ദിവ്യബലി വായനകൾ Thursday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
 – ലത്തീൻക്രമം
_____________

🔵 വ്യാഴം

Thursday of week 9 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 24:16,18

കര്‍ത്താവേ, ദയതോന്നി എന്നെ കടാക്ഷിക്കണമേ,
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.
എന്റെ ദൈവമേ, എന്റെ വിനയവും അധ്വാനവും കടാക്ഷിക്കുകയും
എന്റെ എല്ലാപാപങ്ങളും പൊറുക്കുകയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ പരിപാലനം
അതിന്റെ സംവിധാനത്തില്‍ ഒരിക്കലും പരാജയമടയുന്നില്ലല്ലോ.
ഞങ്ങളങ്ങയോട് കേണപേക്ഷിക്കുന്നു;
എല്ലാ തിന്മകളും അകറ്റുകയും
ഞങ്ങളുടെ ക്ഷേമത്തിനുള്ളതെല്ലാം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 തിമോ 2:8-15
ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും.

വാത്സല്യമുള്ളവനേ, എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക. ആ സുവിശേഷത്തിനുവേണ്ടിയാണ് ഞാന്‍ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്കുവരെ അധീനനാകുന്നത്. എന്നാല്‍, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. അതിനാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.
ഈ വചനം വിശ്വാസയോഗ്യമാണ്: നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും. നാം ഉറച്ചുനില്‍ക്കുമെങ്കില്‍ അവനോടുകൂടി വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല. ഇത് അവരെ അനുസ്മരിപ്പിക്കുക; വാക്കുകളെച്ചൊല്ലി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളൂ. സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്സാഹപൂര്‍വം പരിശ്രമിക്കുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 25:4-5ab,8-9,10,14

കര്‍ത്താവേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ!
അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്
അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്.
കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,
അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.

കര്‍ത്താവേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 12:28-34
എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ് … ഇതുപോലെതന്നെയത്രേ രണ്ടാമത്തെ കല്പനയും.

അക്കാലത്ത്, ഒരു നിയമജ്ഞന്‍ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ മനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍ നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട്
സംപൂജ്യമായ അള്‍ത്താരയിലേക്ക്
കാഴ്ചകളുമായി ഞങ്ങള്‍ ഓടി അണയുന്നു.
ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങയുടെ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷചെയ്യുന്ന അതേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ സംശുദ്ധരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 16: 6

ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും;
അങ്ങ് ചെവിചായിച്ച്, എന്റെ വാക്കുകള്‍ ശ്രവിക്കണമേ.
Or:
മര്‍ക്കോ 11:23,24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അതു നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ ശരീരരക്തങ്ങളാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഞങ്ങളെ
അങ്ങയുടെ ആത്മാവാല്‍ നയിക്കണമേ.
അങ്ങനെ, വാക്കാലും നാവാലും മാത്രമല്ല,
പ്രവൃത്തിയാലും സത്യത്താലും അങ്ങേക്ക് സാക്ഷ്യമേകി,
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment