കോറോണക്കാലത്തെ ഭക്തി

കോറോണക്കാലത്തെ ഭക്തി

രോഗങ്ങൾ ദുരിതങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ മനുഷ്യന്റെ ഉള്ളിൽ കൂടുതൽ ഉണർവുണ്ടാകുന്ന ഒന്നുണ്ട്- ഭക്തി. മനുഷ്യർക്ക് പ്രതീക്ഷയും ശാന്തിയും നൽകുന്ന ഒന്നാണ് ഭക്തി എന്നതിൽ സംശയം ഇല്ല.ഭക്തി, പ്രാർത്ഥന, മതം എന്നുള്ളത് വ്യക്തിപരവും മനുഷ്യന്റെ സ്വാതന്ത്ര്യവുമായി ബന്ധപെട്ടതുമാണ്. പള്ളികളും അമ്പലങ്ങളും മോസ്‌ക്കുകളുമൊക്കെ ദൈവാനുഭവത്തിന്റെ ഇരിപ്പിടങ്ങൾ തന്നെ . കാലങ്ങളായി കൂടെ കൊണ്ടുനടന്ന ഭക്തിയുടെ സാമൂഹിക മാനങ്ങൾ കൊറോണക്കാലത്തു മനുഷ്യർക്ക്‌ അപ്രാപ്യമായി തീർന്നിട്ടുണ്ടാരുന്നു. ഇന്ത്യയിൽ കൊറോണാവ്യാപനത്തിന്റെ പീക്ക് മൊമെന്റ്സിലോട്ടു കടക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് അവസരോചിതമാണോ എന്നത് ഒരു ചോദ്യമായി ഉയരേണ്ടിയിരിക്കുന്നു?

കൊറോണസംഹാര താണ്ഡവമാടിയ സ്പെയിൻ, ഇറ്റലി, ഗ്രേറ്റ് ബ്രിട്ടൺ രാജ്യങ്ങൾ ആരാധനാലയങ്ങൾ തുറന്നു, അതുകൊണ്ട് ഞങ്ങളും തുറന്നേക്കാം എന്നൊരു തോന്നലാണോ ഇതിലേക്ക് വഴിതെളിച്ചിരിക്കുന്നത്? കൊറോണയോടൊപ്പം നമ്മൾ ജീവിക്കാൻ പഠിക്കണംഎന്നത് ശരിതന്നെ, കോറോണബാധിതരുടെ എണ്ണം വളരെയധികമായി കൂടുന്ന ഈ സാഹചര്യത്തിൽ ആളുകൾ കൂട്ടകൂടുന്ന ഇതുപോലുള്ള നിലപാടുകളെ ന്യായീകരിച്ചാൽ വല്യദുരന്തങ്ങൾ വിളിച്ചുവരുത്തുകയായിരിക്കും. യൂറോപ്യൻ രാജ്യങ്ങൾ ലോക്ക് ഡൌൺ വഴി കൊറോണ വ്യാപനത്തിന്റെ തോത് കുറയുന്നതുകണ്ടിട്ടാണ്‌, ആളുകൾ കൂട്ടംകൂടുന്ന പലയിടങ്ങൾക്കും ഇളവുകൾ അനുവദിച്ചത്. ഇളവുകൾ അനുവദിച്ചിട്ടും ആരാധനാലയങ്ങളിൽ പത്തുമുതൽ നാല്പതുവരെ മാത്രമാണ് ആളുകൾ മാത്രമാണ് യൂറോപ്യൻ രാജ്യങ്ങളിൽ എത്തുക, അതും മാസ്കും ഗ്ലൗസും സാനിറ്റിറിസർ എന്നിവയൊക്കെയുമായി മാത്രം.

ഭക്തി എന്നത് മനുഷ്യന്റെ നന്മക്കുവേണ്ടിയാണ്, ഭക്തിക്കുവേണ്ടി ഒന്നിച്ചുകൂടി സമൂഹത്തിലേക്ക് വ്യാപനത്തിന്റെ ദുരിതം വാരിവിതറിയാൽ സമൂഹത്തോട് രാജ്യത്തോട് ചെയ്യുന്ന കൊടുംക്രൂരതയാകും. ആരാധനാലയങ്ങൾ തുറക്കട്ടെ, പോകണമോ വേണ്ടയോ എന്നത് ജനങ്ങളുടെ സ്വാതന്ത്ര്യം. ഒന്നോർക്കുക ജീവൻ മുഖ്യം തന്നെ എന്നും എപ്പോളും. ഇതൊക്കെ പിടിച്ചാൽ സഹിക്കേണ്ടത് ഒറ്റക്കുതന്നെയാണ്. മനുഷ്യൻ ചിന്തിക്കുന്ന മൃഗമെന്ന പ്ലേറ്റോയുടെ മൊഴിചേർത്തു വക്കുന്നു. ഭക്തികാരണം കൊറോണ ബാധിച്ചുമരിച്ചവരുടെ ചരമകോളങ്ങൾ സൃഷ്ടിക്കപെടാതിരിക്കട്ടെ. വ്യക്തിപര യുക്തിക്കു ഇവിടെ മുൻഗണന കൊടുക്കു. നല്ല തിരഞ്ഞെടുപ്പുകൾ യുക്തിപൂർവം ഈ കാര്യത്തിൽ മനുഷ്യൻ നടത്തണം. ഭക്തിയിൽ വ്യക്തി എന്ന ഒറ്റക്കുള്ള അസ്തിത്വത്തിനപ്പുറം സമൂഹം എന്ന സത്ത കൂടെയുണ്ട്. സഹോദരങ്ങളെ ഭക്തികൊണ്ടു മരണത്തിലേക്ക് വലിച്ചെറിയരുത്. ദൈവം സംരക്ഷിക്കട്ടെ.

✍️ഷെബിൻ ചീരംവേലിൽ

Leave a comment