ദിവ്യബലി വായനകൾ Monday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ

Saint Maria Goretti, Virgin, Martyr 
or Monday of week 14 in Ordinary Time 

Liturgical Colour: Red.

പ്രവേശകപ്രഭണിതം

ഇതാ, ഊര്‍ജസ്വലയായ കന്യകയും
പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും
ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി
നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ
ഇപ്പോള്‍ അനുഗമിക്കുന്നു.

Or:

ഭാഗ്യവതിയായ കന്യക,
തന്നത്തന്നെ പരിത്യജിക്കുകയും
തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,
കന്യകമാരുടെ മണവാളനും
രക്തസാക്ഷികളുടെ രാജകുമാരനുമായ
കര്‍ത്താവിനെ അനുകരിച്ചു.

സമിതിപ്രാര്‍ത്ഥന

നിഷ്‌കളങ്കതയുടെ ഉടയവനും
ശുദ്ധതയുടെ സ്‌നേഹിതനുമായ ദൈവമേ,
അങ്ങയുടെ ദാസിയായ മരിയ ഗൊരേത്തിക്ക്
കൗമാരത്തില്‍ത്തന്നെ രക്തസാക്ഷിത്വത്തിന്റെ കൃപാവരം
അങ്ങ് പ്രദാനം ചെയ്തുവല്ലോ.
തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍
അങ്ങ് വിജയമകുടം അണിയിച്ച
ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങയുടെ കല്പനകള്‍ പാലിക്കുന്നതില്‍
സ്ഥിരതയുള്ളവരാകാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
1 കോറി 6:13-15,17-20
നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണ്.

ശരീരം ദുര്‍വൃത്തിക്കുവേണ്ടി ഉള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്. ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയുംഅവിടുന്ന് ഉയിര്‍പ്പിക്കും. നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!
കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 31:3cd-4,6,8ab,16bc,17

കര്‍ത്താവേ,, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

അവിടുന്ന് എന്റെ അഭയശിലയും
എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമായിരിക്കണമേ!
അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്;
അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ;
എനിക്കു വഴികാട്ടി ആയിരിക്കണമേ!

കര്‍ത്താവേ,, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു;
അങ്ങയുടെ അചഞ്ചലസ്‌നേഹത്തില്‍ ഞാന്‍ ആനന്ദമടയും.

കര്‍ത്താവേ,, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്;
ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!
അങ്ങയുടെ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ!
അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!

കര്‍ത്താവേ,, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 12:24-26
ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.

യേശു ശിഷ്യന്മാരോട് പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17

സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധവിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണംചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment