ദിവ്യബലി വായനകൾ 6th Sunday of Easter 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

6th Sunday of Easter 

Liturgical Colour: White.

If the Ascension of the Lord is going to be celebrated next Sunday, the alternative Second Reading and Gospel shown here (which would otherwise have been read on that Sunday) may be used today.

പ്രവേശകപ്രഭണിതം

cf. ഏശ 48:20

സന്തോഷത്തിന്റെ സന്ദേശം പ്രഖ്യാപിക്കുക;
അത് കേള്‍ക്കപ്പെടട്ടെ.
കര്‍ത്താവ് തന്റെ ജനത്തെ രക്ഷിച്ചുവെന്ന്
ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഉത്ഥിതനായ കര്‍ത്താവിന്റെ മഹിമയ്ക്കായി
ഞങ്ങള്‍ അനുഷ്ഠിക്കുന്ന സന്തോഷത്തിന്റെ ഈ ദിനങ്ങള്‍
ഭക്തിതീക്ഷ്ണതയോടെ ആഘോഷിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, അതിന്റെ സ്മരണയാല്‍ ഞങ്ങള്‍ ആചരിക്കുന്നത്
പ്രവൃത്തിയിലും എപ്പോഴും നിലനിര്‍ത്തുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 8:5-8,14-17
പത്രോസും യോഹന്നാനും അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു.

പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്സോടെ ശ്രദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്മാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.
സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പോസ്തലന്മാര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുത്തേക്ക് അയച്ചു. അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 66:1-3,4-5,6-7,16,20

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ
ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍;
സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു,
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു,
അങ്ങയുടെ നാമത്തിനുസ്‌തോത്രമാലപിക്കുന്നു.
ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍,
മനുഷ്യരുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവര്‍ അതിലൂടെ നടന്നുനീങ്ങി,
അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും വാഴും.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍,
അവിടുന്ന് എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.
ദൈവം വാഴ്ത്തപ്പെടട്ടെ!
അവിടുന്ന് എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല;
അവിടുത്തെ കാരുണ്യം എന്നില്‍ നിന്ന് എടുത്തുകളഞ്ഞില്ല.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

രണ്ടാം വായന

1 പത്രോ 3:15-18
ക്രിസ്തു ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന്‍ പ്രാപിച്ചു.

ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മലമായി സൂക്ഷിക്കുവിന്‍. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും. നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതാണു ദൈവഹിതമെങ്കില്‍, അതാണു തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.
എന്തുകൊണ്ടെന്നാല്‍, ക്രിസ്തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കു വേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ
ദൈവസന്നിധിയില്‍ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്.
കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 14:15-21
ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. അല്‍പസമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും. ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങള്‍ അറിയും. എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
ഞങ്ങളുടെ പ്രാര്‍ഥനകളും അങ്ങയുടെ പക്കലേക്ക് ഉയരട്ടെ.
അങ്ങനെ, അങ്ങയുടെ മഹാമനസ്‌കതയാല്‍ ശുദ്ധീകരിക്കപ്പെട്ട്,
അങ്ങയുടെ മഹാകാരുണ്യത്തിന്റെ രഹസ്യങ്ങള്‍ക്ക്
ഞങ്ങള്‍ യോഗ്യരായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 14: 15-16

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ എന്റെ കല്പന പാലിക്കും.
ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും
എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍
മറ്റൊരു സഹായകനെ അവിടന്നു നിങ്ങള്‍ക്ക് തരുകയും ചെയ്യും,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍
അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക്
പുനരാനയിക്കുന്നുവല്ലോ.
പെസഹാരഹസ്യത്തിന്റെ ഫലങ്ങള്‍
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
രക്ഷാകരമായ ഭോജ്യത്തിന്റെ ശക്തി ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment