വചനഭാഷ്യം – കൈത്താ മൂന്നാം ഞായര്‍

വചനഭാഷ്യം
അല്‍മായ വീക്ഷണത്തിൽ

ആഗസ്റ്റ് 2, 2020

കൈത്താ മൂന്നാം ഞായര്‍

നിയ 5: 6 – 16,
ഏശ 5: 1 – 7,
2 കോറി 7: 1 – 11, യോഹന്നാന്‍ : 9 :1-12, 35-39

തിരുത്തേണ്ട കാഴ്ചകള്‍, തീര്‍ക്കേണ്ട കര്‍മ്മങ്ങള്‍ 

🌼🌼🌼🌼🌼🌼

വിജയ് പി. ജോയ്
🌸🌸🌸🌸🌸🌸

‘ദൈവത്തിന്‍റെ മഹത്വം വര്‍ണ്ണിക്കുന്ന ആകാശത്തിന്‍ കീഴില്‍ ഭൂമി എന്നും ഇരുണ്ടതായിരിക്കുകയില്ല’- (ആയുസിന്‍റെ പുസ്തകം)

ഇതാ, വീണ്ടും തെരുവോരത്തു വച്ച് ദൈവവും മനുഷ്യനും തമ്മില്‍ കണ്ടു മുട്ടുന്നു. പുരാതനങ്ങളായ പ്രബോധനങ്ങളും പ്രതിബന്ധങ്ങളും തകര്‍ന്നു വീഴുന്നു, പുത്തന്‍ പ്രകാശങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വിള്ളലുകള്‍ക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങും പോലെ രോഗ-പീഡകളുടെ തകര്‍ച്ചകള്‍ക്കിടയിലൂടെ ദൈവം ജീവിതത്തിലേക്ക് കടന്നു വരുന്നു.

കണ്ണില്‍ നിറയുന്ന കാരുണ്യം

മുന്‍വിധികളില്ലാത്ത സ്നേഹമാണ് ക്രിസ്തു. മുന്‍വിധികളോടെയാണ് അവന്‍റെ കൂടെയുള്ളവരുടെ യാത്ര. കാണേണ്ടതു കണ്‍തുറന്നു കാണാന്‍ അതിനാലവര്‍ക്കാകുന്നില്ല. കാണുന്ന കാഴ്ചകളാകട്ടെ അവരെ വഴി തെറ്റിക്കുകയും ചെയ്യുന്നു. എല്ലാറ്റിനെയും പാപ പുണ്യങ്ങളുടെ നെരിപ്പോടിലിട്ടു ചുട്ടെടുക്കാനാണ് അവര്‍ക്കു താല്പര്യം. രക്ഷയുടെ രുചിക്കൂട്ട് അവര്‍ക്കജ്ഞാതം.

ഇവന്‍റെ അന്ധതയ്ക്കു കാരണം പാപമാണോ എന്ന ചോദ്യം അതിനാല്‍ തന്നെ അവരില്‍ നിന്നുമുയരുന്നു. ഒരുവന്‍റെ കുറവുകളോ രോഗങ്ങളോ ജീവിതാവസ്ഥകളോ അവനെ ദൈവ കാരുണ്യത്തില്‍ നിന്നും അകറ്റില്ലെന്നു ക്രിസ്തു അസങിഗ്ദ്ധമായി മറുപടി പറയുന്നു. കാഴ്ചയിലെ അളവുകോലുകളല്ല, കാരുണ്യത്തിന്‍റേത്.

കണ്ടു മുട്ടുന്നവര്‍ക്കെല്ലാം കാരുണ്യത്തിന്‍റെ ഒരു നോട്ടം സമ്മാനിക്കാനാണ് ക്രിസ്തു നമ്മെ കൂടെ കൂട്ടുന്നത്. എല്ലാവരും കാരുണ്യപൂര്‍വ്വകമായ ഒരു ഇടപെടല്‍ ആഗ്രഹിക്കുന്നുണ്ട്, അര്‍ഹിക്കുന്നുണ്ട്. മനുഷ്യരുടെ കണ്ണുകളിലേക്കു നോക്കിയാല്‍ എല്ലാവരും സ്നേഹിക്കപ്പെടേണ്ടവരാണെന്ന വെട്ടവും കിട്ടും. നോക്കൂ, ജന്മനാ അന്ധനായ ഒരുവന്‍റെ കണ്ണുകളെ പോലും ക്രിസ്തു വായിച്ചെടുക്കുന്നു. ദൈവത്തോടൊപ്പം, ദൈവത്തിന്‍റെ കണ്ണുകളിലൂടെയുള്ള പരസ്പര നോട്ടം മനുഷ്യര്‍ക്ക് സൗഖ്യം പ്രദാനം ചെയ്യും. അതവരുടെ ശ്രേഷ്ഠതകളുടെ വീണ്ടെടുപ്പുമാകും.

