ദിവ്യബലി വായനകൾ Saints Peter and Paul, Apostles – Mass of the Day

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

June 29

Saints Peter and Paul, Apostles – Mass of the Day 
(see also Vigil Mass)

Liturgical Colour: Red.

These readings are for the day of the feast itself:

പ്രവേശകപ്രഭണിതം

ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്,
തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്;
ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയും
ദൈവത്തിന്റെ സ്‌നേഹിതരായി ഭവിക്കുകയും ചെയ്തു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയും
വിശുദ്ധ പൗലോസിന്റെയും മഹോത്സവത്തില്‍,
ഈ ദിവസത്തിന്റെ ധന്യവും പരിശുദ്ധവുമായ ആനന്ദം
അങ്ങ് പ്രദാനം ചെയ്യുന്നുവല്ലോ.
ഇവരിലൂടെ സത്യവിശ്വാസത്തിന്റെ ആരംഭം കുറിച്ച
അങ്ങയുടെ സഭയ്ക്ക്,
എല്ലാറ്റിലും അവരുടെ പ്രബോധനം പിന്തുടരാന്‍
അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 12:1-11
കര്‍ത്താവു തന്റെ ദൂതനെ അയച്ച് ഹേറോദേസിന്റെ കരങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു വ്യക്തമായി.

അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവന്‍ പത്രോസിനെയും ബന്ധനസ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു. അവനെ കാരാഗൃഹത്തില്‍ അടച്ചതിനുശേഷം നാലു ഭടന്മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെസഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍ കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനു വേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ തലേരാത്രി പത്രോസ് ഇരുചങ്ങലകളാല്‍ ബന്ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കര്‍ത്താവിന്റെ ഒരു ദൂതന്‍ പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്റെ കൈകളില്‍ നിന്നു ചങ്ങലകള്‍ താഴെ വീണു. ദൂതന്‍ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകള്‍ അണിയുക. അവന്‍ അങ്ങനെ ചെയ്തു. ദൂതന്‍ വീണ്ടും പറഞ്ഞു: മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക. അവന്‍ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതന്‍വഴി സംഭവിച്ച ഇക്കാര്യം യാഥാര്‍ഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദര്‍ശനം ഉണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ. അവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍സ്ഥാനങ്ങള്‍ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്ന് ഒരു തെരുവു പിന്നിട്ടപ്പോള്‍ ദൂതന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. അപ്പോഴാണ് പത്രോസിന് പൂര്‍ണബോധം വന്നത്. അവന്‍ പറഞ്ഞു: കര്‍ത്താവു തന്റെ ദൂതനെ അയച്ച് ഹേറോദേസിന്റെ കരങ്ങളില്‍ നിന്നും യഹൂദന്മാരുടെ വ്യാമോഹങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു വ്യക്തമായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 34:2-3,4-5,6-7,8-9

എന്റെ എല്ലാ കഷ്ടതകളിലും നിന്ന് കര്‍ത്താവ്‌ എന്നെ രക്ഷിച്ചു.
or
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

എന്റെ എല്ലാ കഷ്ടതകളിലും നിന്ന് കര്‍ത്താവ്‌ എന്നെ രക്ഷിച്ചു.
or
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി.

എന്റെ എല്ലാ കഷ്ടതകളിലും നിന്ന് കര്‍ത്താവ്‌ എന്നെ രക്ഷിച്ചു.
or
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

എന്റെ എല്ലാ കഷ്ടതകളിലും നിന്ന് കര്‍ത്താവ്‌ എന്നെ രക്ഷിച്ചു.
or
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്
അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

എന്റെ എല്ലാ കഷ്ടതകളിലും നിന്ന് കര്‍ത്താവ്‌ എന്നെ രക്ഷിച്ചു.
or
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

രണ്ടാം വായന

2 തിമോ 4:6-8,17-18
ഇപ്പോള്‍‌ മുതല്‍ എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു.

വാത്സല്യമുള്ളവനേ, ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി. ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.
എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍ നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 16:13-19
നീ പത്രോസാണ്, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും.

അക്കാലത്ത്, യേശു കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധീകരിക്കുന്നതിനായി
അങ്ങയുടെ നാമത്തിനു ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ കാണിക്കകളെ
അപ്പോസ്തലന്മാരുടെ പ്രാര്‍ഥന അനുയാത്ര ചെയ്യുകയും
ഈ ബലി സമര്‍പ്പിക്കുന്നതിലൂടെ ഞങ്ങളെ അങ്ങേക്ക്
പ്രിയങ്കരരായിത്തീര്‍ക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16: 16,18

പത്രോസ് യേശുവിനോടു പറഞ്ഞു:
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
യേശു പ്രതിവചിച്ചു: നീ പത്രോസാകുന്നു.
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിതുയര്‍ത്തും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശയാല്‍ പരിപോഷിതരായി,
അപ്പം മുറിക്കലിലും അപ്പസ്‌തോലിക പ്രബോധനങ്ങളിലും നിലനിന്ന്,
ഞങ്ങള്‍ ഏകഹൃദയത്തോടും ഏകമനസ്സോടുംകൂടെ,
അങ്ങയുടെ സ്‌നേഹത്തില്‍ ഉറച്ചുനിന്നുകൊണ്ട്,
സഭയില്‍ വ്യാപരിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment