Fr Mathew Alummoottil

ഞങ്ങളുടെ ഇടയൻമാർ….

പൗരോഹിത്യ ജീവിതത്തിലെ

മുൻതലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി….

ആൽമരം പോലെ

അനേകർക്ക്‌ തണലായി മാറിയ

ആലുംമൂട്ടിലച്ചൻ…

Fr Mathew Alummoottil

Fr Mathew Alummoottil
ഫാ. മാത്യു ആലുംമൂട്ടിൽ

മെത്രാപ്പൊലീത്തമാർ ദേവാലയത്തിലെത്തുമ്പോൾ മെഴുകുതിരി നൽകി അവരെ സ്വീകരിക്കുക എന്നത് എല്ലാ വികാരിമാരും ചെയ്യുന്നതാണ്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ, തന്റെ ഇടവക പള്ളിയിലേക്ക് സ്വീകരിക്കുക എന്ന അസുലഭ ഭാഗ്യം എല്ലാവർക്കും ലഭിക്കുന്നതല്ലല്ലൊ. കേരളം സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 1986 ഫെബ്രുവരി 8ന് പട്ടം കത്തീഡ്രലിലേക്ക് മെഴുകുതിരി നൽകി സ്വീകരിച്ച മാത്യു ആലുംമൂട്ടിൽ അച്ചനെ പരിചയപ്പെടാം…

അടൂരിനടുത്ത് ആനന്ദപള്ളിയിൽ ആലുംമൂട്ടിൽ വീട്ടിൽ ഗീവർഗ്ഗീസ് – ഏലിയാമ്മ ദമ്പതികളുടെ ആറ് മക്കളിൽ നാലാമനായി 1946 ഏപ്രിൽ 7ന് ജനിച്ചു. ആനന്ദപള്ളിയിലെ ഗവൺമെന്റ് LP സ്കൂളിലും അടൂർ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

അച്ചന്റെ ബാല്യകാലത്താണ് ആനന്ദപള്ളിയിൽ മലങ്കര കത്തോലിക്കാ കൂട്ടായ്മ രൂപപ്പെടുന്നത്. ഇടവക വികാരിയായിരുന്ന ആന്റണി കേളാംപറമ്പിലച്ചന്റെ പൗരോഹിത്യ ജീവിതശ്രേഷ്ഠത അടുത്തറിഞ്ഞതിനാൽ വൈദീകനാകണമെന്ന ആഗ്രഹം ഉള്ളിലുദിച്ചു. പള്ളിയുടെ ഏതാവശ്യവും പ്രഥമ പരിഗണനയോടെ കാണുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവിതമാതൃക കണ്ട് വളർന്നയാൾ അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു. പള്ളിയുടെ മദ്ബഹ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഇടവക ആവശ്യപ്പെട്ടപ്പോൾ രണ്ട് പ്രാവശ്യം (ആദ്യപള്ളി പണിതപ്പോഴും, ഇപ്പോഴുള്ള പള്ളിക്കായും) ഔദാര്യപൂർവ്വം വിട്ട് നൽകിയത് അച്ചന്റെ കുടുംബമാണ്. 1963 ജൂൺ 1ന് പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. ഇക്കാലത്ത് മാർ ഈവാനിയോസ് കോളേജിൽ PUC പഠിച്ചു, തുടർന്ന് ഫിലോസഫി, തിയോളജി പഠനങ്ങൾ കോട്ടയം വടവാതൂർ സെമിനാരിയിൽ പൂർത്തിയാക്കി, 1972 ഡിസംബർ 18ന് തട്ടപള്ളിയിൽ പുണ്യശ്ളോകനായ ഗ്രീഗോറിയോസ് പിതാവിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. ബാല്യം മുതലേ ബനഡിക്ട് പിതാവുമായി അടുത്തിടപഴകാനുള്ള അവസരം അച്ചന് ലഭിച്ചിരുന്നു. ഓജസും തേജസും നിഷ്കളങ്കമായ ചിരിയുമുള്ള ബാല്യത്തിലെ ആ ഹീറോയെ അനുകരിച്ച് വൈദീകനാകണമെന്ന ചിന്ത അന്നേ മനസ്സിൽ രൂഡമൂലമായി, അതേ ഹീറോയിൽ നിന്ന് കൈവെപ്പ് സ്വീകരിക്കാനുള്ള അസുലഭ ഭാഗ്യവും സ്വർഗ്ഗം നൽകി. ഡിസംബർ 21ന് ഇടവക പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പണം നടത്തി.

