ദിവ്യബലി വായനകൾ Saturday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി

Saturday of week 9 in Ordinary Time 
or Saint Norbert, Bishop 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 24:16,18

കര്‍ത്താവേ, ദയതോന്നി എന്നെ കടാക്ഷിക്കണമേ,
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.
എന്റെ ദൈവമേ, എന്റെ വിനയവും അധ്വാനവും കടാക്ഷിക്കുകയും
എന്റെ എല്ലാപാപങ്ങളും പൊറുക്കുകയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ പരിപാലനം
അതിന്റെ സംവിധാനത്തില്‍ ഒരിക്കലും പരാജയമടയുന്നില്ലല്ലോ.
ഞങ്ങളങ്ങയോട് കേണപേക്ഷിക്കുന്നു;
എല്ലാ തിന്മകളും അകറ്റുകയും
ഞങ്ങളുടെ ക്ഷേമത്തിനുള്ളതെല്ലാം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 തിമോ 4:1-8
വചനം പ്രസംഗിക്കുക – ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു.

വാത്സല്യമുള്ളവനേ, ദൈവത്തിന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധ തിരിക്കും. നീയാകട്ടെ, എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുക.
ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി. ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 71:8-9,14-15ab,16-17,22

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

എന്റെ അധരങ്ങള്‍ സദാ അങ്ങയെ സ്തുതിക്കുന്നു;
അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ!
ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ!

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും,
അങ്ങയെ മേല്‍ക്കുമേല്‍ പുകഴ്ത്തുകയും ചെയ്യും.
എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും
രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന് അപ്രാപ്യമാണ്.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

ദൈവമായ കര്‍ത്താവിന്റെ ശക്തമായ പ്രവൃത്തികളുടെ
സാക്ഷ്യമായി ഞാന്‍ വരും;
ഞാന്‍ അങ്ങയുടെ മാത്രം നീതിയെ പ്രകീര്‍ത്തിക്കും.
ദൈവമേ, ചെറുപ്പം മുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തത നിമിത്തം
ഞാന്‍ അങ്ങയെ വീണവായിച്ചു പുകഴ്ത്തും.
ഇസ്രായേലിന്റെ പരിശുദ്ധനായവനേ,
കിന്നരംമീട്ടി ഞാന്‍ അങ്ങയെ സ്തുതിക്കും.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 12:38-44
ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.

അക്കാലത്ത്, യേശു ജനങ്ങളെ ഇപ്രകാരം പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.
അവന്‍ ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു. അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. അവന്‍ ശിഷ്യന്മാരെ അടുത്തു വിളിച്ചുപറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട്
സംപൂജ്യമായ അള്‍ത്താരയിലേക്ക്
കാഴ്ചകളുമായി ഞങ്ങള്‍ ഓടി അണയുന്നു.
ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങയുടെ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷചെയ്യുന്ന അതേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ സംശുദ്ധരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 16: 6

ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും;
അങ്ങ് ചെവിചായിച്ച്, എന്റെ വാക്കുകള്‍ ശ്രവിക്കണമേ.
Or:
മര്‍ക്കോ 11:23,24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അതു നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ ശരീരരക്തങ്ങളാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഞങ്ങളെ
അങ്ങയുടെ ആത്മാവാല്‍ നയിക്കണമേ.
അങ്ങനെ, വാക്കാലും നാവാലും മാത്രമല്ല,
പ്രവൃത്തിയാലും സത്യത്താലും അങ്ങേക്ക് സാക്ഷ്യമേകി,
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment