കോപ്പർനിക്കസ് – ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്

മെയ് 24
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്,
കോപ്പർനിക്കസ് (Nicolaus Copernicus)
Nicolaus Copernicus (1473 – 1543)

Nicolaus Copernicus

“എന്റെ കൃതിയെ വിമർശിക്കാൻതന്നെ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ‘വിടുവായരായ’ ചിലരുണ്ട്‌. ഗണിതത്തെക്കുറിച്ചു തരിമ്പും അറിവില്ലാത്തവരാണ്‌ ഇക്കൂട്ടർ. ബൈബിളിലെ ചില ഭാഗങ്ങൾ സ്വന്തം ഉദ്ദേശ്യങ്ങൾക്കായി ഒരു ലജ്ജയുമില്ലാതെ വളച്ചൊടിക്കുന്ന ഇവർ എന്റെ കൃതിയെ കുറ്റപ്പെടുത്താനും ആക്രമിക്കാനും മുതിരുകയാണ്‌. എനിക്കതിൽ വലിയ ഉത്‌കണ്‌ഠയൊന്നുമില്ല, അതുകൊണ്ടുതന്നെ അവരുടെ വിമർശനങ്ങളെ ലക്കുകേടായി ഞാൻ പുച്ഛിച്ചുതള്ളും.”
(കോപ്പർനിക്കസ്‌ പോൾ മൂന്നാമൻ പാപ്പായ്‌ക്ക്‌ എഴുതിയ കത്തിൽനിന്ന്. പിന്നീട് ‘ഓൺ ദ റവല്യൂഷൻ ഓഫ് ദ സെലസ്റ്റിയൽ സ്ഫിയേഴ്സ്’ എന്ന തന്റെ കൃതിയുടെ ആമുഖത്തിൽ അദ്ദേഹം ഈ വാക്കുകൾ എഴുതിച്ചേർത്തു).

ഭൂമിയും ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്ന സൂര്യ കേന്ദ്രിതവ്യവസ്ഥ എന്ന ആശയത്തോടെ വിപ്ലവം സൃഷ്ടിച്ച പോളീഷ് ഗണിത ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു കോപ്പർനിക്കസ്.

”എല്ലാത്തിനും മധ്യത്തിൽ കിരീടം ചൂടിയ സൂര്യൻ ഇരിക്കുന്നു” –
നിക്കൊളസ് കോപ്പർനിക്കസ് പ്രഖ്യാപിച്ചു. പാശ്ചാത്യ ലോകം ഞെട്ടി. മത സ്ഥാപനങ്ങളും ശാസ്ത്രലോകവും അമ്പരന്നു. ക്രൈസ്തവ മതാധികാരികൾ കോപിഷ്ഠരായി. ‘കോപ്പർനിക്കൻ വിപ്ലവം’ എന്നാണ് അതറിയപ്പെട്ടത്. ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്ന അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും 14 നൂറ്റാണ്ട് പഴക്കമുള്ള ഭൂകേന്ദ്രിത സിദ്ധാന്തം ഇളകി വീണു. നവലോകത്തിന്റെ തുടക്കമായിരുന്നു അത്.

ടോളമിക്കു മുമ്പു പൈതഗോറസ്‌, അരിസ്റ്റാർക്കസ്‌ എന്നിവർ സൂര്യകേന്ദ്രസിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു. സിസെറോ, പ്ലൂട്ടോർക്ക്‌ എന്നിവരുടെ രചനകളിലും ഇതിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അവർക്കാർക്കും തന്നെ തങ്ങളുടെ വാദഗതിക്ക് അനുസരിച്ച്, യുക്തിഭദ്രമായ വ്യാഖ്യാനങ്ങളോ തെളിവുകളോ നല്‌കാൻ കഴിഞ്ഞിരുന്നില്ല.

ഫ്രോൺബർഗിലെ കത്തീഡ്രലിൽ പുരോഹിതനായിരുന്ന കോപ്പർനിക്കസിനെ  ഇറ്റലിയിൽ നിന്നും ഉയർന്നു വന്ന മാനവികതാവാദപരമായ ആശയങ്ങൾ ആകർഷിച്ചു. ബൗദ്ധികലോകത്തിന്റെ പുതിയ കേന്ദ്രമായിരുന്നു അന്ന് ഇറ്റലി.1496-ൽ ബൊളോണ സർവകലാശാലയിൽ ചേർന്നു. തുടർന്ന് പാദുവ, ഫെറാറ സർവകലാശാലയിലും. ക്രൈസ്തവ കാനോൻ നിയമം, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയ്ക്കു പുറമേ ഗ്രീക്കും റോമൻ നിയമവും വൈദ്യശാസ്ത്രവും തത്ത്വചിന്തയും പഠിച്ചു. പിന്നീട് അദ്ദേഹം നടത്തിയ ശാസ്ത്ര വിപ്ലവത്തിന് അടിത്തറ പാകിയത് അക്കാലത്തെ ഏറ്റവും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ഡൊമനിക്കോ മറിയ ഡാ നൊവാറ (1454-1504) യുടെ കീഴിലുള്ള പരിശീലനമാണ്.

1514-ൽ തന്റെ പുതിയ സിദ്ധാന്തത്തിന്റെ ലഘുരൂപം സുഹൃത്തുക്കൾക്ക് വായിക്കാൻ നൽകി. ‘ലഘു സംക്ഷേപം’ എന്നാണ് ഇതറിയപ്പെടുന്നത്. അന്ന് ദൂരദർശിനി കണ്ടുപിടിക്കാതിരുന്നകാലത്ത് ഫ്രോൺ ബർഗിലെ കത്തീഡ്രൽ പള്ളിയുടെ ഗോപുര മുറിയിൽ ഒരു ചെറിയ വാനനിരീക്ഷണാലയം രൂപപ്പെടുത്തി. ടോളമിയുടെ വാദങ്ങളും കണക്കുകളും പൊരുത്തപ്പെടുന്നവയല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നിരവധി ആലോചനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ഭൂമിയല്ല സൂര്യനാണ് ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രമെന്ന് ഉറപ്പിച്ചത്.

ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത്‌ ഒരേ ദിശയിലാണ്‌. അവയിലൊന്നായ ഭൂമി സ്വന്തം അച്ചുതണ്ടിൽ ദിവസം ഒരുതവണ കറങ്ങുകയും വർഷത്തിൽ ഒരുതവണ സൂര്യനെ വലംവെക്കുകയും ചെയ്യുന്നു.
സൂര്യനിൽനിന്നുള്ള ദൂരമനുസരിച്ച്‌ ഏറ്റവും അടുത്തതു ബുധൻ, പിന്നെ ശുക്രൻ, ഭൂമിയും അതിന്റെ ചന്ദ്രനും, ചൊവ്വ, വ്യാഴം, ശനി എന്ന് എഴുതി. എന്നാൽ ക്രൈസ്തവസഭ കോപിക്കുമെന്ന ഭയത്താൽ പ്രസിദ്ധീകരിച്ചില്ല. മുപ്പത്ത് വർഷം തന്റെ സിദ്ധാന്തം അദ്ദേഹം വെട്ടിത്തിരുത്തിയെഴുതി. പ്രാഗിൽനിന്നും കണ്ടുകിട്ടിയപ്പോഴാണ് അദ്ദേഹം നടത്തിയ തിരുത്തിയെഴുത്തുകൾ വ്യക്തമായത്. ലാറ്റിൻ ഭാഷയിലായിരുന്നു അവ.

1539-ൽ ജർമനിയിലെ വിറ്റൻബർഗ്‌ സർവകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകനും ലൂതറൻ വിശ്വാസിയുമായ റേറ്റിക്കുസ് (ജോർജ് ജൊവോക്കിം ലോക്കൻ) കോപ്പർനിക്കസിനെ സന്ദർശിച്ചു. രണ്ടുവർഷം അദ്ദേഹത്തോടൊപ്പം താമസിച്ചു. ഈ സിദ്ധാന്തങ്ങൾ പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ച റേറ്റിക്കുസ്‌ 1542-ൽ കൈയെഴുത്തുപ്രതിയുടെ ഒരു കോപ്പിയുമായി ജർമനിയിലേക്കു മടങ്ങി. തുടർന്ന്‌, പെട്രെയുസ്‌ എന്ന അച്ചടിക്കാരന്റെ കൈയിൽ ഏൽപ്പിച്ചു. മറ്റൊരു ലൂതറൻ വിശ്വാസിയായ ആൻഡ്രിയാസ്‌ ഓസിയാൻഡർ എന്ന ഒരു പുരോഹിതനാണ് മേൽനോട്ടം വഹിച്ചത്.

