ദൈവമാണ് എല്ലാത്തിനും ഉത്തരവാദി?

ദൈവമാണ് എല്ലാത്തിനും ഉത്തരവാദി?

കൊറോണ ഒരു മഹാമാരിയായി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോൾ വിശ്വാസിയുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം എന്തുകൊണ്ട് ദൈവമേ ഇങ്ങനെ എന്നായിരിക്കും. കാരണം ഇത്രയുംനാൾ ചൊല്ലിക്കൂട്ടിയ പ്രാർഥനകളും അർപ്പിച്ച ബലികളും ചെയ്ത് പരിഹാര പ്രവൃത്തികളും എനിക്ക് എക്കാലത്തേക്കും സംരക്ഷണവും സുഖവും തരുമെന്നും സ്വർഗ്ഗം ഉറപ്പാണെന്നും കരുതിയിരുന്ന വിശ്വാസിക്ക് ഈ വലിയ ദുരന്തം ഉൾക്കൊള്ളാനാവില്ല. കാരണം അതൊക്കെയും ഞാൻ ദൈവത്തിൻ്റെ അനുഗ്രഹത്തിന് കൊടുത്ത വിലയായിരുന്നു.

ധ്യാനപ്രസംഗകർ പരത്തുന്ന തെറ്റിദ്ധാരണകൾ:

ഇത്രയൊക്കെ പ്രാർഥിച്ചിട്ടും എന്തുകൊണ്ട് ഈ അനർഥം വന്നുഭവിക്കുന്നു എന്ന ചോദ്യത്തിന് നവ കാല പ്രവാചകന്മാർ നൽകുന്ന ഉത്തരം ദൈവത്തിൻ്റെ കോപം എന്നുള്ളതാണ്. പഴയനിയമത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് അവർ ജനമനസ്സിൽ ഭീതി വളർത്തുകയും കുറ്റബോധം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. കൊറോണയ്ക്ക് കാരണം ദൈവ ക്രോധം അല്ല എന്നുപറയാൻ എനിക്കു തെളിവില്ലാത്തതുപോലെതന്നെ ദൈവ കോപം ആണെന്ന് പറയാൻ ഇവർക്കും തെളിവൊന്നുമില്ല തന്നെ. എന്നിട്ടും പഴയനിയമത്തിലെ പഴയകാല ചരിത്ര സാഹചര്യങ്ങളിൽ പ്രവാചകന്മാർ പറഞ്ഞുവച്ചത് ദാ ഇന്ന് നിറവേറി എന്ന മട്ടിൽ ഇക്കാലത്ത് വ്യാഖ്യാനംനടത്തുന്ന വചന വ്യാഖ്യാതാക്കളെ അപ്പാടെ തള്ളിക്കള്ളുന്നതാണുചിതം. കാരണം ഈ പഴയ നിയമത്തിനുശേഷം ക്രിസ്തു വന്നുവെന്നും ക്രിസ്തു പ്രഘോഷിച്ചത് കർത്താവിൻ്റെ ക്രോധത്തെക്കുറിച്ചല്ല, സ്നേഹത്തെയും ക്ഷമയെയും കരുണയെയും കുറിച്ചാണെന്ന് ഇവർ പറയുന്നില്ലയെങ്കിൽ അവരുടെ ഉദ്ദേശ്യം മറ്റു ചിലതാണ്.

സകല ദുരിതകാരണവും ദൈവക്രോധമോ?:
ദുരിതങ്ങൾ ഒക്കെയും പാപത്തിൻ്റെ ശിക്ഷയായി വ്യാഖ്യാനിക്കുന്നത്, അനർത്ഥങ്ങൾ എല്ലാറ്റിനും മന്ത്രവാദവും കൂടോത്രവും കാരണമാകുന്ന ഹിന്ദു മനസ്സിൻറെ ക്രിസ്ത്യൻ വേർഷൻ ആണ്. പഴയ നിയമത്തിൻറെ ഈ ചിന്താഗതിയെ ക്രിസ്തു തിരുത്തുന്നുണ്ട് യോഹന്നാൻ 9:2ൽ. ഒരാളെ ചൂണ്ടി അയാൾ, അന്ധനായി പിറക്കാൻ ഉള്ള കാരണം ആരുടെ പാപമാണെന്ന് തിരയുന്ന ഫരിസേയർക്ക് യേശു നൽകുന്ന മറുപടി ആരുടെയും പാപം നിമിത്തമല്ല എന്നും ദൈവത്തിൻ്റെ പ്രവൃത്തികൾ അയാളിൽ പ്രകടമാകാൻ വേണ്ടിയാണെന്നുമാണ്. അതായത് ജീവിതത്തിൻറെ അസ്വസ്ഥതകളും വേദനകളും ദൈവം തൊടുന്ന നേരത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് എന്നു സാരം. അതിനർഥം സുഖപ്പെടുത്താൻ വേണ്ടി ദൈവം ദുരിതം തരുന്നുവെന്നല്ല, മറിച്ച് എല്ലാവരുടെ ജീവിതത്തിലും സഹനമാകുന്ന കുറവുണ്ട് എന്നും ചിലരുടെ ജീവിതത്തിൽ, വിശ്വാസ വളർച്ചയ്ക്കും ദൈവമഹത്ത്വത്തിനുമായി ദൈവം അദ്ഭുതം പ്രവൃത്തിക്കുന്നു എന്നും മനസ്സിലാക്കിയാൽ മതിയാകും. എന്നാൽ യേശുവിൻറെ കാലത്ത് ജീവിച്ചിരുന്ന എല്ലാ രോഗികളും സുഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നും ഓർക്കണം. അതായത്, ചിലത് ജീവിതത്തിൻ്റെ ഭാഗമാണ്. ക്രൂശിതൻ്റെ പിന്നാലെ കുരിശില്ലാതെ എങ്ങനെ നടക്കും?

