ദിവ്യബലി വായനകൾ – ലത്തീൻക്രമം : ഓശാന ഞായർ

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഓശാന ഞായർ

Palm Sunday 

Liturgical Colour: Red.

This gospel is read at the procession with palms before Mass:

The following are the readings at the Mass itself:

പ്രവേശകപ്രഭണിതം

cf. യോഹ 12:1,12-13; സങ്കീ 23:9-10

ഒലിവുശാഖയും വഹിച്ചെബ്രായ ബാലകര്‍
സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ
ഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ!
‘ഉയരെ സ്വര്‍ഗ്ഗമായതില്‍ ഹോസാന.’
ജനതതി കുതുകമായ് കരമുയര്‍ത്തവേ
വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍
മഹിതനീശസുതനു നിത്യം ഹോസാന, ഹോസാന.

ഭൂമിയും, അതിങ്കലുള്ള സര്‍വവസ്തുവും
ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വരും
ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു.
ആഴിമേല്‍ ഈ ഭൂതലത്തെയങ്ങു സ്ഥാപിച്ചു.
പുഴകള്‍ തന്നില്‍ ആയതിനെയങ്ങുറപ്പിച്ചു.

രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും?
തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും?
സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍,
വ്യര്‍ത്ഥമായി തന്‍മനസ്സു മാറ്റിടാത്തവന്‍
കള്ളസത്യമേതുമങ്ങു ചൊല്ലിടാത്തവന്‍.

അവന്, തന്നില്‍നിന്നനുഗ്രഹം ലഭിക്കുമേ,
അവനു രക്ഷകങ്കല്‍നിന്നു കൂലി കിട്ടുമേ.
മഹിത യാക്കോബിന്റെ ശക്തനായ ദൈവമേ,
അങ്ങയെത്തിരഞ്ഞിടുന്ന തലമുറയിതാ,
തവമുഖം തിരഞ്ഞിടുന്ന തലമുറയിതാ.

നല്ക്കമാനമേകുവിന്‍ പടിപ്പുരകളെ,
നിത്യമാം കവാടമേ, ഉയര്‍ന്നു നില്ക്കുവിന്‍;
മഹിതരാജനീശനു പ്രവേശമേകുവിന്‍.
ആരുതാന്‍ മഹോന്നതനീ രാജനെന്നോ?
ധീര, ശക്ത, യുദ്ധവീരനാം കര്‍ത്താവുതാന്‍.

നല്ക്കമാനമേകുവിന്‍ പടിപ്പുരകളേ,
നിത്യമാം കവാടമേ, ഉയര്‍ന്നു നില്ക്കുവിന്‍;
മഹിതരാജനീശനു പ്രവേശമേകുവിന്‍.
ആരുതാന്‍ മഹോന്നതനീ രാജനെന്നോ?
സൈന്യനാഥനും മഹത്ത്വപൂര്‍ണ്ണരാജനും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
എളിമയുടെ മാതൃക അനുകരിക്കാന്‍
മനുഷ്യകുലത്തിനായി ഞങ്ങളുടെ രക്ഷകന്‍
മാംസം ധരിക്കുന്നതിനും കുരിശിലേറുന്നതിനും
അങ്ങ് തിരുമനസ്സായല്ലോ.
അവിടത്തെ സഹനത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും
ഉത്ഥാനത്തിന്റെ പങ്കുചേരലിന് അര്‍ഹരാകുകയും ചെയ്യാന്‍
ഞങ്ങളെ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 50:4-7
നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല.

പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 22:8-9,17-18,19-20,23-24

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ രക്ഷിക്കട്ടെ;
അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ.

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു;
അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;
അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു;
എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി.

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു;
എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു.
കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ!
എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും,
സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
കര്‍ത്താവിന്റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിന്‍;
യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

രണ്ടാം വായന

ഫിലി 2:6-11
ക്രിസ്തു തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി.

