മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???

ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’

മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???

Coffin Box Large

എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനമുണ്ട്
എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി …
എന്നെ നല്ല ശിഷ്യൻ ആക്കിടുന്ന എല്ലാ കുരിശുകൾ ക്കും നാഥാ നന്ദി..
എല്ലാ തോൽവികൾക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി … എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിധ്യമറിയാൻ ഇടയായി….

സത്യം പറ !!!!
ചില തോൽവികൾ ഉണ്ടായപ്പോഴല്ലേ ദൈവത്തിന്റെ മുഖം ശെരിക്കും നമ്മൾ കണ്ടത്?
കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകിയപ്പോഴല്ലേ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് ചുറ്റും അനുഭവപ്പെട്ടത്?

ജീവിതം നവീകരണത്തിന് ഏറ്റവും നല്ല ധ്യാനം മരണത്തെപ്പറ്റി ആണെന്ന് പറയും.
ചില വ്യതിയാനങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്നത് ചില പരാജയങ്ങൾ ആണെന്നും പറയും

Coffin box

ലോകം മുഴുവൻ, ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ മതങ്ങളിൽ പെട്ടവരും, മതമില്ലാത്തവരും ഒരുപോലെ മരണത്തെപ്പറ്റി ധ്യാനിക്കുന്ന ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല.

കൊറോണ പറ്റിയുള്ള ട്രോൾ വായിച്ചു ചിരിക്കുമ്പോഴും മനസ്സിലെവിടെയോ ഭീതിയുടെ ഒരു നിഴൽ ഉണ്ട് … മരണം !!!

“എന്നെ നല്ല ശിഷ്യനാക്കിടുന്ന എല്ലാ കുരിശുകൾ ക്കും നാഥാ നന്ദി” ചില കുരിശുകളും കണ്ണുനീർ നിറഞ്ഞ സാഹചര്യങ്ങളുമാണ് നമ്മളെ നന്മയുള്ള വരെ ആക്കുവാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് കൊറോണ നൽകുന്ന പാഠത്തെറ്റി അനേകർ വാചാലരാകുന്നത്.

ക്രിസ്തുമതത്തെ ഉപമിക്കാൻ പറ്റുന്ന ഒരു കഥയുണ്ട്.
ലിയോ ടോൾസ്റ്റോയിയുടെ ‘ആറടി മണ്ണിന്റെ” കഥ “ഒരാൾക്ക് എത്ര ഭൂമി വേണം”
ഒരു മനുഷ്യൻ ഭൂമി സമ്പാദിക്കുവാൻ സൂര്യോദയം മുതൽ ഓടിത്തുടങ്ങുന്നു. തനിക്ക് എത്ര ഭൂമി വേണമോ അത്രയും ഭൂമിക്ക് വലംവച്ച് സൂര്യാസ്തമയത്തിന് മുൻപ് തുടങ്ങിയിടത്ത് തിരിച്ചെത്തണം. കൃഷി സമൃദ്ധമായ സ്ഥലങ്ങളിൽ മയങ്ങി …തിരിച്ചെത്തേണ്ടിടം മറന്ന് … തിരിച്ചെത്താൻ സാധിക്കാത്ത ദൂരത്ത് ഒന്നുംനേടാതെ മരിച്ചുവീഴുന്ന ഒരുവന്റെ കഥ…
സ്വത്ത് സമ്പാദിക്കാൻ ഇറങ്ങി ഒന്നും സമ്പാദിക്കാതെ ആറടിമണ്ണിൽ ആഴ്ന്ന മനുഷ്യന്റെ കഥ…
നമ്മളൊക്കെ ഒരു പക്ഷേ ഇതുപോലെ ഓട്ടത്തിൽ ആയിരുന്നിരിക്കാം. തിരിച്ചെത്താൻ സാധിക്കാത്ത പോലെ അകലത്തിൽ ആയിരിക്കാം.. എവിടെ നിന്നു വന്നൊ അവിടെ എത്തിച്ചേരേണ്ടവരാണെന്ന് മറന്നു പോയിരിക്കാം….
പരസ്പരമുള്ള ബന്ധങ്ങളിൽ അടുക്കുവാൻ സാധിക്കാത്ത പോലെ സഹോദരങ്ങളോട് സുഹൃത്തുക്കളോട് അകന്നു പോയിരിക്കാം…

നമ്മളെയൊക്കെ ഒത്തിരി ആകുലപ്പെടുത്തുന്ന … ഹൃദയം തുറന്നു ചിരിക്കാൻ ഞാൻ പറ്റാത്ത വിധം ഞെരുക്കി കളയുന്ന സംഗതികളാണ് ഇവ…
ഒപ്പം ദൈവകൃപയിൽ നിന്ന് അകറ്റി കളയുന്ന ഒന്നാകാം….
ഈ സമ്പത്തും ഭൗതിക നേട്ടങ്ങളും ഒന്നുമല്ല എന്ന് തിരിച്ചറിയുന്ന ഒരു സമയം വരും… അല്ല വന്നു കഴിഞ്ഞു …!!!!

നമ്മൾ ഒന്നും കൊണ്ടല്ല ഈ ലോകത്തിലേക്ക് വന്നത്…
ഷർട്ടോ , പാന്റ്‌സോ ചുരിദാറോ ഇട്ട് ഈ ലോകത്തിലേക്ക് വന്നവർ ആരെങ്കിലും ഉണ്ടോ?

മരണത്തിനുശേഷം നമ്മളെ ഡ്രസ്സ് ചെയ്തു വിടുക എന്നു പറഞ്ഞാൽ ‘ഉള്ളത് കൂടി ഊരിയിട്ട്‌ വിടുക’ എന്നാണ് അർത്ഥം., പിന്നെ നമ്മളുടെ ബന്ധുക്കളുടെ സ്നേഹം കൊണ്ട് മാത്രമാണ് കല്ലറയിലേക്ക് പോകാൻ ഒരു ഡ്രസ്സ് കിട്ടുന്നത്…

ഒരു സിനിമയിലെ സലിം കുമാറിനെ പോലെ ഉള്ള ഒരു ബന്ധു ഉണ്ടെങ്കിൽ അ ഡ്രസ്സും കിട്ടില്ല…

കൊണ്ടുപോകേണ്ടത് നന്മയാണ് …
സമ്പത്തിൽ ആശ്രയിക്കാതെ …. മനുഷ്യരിൽ ആശ്രയിക്കാതെ….. അറിവിൽ ആശ്രയിക്കാതെ .,… ദൈവത്തിൽ ആശ്രയിക്കാം…

1 പത്രോസ് 5: 6 ” ദൈവത്തിൻറെ ശക്തമായ കരുത്തും കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകൾ എല്ലാം അവിടുത്തെ ഏൽപ്പിക്കുവീൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.”

ഇൗ ഹാശാ ( വലിയ) ആഴ്ചയിൽ നശ്വരമായ ഈ ജീവിതത്തെപ്പറ്റി ധ്യാനിക്കാം ….
ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി മുറിയ പെടുന്നവരാണ് എന്നും ഓർമിക്കപ്പെടുക.

നമ്മളൊക്കെ നല്ല ഓർമ്മയായി മാറണം.
മരിച്ച നമ്മുടെ ശരീരം ദൈവാലയത്തിൽ നടുവിൽ അന്ത്യകർമ്മങ്ങൾക്കായി ഒരു ബെഞ്ചിൽ കൊണ്ട് വെക്കുമ്പോൾ ചുറ്റും നിൽക്കുന്നവരുടെ കണ്ണിൽ നിന്നല്ല …
ഹൃദയത്തിൽനിന്ന് കണ്ണുനീർ പൊടിയാൻ ആ മുറിപ്പെടൽ ഇടയാകുമ്പോഴാണ് നമ്മളൊക്കെ ജീവിച്ചു എന്നു പറയാൻ സാധിക്കുക…
സ്നേഹിതർക്ക് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല.
അതാണ് കുരിശിലെ സ്നേഹം.

ഒന്നിനും വേണ്ടിയല്ലാതെ മറ്റുള്ളവരെ സ്നേഹിക്കാം.. സമ്പത്ത് നമ്മുടെ സന്തോഷത്തിനും സ്നേഹത്തിനും മാനദണ്ഡം അല്ലാതെ ഇരിക്കട്ടെ..!

– ചാക്കോച്ചി

Email: chackochimcms@gmail.com

 

fr-chackochi-meledom

Leave a comment