ദിവ്യബലി വായനകൾ Tuesday of the 5th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Tuesday of the 5th week of Eastertide 
or Saints Nereus and Achilleus, Martyrs 
or Saint Pancras, Martyr 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 19:5; 12:10

ദൈവത്തെ ഭയപ്പെടുന്നവരും
ചെറിയവരും വലിയവരുമായ എല്ലാവരും
നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മുടെ ദൈവത്തിന്റെ,
രക്ഷയും ശക്തിയും രാജ്യവും
അവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍
അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.
അങ്ങയുടെ ജനത്തിന് വിശ്വാസത്തിന്റെയും
പ്രത്യാശയുടെയും സ്ഥിരത നല്കണമേ.
അങ്ങനെ, അങ്ങില്‍നിന്നു ഗ്രഹിച്ച വാഗ്ദാനങ്ങള്‍ നിറവേറുമെന്ന്
ഒരിക്കലും ഞങ്ങള്‍ സംശയിക്കാതിരിക്കട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 14:19-28
അവര്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നു വിശദീകരിച്ചു.

അന്ത്യോക്യായില്‍ നിന്നും ഇക്കോണിയത്തില്‍ നിന്നും അവിടെയെത്തിയ യഹൂദന്മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവര്‍ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി. എന്നാല്‍, ശിഷ്യന്മാര്‍ അവനു ചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസം ബാര്‍ണബാസുമൊത്ത് അവന്‍ ദെര്‍ബേയിലേക്കു പോയി.
ആ നഗരത്തിലും അവര്‍ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു. വിശ്വാസത്തില്‍ നിലനില്‍ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്സിനെ അവര്‍ ശക്തിപ്പെടുത്തി. അവര്‍ സഭകള്‍തോറും ശ്രേഷ്ഠന്മാരെ നിയമിച്ച് പ്രാര്‍ഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു. പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. പെര്‍ഗായില്‍ വചനം പ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. അവര്‍ അവിടെ എത്തിയപ്പോള്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചു എന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തു എന്നും വിശദീകരിച്ചു. പിന്നീട്, കുറെക്കാലത്തേക്ക് അവര്‍ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:10-11, 12-13ab, 21

കര്‍ത്താവേ, അങ്ങയുടെ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.
or
അല്ലേലൂയ!

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.

കര്‍ത്താവേ, അങ്ങയുടെ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.
or
അല്ലേലൂയ!

അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.
or
അല്ലേലൂയ!

എന്റെ വായ് കര്‍ത്താവിന്റെ സ്തുതികള്‍ പാടും;
എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ
എന്നേക്കും വാഴ്ത്തട്ടെ!

കര്‍ത്താവേ, അങ്ങയുടെ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 14:27-31
എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്. അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു. നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെമേല്‍ അധികാരമില്ല. എന്നാല്‍, ഞാന്‍ പിതാവിനെ സ്‌നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകം അറിയണം.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന
സഭയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍
അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനംചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

റോമാ 6:8

നാം ക്രിസ്തുവിനോടുകൂടെ മരിച്ചെങ്കില്‍,
ക്രിസ്തുവിനോടുകൂടെ ജീവിക്കും
എന്ന് നാം വിശ്വസിക്കുകയും ചെയ്യുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ അക്ഷയമായ ഉത്ഥാനത്തിലേക്ക്
എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment