Fr. George Puarthoott

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

പൗരോഹിത്യ ശ്രേഷ്ഠത അഭംഗുരം കാത്തുപാലിച്ച പുറത്തൂട്ടച്ചൻ

Fr. George Puarthoott

Fr. George Puarthoott

ഫാ. ജോർജ് പുറത്തൂട്ട്

“പൗരോഹിത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ പുരോഹിതൻ. പൗരോഹിത്യത്തിന്റെ നന്മ ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ചു. നർമ്മബോധത്തോടെ സംസാരിക്കുന്നതിനാൽ അച്ചനോടൊത്ത് ആയിരിക്കുക എന്നത് ഏവർക്കും ഹൃദ്യമായിരുന്നു. വൈദീകകൂട്ടായ്മയെ സ്നേഹിച്ചിരുന്ന അച്ചൻ സഹവൈദീകരോട് പ്രായത്തിന്റെ ഏറ്റക്കുറച്ചിലുകളില്ലാതെ ഊഷ്മളബന്ധം പുലർത്തിയിരുന്നു.
അതിഥികളെ സ്വീകരിക്കുന്നതിലും അവരെ കരുതുന്നതിലും താൽപര്യവാനായിരുന്ന അച്ചൻ അല്മായരെ സഭയോട് ചേർത്തു നിർത്തുന്നതിനും അവരെ വളർത്തുന്നതിനും സർവ്വാത്‌മനാ പരിശ്രമിച്ചിട്ടുണ്ട്”.
(അച്ചന്റെ മാതൃസഹോദരീ പൗത്രൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് പിതാവ്, ബത്തേരി രൂപതാധ്യക്ഷൻ).

“ഓരോരുത്തരെയും കരുതി വളർത്തിയ അച്ചനാണ് എന്റെ ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം” (അച്ചൻ വികാരിയായിരുന്ന മണ്ണൂർ ഇടവകാംഗമായ അനീഷ് ജോർജ്, ഇപ്പോൾ കുവൈറ്റിലാണ്).

നിരവധിയായ നന്മകൾ അനേകർക്ക്‌ സമ്മാനിച്ച
പുറത്തൂട്ട് അച്ചൻ പത്തനംതിട്ടയിലെ കോഴഞ്ചേരിക്ക് അടുത്ത് നാരങ്ങാനത്ത് പി.കെ തോമസ് – ഏലിയാമ്മ ദമ്പതികൾക്ക് മകനായി 1937 ഓഗസ്റ്റ് 26ന് ജനിച്ചു. ചെറുപ്പം മുതൽക്കേ തന്നെ അനിതരസാധാരണമായ ഭക്തിയും നിഷ്ഠകളുമുണ്ടായിരുന്നു. അഞ്ച് സഹോദരങ്ങളാണ് അച്ചന്. ഒരാൾ ചെറുപ്പത്തിലെ മരിച്ചുപോയിരുന്നു.

നാരങ്ങാനം എം. ഡി. എൽ. പി സ്കൂളിലും കാട്ടൂർ എൻ. എസ്. എസ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
വൈദീകനാകണമെന്ന് തീവ്രമായി ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കുടുംബത്തിലെ ഏക ആൺതരിയായിരുന്നതിനാൽ മാതാപിതാക്കൾ അത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പുനരൈക്യപ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽതന്നെ നാരങ്ങാനത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ധാരാളം ആളുകൾ കടന്നു വന്നിരുന്നു. 1930 ഒക്ടോബറിൽതന്നെ ഈ പ്രദേശത്ത് പുനരൈക്യം നടക്കുകയും 1931 ഡിസംബർ 8ന് ആദ്യത്തെ പള്ളി സ്ഥാപിതവുമായതാണ്. അതിനാൽതന്നെ മാർ ഈവാനിയോസ് പിതാവ് ഈ പള്ളി പലതവണ സന്ദർശിച്ചിട്ടുണ്ട്. പിതാവിനെ കണ്ട് തന്റെ ആഗ്രഹമറിയിച്ച ബാലനായ ജോർജ് മാതാപിതാക്കളുടെ എതിർപ്പും അതിന്റെ കാരണവും അറിയിച്ചു. ‘മകനെ ദൈവസേവനത്തിനായി അയച്ചുകൊളളൂ, കുടുംബത്തിന്റെ കാര്യം കർത്താവ് നോക്കിക്കൊള്ളും. സെമിനാരിയിൽ ചേരുന്ന മകന് പകരം കർത്താവ് കുടുംബം നോക്കാൻ ഒരു മകനെ നല്കും’, എന്ന് പറഞ്ഞ് മാതാപിതാക്കളെ പിതാവ് അനുഗ്രഹിച്ചു. അങ്ങനെ ജോർജ് സെമിനാരിയിലേക്ക് ചേരുകയും ഈവാനിയോസ് പിതാവിന്റെ പ്രാർത്ഥനയാൽ ദൈവം ഒരു മകനെ കൂടി അവർക്ക് നൽകി അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹമാണ് ഓമല്ലൂർ ആര്യഭാരതി സ്കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന പരേതനായ P.T ജോൺ പുറത്തൂട്ട്.