പ്രകൃതിക്ക് നവീകരണ സ്വഭാവമുണ്ട്:
പ്രകൃതിക്ക് ഒരു താളമുണ്ട്. അത് ദൈവം നിശ്ചയിച്ചുകൊടുത്തതാണ്. പ്രകൃതി നിശ്ചലമല്ല, അത് നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഋതുക്കൾ പോലെ, പ്രളയവും മഹാമാരിയും പ്രകൃതിയുടെ നവീകരണ മാർഗ്ഗങ്ങൾ തന്നെയാണ്. അതിജീവനശേഷി ഇല്ലാത്തതു മാത്രമല്ല കാലത്തിന് ചേരാത്തതും ഇല്ലാതാകുന്നുണ്ട്. ഉദാ: ദിനോസർ. AD 165 മുതൽ പലകാലങ്ങളിൽ ഭൂമികുലുക്കമായും പകർച്ചവ്യാധിയായും പേമാരിയായുമൊക്കെ അനേകർ മരണപ്പെട്ടിട്ടുണ്ട്. മനുഷ്യ ലോകത്തു മാത്രമല്ല ജന്തുലോകത്തും ഇതുപോലെ കൂട്ടമരണങ്ങൾ ഉണ്ടാകുന്നുണ്ട്. അവരുടെ മരണത്തിന് ആരുടെ പാപകാരണം പറയും? കഴിഞ്ഞ പ്രളയത്തിനും ഈ മഹാമാരിക്കും പ്രകൃതിയെ സംബസിച്ച് ഒരു വ്യാഖ്യാനമുണ്ട്, അത് നവീകരണ പ്രവൃത്തി എന്നതാണ്. അത് മനുഷ്യനെ മാത്രമല്ല ജീവലോകത്തെ മുഴുവൻ ബാധിക്കും. കര കടലായതും കര കടലെടുത്തതുമൊക്കെ പ്രകൃതി നടത്തുന്ന മുഖം മിനുക്കലാണ്. അതിനാൽ സകലതും ദൈവക്രോധമെന്ന വ്യാഖ്യാനം ഉചിതമാവില്ല.

ദൈവശിക്ഷയെ ഭയക്കണോ? :
കത്തോലിക്ക സഭയുടെ മതബോധനത്തിൽ മനസ്താപം രണ്ടു വിധമുണ്ട്: ഉത്തമവും അധമവും. എന്നെ സ്നേഹിക്കുന്ന ദൈവത്തെ ഞാനെൻറെ പാപംമൂലം വേദനിപ്പിച്ചു എന്ന ചിന്തയിൽ നിന്നും രൂപപ്പെടുന്നതാണ് ഉത്തമ മനസ്താപം. എൻ്റെ പാപത്തെപ്രതി ദൈവം ശിക്ഷിക്കുമല്ലോ എന്ന ഭയത്തിൽ നിന്നും രൂപപ്പെടുന്നതാണ് അധമ മനസ്താപം. ഉത്തമ മനസ്താപമാണ് നല്ല കുമ്പസാരത്തിനും മാനസാന്തര ജീവിതത്തിനുമുള്ള പ്രേരണ. ദാ ദൈവം പാപത്തെപ്രതി ശിക്ഷിക്കുകയാണ്, കർത്താവ് കരുണ കാട്ടുവാൻ പ്രാർഥിക്കണം എന്നുപദേശിക്കുന്ന വ്യക്തി അധമനസ്താപത്തിലേക്കാണ് വിശ്വാസിയെ നയിക്കുന്നത്. മാത്രമല്ല ദൈവത്തെ സ്നേഹിക്കുകയല്ല ഭയപ്പെടുകയാണു വേണ്ടത് എന്ന് തെറ്റായ ധാരണ പരത്തുകയും ചെയ്യുന്നു.

അതിനാൽ പാപത്തെപ്രതി ദൈവത്തിനു മനുഷ്യരോട് കോപമുണ്ടായെന്നും ദൈവം ഭൂമിയെ ശിക്ഷിക്കാൻ വേണ്ടി അയച്ചതാണ് കൊറോണയെന്നുമുള്ള തെറ്റായ വ്യാഖ്യാനങ്ങൾ നമുക്ക് പ്രചരിപ്പിക്കാതിരിക്കാം. മനുഷ്യരെ ഭീതിപ്പെടുത്തുകയും കുറ്റബോധം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന പ്രബോധനങ്ങൾ ഒഴിവാക്കാം. അതേ സമയം സ്വന്തം പാപത്തെപ്രതി ദൈവത്തോടു മാപ്പു ചോദിക്കാനും കർത്താവിൻ്റെ കാരുണ്യം തേടി പ്രാർഥിക്കാനും കൂടുതൽ താല്പര്യം കാണിക്കുകയും ചെയ്യാം. ഈ കൊറോണക്കാലത്തെ ദുരിതങ്ങളെ താണ്ടിപ്പോകാൻ ദൈവം കരുത്തു പകരട്ടെ.

ഫാ. ഷിൻ്റോ വെളീപ്പറമ്പിൽ

Leave a comment