ചാണകച്ചുവയുള്ള ചോറ്

Missionary Experience of a Priest

ഫാദർ ജെൻസൺ ലാസലെറ്റ് എഴുതിയൊരു കുറിപ്പാണിത്. വായിച്ചപ്പോൾ ഹൃദയം നുറുങ്ങിപ്പോയി. അതുകൊണ്ട് അദ്ദേഹത്തിൻ്റെ അനുവാദത്തോടെ ഇതിവിടെ ചേർക്കുകയാണ്.

#ചാണകച്ചുവയുള്ള #ചോറ്
“ദയവു ചെയ്ത് ഇത് വായിച്ചു
കഴിഞ്ഞതിനു ശേഷം ആരും
അവരുടെ ഊരും പേരും ചോദിക്കരുത്. ഒരപേക്ഷയാണ്.

ഞാനും ആ പുരോഹിതനും കൂടിയാണ്
ആ ഗ്രാമത്തിലേയ്ക്കന്ന് പോയത്.
വിശുദ്ധ കുർബാനയ്ക്കു ശേഷം ആ വികാരിയച്ചൻ എന്നോട് പറഞ്ഞു:
‘നമുക്കിന്ന് ഒരു വീട്ടിലാണ് ഭക്ഷണം.’
എനിക്കേറെ സന്തോഷമായി!
മിഷൻ പ്രദേശത്തെ ആ ഗ്രാമത്തിലെ
ഒരു ഭവനത്തിൽ പോകാമല്ലൊ എന്ന ചിന്തയായിരുന്നു മനസു നിറയെ.

ഭക്ഷണത്തിനായി ഞങ്ങൾ നിലത്താണിരുന്നത്.
വികാരിയച്ചൻ എന്നോടു പറഞ്ഞു:
‘അവർ വിളമ്പുന്നത് മുഴുവനും
ഭക്ഷിക്കണം. പാവപ്പെട്ടവരാണ്.’

പാത്രത്തിൽ അവർ വിളമ്പി തുടങ്ങി.
ആദ്യം ചോറ്;
അല്പം കറുത്ത നിറമാണെങ്കിലും ചോറല്ലെ എന്നു കരുതി ഞാൻ കുറച്ചധികം വിളമ്പിപ്പിച്ചു. അതിൻ്റെ കൂട്ടത്തിൽ ഇലക്കറികളും
പ്രത്യേക രീതിയിൽ തയ്യാറാക്കിയ
നാടൻ കോഴിയുമുണ്ടായിരുന്നു.

ഒരുരുള ചോറെടുത്ത് ഞാൻ വായിലിട്ടു:
ഒന്നും പറയണ്ട,
എനിക്ക് ശർദ്ദിക്കാൻ വന്നു.
ഒരു വറ്റ് പോലും ഇറക്കാൻ പറ്റാത്ത സ്ഥിതി.
അപ്പോഴാണ് അച്ചൻ്റെ വാക്കുകൾ
ഓർത്തത്:
“അവർ തരുന്നത് മുഴുവനും കഴിയ്ക്കണം.” ഞാൻ എങ്ങിനെയോ അത് ഇറക്കി.

ഞാൻ നോക്കുമ്പോൾ അച്ചൻ അതൊന്നും വകവയ്ക്കാതെ ആസ്വദിച്ച് തിന്നുന്നുമുണ്ട്.
എൻ്റെ വിഷമ സ്ഥിതി മനസിലാക്കിയ അച്ചൻ കുറച്ച് ചോറ് എൻ്റെ പാത്രത്തിൽ നിന്നും എടുത്ത് എന്നെ സഹായിച്ചു.

തിരിച്ച് പള്ളിമേടയിൽ എത്തിയപ്പോൾ ഞാനച്ചനോട് ചോദിച്ചു:
എങ്ങിനെയാണച്ചാ ആ ചോറ് തിന്നാൻ കഴിഞ്ഞത്?
ഒരു മാതിരി ചാണകത്തിൻ്റെ മണമായിരുന്നതിന്.
കൂടാതെ ഓക്കാനം വരുത്തുന്ന
രീതിയിലുള്ള ചുവയും.