സ്വന്തം അച്ചുതണ്ടിൽ കറക്കുന്ന ഭൂമിയുടെ ദിവസ ഭ്രമണവും, സ്ഥായിയായി നിൽക്കുന്ന സൂര്യന് ചുറ്റുമുള്ള പരിക്രമണവും വിശദീകരിച്ചു കൊണ്ട്, ആധുനിക ശാസ്ത്രത്തിൽ ദൂരവ്യാപകമായ ചലനം സൃഷ്ടിച്ച കോപ്പർനിക്കസിന്റെ ‘ഖഗോള മണ്ഡലങ്ങളുടെ ഭ്രമണത്തെപ്പറ്റി (ഓൺ ദ റവല്യൂഷൻ ഓഫ് ദ സെലസ്റ്റിയൽ സ്ഫിയേഴ്സ്) എന്ന ഗ്രന്ഥം 1543 ൽ പുറത്തിറങ്ങി.

ഓൺ ദ റവല്യൂഷൻ-ന് മേൽനോട്ടം വഹിച്ച ഓസിയാൻഡർ തന്നിഷ്ടപ്രകാരം ആമുഖത്തിൽ ഇങ്ങനെ എഴുതി: ‘ജ്യോതിശാസ്ത്രത്തെ മുഴുവൻ മാറ്റിമറിക്കാൻ ഈ വിഡ്ഢി ആഗ്രഹിക്കുന്നു; പക്ഷേ,വിശുദ്ധ ഗ്രന്ഥം നമ്മോടു പറയുന്നത് യോശുവ സൂര്യനെ നിശ്ചലമാക്കി നിർത്തിയെന്നാണ്, ഭൂമിയെയല്ല.’ കോപ്പർനിക്കസിന്റെ സിദ്ധാന്തം ഊഹാധിഷ്ഠിതം മാത്രമാണെന്നും ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കാനായി എഴുതിയിട്ടുള്ള അവയഥാർത്ഥ്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നുകൂടി ആ പുരോഹിതൻ എഴുതി. ലൂതറെ പ്രീതിപ്പെടുത്താൻ ലക്ഷൃമിട്ട ഈ മുഖവുര പിന്നീട് വിസ്മൃതമാവുകയും കോപ്പർനിക്കസിന്റെ ഗ്രന്ഥം ശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിക്കുകതന്നെ ചെയ്തു.

ഈ പുസ്‌തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങളെപ്പറ്റി 16-ാം നൂറ്റാണ്ടിലെ ഒരു ജസ്യൂട്ട്‌ പുരോഹിതനായ ക്രിസ്റ്റഫ്‌ ക്ലാവിയുസ്‌ ഇങ്ങനെ പറഞ്ഞു: “കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിൽ നിരവധി അബദ്ധജടിലമായ, തെറ്റായ പ്രസ്‌താവനകളുണ്ട്‌.”
ജർമൻ ദൈവശാസ്‌ത്രജ്ഞനായ മാർട്ടിൻ ലൂഥറിന്റെ വിലാപം ഇങ്ങനെയായിരുന്നു: ”ആ വിഡ്‌ഢി ജ്യോതിശ്ശാസ്‌ത്രത്തെ മുഴുവൻ തകിടംമറിക്കും.”

പിൽക്കാലത്ത് ഗലീലിയോയെ പോലെ വിചാരണയൊന്നും കോപ്പർനിക്കസിന് നേരിടേണ്ടി വന്നില്ലെങ്കിലും 1616-ൽ കത്തോലിക്കാ സഭ പുസ്തകം നിരോധിച്ചു. രണ്ടു നൂറ്റാണ്ടിനുശേഷം 1835-ലാണ് നിരോധനം നീക്കിയത്.
കോപ്പർനിക്കസ് തിരികൊളുത്തിയ ശാസ്ത്രവിപ്ലവത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ടൈക്കോ ബ്രാഹെയും, ജോഹന്നാസ് കെപ്ലറും, ഗലീലിയോ ഗലീലിയും പിന്നീട് ഐസക് ന്യൂട്ടണും ശാസ്ത്രത്തെ മുന്നോട്ടു നയിച്ചത്.

Nikolaus Kopernikus

Nikolaus Kopernikus

Leave a comment