മാതാപിതാക്കളുടെ അനുവാദത്തോടെ സ്കൂൾ പഠനത്തിനു ശേഷം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദീകപഠനത്തിനായി പ്രവേശിച്ചു. ഫിലോസഫി- തിയോളജി പഠനങ്ങൾ തൃശ്ശനാപ്പള്ളി സെന്റ് പോൾസ് സെമിനാരിയിൽ പൂർത്തിയാക്കി. 1965 മാർച്ച്‌ 24ന് തൃശ്ശനാപ്പള്ളി കത്തീഡ്രലിൽ ജെയിംസ് മെണ്ടോസ (Bishop James Mendoza) പിതാവിൽ നിന്നും വൈദീക പട്ടം സ്വീകരിച്ചു. പിന്നീട് നാട്ടിൽ തിരികെയെത്തി മാതൃ ഇടവകയായ നാരങ്ങാനത്ത് വിശുദ്ധബലിയർപ്പിച്ചു.

അവിഭക്ത തിരുവനന്തപുരം അതിരൂപതയിൽ നിരവധി ദേവാലയങ്ങളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തു. പുനലൂർ, കടക്കാമൺ, എലിക്കാട്ടൂർ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടർന്ന് വാഴമുട്ടം, ചീക്കനാൽ, പുത്തൻപീടിക, പെരുനാട്, കൊച്ചുകുളം, തോണിക്കടവ്, ചിറ്റാർ, വയ്യാറ്റുപുഴ, സീതത്തോട്, ആങ്ങമൂഴി, വടകോട്, ചെങ്ങമനാട്, ഇലന്തൂർ, കരിമ്പേക്കൽ, പുളിന്തിട്ട, പ്രക്കാനം, നാരങ്ങാനം എന്നീ ഇടവകകളിലും സേവനം ചെയ്തു.
യാത്രാസൗകര്യം ഇല്ലാതിരുന്ന കാലത്ത് ചിറ്റാർ , സീതത്തോട്, ആങ്ങമൂഴി പ്രദേശങ്ങളിലെല്ലാം കാൽനടയായി പോയി വി.കുർബാനയും ശുശ്രൂഷകളും നടത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന പെരുനാട് കുരിശുമല പള്ളി പണിതത് അച്ചൻ വികാരിയായിരിക്കുന്ന കാലത്താണ്.

1981 മുതൽ 1988 വരെ കിരാത്തൂർ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു. ലോറൻസ് മാർ അപ്രേം പിതാവുമായി ചേർന്ന് ‘ഹെൽത്ത് ഫോർ മില്യൺ’ സംഘടനയിലൂടെ നിർദ്ധനരായവർക്ക് ചികിത്സ നൽകാനായി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കിരാത്തൂർ, മഞ്ഞത്തോപ്പ്, കളിയിക്കാവിള ഇടവകകളുടെ വികാരിയുമായിരുന്നു. ഒപ്പംതന്നെ തമിഴ്നാട് മാനേജ്മെന്റ് സ്കൂളുകളുടെയും (MSC Management Schools) സൺഡേസ്കൂളിന്റെയും റീജിയണൽ ഡയറക്ടറുമായിരുന്നു.
മാനസികമായ നിരവധി ക്ളേശങ്ങളിലൂടെ ഇക്കാലയളവിൽ കടന്നു പോയിരുന്നുവെങ്കിലും അതെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുവാനും ധൈര്യം നേടുവാനും അച്ചനായി.

1988ൽ ചന്ദനപ്പള്ളി, അങ്ങാടിക്കൽ ദേവാലയ വികാരിയായിരുന്നു. തുടർന്ന്
ചെങ്ങന്നൂർ, ആല, കുറിച്ചിമുട്ടം, പുത്തൂർ, പെരുംകുളം, കാരിക്കൽ, തേവലപ്പുറം, കാരുവേലിൽ, പവിത്രേശ്വരം, ആയൂർ, ചൊവ്വല്ലൂർ, കമ്പംകോട്, മലപ്പേരൂർ, മണ്ണൂർ, ആനാകുളം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ചെങ്ങന്നൂർ, ആയൂർ വൈദീകജില്ലാ വികാരിയുമായിരുന്നു. ആയൂർ പള്ളിയുമായി ബന്ധപ്പെട്ട് ഇന്ന് ആ പ്രദേശത്ത് കാണുന്ന വികസനങ്ങൾക്കെല്ലാം പിന്നിൽ അക്ഷീണം അദ്ധ്വാനിച്ചവരിലൊരാൾ അച്ചനാണ്. 2011ൽ രോഗബാധയെ തുടർന്ന് ശുശ്രൂഷാജീവിതം അവസാനിപ്പിച്ചു.

