Fr Koshy Kuzhiyamannil (1905-1946)

Fr Koshy Kuzhiyamannil (1905-1946)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Koshy Kuzhiyamannil (1905-1946)

വയലത്തലയുടെ മണ്ണിൽ കത്തോലിക്കാ വിശ്വാസത്തിന് തുടക്കം കുറിച്ച കോശി കുഴിയംമണ്ണിൽ അച്ചൻ…

സംസ്കാരത്തെയും സമൂഹത്തെയും യേശുക്രിസ്തുവിൽ രക്ഷാകരമായ നവീനതയിലേക്ക് അടുപ്പിക്കുന്നതിനായി പുണ്യനദിയായ പമ്പയുടെ തീരത്ത് മാമലകളുടെ നടുവിൽ വയലത്തലയെന്ന ഒരു ചെറുകുന്നിൻപുറത്ത് 1936ൽ വന്ദ്യനായ കുഴിയംമണ്ണിൽ കോശി കത്തനാർ തുടക്കം കുറിച്ചതാണ് വയലത്തല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി. വയലത്തല ദേശത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കാൻ സധൈര്യം മുന്നോട് വന്ന ധീര മനുഷ്യൻ. തന്റെ ജീവിതയാത്ര കഷ്ടപ്പാടും വെല്ലുവിളികളും നിറഞ്ഞതാണെന്ന് അറിഞ്ഞിട്ടും ഉന്നതമായ ചിന്തയും ദീർഘവീക്ഷണവും കൈമുതലായ ആ കർമ്മയോഗി നൈമിഷികങ്ങളായ നിദ്രാസ്വപ്നങ്ങളേക്കാൾ ശ്രേഷ്ഠമാണ് തന്റെ ജീവിതവിളി എന്ന് തിരിച്ചറിഞ്ഞു. ഇതിനു തെളിവായിരുന്നു അച്ചന്റെ ഔന്നത്യപൂർണ്ണമായ പൗരോഹിത്യജീവിതം.

പത്തനംതിട്ട ജില്ലയിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ വയലത്തല ഗ്രാമത്തിൽ കുഴിയംമണ്ണിൽ വീട്ടിൽ കുര്യൻ യോഹന്നാൻ – റെബേക്ക ദമ്പതികളുടെ കനിഷ്ഠ പുത്രനായി 1905 ഏപ്രിൽ 29ന് ഭൂജാതനായി. മകൻ ഒരു പട്ടക്കാരൻ ആകണമെന്ന് അച്ചന്റെ വത്സല പിതാവ് ഏറെയാഗ്രഹിച്ചിരുന്നു. ഇടവക പൊതുയോഗം കൂടി ദേശത്തു പട്ടക്കാരനെ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. വൈദിക സ്ഥാനത്തേക്ക് അർത്ഥികൾ മൂന്നുപേർ ഉണ്ടായിരുന്നതിനാൽ അപ്പസ്തോല നടപടികളിൽ മത്തിയാസിനെ തെരഞ്ഞെടുത്തതുപോലെ ദൈവഹിതമറിയാനായി കുറിയിടുകയും അങ്ങനെ കോശിയുടെ പേര് വെളിവാകുകയും 1929 ഫെബ്രുവരി 22ന് ഇരുപത്തിനാലാമത്തെ വയസ്സിൽ പട്ടം സ്വീകരിക്കുകയും സഹപട്ടക്കാരനായി ഇടവക പള്ളിയായ മാർ സ്ളീബാ സേവേറിയോസ് ഓർത്തഡോക്സ് പള്ളി വയലത്തലയിൽ തന്നെ നിയമിതനാവുകയും ചെയ്തു. കുഴിയംമണ്ണിൽ കുടുംബത്തിന് ഈ ദേവാലയവുമായി വൈകാരികമായ അടുപ്പമുണ്ട്. പള്ളിക്കാവശ്യമായ സ്ഥലം ദാനമായി നൽകിയതും പള്ളി പണിയുന്നതിന് മുൻകൈ എടുത്തതും അച്ചന്റെ വത്സല പിതാവായ യോഹന്നാനായിരുന്നു, അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ അംഗീകാരമെന്നോണം പളളിയുടെ പടിഞ്ഞാറ് ഭാഗത്താണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.

കോശി അച്ചൻ അടൂർ ചിറ്റുവയിൽ എലിയാമ്മയെ വിവാഹം ചെയ്യുകയും ലില്ലിക്കുട്ടി, മോനിക്ക, മേരിക്കുട്ടി, ചെറുപുഷ്പം, ജോൺ എന്നിങ്ങനെ 5 മക്കളെ ദൈവം നൽകുകയും ചെയ്തു. ഏകമകൻ ജോണും മകൾ ചെറുപുഷ്പവും ബാല്യത്തിൽ തന്നെ സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി.

