ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം

ചിന്തിക്കാം…
ധ്യാനിക്കാം…
പ്രാർത്ഥിക്കാം…

ഈശോയിൽ പ്രിയപ്പെട്ടവരേ,

ഇന്നത്തെ സുവിശേഷം (Mt 3/7-12) മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ്. “മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ (Mt 3/8). വചനം വീണ്ടും പറയുന്നു:” നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും.” (Mt 3/10).

പരിശുദ്ധാത്മാവിൽ നിറയുന്ന ഓരോരുത്തരുമാണ് ഫലം നൽകാൻ പോകുന്നതെന്നും സ്നാപക യോഹന്നാൻ വിളിച്ചുപറയുന്നുണ്ട്. സുവിശേഷത്തിലും, യേശുവിന്റെ പ്രബോധനത്തിലും പ്രധാനപ്പെട്ടതാണ്, ‘ഫലം നൽകുക’ എന്നത്. ഫലമില്ലാത്ത അത്തിമരത്തെ യേശു ശപിക്കുന്നതും (Mt 21/18-22), ശാഖകൾ മുന്തിരിചെടിയോടു ചേർന്നുനിന്നു ഫലം നല്കുന്നതുപോലെ യേശുവിൽ വസിച്ചുകൊണ്ടു ഫലം പുറപ്പെടുവിക്കണമെന്നും ( യോഹ 15/1-7) ഉള്ള ആഹ്വാനവും സുവിശേഷത്തിൽ നാം കണ്ടെത്തുന്നുണ്ട്. യഥാർത്ഥത്തിൽ, വചനത്തിലെ ‘ഫലം’ സൂചിപ്പിക്കുന്നതെ ന്താണ്? ഇത് മനസ്സിലാക്കണമെങ്കിൽ ഫലം കൊണ്ട് ആർക്കാണ് പ്രയോജനം ഉണ്ടാകുന്നതെന്ന് നമ്മൾ ചിന്തിക്കണം. മാമ്പഴം മാവിന് പ്രയോജനം ചെയ്യുന്നില്ല; അത്തിപ്പഴം അത്തിക്കു പ്രയോജനം ചെയ്യുന്നില്ല. എന്നാൽ, അത് മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്നു. നമ്മിലെ ‘ഫലം’ ഫലമാകുന്നത്, മറ്റുള്ളവർ അത് അനുഭവിക്കുമ്പോഴാണ്. അത് മറ്റുള്ളവർക്ക് സന്തോഷവും നന്മയും ആരോഗ്യവും തൃപ്തിയും നൽകുമ്പോഴാണ്. നമ്മിൽ ഫലമില്ലാതെ വരുമ്പോൾ മറ്റുള്ളവർക്ക് കിട്ടേണ്ട നന്മയും സന്തോഷവും അനുഗ്രഹവും നാം തടസ്സപ്പെടുത്തുകയാണ്, ഇല്ലാതാക്കുകയാണ് സഹോദരങ്ങളിലേക്ക് ദൈവത്തിന്റെ നന്മകൾ കടന്നുവരാൻ നമ്മുടെ ജീവിതം തുറന്നു കൊടുക്കുന്നതാണ് മാനസാന്തരം. ദൈവാനുഗ്രഹത്തിന്റ ചാലുകളായി നമ്മുക്ക് ലോകത്തിൽ ജീവിക്കാം.

നല്ല ദിവസം! നമ്മിലൂടെ സഹോദരങ്ങളിലേക്കു ദൈവത്തിന്റെ നന്മകൾ ഒഴുകട്ടെ!

റോയ് പുലിയുറുമ്പിൽ mcbs

Leave a comment