ചിന്തിക്കാം, ധ്യാനിക്കാം, പ്രാർത്ഥിക്കാം

ചിന്തിക്കാം…
ധ്യാനിക്കാം… 
പ്രാർത്ഥിക്കാം…

ഈശോയിൽ പ്രിയപ്പെട്ടവരേ,

യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവായ ദൈവത്തിന്റെ സ്നേഹവും കാരുണ്യവും അനുഗ്രഹവും ലോകത്തോട് പ്രഘോഷിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്തുശിഷ്യന്‌ വേണ്ട ഗുണങ്ങൾ ഇന്നത്തെ സുവിശേഷം
(Lk 14/25-35) നമ്മെ പഠിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വചനഭാഗമാണ് ഇത്. ക്രിസ്തു ശിഷ്യത്വത്തിന്റെ പൂർണ്ണതയായി അവതരിപ്പിക്കപ്പെടുന്ന സന്യാസ സമർപ്പിത ജീവിതത്തെ ഇന്ന് പല കണ്ണുകളിലൂടെ നോക്കിക്കാണുകയും പല ചിന്ത കളിലൂടെ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഈശോ പറയുന്ന വചനങ്ങൾ നമ്മൾ മറക്കാൻ പാടില്ല, പ്രത്യേകിച്ച് ക്രൈസ്തവർ. യേശുവിന്റെ ശിഷ്യത്വവും സന്യാസ
സമർപ്പണവും എപ്പോഴും ഉപേക്ഷിക്കലിന്റെയും നഷ്ടപ്പെടുത്തലിന്റെയും അനുഭവം ആയിരിക്കണം. ക്രിസ്തുവിനെ മാത്രം നേടാനുള്ളതായിരിക്കണം ക്രിസ്തുശിഷ്യത്വം. സന്യാസത്തിൽ നിന്നും ശിഷ്യത്വത്തിൽനിന്നും എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് യേശു മാത്രമായിരിക്കണം. യേശുവിനെ ഒഴിച്ച് ബാക്കി എന്തെല്ലാം നേടുമ്പോഴും അത്i യേശുവിനെ നഷ്ടപ്പെടുത്തുന്നു. യേശുവിന്റെ അടുത്തു വരുന്നവരെല്ലാം യേശുവിന്റെ ശിഷ്യരാകുന്നില്ല, ആകാൻ സാധിക്കുന്നില്ല. മൂന്നു കാര്യങ്ങളാണ് തന്റെ ശിഷ്യനാകാൻ യേശു ആവശ്യപ്പെടുന്നത് : “സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല.”
(Lk 14/25-26). യേശു വീണ്ടും പറയുന്നു : “ഇതുപ്പോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധിക്കുകയില്ല.”
(Lk 14/33)
യേശു ശിഷ്യനാകാൻ ആഗ്രഹിക്കുന്നവൻ നിത്യജീവനെ സ്നേഹിക്കണം; കുരിശിനെ സ്നേഹിക്കണം; ഉപേക്ഷിക്കുന്നതിനെ സ്നേഹിക്കണം.
മറ്റൊരു വാക്കിൽ, ക്രിസ്തു ശിഷ്യനെ തിരിച്ചറിയാനുള്ള അടയാളങ്ങൾ – നിത്യജീവൻ, കുരിശു, ഉപേക്ഷിക്കൽ – ഇവയാണ്. ഇവ നഷ്ടപ്പെടുമ്പോൾ ശിഷ്യൻ ക്രിസ്‌തുവിന്‌ ഉപയോഗ ശൂന്യനാകുന്നു.

നല്ല ദിവസം! നല്ല ശിഷ്യനാകാൻ ദൈവം അനുഗ്രഹിക്കട്ടെ

റോയ് പുലിയുറുമ്പിൽ mcbs

Leave a comment