ഇ൪ഫാ൯ ഖാ൯ എന്ന നടന വിസ്മയ൦

രണ്ടു ദശാബ്ദത്തിൽ കൂടുതൽ പഴക്കമുണ്ട് എൻ്റെ ഈ ജീവന്. നിരവധി മരണങ്ങൾ കാണാനിടയായിട്ടുണ്ട്. ധാരാളം വിയോഗ വാർത്തകൾ വായിച്ചറിഞ്ഞിട്ടുണ്ട്. കലാ കായിക സാംസ്കാരിക മേഘലകളിലെ പല വ്യക്തികളും ഇക്കാലയളവിൽ മൺമറഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ പ്രായമാകാത്തതോ അവരുമായി അടുത്തബന്ധം ഓർമ്മകളിൽപ്പോലും പുലർത്താത്തതോ അറിയില്ല എന്തോ അവയൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്തിനേറെ വളരെ പ്രിയപ്പെട്ട ഒരാൻറിയുടെ മരണംപോലും മനസ്സിനെ ആഴത്തിൽ ഉലച്ചിട്ടില്ല. സ്വന്തമെന്നു കരുതുന്ന പലരുടെയും വിയോഗങ്ങൾ വരാനിരിക്കുന്നതേ ഉണ്ടാവൂ. പക്ഷെ ഇർഫാൻ ഖാൻ എന്ന നടൻ്റെ മരണം, ഈ ജീവിതകാലയളവിൽ മനസ്സിനെ ഇത്രയധികം തളർത്തിയ, ഓർക്കുംതോറും ദുഃഖമേറി വരുന്ന മറ്റൊരു വാർത്ത ശ്രവിച്ചിട്ടില്ല. ഹൃദയത്തോട് ചേർത്തു നിർത്തിയ ഒരാൾ ഒന്നും പറയാതെ പെട്ടെന്ന് മാഞ്ഞുപോയതുപോലെ. മരണവാർത്ത ഒരുപാട് വൈകിയാണ് അറിഞ്ഞത്. വല്ലാത്തൊരു ശൂന്യാവസ്ഥയായിരുന്നു അപ്പോൾ. എന്തു ചെയ്യണംന്ന് ഒരു പിടീം കിട്ടണില്ല. ജീവശ്വാസം കിട്ടാണ്ടു പിടയുന്ന മീനിനെപ്പോലെയോ മരണക്കുരുക്കിൽ കിടന്ന് വെപ്രാളപ്പെടുന്ന കുറ്റവാളിയെപ്പോലെയോ വളരെ ഭ്രാന്തമായ ഒരവസ്ഥ. ഫ്ലാറ്റിനുള്ളിലെ മൂന്നുപേരോടല്ലാതെ മറ്റാരോടും നേരിട്ടു സംവദിക്കാൻ കഴിയാതെ നാളുകളായി അടഞ്ഞുകഴിയുന്നതാകാം ഇതിൻ്റെ ഒരു കാരണമെന്ന് ആദ്യം കരുതി. പലരെയും ഫോൺ വിളിച്ചു. പലർക്കും മെസേജ് അയച്ചു. സങ്കടം പങ്കുവച്ചു. തുല്ല്യദുഃഖം പങ്കിടുന്ന ഒരുകൂട്ടം ആൾക്കാരുടെ എഴുത്തുകൾ വായിച്ചു. അപ്പോൾ പതിയെ മനസ്സിലായി തീർത്തും വ്യത്യസ്തമായ എന്തോ ഒരു പ്രത്യേകത ഈ മനുഷ്യനുണ്ടായിരുന്നുവെന്ന്. വായിച്ച എഴുത്തുകളിലെല്ലാം ഇർഫാൻ അവരുടെ സ്വന്തമെന്നപ്പോലെയാണ്. തൊട്ടടുത്ത വീട്ടിലെ ഒരയൽക്കാരനേപ്പോലെ, ആത്മാർത്ഥതയുള്ള കൂട്ടുകാരനേപ്പോലെ, സ്നേഹമയനായ പങ്കാളിയെപ്പോലെ. ഞാനും അതുതന്നെയാണ് അനുഭവിക്കുന്നതെന്ന് അപ്പോൾ മനസ്സിലായി. പ്രിയപ്പെട്ട ജ്യേഷ്ഠൻ മരണപ്പെട്ടതുപ്പോലെയുള്ള ഈ വിങ്ങൽ എന്തുകൊണ്ടാണെന്ന്. എങ്ങനെയാണ് ഒരു നടൻ ഇത്രയ്ക്കും പ്രിയപ്പെട്ടവനാകുന്നത്? അതിനുള്ള ഉത്തരം ഞാൻ വായിച്ച പല കുറിപ്പുകളിലുമുണ്ടായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച മെതേഡ് ആക്ടർ ആയി വാഴ്ത്തുന്നുണ്ട് പലരും. കഥാപാത്രങ്ങളുമായി സംവദിച്ച് അവയുടെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങിയ അതുല്ല്യ നടൻ. പക്ഷെ എല്ലാ കഥാപാത്രങ്ങളിലും നാം നമ്മുടെ പ്രിയപ്പെട്ട ഇർഫാനെയും കാണുന്നുണ്ട്. അതിൻ്റെ കാരണം ഒരുപക്ഷെ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ തങ്ങളിലൂടെ കാണിക്കാൻ ആ കഥാപാത്രങ്ങളും ആഗ്രഹിച്ചിട്ടുണ്ടാവാം എന്നതാവാം. അതുകൊണ്ടെന്തു പറ്റി, ഇർഫാനെന്ന നടനും ഇർഫാൻ അഭിനയിച്ച കഥാപാത്രങ്ങളും രണ്ടും നമുക്ക് പ്രിയപ്പെട്ടതായി. മെതേഡ് ആക്ടിംഗിൻ്റെയും നാച്ചുറൽ ആക്ടിംഗിൻ്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അതിവിദഗ്ദമായി തനിക്കുമാത്രം സാധിക്കുന്ന തന്മയത്വത്തോടെ നടന്ന് വിസ്മയങ്ങൾ സമ്മാനിച്ചു അദ്ദേഹം നമുക്ക്. പ്രിയപ്പെട്ട ഇർഫാൻ, നന്ദി. ഇത്ര മനോഹരമായി ജീവിച്ചതിന്, മനോഹരമായ ഒരു ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നതിനും!

JmJ

ckjoice@gmail.com

3 thoughts on “ഇ൪ഫാ൯ ഖാ൯ എന്ന നടന വിസ്മയ൦

Leave a comment