സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മറുപടിയുമായി മലയാളി പെൺകുട്ടി

ലുസി കളപ്പുരക്ക് മറുപടിയുമായി അയർലണ്ടിൽ നിന്ന് ഒരു പെൺകുട്ടി. കുറിപ്പ്‌ വായിക്കുക. ” ളോഹതാങ്ങി’ എന്ന് എന്നെ വിളിക്കുന്നവരോട് ഞാൻ പറയാറുണ്ട് ആ പേര് ഞാൻ ഒരലങ്കാരമായിട്ടാണ് കാണുന്നതെന്ന് .

ആദ്യമായി ദേവാലയത്തിൽ എന്നെ കൊണ്ടുചെന്ന്, എനിക്ക് മാമോദീസ നൽകി എനിക്ക് സഭയെന്ന അമ്മയെ നൽകിയ അന്ന് മുതലുള്ള ആത്മബന്ധമാണ് വൈദീകരോട്.

കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ള ഒരു വികാരിയച്ചൻ, എന്റെ ബാല്യത്തിന്റെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. “മിടുക്കിയാണുട്ടോ” എന്നും പറഞ്ഞ് അച്ചൻ തന്നിരുന്ന ഒരു മാൻഗോ ബൈറ്റോ എക്ലെർസോ ആയിരുന്നു ഞായറാഴ്ചകളെ ഇഷ്ടപെടാനുള്ള ഒരു പ്രധാന കാരണം.

പോട്ടാ ആശ്രമത്തിൽ അമ്മാമയുടെ കയ്യും പിടിച്ച് എല്ലാ ആഴ്ചയും പോകുമ്പോൾ തലയിൽ കൈ വെച്ച് പ്രാർത്ഥിച്ച വൈദീകർ അനേകമാണ്. ആദ്യ കുർബാന സ്വീകരണത്തിന് പേടിച്ച് പേടിച്ച് നമസ്കാരങ്ങൾ ചൊല്ലി കേൾപ്പിക്കാൻ പോയപ്പോൾ സ്നേഹത്തോടെ വിളിച്ച് അടുത്തിരുത്തി നമസ്കാരങ്ങൾ ചോദിച്ച ഒരു അച്ചനുണ്ട്.

ആദ്യ കുമ്പസാരത്തിൽ പാപങ്ങൾ ഏറ്റ് പറഞ്ഞതിന് ശേഷം “ഈശോയ്ക്ക്, ഏറ്റവും ഇഷ്ടമുള്ള കൊച്ച് കുറുമ്പ് കാണിച്ചാൽ ഈശോക്ക് എന്ത് സങ്കടം ആയിരിക്കും…. നാളെ ഈശോയെ സ്വീകരിക്കാനുള്ളതല്ലേ. ഇനി നല്ല കുട്ടി ആയിട്ടിരുന്നോള്ളുട്ടാ” എന്ന് അച്ചൻ പറഞ്ഞ് തന്നതിലും വലിയ പാഠങ്ങൾ ഒന്നും, കുമ്പസാരത്തെകുറിച്ചോ കുർബാന സ്വീകരിക്കാനുള്ള യോഗ്യതയെകുറിച്ചോ ഞാൻ പിന്നീട് പഠിച്ചിട്ടില്ല.

ആദ്യമായി അൾത്താരയിൽ ശുശ്രുഷ ചെയ്ത ദിവസം ചൊല്ലാൻ മറന്നുപോയ പ്രാർത്ഥനക്ക് ചീത്ത കേൾക്കുമോ എന്ന് പേടിച്ച് നിന്നപ്പോൾ ഭംഗിയായി പ്രാർത്ഥനകൾ ചൊല്ലി എന്നും പറഞ്ഞ് അഭിനന്ദിച്ച് എല്ലാവരെയുംകൊണ്ട് കൈ അടിപ്പിച്ച അച്ചനാണ് ഇന്നും സഭയോട് ചേർന്ന് നിൽക്കുവാനുള്ള പ്രചോദനങ്ങളിൽ ഒരു കാരണം.

എന്നാൽ ആകുംവിധം, സഭയാകുന്ന എന്റെ അമ്മയുടെ ശുശ്രുഷകളിൽ പങ്ക് ചേർന്ന് പോകുമ്പോൾ, ഒരുപാട് വന്ദ്യ വൈദികരുടെ കൂടെ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അവരിൽ ചിലരൊക്കെ നല്ല സൗഹൃദങ്ങളും സമ്മാനിച്ചിട്ടുണ്ട്.

അവരെയെല്ലാം “അച്ചാ” എന്ന് വിളിക്കുമ്പോൾ ഉള്ളിൽ ഉറച്ചൊരു ബോധ്യമുണ്ട്; ഞാൻ അവരുടെ മകളാണെന്ന്.