1930 സെപ്റ്റംബർ 20ന് ബഥനിയുടെ മെത്രാപ്പൊലീത്ത മാർ ഈവാനിയോസും ഒരു ചെറു സംഘവും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടത് കക്ഷിവഴക്കിലും സ്വത്തു വ്യവഹാരങ്ങളിലും കുടുങ്ങിക്കിടന്ന മെത്രാൻ കക്ഷിക്കാർക്കിടയിൽ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. ഒപ്പം ഏകസത്യസഭ കത്തോലിക്കാ സഭയാണ് എന്ന ചിന്ത അനേകരിൽ രൂഢമൂലമായി. മാർ ഈവാനിയോസ് തിരുമേനിയുമായും ബഥനി പ്രസ്ഥാനവുമായും അടുത്ത് സഹകരിച്ചിരുന്ന അച്ചൻ പുനരൈക്യത്തെ നഖശിഖാന്തം എതിർത്തിരുന്നുവെങ്കിലും നിരന്തരമായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും വെളിച്ചത്തിൽ 1935ൽ അച്ചനും വയലത്തല പ്രദേശത്തെ 21 കുടുംബനാഥൻമാരും കാട്ടൂർ പള്ളിയിൽ വെച്ച് തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും പുനരൈക്യശിൽപിയുമായ മാർ ഈവാനിയോസ് പിതാവിന്റെ മുമ്പാകെ കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവുമായ കത്തോലിക്കാ വിശ്വാസം ഏറ്റു പറഞ്ഞ് പുനരൈക്യപ്പെടുകയും മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അംഗങ്ങളാകുകയും ചെയ്തു. പത്തനംതിട്ട പ്രദേശങ്ങളിൽ ആദ്യം പുനരൈക്യപ്പെട്ട വൈദീകരിലൊരാളാണ് ഈ പുരോഹിത ശ്രേഷ്ഠൻ. മൈലപ്ര അച്ചൻ, കടമ്മനിട്ട അച്ചൻ,കുമ്പഴ അച്ചൻ എന്നീ ത്രിമൂർത്തികൾക്കൊപ്പം പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ പത്തനംതിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കെട്ടുപണിക്കായി അക്ഷീണം പ്രയത്നിക്കുകയും തന്റെ ജീവിതം പരിപൂർണ്ണമായും അതിനായി ഉഴിഞ്ഞുവെക്കുകയും ചെയ്തു. മാർ ഈവാനിയോസ് തിരുമേനിയുമായി വലിയ അടുപ്പം ഉണ്ടായിരുന്ന അച്ചൻ ജീവിതത്തിലുടനീളം അത് കാത്ത് സൂക്ഷിച്ചിരുന്നു.

നിസ്തുലമായ പൗരോഹിത്യ ജീവിതത്താൽ അനേകം കുടുംബങ്ങളെ ക്രിസ്തീയ വിശ്വാസത്തിലും കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിലും വളർത്തുന്നതിനും അച്ചന് സാധിച്ചു. അതിന്റെ തെളിവാണ് 1936 ലെ ദനഹാ പെരുനാൾ ദിനത്തിൽ (ജനുവരി 6) സ്ഥാപിതമായ വയലത്തലയിലെ കത്തോലിക്കാ സമൂഹം. പള്ളി പണിയുന്നതിന് നിയമാനുവാദം കിട്ടാനായി ഒട്ടേറെ പണിപ്പെട്ടു. അച്ചനോടൊപ്പം സഹോദരങ്ങളും കുടുംബാംഗങ്ങളും കത്തോലിക്കാ സഭയിലേക്ക് കടന്നു വന്നിരുന്നു. കീക്കൊഴൂർ, നാരങ്ങാനം ഇടവകകളിലും സമീപപ്രദേശങ്ങളിലും വികാരിയായിരുന്നു. ഇവിടങ്ങളിലെ പഴയ തലമുറ വളരെ വികാരാധീനരായി അച്ചന്റെ ശുശ്രൂഷയെ ഇന്നും അനുസ്മരിക്കുന്നു. സുറിയാനി ഭാഷയോടുള്ള അടങ്ങാത്ത ആവേശം അദ്ദേഹം തന്റെ സഹോദരങ്ങൾക്കും ഇടവക അംഗങ്ങൾക്കും പകർന്നു നൽകി. ഈ ഭാഷയിൽ അവഗാഹമുണ്ടായിരുന്നതിനാലും ഇമ്പമായി ഗാനങ്ങൾ ആലപിക്കാൻ കൃപയുണ്ടായിരുന്നതിനാലും അച്ചന്റെ ശുശ്രൂഷകൾ വിശ്വാസ സമൂഹത്തെ സ്വർഗ്ഗീയ ഔന്നത്യത്തിലേക്ക് ഉയർത്തിയിരുന്നു. വലിപ്പചെറുപ്പഭേദമന്യേ എല്ലാവരേയും കരുതാനും സ്നേഹിക്കാനും അച്ചന് സാധിച്ചിരുന്നു.

പ്രമേഹ രോഗബാധിതനായിരുന്ന അച്ചൻ അതൊന്നും വകവെയ്ക്കാതെ പുനരൈക്യപ്രസ്ഥാനത്തിനായി അക്ഷീണം അദ്ധ്വാനിച്ചു. വയലത്തല പള്ളി പണിയുന്നതിനായി ഇടവക ജനങ്ങളോടൊപ്പം കൈമെയ് മറന്ന് അദ്ധ്വാനിച്ചു. വിശ്രമമില്ലാത്ത അദ്ധ്വാനത്താൽ പ്രമേഹം മൂർച്ഛിക്കുകയും കാലിലുണ്ടായ ഒരു ചെറിയ മുറിവ് പഴുത്ത് വ്രണമായി ഒടുവിൽ മുട്ടിന് താഴെ വെച്ചു മുറിക്കേണ്ടി വന്നു. എങ്കിലും രോഗം വീണ്ടും അധികരിച്ചതിനാൽ വയലത്തലയുടെ മണ്ണിൽ കത്തോലിക്കാ സഭയുടെ വിത്ത് പാകിയ വന്ദ്യനായ കോശി അച്ചൻ 1946 സെപ്റ്റംബർ 6ന് നിത്യതയുടെ മേഘങ്ങൾക്കിടയിൽ സ്വർഗ്ഗഭാഗ്യം പൂകി ചരിത്രത്തിന്റെ ഭാഗമായി. മരണക്കിടക്കയ്ക്ക് സമീപം ബന്ധുവും സതീർതഥ്യനുമായ മൈലപ്ര അച്ചനും കുടുംബാംഗങ്ങളും ഇടവകാംഗങ്ങളുമെല്ലാമുണ്ടായിരുന്നു. ദേവാലയത്തോട് ചേർന്ന് തന്നെ അച്ചനെ സംസ്കരിച്ചിരിക്കുന്നു. അച്ചന്റെ പ്രിയ പത്നിയായ ഏലിയാമ്മ കോശി 1999 മെയ് 11ന് മരണപ്പെടുകയും വയലത്തല പള്ളിയിൽ അടക്കപ്പെടുകയും ചെയ്തു.

കുടുംബാംഗങ്ങളിൽ നിന്നും ബന്ധുമിത്രാദികളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നുമുളള എതിർപ്പ്, സ്വപിതാവ് നൽകിയ സ്ഥലത്ത് പണിയിപ്പിച്ച, താൻ പട്ടമേറ്റ, ഇടവക ശുശ്രൂഷ ചെയ്ത ദേവാലയത്തോടുള്ള വൈകാരികമായ അടുപ്പം, അരക്ഷിതമായ ഭാവി ഇതിനെയെല്ലാം അതിജീവിക്കാൻ കോശി കുഴിയംമണ്ണിൽ അച്ചനായി എന്ന് തിരിച്ചറിയുമ്പോഴാണ് ആ സത്യാന്വേഷിയുടെ ജീവിതം എത്ര ഉദാത്തമായിരുന്നു എന്നത് മനസ്സിലാകുക. വളരെ ഹ്രസ്വമായ കത്തോലിക്കാ പട്ടത്വ ശുശ്രൂഷ, 10 വർഷക്കാലം വയലത്തല കത്തോലിക്കാ പള്ളിയുടെയും സമീപപ്രദേശങ്ങളിലെ പള്ളികളുടെയും വികാരിയായി തീക്ഷ്ണതയോടെ സേവനം ചെയ്ത അച്ചൻ തന്റെ യുവത്വത്തിൽ (41 വയസ്സ്) ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടുവെങ്കിലും അച്ചൻ തിരിതെളിച്ച സത്യവിശ്വാസമാകുന്ന ദീപനാളത്തിന്റെ പൊൻപ്രഭ ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുന്നു.

കടപ്പാട്:
ലില്ലിക്കുട്ടി തോമസ് (മകൾ)
റോയി ഇളമത (കൊച്ചുമകൻ)
പ്രൊഫസർ ഡോ.ഏബ്രഹാം മാത്യു പൊൻമേലിൽ,
ബ്ര. ഐവാൻ പുതുപ്പറമ്പിൽ,
സുബിൻ മാത്യു തേക്കിൻകാട്ടിൽ.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s