Vanakkamasam, March 30

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം

മാർച്ച് മുപ്പതാം തീയതി
St Joseph

“അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌” (മത്തായി 1:20).

മാര്‍ യൗസേപ്പിനെ ബഹുമാനിക്കണമെന്ന ദൈവമാതാവിന്‍റെ ആഗ്രഹം

മാനുഷികമായ ഐക്യത്തില്‍ ഏറ്റവും അഗാധമായ ബന്ധമാണ് ഭാര്യാഭര്‍തൃബന്ധം. അവര്‍ രണ്ടല്ല, ഒന്നാണെന്ന് നമ്മുടെ കര്‍ത്താവീശോമിശിഹാ തന്നെ അരുളിച്ചെയ്തിട്ടുണ്ട്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുത് എന്നും ഈശോ കല്‍പിച്ചു. അപ്പോള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് പരസ്പരം ഭാഗഭാഗിത്വമുണ്ട്. ഭര്‍ത്താവിന്‍റെ സമ്പത്തിലും നന്മകളിലും ഭാര്യയ്ക്കും അവകാശമുണ്ട്. അതുപോലെ ഭാര്യയുടേതില്‍ ഭര്‍ത്താവിനും. അതിനാല്‍ പ. കന്യക അവിടുത്തെ പ. ഭര്‍ത്താവായ മാര്‍ യൗസേപ്പിന്‍റെ മഹത്വവും ബഹുമാനവും ആഗ്രഹിക്കുമെന്നുള്ളത് ഉറപ്പാണ്.

പ. കന്യകയ്ക്കു മാര്‍ യൗസേപ്പിതാവിനോടും ഒരുപാട് കടപ്പാടുണ്ട്. തന്‍റെ ഭര്‍ത്താവ് എന്നുള്ള നിലയില്‍ തിരുക്കുടുംബത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പ. കന്യക വന്ദ്യപിതാവിനോട് വിധേയത്വത്തോടെയാണ് വര്‍ത്തിച്ചത്. യഹൂദന്‍മാരുടെ നിയമമനുസരിച്ച് അവിവാഹിത ജീവിതം നിഷിദ്ധമാണ്. എന്നാല്‍ പ. കന്യക കന്യാവ്രത പാലനത്തിന് സന്നദ്ധയായപ്പോള്‍ അതേ ആശയാദര്‍ശനങ്ങളോട് പൊരുത്തപ്പെടുന്ന ഒരു വ്യക്തിയെ വരനായി ലഭിക്കേണ്ടിയിരുന്നു.

മാര്‍ യൗസേപ്പ് വിവാഹാനന്തരം വിരക്തജീവിതം നയിക്കുവാന്‍ സന്നദ്ധനായതും പ. കന്യകയുടെ പാതിവ്രത്യത്തെയും കന്യാത്വത്തെയും സംരക്ഷിച്ചുകൊണ്ടു പോകാന്‍ സന്നദ്ധനായതും നിമിത്തം പ. കന്യക മാര്‍ യൗസേപ്പിനോട് അതീവ കൃതജ്ഞയായിരിക്കണം. പ. കന്യക കന്യാവ്രതം പാലിക്കുന്നവരെ അനിതരസാധാരണമായ വിധം സ്നേഹിക്കുന്നു. അവരെ മഹത്വപ്പെടുത്തുകയും അസാധാരണമായ ദാനവരങ്ങളാല്‍ സമ്പന്നരാക്കുകയും ചെയ്യുന്നതില്‍ അതീവ തല്പരയുമാണ്.