അച്ചൻ പറഞ്ഞു:
”അച്ചനറിയുമോ, അവർക്ക് സാധാരണ ഗതിയിൽ അരിഭക്ഷണം ഇല്ല.
നമ്മൾ കേരളത്തിൽ നിന്നായതുകൊണ്ട് നമ്മൾക്കു വേണ്ടി അവർ പ്രത്യേകം തയ്യാറാക്കിയതാണ് ആ ചോറ്.

ജന്മിമാരുടെ കന്നുകാലികളെ പരിപാലിച്ചും അവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്തുമാണവർ ജീവിക്കുന്നത്.
ഏക്കറ് കണക്കിന് കൃഷിഭൂമിയുള്ള ജന്മിമാർ ഒരു മണി അരി പോലും അവർക്ക് കൊടുക്കില്ല. പിന്നെ അവർക്ക് അരി എങ്ങിനെ കിട്ടുമെന്നായിരിക്കും അച്ചൻ്റെ ചിന്ത അല്ലെ? ഞാൻ പറയാം.

കൊയ്ത്തിനു ശേഷം പാടത്ത്
കന്നുകാലികളെ മേയാൻ വിടും. കന്നുകാലികളുടെ ചാണകം അവർ എടുത്തുണക്കും. ആ ചാണകത്തിൽ
പാടത്തു വീണു കിടക്കുന്ന നെന്മണികളും കന്നുകാലികൾ തിന്നിട്ട് ദഹിക്കാത്ത നെന്മണികളും ഉണ്ടാകും.
ആ ചാണകം വെയിലത്തിട്ടുണക്കി
വേർതിരിച്ചെടുത്ത നെന്മണികളിൽ അരിയാക്കിയതാണ് നമ്മളിന്നു കഴിച്ച ചോറ്! അവർക്കത് ഏറ്റവും വിശിഷ്ടമായ ഭക്ഷണമാണ്.
നമ്മോടുള്ള സ്നേഹത്തെപ്രതി
അവർ പാചകം ചെയ്ത ആ ഭക്ഷണം
സന്തോഷത്തോടെ കഴിക്കാതിരിക്കാൻ ക്രിസ്തുവിൻ്റെ ഒരു മിഷനറിയ്ക്ക് സാധിക്കുമോ?
അച്ചൻ പറഞ്ഞത് ശരിയാണ്:
ഇവരുടെ ജീവിതം അറിയുന്നതുവരെ
ആ ചോറിന് ചാണകത്തിൻ്റെ ഗന്ധവും രുചിയുമായിരുന്നു.എന്നാൽ ഇന്നെനിക്കത് തേനിനേക്കാൾ മധുര മുള്ളതാണ്!”

ആ അച്ചനിത് പറഞ്ഞു കഴിഞ്ഞപ്പോൾ
എൻ്റെ മിഴികൾ നിറഞ്ഞു പോയി.
ആ വലിയ മിഷനറിയ്ക്കു മുമ്പിൽ പ്രണാമം.

സുവിശേഷത്തിലെ വിധവയുടെ
കാണിക്കയെ വിലമതിക്കുന്ന ക്രിസ്തുവിനെയാണ് ആ പുരോഹിതനിൽ എനിക്കു കാണാൻ കഴിഞ്ഞത്.
രണ്ടു ചെമ്പു നാണയങ്ങൾ ഭണ്ഢാരത്തിൽ നിക്ഷേപിച്ച ആ സ്ത്രീയെക്കുറിച്ച് ക്രിസ്തു പറഞ്ഞത് ഓർക്കുന്നില്ലേ?
മറ്റുള്ളവർ തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തപ്പോൾ അവൾ മാത്രം തന്‍െറ ദാരിദ്ര്യത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്‍െറ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു എന്ന്.
(മര്‍ക്കോ 12 :44).

ഈ ചിന്തയുടെ അന്ത്യത്തിൽ
ഒരു പ്രാർത്ഥനയേ എൻ്റെ മനസിലുള്ളൂ:
തമ്പുരാനേ….
ക്രിസ്തുവിൻ്റെ ആ കാഴ്ചയും
കാഴ്ചപ്പാടും സ്വന്തമാക്കുവാനുള്ള
കൃപ തരണമേ….

ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 4 – 2020.

Leave a comment