വൈദീക ശുശ്രൂഷ

1973ൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഏറ്റവുമധികം മിഷനുകളാരംഭിച്ച പുരോഹിതൻ എന്ന ഖ്യാതി സ്വന്തമാക്കിയ ഫിലിപ്പ് ഉഴുന്നല്ലൂർ അച്ചന്റെ അസിസ്റ്റന്റായി ആദ്യ നിയമനം ബാലരാമപുരം പ്രദേശത്ത്. കണ്ണറവിള, കൊടങ്ങാവിള, ചായ്ക്കോട്ടുകോണം, കണ്ടള, പുന്നാവൂർ, പുത്തൻകാവുവിള, വണ്ടന്നൂർ, പൊറ്റ, മലയിൻകീഴ്, ചെമ്പരത്തിവിള മുതലായ 13 മിഷൻ കേന്ദ്രങ്ങളിൽ. ഇവയെല്ലാം ഇന്നത്തെ പാറശ്ശാല രൂപതയിലാണ്. 1974-ൽ പിരപ്പൻകോട് കേന്ദ്രമാക്കി മുദാക്കൽ, ചെമ്പൂര്, കുരുതപ്പൻകാവ്, പുല്ലാംപാറ, വളളിയപ്പൻകാട്, ഒറ്റക്കൊമ്പ്, പനവൂർ തുടങ്ങിയ 8 മിഷൻ കേന്ദ്രങ്ങളിലെ ശുശ്രൂഷ, പിരപ്പൻകോടിൽ ലോറൻസ് തോട്ടം അച്ചനൊപ്പം (ലോറൻസ് മാർ അപ്രേം പിതാവ്) താമസിച്ച് കുഷ്ഠരോഗാശുപത്രിയുടെ പ്രവർത്തനങ്ങളിൽ സഹായിയായി. 1975ൽ ഇന്നത്തെ മാർത്താണ്ഡം രൂപതയിലെ മരിയാഗിരി, മേക്കോട്, ചെറുവാരക്കോണം പള്ളികളിൽ വികാരിയായി. മരിയാഗിരിയിൽ 23 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാനും പത്തോളം പേർക്ക് ചെറുകിട കച്ചവടങ്ങൾ തുടങ്ങാനും അനേകം പേർക്ക് വിവിധ കൈത്തൊഴിലുകൾ അഭ്യസിക്കുവാനും നേതൃത്വം നൽകി. ചെറുവാരക്കോണത്ത് പുതിയ പള്ളി പണിയുന്നതിന് തുടക്കം കുറിച്ചു. 1978ൽ മിഷൻ കേന്ദ്രങ്ങളിൽ നിന്ന് മലയോര മണ്ണിലേക്കുള്ള പറിച്ചുനടീൽ. സീതത്തോട്, ഗുരുനാഥൻമണ്ണ്, വയ്യാറ്റുപുഴ, ചിറ്റാർ, പാമ്പിനി പ്രദേശങ്ങളിലെ ഇടയശുശ്രൂഷ. 1980ൽ പുലിയൂർ, ചെറിയനാട്, ഇലഞ്ഞിമേൽ പള്ളികളിലെ വികാരി. ഇലഞ്ഞിമേലിൽ വൈദീക മന്ദിരം പൂർത്തിയാക്കി, ഒരു കുരിശടി പണിതു. 1982ൽ പട്ടം കത്തീഡ്രൽ വികാരിയായും തിരുവനന്തപുരം ജില്ലാവികാരിയുമായി നിയമിതനായി. പട്ടം സെന്റ് മേരീസ് സ്കൂൾ ആധുനീകവത്കരിക്കുന്നതിന് തുടക്കം കുറിച്ചു. ബഹുനില കെട്ടിടങ്ങൾ പണിയുകയും ഇന്ന് കാണുന്ന വലിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിന് രൂപം നൽകുകയും ചെയ്തു. തുടർന്ന് 1988ൽ ബാലരാമപുരം,തെങ്കർകോണം, എരുത്താവൂർ, റസ്സൽപുരം പ്രദേശത്തേക്ക് കടന്നു ചെന്നു. എരുത്താവൂരിൽ പുതിയ പളളി പണിതു. 1990 മുതൽ വിശാലമായ മുക്കംപാല എസ്‌റ്റേറ്റിന്റെ ചുമതലയോടൊപ്പം മുക്കംപാല, അണക്കര, മാത്താർ, മുതലാർ പള്ളികളിലെ വികാരിയായുമുള്ള സേവനം. മുക്കംപാല ബഥനി എസ്റ്റേറ്റിനോട് ചേർന്ന് ഒരു ചെഷയർ ഹോം പണിയാൻ നേതൃത്വം നൽകി. ബഥനി കോൺവെന്റ് പണിതതും ഇക്കാലത്താണ്. എസ്റ്റേറ്റിൽ റബർ സംസ്കരിക്കുന്നതിനായി ഫാക്ടറി ആരംഭിച്ചു. മാത്താറിൽ ചെറിയ ക്ളിനിക് ആരംഭിച്ചു, കൂടാതെ mobile medical ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. 1996ൽ കൊല്ലം കടപ്പാക്കട, മുളവന, മരുതൂർ പള്ളികളിലെ ശുശ്രൂഷയോടൊപ്പം കൊല്ലം വൈദീക ജില്ലാ വികാരിയുമായിരുന്നു. 1997ൽ മരുതൂറിൽ വെച്ച് പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. 1999 മുതൽ പുത്തൻപീടിക, ഓമല്ലൂർ, ചീക്കനാൽ, പ്രക്കാനം പള്ളികളിലെ ഇടയ ശുശ്രൂഷ. പുത്തൻപീടികയിലെ ഓഡിറ്റോറിയം പൂർത്തിയാക്കി. ചീക്കനാലിൽ വൈദീക മന്ദിരം നിർമ്മിച്ചു. പുത്തൻപീടിക, ചീക്കനാൽ പള്ളികളുടെ ഉൾവശം നവീകരിച്ചു. 2006ൽ ഏഴംകുളം, തൊടുവക്കാട്, നെടുമൺ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു, തൊടുവക്കാട് വൈദീക മന്ദിരം പണിതു. ശേഷം 2007ൽ കടമ്മനിട്ട, വല്യയന്തി പള്ളികളിൽ നിയമിതനായി. കടമ്മനിട്ട പള്ളിയുടെ പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി സാധു യുവതികളുടെ സമൂഹവിവാഹവും അനേകർക്ക് പൂർണ്ണമായും ഭാഗികമായും വീടും നിർമ്മിച്ച് നൽകി. 1000 രൂപ വീതം വിദ്യാഭ്യാസ സഹായം നാനാജാതി മതസ്ഥരായ അനേകർക്ക് നൽകി. 2009ൽ മലങ്കര മേജർ സെമിനാരിയുടെ ധനകാര്യ ചുമതലയോടൊപ്പം (പ്രൊക്കുറേറ്റർ) കല്ലയം, കഴക്കൂട്ടം ഇടവകകളിൽ വികാരിയുമായി. കഴക്കൂട്ടം മിഷനിൽ ഒരു വീട് നിർമ്മിച്ച് നൽകി. 2013ൽ പത്തനംതിട്ട കത്തീഡ്രൽ വികാരിയായും ജില്ലാ വികാരിയായും സേവനം ചെയ്തു. പത്തനംതിട്ട കത്തീഡ്രലിൽ യൂദാശ്ളീഹായുടെ കുരിശടി നിർമ്മിച്ചു. 2016 മുതൽ സ്പൈനൽകോഡിനേറ്റ ക്ഷതം മൂലം പത്തനംതിട്ട സ്നേഹഭവനിൽ വിശ്രമിച്ചു കൊണ്ട് വിദഗ്ധ ചികിത്സയിലായിരുന്നു.

അതിവിശാലമായ തിരുവനന്തപുരം അതിരൂപതയുടെ എല്ലാ പ്രദേശങ്ങളിലും ഒരേപോലെ സേവനമനുഷ്ഠിക്കാൻ അച്ചനായി എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.

വികാരിയായി ശുശ്രൂഷ ചെയ്ത ഇടങ്ങളിലെല്ലാം വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെയും MCA യിലൂടെയും സോഷ്യൽ സർവ്വീസ് സൊസൈറ്റിയിലൂടെയും അനേകം പേർക്ക് വീട് വെച്ച് നൽകാനും സ്വയംതൊഴിൽ കണ്ടെത്താനുള്ള പരിശീലനം നൽകാനും വൈദ്യചികിത്സ ലഭ്യമാക്കാനുമെല്ലാം അച്ചനായി.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഇന്നു ജീവിച്ചിരിക്കുന്നവരും കാലം ചെയ്തവരുമായ പിതാക്കൻമാരുമായും അടുത്ത ബന്ധം പുലർത്തുന്ന അച്ചൻ അവരിൽ നിന്ന് സ്വീകരിച്ച വിവിധങ്ങളായ നന്മകളോർത്ത് ദൈവത്തെ സ്തുതിക്കുന്നു.

തിരുവനന്തപുരം അതിരൂപതയിലെ Director of Construction Works ആയി 9 വർഷം സേവനമനുഷ്ഠിച്ചു. നൂറോളം പള്ളികളും വിവിധ സ്ഥലങ്ങളിൽ സ്കൂളുകളും കെട്ടിടങ്ങളും പണിയാൻ നേതൃത്വം നൽകി.

സിറിൾ ബസേലിയോസ് ബാവാ തിരുമേനി മലങ്കര സഭയിലെ അത്മായരുടെ ശാക്തീകരണത്തിന് ഒരു സംഘടന ആവശ്യമാണെന്ന് മനസ്സിലാക്കി MCA (Malankara Catholic Association) രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ ഡയറക്ടറായി നിയമിച്ചത് അച്ചനെയാണ്.
തിരുവനന്തപുരത്തെ വിവിധ ഹോസ്പിറ്റലുകളിൽ താമസിച്ചുള്ള ചികിത്സ നടത്തേണ്ട നിർദ്ധന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും അഭയമരുളാൻ ഒരു ഇടമെന്ന സഭയുടെ സ്വപ്നം മലങ്കര കാത്തലിക് അസോസിയേഷന്റെ ത്യാഗോജ്ജ്വലമായ നേതൃത്വത്തിൽ സാക്ഷാത്കരിക്കപ്പെട്ടു. തമിഴ്നാട്ടിലെ മുതലാറിൽ വികാരിയായിരിക്കുമ്പോൾ ഒരു നിർദ്ധനരോഗിയെ തിരുവനന്തപുരത്തേക്ക് വൈദ്യസഹായത്തിനായി അയച്ചപ്പോൾ താമസക്‌ളേശം നേരിട്ടനുഭവിച്ചറിഞ്ഞ അച്ചനാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചതും അതിനായി സർവ്വാത്മനാ നേതൃത്വം നൽകിയതും. ശുശ്രൂഷാ ജീവിതത്തിൽ ഏറെ സംതൃപ്തി നൽകിയ ഒന്നായിരുന്നു അത്.

ജീവിതത്തിലെ ഏറ്റവും വലിയ ദൈവകൃപ മാർപാപ്പയുടെ കരം ചുംബിക്കാനുണ്ടായ ഭാഗ്യമല്ല, പിന്നെയോ തമിഴ്നാട്ടിലെ സേവനത്തിൽ വംശീയമായും സാമുദായികമായും ഭിന്നിച്ചു നിന്നിരുന്ന ഒരു ജനതയെ ദൈവസന്നിധിയിൽ കണ്ണുനീരോടുള്ള പ്രാർത്ഥനയാൽ ഒരുമിപ്പിച്ചതും അതിലൂടെ ഒരു കത്തോലിക്കാ പുരോഹിതന്റെ അനന്യത സ്വജീവിതത്തിൽ ബോധ്യമായതുമായ അനുഭവമാണെന്ന് അച്ചൻ ഉറച്ച് വിശ്വസിക്കുന്നു.

പത്തനംതിട്ടയിലെ ക്ളർജി ഹോമിൽ വിശ്രമിക്കുമ്പോഴും
വിവിധ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
എല്ലാ ഞായറാഴ്ച്ചകളിലും പത്തനംതിട്ട സ്നേഹഭവനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനോടൊപ്പം അനേകർക്ക് കൗൺസിലിംഗ്, കുമ്പസാരം ഇവയിൽ സഹായിക്കുന്നു.

പൗരോഹിത്യമെന്ന ദൈവീകദാനത്തിൽ സംതൃപ്തനായിരിക്കുന്ന, അമൂല്യമായ ഈ ജീവിതത്തിലൂടെ അനേകർക്ക് ഇന്നും നന്മകൾചെയ്തു ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന അച്ചന് പ്രാർത്ഥനാമംഗളാശംസകൾ…

ഏവർക്കും നന്മ
✍️സ്നേഹത്തോടെ
ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
(സിബി അച്ചൻ )

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s