മാര്‍ യൗസേപ്പിതാവ്, പ. കന്യകയെയും ഉണ്ണിമിശിഹായേയും അനേകം ആപത്തുകളില്‍ നിന്നു സംരക്ഷിക്കുന്നതില്‍ ഉത്സുകനായിരുന്നു. ഹേറോദേസിന്‍റെ കോപാഗ്നിയില്‍ നിന്നും ഉണ്ണിമിശിഹായേ രക്ഷിച്ചതിനാല്‍ പ. കന്യകയ്ക്കു മാര്‍ യൗസേപ്പിതാവിനോടു അതിയായ കൃതജ്ഞതയുണ്ടായിരിന്നുവെന്ന് നിസംശയം പറയാം. മെസ്രേനിലെ പ്രവാസകാലത്തും നസ്രസില്‍ പ്രത്യാഗമനത്തിന് ശേഷവും വി. യൗസേപ്പ് ഒരു മാതൃകാ ഭര്‍ത്താവ് എന്നുള്ള നിലയില്‍ പരിശുദ്ധ കന്യകയെ അതിയായി സ്നേഹിക്കുകയും ഭക്ഷണം, വസ്ത്രം എന്നിങ്ങനെയുള്ള എല്ലാ സുഖ സൌകര്യങ്ങളിലും ശ്രദ്ധ ചെലുത്തുകയും ചെയ്തിരിന്നു. തിരുക്കുടുംബത്തെ പോറ്റിയത് മാര്‍ യൗസേപ്പിന്‍റെ നെറ്റിയിലെ വിയര്‍പ്പു കൊണ്ടാണ്.

ഇക്കാരണങ്ങളാലെല്ലാം മാര്‍ യൗസേപ്പിതാവിന്‍റെ മഹത്വം പരിശുദ്ധ കന്യക ആഗ്രഹിക്കുന്നു. പ. കന്യകയോട് നാം അപേക്ഷിക്കുമ്പോള്‍ അമ്മ നമ്മോട് ഇപ്രകാരം പറയുന്നുണ്ടാകും, ‘നിങ്ങള്‍ എന്‍റെ വിരക്ത ഭര്‍ത്താവായ മാര്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍. അദ്ദേഹം എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നതാണ്’. നാം മാര്‍ യൗസേപ്പിനെ ബഹുമാനിക്കുകയും ചെയ്യുന്ന എന്ന കാരണത്താല്‍ പ. കന്യക അനേകം അനുഗ്രഹങ്ങളും ദാനങ്ങളും നല്‍കുമെന്നുള്ളത് ഉറപ്പാണ്. ഭര്‍ത്താവിന്‍റെ മഹത്വം ഭാര്യയുടേതും, ഭാര്യയുടെ മഹത്വം ഭര്‍ത്താവിന്‍റേതുമാണല്ലോ. നമ്മുടെ വന്ദ്യപിതാവിനെ ബഹുമാനിക്കുമ്പോള്‍ പിതാവായ ദൈവത്തിനും ഈശോമിശിഹായ്ക്കും പരിശുദ്ധാത്മാവിലും അതിലൂടെ മഹത്വം നല്‍കുന്നു.

സംഭവം

തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞം തുറമുഖത്തെ ഒരു പാവപ്പെട്ട മത്സ്യബന്ധന തൊഴിലാളിയുടെ ജീവിതാനുഭവമാണ് നാം ഇന്ന്‍ ചിന്തിക്കുന്നത്. യോഹന്നാന്‍ എന്നു പേരുള്ളവനും വിശുദ്ധ യൗസേപ്പിന്‍റെ ഭക്തനുമായ ആ മനുഷ്യന്‍ ഒരു ദിവസം കടലില്‍ വള്ളവുമായി പോയി. തീരത്തു നിന്ന്‍ നാലു മൈല്‍ അകലെ മീന്‍ പിടിച്ചു കൊണ്ടിരുന്ന അയാളുടെ വള്ളത്തിന്‍റെ തുഴക്കോല്‍ എങ്ങനെയോ കടലില്‍ വീണുപോയി. ഭയങ്കരമായി ആഞ്ഞടിച്ച തിരമാലകള്‍ മൂലം അതിവേഗം പറത്തിക്കൊണ്ടുപോയ തുഴക്കോല്‍ തിരിച്ചെടുക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. മലപോലെ ഉയര്‍ന്നു വന്ന ഓളങ്ങളില്‍പ്പെട്ടു വള്ളം മറിഞ്ഞു. അതിനെ നിയന്ത്രിച്ച് കരയ്ക്കടുപ്പിക്കുവാന്‍ നടത്തിയ അദ്ധേഹത്തിന്റെ ശ്രമങ്ങളെല്ലാം പരാജയമടഞ്ഞു. പുറംകടലിലേക്കാണ് വള്ളം നീങ്ങുന്നത്. വള്ളത്തിനെ നിയന്ത്രണത്തിലാക്കാന്‍ അദ്ദേഹം സര്‍വ കഴിവും ഉപയോഗിച്ച് പരിശ്രമിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല.

