Wednesday of Holy Week 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

Wednesday of Holy Week 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. ഫിലി 2:10,8,11

യേശുവിന്റെ നാമത്തിനുമുമ്പില്‍
സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള
എല്ലാ മുഴങ്കാലുകളും മടങ്ങുന്നു.
എന്തുകൊണ്ടെന്നാല്‍, കര്‍ത്താവ് മരണംവരെ –
അതെ കുരിശുമരണംവരെ- അനുസരണമുള്ളവനായിത്തീര്‍ന്നു.
അതുകൊണ്ട്, കര്‍ത്താവായ യേശുക്രിസ്തു
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിലായി.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന്
അങ്ങയുടെ പുത്രനെ ഞങ്ങള്‍ക്കുവേണ്ടി
കുരിശുമരണത്തിനു വിധേയനാക്കാന്‍ തിരുമനസ്സായല്ലോ.
അങ്ങനെ, അങ്ങയുടെ ദാസരായ ഞങ്ങള്‍
ഉയിര്‍പ്പിന്റെ കൃപ പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 50:4-9
എന്നെ തല്ലുന്നവരില്‍ നിന്ന് എന്റെ മുഖം ഞാന്‍ മറച്ചില്ല. കര്‍ത്തൃദാസന്റെ മൂന്നാം ഗാനം.

പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്ന പോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു. എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്റെ അടുത്തുണ്ട്. ആരുണ്ട് എന്നോടു മത്സരിക്കാന്‍? നമുക്ക് നേരിടാം, ആരാണ് എന്റെ എതിരാളി? അവന്‍ അടുത്തു വരട്ടെ! ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു. ആര് എന്നെ കുറ്റം വിധിക്കും?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 69:8-10, 21-22, 31, 33-34

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

അങ്ങയെപ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും
ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്തതും.
എന്റെ സഹോദരര്‍ക്കു ഞാന്‍ അപരിചിതനും
എന്റെ അമ്മയുടെ മക്കള്‍ക്കു ഞാന്‍ അന്യനുമായിത്തീര്‍ന്നു.
അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത
എന്നെ വിഴുങ്ങിക്കളഞ്ഞു;
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം
എന്റെ മേല്‍ നിപതിച്ചു.

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു,
ഞാന്‍ നൈരാശ്യത്തിലാണ്ടു.
സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു;
ആരെയും കണ്ടില്ല.
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി;
ആരുമുണ്ടായിരുന്നില്ല.
ഭക്ഷണമായി അവര്‍ എനിക്കു വിഷം തന്നു,
ദാഹത്തിന് അവര്‍ എനിക്കു വിനാഗിരി തന്നു.

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

ഞാന്‍ ദൈവത്തിന്റെ നാമത്തെ പാടിസ്തുതിക്കും,
കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍
അവിടുത്തെ മഹത്വപ്പെടുത്തും.
പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ!
ദൈവത്തെ അന്വേഷിക്കുന്നവരേ,
നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു;
ബന്ധിതരായ സ്വന്തം ജനത്തെ
അവിടുന്നു നിന്ദിക്കുകയില്ല.

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 26:14-25
മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം!

പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു: ‘‘ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?’’ അവര്‍ അവന് മുപ്പതു വെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ‘‘നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’’ അവന്‍ പറഞ്ഞു: ‘‘നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും.’’ യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: ‘‘സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.’’ അവര്‍ അതീവ ദുഃഖിതരായി; ‘‘കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ’’ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി. അവന്‍ പ്രതിവചിച്ചു: ‘‘എന്നോടുകൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!’’ അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ‘‘ഗുരോ, അതു ഞാനോ?’’ അവന്‍ പറഞ്ഞു: ‘‘നീ പറഞ്ഞുകഴിഞ്ഞു.’’

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുന്ന കാഴ്ചദ്രവ്യം സ്വീകരിക്കുകയും
യോഗ്യതയോടെ സഫലീകരിക്കുകയും ചെയ്യണമേ.
അങ്ങയുടെ പുത്രന്റെ പീഡാസഹനത്തിന്റെ രഹസ്യംവഴി ആചരിക്കുന്നത്,
സുകൃതഫലങ്ങളാല്‍ ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 20:28

മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടാനല്ല,
പ്രത്യുത, ശുശ്രൂഷിക്കാനും അനേകര്‍ക്ക് മോചനദ്രവ്യമായി
സ്വജീവന്‍ കൊടുക്കാനുമാണ് വന്നിരിക്കുന്നത്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സമാദരണീയമായ ഈ രഹസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന
അങ്ങയുടെ പുത്രന്റെ ഭൗതികമൃത്യു വഴി,
അങ്ങു ഞങ്ങള്‍ക്ക് നിത്യജീവന്‍ നല്കിയെന്നു വിശ്വസിക്കാന്‍
ഞങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാർത്ഥന

കര്‍ത്താവേ, പെസഹാരഹസ്യം അനവരതം സ്വീകരിക്കാനും
ആസന്നമായ ദാനങ്ങള്‍ തീക്ഷ്ണതയോടെ കാത്തിരിക്കാനും
അങ്ങയുടെ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങനെ, ഈ രഹസ്യങ്ങള്‍വഴി പുനര്‍ജന്മം പ്രാപിച്ച ഇവര്‍
സ്ഥിരതയോടെ അവയുടെ പ്രവൃത്തികളാല്‍
പുതുജീവനിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.
🔵

Leave a comment