പള്ളിയിൽ എന്നും രാവിലെ കുർബാനക്ക് ഒരുമിച്ച് വന്ന് ഒരുമിച്ച് പ്രാർത്ഥിച്ച് തിരിച്ച് പോകുന്ന സിസ്റ്റേഴ്സ് ബാല്യത്തിലെ സുഖമുള്ളൊരു ഓർമയാണ്. വലുതാകുമ്പോൾ അവരിലൊരാളാകണം എന്ന മോഹം ഉള്ളിൽ ഉണ്ടാകാൻ മാത്രം സൗന്ദര്യമുള്ളതും നന്മ നിറഞ്ഞതുമായിരുന്നു അവരുടെ ജീവിതവും ഇടപെടലുകളും.

ഇന്നും നാട്ടിൽ പോയാൽ ദേവാലയത്തിൽ ചെല്ലുമ്പോൾ കണ്ണുകൾ അവരെ തിരയാറുണ്ട്. ആദ്യമായി സ്കൂളിൽ ചെന്ന ദിവസം സമാധാനിപ്പിച്ച് ക്ലാസ്സ്‌ മുറിയിലേക്ക് കൊണ്ടു ചെന്നാക്കിയ സിസ്റ്ററമ്മയെ മറക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല.

നാട്ടിലും വിദേശത്തും പഠിച്ചതൊക്കെ കോൺവെന്റ് സ്കൂളുകളിൽ ആയിരുന്നതുകൊണ്ട് സിസ്റ്റർ അമ്മമാർ എന്നും പ്രിയപ്പെട്ടവരായിരുന്നു. ഇത്രേം പറഞ്ഞത് വെറുമൊരു സാധാരണ വിശ്വാസിയായ എനിക്ക് ഞാൻ കണ്ടുമുട്ടിയിട്ടുള്ള വൈദികരും സന്യസ്തരും എനിക്ക് ആരാണെന്ന് പറയാൻ വേണ്ടി മാത്രമാണ്.


ഇനി ബഹുമാനപ്പെട്ട മുൻ കന്യാസ്ത്രി ലൂസി ചേച്ചിയോട്,

സമർപ്പിത ജീവിതത്തിൽ വർഷങ്ങൾ പിന്നിട്ട നിങ്ങളെപോലെയുള്ള പ്രായം ചെന്നൊരു സ്ത്രീ ചെയ്യേണ്ടതോന്നുമല്ല, നിങ്ങൾ ചെയുന്നത് എന്നറിയാം. എങ്കിലും ചോദിക്കട്ടെ, തന്റെ ശുശ്രുഷാ ജീവിതത്തിൽ നിന്നും വിരമിക്കാൻ കാത്തിരിക്കുന്ന പ്രായമായൊരു വൈദികനെയും, ഒരു തെറ്റും ചെയ്യാത്ത, നിങ്ങളെപ്പോലെ തന്നെ ഒരു സ്ത്രീയായ ഒരു സിസ്റ്ററെയും മനഃപൂർവം ട്രാപ് ചെയ്യാൻ മാത്രം പുഴുത്ത മനസുമായി ജീവിക്കുന്ന നിങ്ങൾക്ക് ഇനിയും എന്തിനാണ് കർത്താവിന്റെ മണവാട്ടി എന്നൊരു ലേബൽ?

പാംപ്ലാനി പിതാവിന് മറുപടി കൊടുക്കുന്ന വീഡിയോയിൽ സന്യാസത്തിന്റെ ചൈതന്യം വീഴ്ച വരുത്താതെ ജീവിക്കുന്ന ആളാണ് നിങ്ങൾ എന്ന് സ്വയം അവകാശപ്പെടുന്നത് കണ്ടു. നിങ്ങൾ ഒരു ചൈതന്യവും ജീവിച്ച് കാണിച്ച് തരേണ്ട. മനുഷ്യന്റെ അടിസ്ഥാന യോഗ്യതയായ സത്യസന്ധത, ലേശം എങ്കിലും എവിടുന്നെങ്കിലും വാങ്ങാൻ കിട്ടുമോ എന്ന് നോക്ക്.

പിതൃസ്ഥാനീയനും, മാതൃസ്ഥാനീയയുമായി കാണേണ്ട രണ്ട് വ്യക്തികളെ തമ്മിൽ ഇതുപോലെയൊരു മ്ലേച്ഛമായ കഥ മെനഞ്ഞുണ്ടാക്കാൻ മാത്രം മലിനമായ നിങ്ങളുടെ മനസിനെ ഓർത്ത് സ്വയം ലജ്ജിക്കുകയും ചെയ്ത തെറ്റിന് ആ പുരോഹിതനോടും സിസ്റ്ററോടും മാപ്പ് പറയാനുള്ള മാന്യത എങ്കിലും നിങ്ങൾ കാണിക്കണം. തെളിവ് സഹിതം നിങ്ങളുടെ തറ നാടകം പിടിക്കപ്പെട്ടിട്ടും സ്വയം ന്യായീകരിച്ച് മുൻപോട്ട് പോകാനാണ് ഭാവം എങ്കിൽ പുഴുത്ത പട്ടിയുടെ വില പോലും നിങ്ങൾക്ക് ഉണ്ടാകില്ല.

