ദിവ്യബലി വായനകൾ Saint Matthias, Apostle – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

Saint Matthias, Apostle – Feast 

Liturgical Colour: Red.

പ്രവേശകപ്രഭണിതം

യോഹ 15:16

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല,
ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്.
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി
ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ മത്തിയാസിനെ
അപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി,
അങ്ങയുടെ സ്‌നേഹത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന ഞങ്ങള്‍ക്ക്,
തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടാന്‍വേണ്ട
അര്‍ഹത നല്കുമാറാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 1:15-17,20a-26
മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പോസ്തലന്മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.

അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു: സഹോദരരേ, യേശുവിനെ പിടിക്കാന്‍ വന്നവര്‍ക്കു നേതൃത്വം നല്‍കിയ യൂദാസിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂര്‍ത്തിയാകേണ്ടിയിരുന്നു. അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു. അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്നു സങ്കീര്‍ത്തനപ്പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം. യോഹന്നാന്റെ സ്‌നാനം മുതല്‍ നമ്മില്‍ നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍ . അവര്‍ ബാര്‍സബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദേശിച്ചു. ജോസഫിനു യുസ്‌തോസ് എന്നും പേരുണ്ടായിരുന്നു. അവര്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ. യൂദാസ് താന്‍ അര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍വേണ്ടി ഉപേക്ഷിച്ച അപ്പോസ്തലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ. പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പോസ്തലന്മാരോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 113:1-2,3-4,5-6,7-8

കര്‍ത്താവ് അവനെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ,
അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!

കര്‍ത്താവ് അവനെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.
or
അല്ലേലൂയ!

ഉദയം മുതല്‍ അസ്തമയംവരെ
കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.

കര്‍ത്താവ് അവനെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.
or
അല്ലേലൂയ!

നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?
അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.

കര്‍ത്താവ് അവനെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.
or
അല്ലേലൂയ!

അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു;
അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു.
അവരെ പ്രഭുക്കന്മാരോടൊപ്പം,
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.

കര്‍ത്താവ് അവനെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 15:9-17
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.
ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്. ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്.
ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ മത്തിയാസിന്റെ തിരുനാളില്‍
ആദരപൂര്‍വം അര്‍പ്പിക്കുന്ന
അങ്ങയുടെ സഭയുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കുകയും
അവവഴി അങ്ങയുടെ കൃപയുടെ ശക്തിയാല്‍ ഞങ്ങളെ
ദൃഢീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 15: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാണ് എന്റെ കല്പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചപോലെ
നിങ്ങളും പരസ്പരം സ്‌നേഹിക്കണം, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനങ്ങള്‍കൊണ്ട്
അങ്ങയുടെ കുടുംബത്തെ സമ്പുഷ്ടമാക്കുന്നതില്‍നിന്ന്
അങ്ങ് ഒരിക്കലും വിരമിക്കുന്നില്ലല്ലോ.
ഞങ്ങള്‍ക്കുവേണ്ടിയുള്ള വിശുദ്ധ മത്തിയാസിന്റെ മാധ്യസ്ഥ്യത്താല്‍,
വിശുദ്ധരുടെ പ്രകാശപൂര്‍ണമായ സൗഭാഗ്യത്തില്‍
പങ്കാളിത്തം ഞങ്ങള്‍ക്കു ലഭിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s