കടലുമായി മല്ലിട്ടു അദ്ദേഹം തളര്‍ന്നു. രാത്രി മുഴുവന്‍ തുഴയില്ലാതെ ഇളകി മറിയുന്ന വള്ളത്തടിയില്‍ കെട്ടിപ്പിടിച്ചിരുന്ന അദ്ദേഹം തന്‍റെ നിസ്സഹായതയില്‍ ഏവര്‍ക്കും സഹായകമായ മാര്‍ യൗസേപ്പിന്‍റെ മാദ്ധ്യസ്ഥം യാചിച്ചു. അത്ഭുദമെന്ന് പറയട്ടെ, നീണ്ട വണ്ണം കുറഞ്ഞ ഒരു തടിക്കഷണം തിരമാലയില്‍പ്പെട്ട് വളരെ വേഗത്തില്‍ തന്‍റെ വള്ളത്തിന്‍റെ സമീപത്തേയ്ക്ക് വരുന്നു. സര്‍വകഴിവുകളും പ്രയോഗിച്ച് ആ തടിക്കഷണം അദ്ദേഹം കരസ്ഥമാക്കി. തന്‍റെ വള്ളത്തിന്‍റെ നഷ്ടപ്പെട്ടു പോയ തുഴ തന്നെയായിരിന്നു അത്. അതുപയോഗിച്ച് വള്ളം തുഴഞ്ഞ് ആ മനുഷ്യന്‍ തീരത്തു വന്നെത്തി. തനിക്കു സഹായമരുളി ജീവന്‍ രക്ഷിച്ച മാര്‍ യൗസേപ്പിന് ആ സാധു മനുഷ്യന്‍ സ്തോത്രമര്‍പ്പിച്ചു.

ജപം

ദൈവജനനിയായ പ. കന്യകയേ, അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനോടുള്ള ഭക്തി അങ്ങേയ്ക്ക് പ്രസാദജനകവും അനുഗ്രഹദായകവുമാണെന്ന് ഞങ്ങള്‍ ഗ്രഹിച്ചു. അതിനാല്‍ ഈ പുണ്യപിതാവിനോടു ഞങ്ങള്‍ സവിശേഷ ഭക്തിയുള്ളവരായി ജീവിച്ചു കൊള്ളാം. നാഥേ, അങ്ങയെയും ദിവ്യകുമാരനെയും മാര്‍ യൗസേപ്പിനെയും കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും നിങ്ങളുടെ വിശ്വസ്ത ദാസര്‍ക്കനുയോജ്യമായ ജീവിതം നയിക്കുവാനും ആവശ്യമായ അനുഗ്രഹം നല്‍കണമേ മാര്‍ യൗസേപ്പേ, അങ്ങ് പ. കന്യകയെ സ്നേഹിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്യുന്നതുപോലെ ഞങ്ങളും ദൈവമാതാവിനെ സ്നേഹിക്കുവാനും അവളുടെ സേവനത്തിന് ഞങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും വേണ്ട അനുഗ്രഹം നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധാത്മാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഗോത്രപിതാക്കളുടെ പ്രകാശമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ദൈവജനനിയുടെ ഭര്‍ത്താവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുക്കുടുംബത്തിന്‍റെ നാഥനേ,  (ഞങ്ങള്‍ക്കു വേണ്ടി…)

എത്രയും നീതിമാനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിരക്തനായ വി.യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിവേകിയായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ ധീരനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ക്ഷമയുടെ ദര്‍പ്പണമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തൊഴിലാളികളുടെ മാതൃകയേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കന്യകകളുടെ സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബങ്ങളുടെ ആധാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

നിര്‍ഭാഗ്യരുടെ ആശ്വാസമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

രോഗികളുടെ ആശ്രയമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,  (ഞങ്ങള്‍ക്കു വേണ്ടി…)

പിശാചുക്കളുടെ പരിഭ്രമമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുസ്സഭയുടെ പാലകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനെ…

കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനെ…

കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനെ…

കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ

കുടുംബനാഥൻ: ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

സമൂഹം: തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

കന്യകാമറിയത്തിന്‍റെ വിശ്വസ്ത ഭര്‍ത്താവേ, ഞങ്ങളില്‍ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s