അച്ചനോടൊപ്പം ഒരു വർഷം താമസിച്ച അനുഭവത്തിൽ നിന്ന് മലങ്കര സെമിനാരി അധ്യാപകനായ
ജോസഫ് വള്ളിയാട്ടച്ചൻ പറയുന്നു,
“അസാധാരണമായ പ്രാർത്ഥനാനുഭവമുള്ള വ്യക്തി. മണിക്കൂറുകൾ വി.കുർബാനയുടെ മുമ്പിലിരുന്ന് പ്രാർത്ഥിച്ചിരുന്നു. കിലോമീറ്ററുകൾ നടന്ന് പോയി പ്രാർത്ഥനായോഗങ്ങളിൽ സംബന്ധിച്ചിരുന്നു. ഭവന സന്ദർശനം നടത്തുന്നതിന് കൃത്യതയുണ്ടായിരുന്നു. അച്ചൻ പ്രാർത്ഥിച്ചാൽ സ്വർഗ്ഗമത് കേൾക്കും എന്നൊരു ബോധ്യം ജനങ്ങൾക്കുണ്ടായിരുന്നു. അതിനാൽതന്നെ അനേകം ആളുകൾ ദിവസവും അച്ചനെ കാണാനും പ്രാർത്ഥിക്കാനുമായി കടന്നു വന്നിരുന്നു”.

പൗരോഹിത്യ ജീവിതത്തിന്റെ സന്തോഷം അനുഭവിച്ചിരുന്നതിനാൽതന്നെ ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്നതിൽ അച്ചൻ ശ്രദ്ധിച്ചിരുന്നു. അതിനു ഉത്തമ ഉദാഹരണമാണ് അച്ചന്റെ സഹോദരീ പൗത്രനായ ബഹുമാനപ്പെട്ട ജോസഫ് ആന്റണി അച്ചൻ.

“അൾത്താര ശുശ്രൂഷകരോടുള്ള അച്ചന്റെ കരുതൽ എടുത്തു പറയേണ്ട കാര്യമാണ്. എല്ലാ ശനിയാഴ്ചയും കുർബാന കഴിഞ്ഞ് വിവിധ തീർത്ഥാടന പള്ളികളിൽ കൊണ്ടുപോവുകയും സഭാപരമായ കാര്യങ്ങൾ പറഞ്ഞു തരുകയും കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരു വത്സല പിതാവായിരുന്നു പുറത്തൂട്ടച്ചൻ. ഈ മാതൃകയിലൂടെ വളർന്ന ഞങ്ങൾക്ക് വൈദീക-സന്യസ്ത മേഖലയിലേക്ക് കടന്നു വരാൻ ഇതൊരു പ്രചോദനമായിരുന്നു”. പുത്തൂർ ഇടവകാംഗമായ ബഥനി ആശ്രമത്തിലെ ഫാ.ബെന്നി വെളുന്തറയുടെ വാക്കുകളിൽ പുറത്തൂട്ടച്ചന്റെ ജീവിത മാതൃക ഇടവകയിലെ കുഞ്ഞുങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്ന് വ്യക്തമാണ്.

സഭാപരമായ ഒരു ചടങ്ങുകളിലും മീറ്റിംഗുകളിലും നിന്ന് അച്ചൻ ഒരിക്കലും മാറിയിരുന്നില്ല. പൗരോഹിത്യജീവിതത്തിന്റെ തനിമ കാത്തുപാലിച്ചിരുന്ന അച്ചനോടൊപ്പം സഹവികാരിയായി നവവൈദീകരെ അയക്കുന്നതിൽ പിതാക്കൻമാർ ശ്രദ്ധിച്ചിരുന്നു.

ജീവിതത്തിന്റെ അവസാന നാളുകൾ അച്ചൻ ചിലവഴിച്ചത് തിരുവനന്തപുരം ക്ളർജിഹോമിലാണ്. മണ്ണൂരിൽ വച്ചാണ് അച്ചന് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണത്തെ സ്വീകരിക്കാനായി ഒരുക്കമുള്ളവനായിരുന്ന അച്ചൻ 2012 സെപ്റ്റംബർ 28ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. സെപ്റ്റംബർ 30ന് നാരങ്ങാനം ഇടവകയിൽ സംസ്കരിച്ചു. മലങ്കര സഭയോടും പിതാക്കന്മാരോടും കൂറു പുലർത്തിയ വൈദികരിൽ ഒരാളായിരുന്നു ബഹുമാനപ്പെട്ട ജോർജ് അച്ചൻ. അച്ചന്റെ സ്തുത്യർഹമായ പ്രവൃത്തികളുടെ ഫലങ്ങൾ ഇന്നും സഭക്കും സമൂഹത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നു.

കടപ്പാട് : വന്ദ്യ മോൺസിഞ്ഞോർ ജോസഫ് ആന്റണി, വത്തിക്കാൻ
ഫാ. ബിനോയ് പുതുപ്പറമ്പിൽ
അന്നമ്മ മാത്യു മണലേൽ, നാരങ്ങാനം

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s