ദിവ്യബലി വായനകൾ Saturday before Ascension Sunday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

Saturday before Ascension Sunday 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. 1 പത്രോ 2:9

തിരഞ്ഞെടുക്കപ്പെട്ട ജനമേ,
അന്ധകാരത്തില്‍നിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു
വിളിച്ചവന്റെ ശക്തി പ്രഘോഷിക്കുവിന്‍, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ മാനസങ്ങള്‍ സത്പ്രവൃത്തികളാല്‍
നിരന്തരം രൂപപ്പെടുത്തണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, കൂടുതല്‍ ഉത്കൃഷ്ടമായത് എപ്പോഴും നിര്‍വഹിച്ചുകൊണ്ട്
നിത്യമായ പെസഹാരഹസ്യം ഞങ്ങള്‍ കൈവരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 18:23-28
അപ്പോളോസ് വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു യേശുതന്നെയാണെന്ന് തെളിയച്ചു.

പൗലോസ് അന്ത്യോക്യയിലേക്കുപോയി. കുറെക്കാലം അവിടെ ചെലവഴിച്ചതിനുശേഷം അവന്‍ യാത്ര പുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എല്ലാ ശിഷ്യര്‍ക്കും ശക്തി പകര്‍ന്നുകൊണ്ടിരുന്നു.
ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്‌സാണ്ഡ്രിയാക്കാരനായ ഒരു യഹൂദന്‍ എഫേസോസില്‍ വന്നു. അവന്‍ വാഗ്മിയും വിശുദ്ധ ലിഖിതങ്ങളില്‍ അവഗാഹം നേടിയവനുമായിരുന്നു. കര്‍ത്താവിന്റെ മാര്‍ഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ആത്മാവില്‍ ഉണര്‍വോടെ, തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അവന്‍ സിനഗോഗിലും ധൈര്യപൂര്‍വം പ്രസംഗിക്കാന്‍ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാര്‍ഗം കൂടുതല്‍ വ്യക്തമായി പറഞ്ഞുകൊടുത്തു. അവന്‍ അക്കായിയായിലേക്കു പോകാന്‍ ആഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രോത്സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന് ശിഷ്യര്‍ക്ക് എഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനു ശേഷം, കൃപാവരം മൂലം വിശ്വാസം സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായിച്ചു. എന്തെന്നാല്‍, അവന്‍ പൊതുസ്ഥലങ്ങളില്‍ വച്ച് വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു യേശുതന്നെയാണെന്ന് തെളിയിക്കുകയും യഹൂദന്മാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 47:2-3, 8-9, 10

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

ജനതകളേ, കരഘോഷം മുഴക്കുവിന്‍.
ദൈവത്തിന്റെ മുന്‍പില്‍ ആഹ്‌ളാദാരവം മുഴക്കുവിന്‍.
അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്;
അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്;
സങ്കീര്‍ത്തനം കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.
ദൈവം ജനതകളുടെമേല്‍ വാഴുന്നു,
അവിടുന്നു തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

അബ്രാഹത്തിന്റെ ദൈവത്തിന്റെ ജനത്തെപ്പോലെ,
ജനതകളുടെ പ്രഭുക്കന്മാര്‍ ഒരുമിച്ചുകൂടുന്നു;
ഭൂമിയുടെ രക്ഷാകവചങ്ങള്‍ ദൈവത്തിന് അധീനമാണ്;
അവിടുന്നു മഹോന്നതനാണ്.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 16:23b-28
പിതാവു നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും. ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെ അറിയിക്കും. അന്ന് നിങ്ങള്‍ എന്റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ഥിക്കാം എന്നു പറയുന്നില്ല. കാരണം, പിതാവു തന്നെ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍ നിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു. ഞാന്‍ പിതാവില്‍ നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 17:24

പിതാവേ, അങ്ങ് എനിക്കു നല്കിയവര്‍, ഞാന്‍ ആയിരിക്കുന്നേടത്ത്
എന്നോടുകൂടെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അങ്ങനെ, അങ്ങ് എനിക്കു നല്കിയ മഹത്ത്വം അവര്‍ കാണട്ടെ, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ അപേക്ഷിച്ചുകൊണ്ട്,
ദിവ്യരഹസ്യത്തിന്റെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങയുടെ പുത്രന്‍ തന്റെ അനുസ്മരണത്തിനായി
ഞങ്ങളോടു കല്പിച്ചതനുസരിച്ചുള്ള ഈ ദാനങ്ങള്‍,
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയിലേക്ക് ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment