ചിലത് പറയാതെ വയ്യ

ബിനു ജോൺ

ഒരു ആന, അതും ഗർഭിണി ആയപ്പോൾ പടക്കം നിറച്ചു വെച്ച പൈനാപ്പിൾ കടിച്ചു വായിൽ മുറിവ് പറ്റി ചരിഞ്ഞു. അത്യധികം വേദന ഉണ്ടാക്കുന്ന സംഭവം. വാർത്ത വായിച്ചപ്പോൾ വിഷമം തോന്നി. ഇനി ഇങ്ങനെ ദാരുണമായ സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ.

പക്ഷെ എന്തോ ഇതൊരു മഹാ അപരാധം ആയി എനിക്ക് തോന്നുന്നില്ല. വിയോജിപ്പ് ഉണ്ടാകും എന്നറിയാം എന്റെ ഈ പോസ്റ്റിനോട്. പക്ഷെ ചിലത് പറയാതെ വയ്യ. കാരണം ഞാൻ ജനിച്ചതും വളർന്നതും ഒരു മലയോര മേഖലയിൽ ആണ്. ഞാൻ എന്റെ 25 വയസ്സ് വരെ ജീവിച്ച നാട്ടിൽ വൈദ്യുതി എത്തിയിരുന്നില്ല. കൃഷി മാത്രമായിരുന്നു അവിടെ താമസിച്ച എല്ലാവരുടെയും ആകെയുള്ള ഉപജീവനമാർഗം.
ചേമ്പും, ചേനയും, കപ്പയും, വാഴയും, തെങ്ങും, കവുങ്ങും, റബ്ബറും, കശുമാവും എന്തിനു ഈ പറയുന്ന പൈൻ ആപ്പിൾ വരെ കൃഷി ചെയ്ത നാട്ടുകാർ. അവിടെ നിന്നു ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ആനയും പന്നിയും കാട്ടുപോത്തും ഒക്കെയുള്ള നിബിഡവനം.
എനിക്കറിയാം അവിടെ ഒക്കെ സംഭവിച്ച കഥകൾ. അവിടെ താമസിച്ചവർ ആരും പണക്കാരായിരുന്നില്ല. സുഖവാസത്തിനു കാട്ടിൽ വന്നു കള്ളും കുടിച്ചു അടിച്ചു പൊളിക്കാൻ വന്ന ന്യൂ ജൻ പിള്ളേരും ആയിരുന്നില്ല. ജീവിക്കാൻ നിവൃത്തി ഇല്ലാതെ, സ്വന്തം കുടുംബത്തിന്റെ നിലനിൽപ്പിനു വേണ്ടി, അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കോട്ടയത്ത്‌ നിന്നും തൊടുപുഴയിൽ നിന്നും കൊല്ലത്തു നിന്നുമൊക്കെ മനക്കരുത്തിന്റെയും അദ്ധ്വാനിക്കാൻ ഉള്ള മനസ്സിന്റെയും മാത്രം പിൻബലത്തിൽ ജീവിക്കാൻ ആണോ മരിക്കാൻ ആണോ എന്നറിയാത്ത യാത്ര പുറപ്പെട്ടു, ചോര നീരാക്കി ഇവിടെ എത്തിയവർ. അതേ.. അവർ കാടുവെട്ടി തെളിച്ചും കാട്ടുമൃഗങ്ങളോട് പടപൊരുതിയും, മഹാമാരികളിലിൽ മരിച്ചു വീണും ഒക്കെ തന്നെയാണ് ഇന്നീ കാണുന്നതെല്ലാം നേടിയത്. ഇന്നത്തെ കൃഷി സ്ഥലങ്ങൾ എല്ലാം അങ്ങനെ വെട്ടി തെളിച്ചു തന്നെ ഉണ്ടായതാണ്.
ഫ്ലാറ്റുകളിൽ ഇരുന്നു, ആന ചരിഞ്ഞതിൽ നെഞ്ചു പൊട്ടി പോസ്റ്റിടുന്ന, കവിത എഴുതുന്ന എല്ലാവരും ഒന്നു മനസ്സിലാക്കിക്കോ. നിങ്ങൾ മാർക്കറ്റിൽ പോയി മേടിച്ചു കൊണ്ടു വരുന്ന പല സാധനങ്ങളും ഇങ്ങനെ കാട്ടുപന്നിയെ തുരത്തിയും, കാട്ടാനയെ തടഞ്ഞു നിർത്തിയും പാവപ്പെട്ട കൃഷിക്കാർ ഉണ്ടാക്കിയ സാധനങ്ങൾ തന്നെയാണ്. അല്ലാതേ നിങ്ങൾ എന്തെങ്കിലും തിന്നുണ്ടെങ്കിൽ അത്‌ മാരകമായ വിഷം തളിച്ച് തമിഴനും തെലുങ്കനും ഉണ്ടാക്കി മലയാളിയുടെ അണ്ണാക്കിലോട്ടു തള്ളി തരുന്നത് മാത്രമേയുള്ളൂ.
ഒന്നോ രണ്ടോ ദിവസങ്ങൾ കൂടി കഴിഞ്ഞാൽ കൊത്തിയെടുത്തു വിൽക്കാൻ കാത്തിരിക്കുന്ന വാഴക്കുല മൊത്തം ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ചവിട്ടി മെതിക്കപെട്ടു കിടക്കുന്ന കാഴ്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ചങ്കു നീരാക്കി മൂപ്പെത്തിച്ച കപ്പ മുഴുവൻ പന്നി ഉഴുതു മറിച്ചു പോയ കാഴ്ച കണ്ടു തലയിൽ കൈവെച്ചു ഇരുന്നു പോയ പാവങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ചേനയും ചേമ്പും നശിച്ചു കിടക്കുന്നതു കണ്ടു കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന കർഷക കുടുംബത്തെ കണ്ടിട്ടുണ്ടോ നിങ്ങൾ. ഉണ്ടാകില്ല. പക്ഷെ ഞാൻ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടും ഉണ്ട് ആ വിഷമം. അത്‌ കൊണ്ടു തന്നെ എന്തോ ആനയെ അല്ലെങ്കിൽ പന്നിയെ ഓടിക്കാൻ കാലങ്ങളായി ചെയ്തു പോരുന്ന ഒരു മാർഗങ്ങളിൽ ഒന്നു മഹാ അപരാധം ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല.
പാട്ട കൊട്ടിയും പടക്കം എറിഞ്ഞും കൊല വിളി നടത്തുന്ന കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പോയവരെ എനിക്കറിയാം. കാട്ടാന ചവിട്ടി കൊന്ന എന്റെ സുഹൃത്തുക്കളെയും ഓർമ്മയുണ്ട്. മലഞ്ചെരിവിലെ ഓലിയിൽ നിന്നു വെള്ളം തിരിച്ചു വിടാൻ പോയ ഒരു ചേട്ടൻ കാട്ടു പന്നിയുടെ തേറ്റ കൊണ്ടുള്ള കുത്ത് കിട്ടി മരിച്ചു കിടക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്.
ഇതിനു മുൻപും ഈ മണ്ണിൽ കാട്ടു പന്നിയെയും കാട്ടാനയെയും മറ്റു ജീവികളെയും കൊന്നിട്ടുണ്ട്. സ്വയരക്ഷക്കും മാംസത്തിനും വിനോദത്തിനുമൊക്കെ.
പടക്കം വെച്ചത് നല്ലകാര്യം എന്നൊന്നും പറയുന്നില്ല. പക്ഷെ ആ വെച്ച ആൾ ഒരിക്കലും അത്‌ കടിക്കാൻ വരുന്നത് ഒരു ഗർഭിണിയായ ആന എന്നറിഞ്ഞില്ല എന്നത് കട്ടായം. തന്റെ കൃഷി സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്നതും വ്യക്തം.
അയാൾ നികുതി അടക്കുന്ന അയാളുടെ സ്ഥലം, അതിലെ കൃഷി സംരക്ഷിക്കുക എന്നത് അയാളുടെ ഉത്തരവാദിത്തം തന്നെയാണ്. നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ ഒരു പാമ്പ് കടിക്കാൻ വന്നാൽ നിങ്ങൾ അതിനെ കൊല്ലില്ലേ? അപ്പോൾ പാമ്പിനെ കൊല്ലരുത് എന്ന നിയമം പാലിക്കാൻ മാറി നിൽക്കുമോ? അത്‌ പോലെ അയാൾ പൊന്നുപോലെ നോക്കി കാണുന്ന കൃഷി നശിപ്പിക്കാൻ വരുന്ന എന്തിനെയും അയാൾ തുരത്തും. അല്ലെങ്കിൽ കർഷകന്റെ സ്ഥലത്തിനും കൃഷിക്കും ജീവനുമൊക്കെ സംരക്ഷണം കൊടുക്കാൻ നികുതി മേടിക്കുന്ന അതാതു സർക്കാരിനും വനംവകുപ്പിനും സാധിക്കണം
10 രൂപയ്ക്കു വേണ്ടി മനുഷ്യനെ കൊല്ലുന്ന, ഒരു ആശയവ്യത്യാസത്തിന്റെ പേരിൽ എതിർകക്ഷിയിൽ പെട്ട സഹോദരനെ കൊല്ലുന്ന, മതത്തിന്റെ പേരിൽ വെട്ടാനും കൊല്ലാനും മടിക്കാത്ത, ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞു മധുമാരെ അടിച്ചു കൊല്ലുന്ന മലയാളിക്ക് അതിനെക്കാൾ ഒക്കെ പ്രശ്നം അറിയാതെ പറ്റിയ ഒരബദ്ധത്തിൽ ഒരാന ചരിഞ്ഞതാണ്.
നാട്ടു പന്നിയെയും പശുവിനെയും കോഴിയേയും കൊല്ലാം. അത് ജീവനുകൾ അല്ലേ?
കാട്ടു പന്നിയെയും കാട്ടു കോഴിയേയും പാമ്പിനെയും ഒന്നും കൊല്ലാൻ പാടില്ല.
കാടു കാണാത്തവനും, കൃഷി ചെയ്യാത്തവനും, മണ്ണിൽ ഇറങ്ങാത്തവനുമൊക്കെ നെഞ്ചു പൊട്ടി പോസ്റ്റിടാൻ എളുപ്പം ആണ്. അനുഭവിക്കുന്നവനെ അതിന്റെ ദെണ്ണം അറിയൂ.
കോഴിക്കാലും കടിച്ചു പറിച്ചു, മലയാളിയുടെ ധാർമ്മിക രോക്ഷം അണപൊട്ടട്ടെ സഹജീവികളെ കുറിച്ച് ഗദ്ഗധകണ്ഠരാകട്ടെ..
കാരണം മടിയിൽ വെച്ചു ഓമനിക്കാവുന്ന പട്ടികുഞ്ഞുങ്ങൾ ആണ്, കൂടെ കിടത്താൻ പറ്റുന്ന പൂച്ചക്കുഞ്ഞുങ്ങൾ ആണ് മൃഗങ്ങൾ എന്ന് ധരിച്ചു വെച്ചിരിക്കുന്ന നിങ്ങൾക്ക് അതിനെ കഴിയൂ.
പുലിമുരുഗൻ എന്ന സിനിമയിൽ പുലിയെ കൊല്ലുന്ന നായകന് കൈയ്യടിച്ച മലയാളി തന്നെ ആനയെ കൊന്നതിനു കണ്ണു തുടക്കുന്നു. ആനക്കൊമ്പു ഷോകേസിൽ വെച്ചവർ തന്നെ സങ്കടം സഹിക്കാതെ പൊട്ടിതെറിക്കുന്നു.

അണപൊട്ടി ഒഴുകുന്ന ധാർമ്മിക രോക്ഷത്തെ ഒരു കുപ്പിയിൽ അടച്ചു വെച്ചു ഈ കൊറോണ കാലത്തു അടുത്ത വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നോക്കൂ മലയാളീ..

Nb : ഈ പോസ്റ്റിന്റെ അർത്ഥം ആന ചരിഞ്ഞത് നന്നായി എന്നല്ല. അതിൽ വിഷമം ഉണ്ട്. പക്ഷെ അത്‌ ആണ് ഇത് വരെ കേരളത്തിൽ നടന്ന മഹാപരാധം എന്ന രീതിയിൽ ഉള്ള മലയാളിയുടെ ആർത്തനാദവും പ്രതിഷേധവും ആണ് മനസ്സിലാകാതെ പോകുന്നത്.

Elephant Murdered

Leave a comment