്റെ വലതുവശം ഒരു പനയിലും ഇടതുവശം രണ്ടാമത്തെ പനയിലും കെട്ടുക. അപ്രകാരം ബന്ധിച്ചശേഷം പന താഴേക്ക് വലിച്ചുനിറുത്തുന്ന കയറുകൾ ഛേദിക്കുക. പനകൾ അതിവേഗം പൂർവസ്ഥിതിയിലേക്ക് പോകുമ്പോൾ അവളുടെ ശരീരം നെടുകേ പിളരണം.’ ക്രൂരമായ ആ ശിക്ഷാവിധി യഥാവിധി നടപ്പാക്കുകയായിരുന്നു റോമൻ സൈന്യഗണം. വിക്ടറിനെ ശിരസറുത്ത് കൊല്ലുകയും ചെയ്തു.

സിറിയയിൽ രണ്ടാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ട ഇരുവരുടെയും തിരുശേഷിപ്പുകൾ ഒൻപതാം നൂറ്റാണ്ടുമുതൽ ഇറ്റലിയിലെ അൻസു നഗരത്തിലെ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. (കൊറോണാ വൈറസിന്റെ സാന്നിധ്യം ഇറ്റലിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് അൻസു നഗരത്തിലാണ് എന്നത് യാദൃശ്ചികതയാണോ?) നാമകരണ നടപടികൾക്ക് ഇപ്പോൾ നിലവിലുള്ളതുപോലുള്ള വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾ (നാമകരണ നടപടിക്രമങ്ങൾ) നിലവിൽ വരുന്നതിനുമുമ്പേ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടവരാണ് വിക്ടറും കൊറോണയും. മേയ് 24നാണ് വിശുദ്ധ കൊറോണയുടെ തിരുനാൾ സഭ ആഘോഷിക്കുന്നത്.

ലോകത്തെ ഒന്നടങ്കം വിറപ്പിക്കുന്ന ‘കൊറോണ’ എന്ന പേര് രണ്ടാം നൂറ്റാണ്ടിൽ സിറിയയിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടിക്ക് എങ്ങിനെ വന്നു എന്നാവും ചിന്തിക്കുന്നതല്ലേ? അതിനുള്ള ഉത്തരം ഇതാ- പുരാതന ഗ്രീക്കിൽനിന്ന് ഉത്ഭവിച്ച ‘കൊറോണ’ ലാറ്റിൻ വാക്കിന്റെ അർത്ഥം ‘കിരീടം’ എന്നാണ്. 1960 കളിലാണ് കൊറോണ വൈറസുകളെ (40ൽപ്പരം ഇനങ്ങളുണ്ട് പ്രസ്തുത വൈറസ് കുടുംബത്തിൽ) ആദ്യമായി കണ്ടെത്തിയത്. മൈേക്രാസ്‌കോപ്പിലൂടെ കാണുമ്പോൾ അവയുടെ രൂപത്തിന് രാജാവിന്റെ കിരീടത്തോട് സാമ്യം കണ്ടതിനാൽ വൈദ്യശാസ്ത്രം അവയ്ക്ക് പേരുമിട്ടു- കൊറോണാ!

Leave a comment