മഠത്തിനുള്ളിൽ അനുവാദമില്ലാതെ മാധ്യമ പ്രവർത്തകരെ അടുക്കളവാതിലിൽകൂടി കയറ്റിയതിനെ ചോദ്യം ചെയ്ത പുരോഹിതനെതിരെ എന്റെ സ്ത്രീത്വത്തെ അപമാനിച്ചേ എന്നും പറഞ്ഞ് ചാനലുകളിൽ നടത്തിയ നാടകമൊന്നും ആരും മറന്നിട്ടില്ല.

ഈ സ്ത്രീത്വം, ആത്മാഭിമാനം, എന്നിവായൊക്കെ നിങ്ങൾക്ക് മാത്രമുള്ള കാര്യങ്ങൾ ആണെന്ന് കരുതരുത്. നിങ്ങൾ ഇന്നലെ അപമാനിച്ചത് വര്ഷങ്ങളായി ക്രിസ്തുവിനും അവന്റെ സഭക്കും വേണ്ടി സ്വയം സമർപ്പിച്ച ഒരു സാധു സ്ത്രീയുടെ സ്ത്രീത്വത്തെയാണ്.

കർത്താവിന്റെ മണവാട്ടിയുടെ പരിശുദ്ധിയെ ആണ്. കർത്താവ് തന്നെ നിങ്ങളോട് പൊറുക്കട്ടെ.

ഒറ്റപെട്ട കുറച്ച് സംഭവങ്ങളെ ഉദാഹരണങ്ങളാക്കി, പർവതീകരിച്ച്, കാത്തോലിക്ക സഭയിലെ ഞങ്ങടെ പ്രിയപ്പെട്ട അച്ചന്മാരും കന്യാസ്ത്രീ അമ്മമാരും വഴിപിഴച്ചവാരാണെന്ന് പല ആവർത്തി നിങ്ങൾ പറഞ്ഞു കഴിഞ്ഞു. അതാണ് സത്യം എന്ന് സ്ഥാപിക്കാൻ ഇതുപോലെയുള്ള ഏഴാംകിട തറ വേലകളായി ഇനിയും കർമരംഗത്ത് തന്നെ തുടരും എന്നും അറിയാം.

ഇതുപോലെയുള്ള, അശ്ലീലവും മാലിന്യവും മാത്രം ചിന്തിച്ച് കൂട്ടുന്ന നിങ്ങളുടെ ദേഹത്തും കിടക്കുന്നത് സഭാവസ്ത്രം ആണല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോനുന്നു.

അൽഫോൻസാമ്മയും എവുപ്രാസ്യമ്മയും മറിയം ത്രേസ്യമ്മയും അവരെപ്പോലെ വിശുദ്ധ ജീവിതം നയിച്ചിരുന്ന, ഇപ്പോഴും നയിക്കുന്നവരുടെ ദേഹത്തെ പൊതിയുന്ന പവിത്രമായ, സഭാവസ്ത്രത്തിന് നിങ്ങളെയും ചുമക്കേണ്ടി വന്നല്ലോ.

കേൾക്കില്ല എന്നറിയാം. എങ്കിലും യാചിക്കുകായാണ്. എന്റെ ഈശോയുടെ മണവാട്ടിയായിരിക്കാനുള്ള യാതൊരു യോഗ്യതയും നിങ്ങൾക്കില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് ആ സഭാവസ്ത്രത്തിലും ആ മഠത്തിലും നിൽക്കരുത്.

ഒരുപാട് വർഷം, ഈ ജീവിതാന്തസിൽ നിന്നിട്ടും പൗരോഹിത്യത്തെയും സന്യാസത്തെയും, ഒരല്പം പോലും മനസിലാക്കാൻ നിങ്ങൾക്ക് കഴിയാതെ പോയല്ലോ!.


ലൂസി ചേച്ചിയുടെ കൂടെ ജീവിക്കുന്ന അമ്മമാരേ, നിങ്ങൾ വിശുദ്ധരാണ്. മുന്തിയ ഇനം വിഷപാമ്പിനെ ആഹാരവും പാർപ്പിടവും കൊടുത്ത് സംരക്ഷിക്കുന്ന നിങ്ങളെ വേറെ എന്ത് വിളിക്കാൻ.

രക്ഷപെടുത്താൻ ആളെ നിയോഗിച്ചിട്ട്, മഠത്തിലെ കിണറ്റിൽ സ്വയം എടുത്ത് ചാടി എന്നെ കൊല്ലാൻ ശ്രമിച്ചു എന്നൊരു രണ്ടാം ഭാഗം കൂടി ഈ നാടകത്തിന് പ്രതീക്ഷിക്കുന്നു.

✍️ Sibil Rose

Leave a comment