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 26:14-27:66
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവചരിത്രം

( ✠ യേശു, C വ്യാഖ്യാതാവ്, S ഒരു വ്യക്തി, G ഒന്നിലധികം പേര്‍ )

C പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാനപുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു:
S ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?
C അവര്‍ അവന് മുപ്പതു വെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു:
G നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
C അവന്‍ പറഞ്ഞു:
✠ നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും.
C യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു:
✠ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.
C അവര്‍ അതീവ ദുഃഖിതരായി; ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി:
G കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ?
C അവന്‍ പ്രതിവചിച്ചു:
✠ എന്നോടുകൂടെ പാത്രത്തില്‍ കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!
C അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു:
S ഗുരോ, അതു ഞാനോ?
C അവന്‍ പറഞ്ഞു:
✠ നീ പറഞ്ഞുകഴിഞ്ഞു.
C അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു:
✠ വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.
C അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു:
✠ നിങ്ങളെല്ലാവരും ഇതില്‍ നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.
C സ്‌തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി. യേശു അവരോടു പറഞ്ഞു:
✠ ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കുപോകും.
C അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു:
S എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല.
C യേശു പറഞ്ഞു:
✠ സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനു മുമ്പു നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും.
C പത്രോസ് പറഞ്ഞു:
S നിന്നോടുകൂടെ മരിക്കേണ്ടി വന്നാല്‍ പോലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല.
C ഇങ്ങനെ തന്നെ മറ്റെല്ലാ ശിഷ്യന്മാരും പറഞ്ഞു. അനന്തരം യേശു അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു:
✠ ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക.
C അവന്‍ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി. അവന്‍ അവരോടു പറഞ്ഞു:
✠ തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.
C അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു:
✠ എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.
C അനന്തരം അവന്‍ ശിഷ്യന്മാരുടെ അടുത്തേക്കു വന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു:
✠ എന്നോടു കൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.
C രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ഥിച്ചു:
✠ എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!
C അവന്‍ വീണ്ടും വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവന്‍ അവരെ വിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ഥന ആവര്‍ത്തിച്ചു. പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുത്തു വന്നു പറഞ്ഞു:
✠ നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു. എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.
C അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു:
S ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക.
C അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന്, അവനെ ചുംബിച്ചുകൊണ്ട് പറഞ്ഞു:
S ഗുരോ, സ്വസ്തി!
C യേശു അവനോടു ചോദിച്ചു:
✠ സ്‌നേഹിതാ, നീ എന്തിനാണു വന്നത്?
C അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. യേശുവിനോടുകൂടെ ഉണ്ടാായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു. യേശു അവനോടു പറഞ്ഞു:
✠ വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും?
C യേശു ജനക്കൂട്ടത്തോടു പറഞ്ഞു:
✠ കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങള്‍ എന്നെ ബന്ധിക്കുവാന്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്.
C അപ്പോള്‍ ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി. യേശുവിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തേക്ക് അവനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്മാരും സമ്മേളിച്ചിരുന്നു. പ്രധാനപുരോഹിതന്റെ മുറ്റം വരെ പത്രോസ് അവനെ അല്‍പം ദൂരെയായി അനുഗമിച്ചു. അനന്തരം, അവന്‍ അകത്തുകടന്ന് അവസാനം എന്തെന്നു കാണാന്‍ പരിചാരകന്മാരോടുകൂടെ ഇരുന്നു. പ്രധാനപുരോഹിതന്മാരും ന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേല്‍പ്പിച്ചു കൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അന്വേഷിച്ചു. പല കള്ളസാക്ഷികള്‍ വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല. അവസാനം രണ്ടുപേര്‍ മുന്നോട്ടുവന്ന്, ഇപ്രകാരം പറഞ്ഞു:
G ഈ ദേവാലയം നശിപ്പിക്കാനും മൂന്നു ദിവസംകൊണ്ടു നിര്‍മിക്കാനും എനിക്കു സാധിക്കും എന്ന് ഇവന്‍ പറഞ്ഞിട്ടുണ്ട്.
C പ്രധാന പുരോഹിതന്‍ എഴുന്നേറ്റു നിന്ന് അവനോടു ചോദിച്ചു:
S നിനക്കു മറുപടിയില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്?
C യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ പ്രധാന പുരോഹിതന്‍ അവനോടു പറഞ്ഞു:
S ജീവിക്കുന്ന ദൈവത്തിന്റെ നാമത്തില്‍ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക.
C യേശു അവനോടു പറഞ്ഞു:
✠ നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.
C അപ്പോള്‍ പ്രധാന പുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു:
S ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ! നിങ്ങള്‍ക്കെന്തു തോന്നുന്നു?
C അവര്‍ പ്രതിവചിച്ചു:
G അവന്‍ മരണത്തിനര്‍ഹനാണ്.
C അനന്തരം അവര്‍ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു:
G ക്രിസ്തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക.
C പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച് പറഞ്ഞു:
S നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ.
C അവരുടെയെല്ലാം മുമ്പാകെ അവന്‍ നിഷേധിച്ചു പറഞ്ഞു.
S നീ പറയുന്നതെന്താണെന്നു ഞാന്‍ അറിയുന്നില്ല.
C അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു:
S ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു.
C അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചുകൊണ്ട് പറഞ്ഞു:
S ഞാന്‍ അവനെ അറിയുകയില്ല.
C കുറെ കഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു:
S നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്റെ സംസാരരീതി തന്നെ ഇതു തെളിയിക്കുന്നു.
C പത്രോസാകട്ടെ, ശപിക്കാനും ആണയിടാനും തുടങ്ങിക്കൊണ്ടു പറഞ്ഞു:
S ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല.
C ഉടനെ കോഴി കൂകി. കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു. പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി. അവര്‍ അവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‍പിച്ചു.
അവനെ ഒറ്റിക്കൊടുത്ത യൂദാസ് അവന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്ചാത്തപിച്ച് ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു:
S നിഷ്‌കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.
C അവര്‍ അവനോടു പറഞ്ഞു:
G അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.
C വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന്‍ പോയി കെട്ടി ഞാന്നു ചത്തു. പ്രധാന പുരോഹിതന്മാര്‍ ആ വെള്ളിനാണയങ്ങള്‍ എടുത്തുകൊണ്ടുപറഞ്ഞു:
G ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിക്കുന്നത് അനുവദനീയമല്ല.
C അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണം കൊടുത്ത് വിദേശീയരെ സംസ്‌കരിക്കാന്‍ വേണ്ടി കുശവന്റെ പറമ്പു വാങ്ങി. അത് ഇന്നും രക്തത്തിന്റെ പറമ്പ് എന്ന് അറിയപ്പെടുന്നു. പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: “അവന്റെ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്ചയിച്ച മുപ്പതുവെള്ളിനാണയങ്ങളെടുത്ത്, കര്‍ത്താവ് എന്നോടു കല്‍പിച്ചതുപോലെ അവര്‍ കുശവന്റെ പറമ്പിനായി കൊടുത്തു.”
യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു:
S നീ യഹൂദന്മാരുടെ രാജാവാണോ?
C യേശു പറഞ്ഞു:
✠ നീ തന്നെ പറയുന്നുവല്ലോ.
C പ്രധാനപുരോഹിതന്മാരും പ്രമാണികളും അവന്റെ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല. പീലാത്തോസ് വീണ്ടും ചോദിച്ചു:
S അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ?
C എന്നാല്‍, അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.
ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു. അന്ന് അവര്‍ക്ക് ബറാബ്ബാസ് എന്നുപേരുള്ള കുപ്രസിദ്ധനായ ഒരു തടവുപുള്ളിയുണ്ടായിരുന്നു. അതുകൊണ്ട്, അവര്‍ ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു:
S ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
C അസൂയ നിമിത്തമാണ് അവര്‍ അവനെ ഏല്‍പിച്ചുകൊടുത്തതെന്ന് അവന്‍ അറിഞ്ഞിരുന്നു. മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ അവന്റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു: “ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്. അവന്‍ മൂലം സ്വപ്നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്‌ളേശിച്ചു.” പ്രധാനപുരോഹിതന്മാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു:
S ഇവരില്‍ ആരെ വിട്ടുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
C അവര്‍ പറഞ്ഞു:
G ബറാബ്ബാസിനെ.
C പീലാത്തോസ് അവരോടു ചോദിച്ചു:
S അപ്പോള്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം?
C എല്ലാവരും പറഞ്ഞു:
G അവനെ ക്രൂശിക്കുക.
C അവന്‍ അവരോടു ചോദിച്ചു:
S അവന്‍ എന്തു തിന്മയാണ് ചെയ്തത്?
C അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
G അവനെ ക്രൂശിക്കുക!
C ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു:
S ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.
C അപ്പോള്‍ ജനം മുഴുവന്‍ മറുപടി പറഞ്ഞു:
G അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!
C അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.
അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി, അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, അവര്‍ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു:
Gയഹൂദരുടെ രാജാവേ, സ്വസ്തി!
C അവര്‍ അവന്റെ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്സില്‍ അടിക്കുകയും ചെയ്തു. അവനെ പരിഹസിച്ചതിനുശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.
അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍ അവര്‍ അവനു കയ്പുകലര്‍ത്തിയ വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ടപ്പെട്ടില്ല. അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു. അനന്തരം, അവര്‍ അവിടെ അവനു കാവലിരുന്നു. ‘ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ്’ എന്ന ആരോപണം അവര്‍ അവന്റെ ശിരസ്സിനു മുകളില്‍ എഴുതിവച്ചു. അവനോടു കൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു – ഒരുവനെ വലത്തും അപരനെ ഇടത്തും. അതിലെ കടന്നുപോയവര്‍ തല കുലുക്കിക്കൊണ്ടു അവനെ ദുഷിച്ചു പറഞ്ഞു:
G ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക.
C അപ്രകാരംതന്നെ പ്രധാനപുരോഹിതന്മാര്‍ നിയമജ്ഞരോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
G ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍ നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം. ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ‘ഞാന്‍ ദൈവപുത്രനാണ്’ എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.
C അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.
ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു:
✠ ഏലി, ഏലി, ലാമാ സബക്ഥാനി.
C അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു? അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു:
G അവന്‍ ഏലിയായെ വിളിക്കുന്നു.
C ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു:
G നില്‍ക്കൂ, ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ.
C യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
(ഇവിടെ എല്ലാവരും അല്‍പസമയം മുട്ടുകുത്തുന്നു)
C അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു പറഞ്ഞു:
S സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു.
C ഗലീലിയില്‍ നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു. അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തുചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു. അത് അവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്‍പിച്ചു. ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്‌കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി. മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നിരുന്നു.
പിറ്റേദിവസം, അതായത്, ഒരുക്കദിനത്തിന്റെ പിറ്റേന്ന്, പ്രധാന പുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കല്‍ ഒരുമിച്ചു കൂടി. അവര്‍ പറഞ്ഞു:
G യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മിക്കുന്നു. അതിനാല്‍, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍ നിന്ന് ഉത്ഥാനംചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും.
C പീലാത്തോസ് അവരോടു പറഞ്ഞു:
S നിങ്ങള്‍ക്ക് ഒരു കാവല്‍ സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍.
C അവര്‍ പോയി കല്ലിനു മുദ്രവച്ച്, കാവല്‍ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ ഏകപുത്രന്റെ പീഡാസഹനംവഴി
അങ്ങയുടെ സംപ്രീതി ഞങ്ങള്‍ക്കു സമീപസ്ഥമാക്കിയല്ലോ.
അതേ സംപ്രീതി ഞങ്ങളുടെ പ്രവൃത്തികളുടെ
യോഗ്യതകളാലല്ലെങ്കിലും
അവിടത്തെ സനാതനമായ ഏകബലിവഴി
അങ്ങയുടെ കാരുണ്യത്താല്‍
മുന്‍കൂട്ടി ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 26:42

പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം
കടന്നുപോകാന്‍ സാധ്യമല്ലെങ്കില്‍
നിന്റെ ഹിതം ഭവിക്കട്ടെ!

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ സംതൃപ്തരായി
അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങയുടെ പുത്രന്റെ മരണംവഴി,
ഞങ്ങള്‍ വിശ്വസിക്കുന്നവ പ്രത്യാശിക്കാന്‍
ഞങ്ങളെ ഇടയാക്കിയ അങ്ങ്,
അവിടത്തെ ഉത്ഥാനത്തിലൂടെ
ഞങ്ങള്‍ ലക്ഷ്യംവയ്ക്കുന്നേടത്ത്
എത്തിച്ചേരാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

ജനങ്ങളുടെ മേലുള്ള പ്രാർത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു
ദുഷ്ടരുടെ കരങ്ങളില്‍ തന്നത്തന്നെ ഏല്പിക്കാന്‍
വൈമനസ്യം കാണിക്കാതെ
കുരിശിന്റെ യാതനയ്ക്ക് വിധേയനാകാന്‍ തിരുമനസ്സായി.
അങ്ങയുടെ ഈ കുടുംബത്തിനുമേല്‍
അങ്ങയുടെ കടാക്ഷമുണ്ടാകണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.
🔵

Leave a comment