എല്ലാ വൈദികർക്കും വേണ്ടി…

ദേവാലയങ്ങളിൽ തനിച്ചായിപ്പോയ വൈദികരേ, തനിച്ചാക്കി പടിയിറങ്ങി പോന്നതല്ല ഞങ്ങൾ. വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ, കഴിക്കുമ്പോൾ, പുറത്തേക്കിറങ്ങുമ്പോൾ ഒക്കെ നിങ്ങളുണ്ട് ഞങ്ങളുടെ മനസ്സു നിറയെ. തിരുസഭയുടെ തീരുമാനങ്ങൾ ഞങ്ങൾ നിങ്ങളിലൂടെ അറിഞ്ഞ് മനസ്സിലാക്കി അനുസരിക്കുന്നു. പ്രഭാതത്തിലെ ഏകാന്തമായ ദിവ്യബലിയിൽ വിശ്വാസികളെ ആശീർവ്വദിക്കുന്ന നേരം അങ്ങയുടെ കണ്ണും മനസ്സും നിറയുന്നുണ്ടാവണം. പിന്നെ മിണ്ടാനും വഴക്കു പറയാനും ചിരിക്കാനും ഊണുമേശയിലും ഒറ്റപ്പെട്ടിരിക്കുമ്പോൾ ഉപേക്ഷിച്ചുപോന്ന വീടിന്റെ ഓർമ്മയിൽ കണ്ണു നിറയരുതേ. ഞങ്ങളുണ്ട് തൊട്ടരികിൽ എന്നും. ഇപ്പോഴത്തെ ഈ അകലം പിന്നീട് എപ്പഴും അടുപ്പിക്കും എന്നതുതന്നെ സമാധാന വാക്ക്.

ഈ നന്ദിയും സമർപ്പണവും എല്ലാ വൈദികർക്കും വേണ്ടി….

എന്റെ മാതാപിതാക്കളുടെ വിവാഹത്താലി എടുത്തു വാഴ്ത്തിയ വൈദികന്…

സ്നാനത്തൊട്ടിയിൽ വിശുദ്ധ കുരിശിന്റെ അടയാളത്താൽ എന്റെ പേരെഴുതിയ വൈദികന്…

അർപ്പിക്കപ്പെട്ട ബലികളിലൂടെ ഞാൻ ഇന്നേവരെ കാണാനിടയായ എല്ലാ വൈദികരും…

നല്ല കുമ്പസാരം നടത്താൻ എന്നെ പരിശീലിപ്പിച്ച വൈദികന്…

ആദ്യകുമ്പസാരം മുതൽ ഇന്നേവരെ ക്ഷമയോടെ (കാലുകഴുകിയവന്റെ അലിവോടെ) എന്നെ കേട്ട് പാപമോചനത്തിന്റെ ഉറപ്പ് തന്ന എല്ലാ വൈദികർക്കും…

ആദ്യമായി എന്റെ നാവിൽ വിശുദ്ധ കുർബാന നൽകിയ വൈദികന്…

തൈലം പൂശി സ്ഥൈര്യലേപനപ്പെടുത്തിയ വൈദിക ശ്രേഷ്ഠന്…

എന്റെ രക്തം കലർന്ന സഹോദര വൈദികർക്ക്…

നല്ല മാതൃകയും കനത്ത ശിക്ഷണവുമായി എന്റെ ഇടവകയിൽ വന്നുപോയ എല്ലാ വൈദികർക്കും…

ദാരിദ്രത്തിൽ സാമ്പത്തികമായി എന്നെ സഹായിച്ചിട്ടുള്ള വൈദികർക്ക്…

എനിക്ക് ചേർന്ന ഇണയെ എന്നോട് ചേർക്കാൻ മന്ത്രകോടിയും താലിയും വാഴ്ത്തിയ വൈദികന്…

നല്ല സുഹൃത്തുക്കളായി കൂടെ നിൽക്കുന്ന വൈദികർക്ക്…

നല്ല ദൈവം ഞങ്ങൾക്കു തന്ന പുതിയ തലമുറയെ തിരുസഭയോടു ചേർത്ത വൈദികർക്ക്…

പ്രാർത്ഥനാ സഹായം പരസ്പരം വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ വൈദികർക്കും…

ദൈവവചനത്തിന്റെ തീ കോരിയിട്ട് എന്നെ ധ്യാനിപ്പിച്ച എല്ലാ വൈദികർക്കും…

തീർത്ഥാടനത്തിന്റെ ഇനിയുള്ള നാളുകളിൽ കണ്ടുമുട്ടാനിടയുള്ള സകല വൈദികർക്കും…

കോവിഡ് 19 ന് വിധേയപ്പെടുകയോ, നിരീക്ഷണത്തിൽ ഉൾപ്പെടുകയോ ചെയ്തിട്ടുള്ള വൈദികർക്ക്…

*_ദയാപരനായ നല്ല ഈശോയേ, ലോകമെമ്പാടുമുള്ള സകല വൈദികരേയും വൈദിക വിദ്യാർത്ഥികളെയും അങ്ങയുടെ തിരുമുറിവിന്റെ ആഴങ്ങളിൽ സംരക്ഷിക്കണമേയെന്ന പ്രാർത്ഥനയോടെ,
സ്നേഹിതൻ._*

Leave a comment