ബാഹ്യമായ പോരായ്മകളും പിന്നാക്കാവസ്ഥകളും ഒരുവനെ ദൈവ സന്നിധിയില്‍ നിന്നും അകറ്റില്ല എന്നതിനൊപ്പം നേട്ടങ്ങളും പാരമ്പര്യ മഹിമകളും ഒരുവന് അവിടുത്തെ മുമ്പില്‍ സവിശേഷമായ ഒന്നും നല്‍കില്ലെന്ന സത്യവും ക്രിസ്തു ഇവിടെ പറയാതെ പറയുന്നു.

‘അതിനാല്‍ ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല’ -(2 കോറി: 5:16)

അകക്കണ്ണിന്‍ കാഴ്ചകള്‍

അദൃശ്യമായ ദൈവാനുഗ്രഹം ലഭ്യമാകാനുള്ള ദൃശ്യമായ അടയാളങ്ങളാണ് സഹനങ്ങള്‍ എന്ന ക്രിസ്തുപാഠം അകക്കണ്ണ് തുറന്നു മാത്രമേ വായിച്ചെടുക്കാനാവൂ. ഏതൊരു മഹാമാരിക്ക് മുമ്പിലും പ്രത്യാശയുടെ ഒരു തിരിവെട്ടം കെടാതെ സൂക്ഷിക്കാന്‍ കരുത്ത് പകരുന്നതാണാ സന്ദേശം. കോവിഡ് കാലത്തിനപ്പുറവും ദൈവം ചില നന്മകള്‍ ഒരുക്കി വച്ചിട്ടുണ്ടാകും, ഉറപ്പ്. കാണുന്നതിനപ്പുറവും സത്യങ്ങളുണ്ടെന്ന ആ പാഠം തന്നെയാണ് വിശ്വാസത്തിന്‍റെ നിര്‍വചനവും. ഒടുവിലായി അന്ധന്‍ എത്തിച്ചേരുന്നതും അതിലേക്കു തന്നെ. ‘ഞാന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് അവന്‍ യേശുവിനെ പ്രണമിച്ചു’.

കാഴ്ചയാലല്ല, വിശ്വാസത്താലാണ് നാം നയിക്കപ്പെടേണ്ടതും രക്ഷിക്കപ്പെടേണ്ടതും. നീണ്ട കാത്തിരിപ്പുകള്‍ക്കും സഹനങ്ങള്‍ക്കും ഇരുണ്ട രാത്രികളിലെ സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അകക്കണ്ണു തുറന്നു ക്രിസ്തുവിന്‍റെ മിഴികളില്‍ നോക്കി, മൊഴികളെ ധ്യാനിച്ചാല്‍ അവനാകുന്ന സൂര്യപ്രഭയിലേക്ക് കണ്‍ തുറക്കാനാകും. അപ്പോള്‍, പഴയ നിയമ യാക്കോബിനെയും പുതിയ നിയമ ശിമയോനെയും പോലെ നമുക്കും പറയാനാകും ഇതാ, ഞാന്‍ എന്‍റെ ദൈവത്തെ കണ്ടു മുട്ടിയിരിക്കുന്നു. ‘ആ പ്രത്യേക വേദനയില്‍ മുറുകെ പിടിച്ചോളൂ, അത് നിന്നെ ദൈവ സന്നിധിയില്‍ എത്തിക്കും’ – റൂമി.

കാഴ്ച പകരുന്ന പ്രകാശം

ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു എന്ന ഗുരുമൊഴികളെ ഇനി സംശയിക്കേണ്ടതില്ല. അന്ധര്‍ക്കു കാഴ്ച എന്ന തന്‍റെ നയപ്രഖ്യാപനവും അവിടുന്ന് സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. യേശുവിന്‍റെ ആദ്യ ക്ഷണവും കാഴ്ചയുമായി ബന്ധപ്പെട്ടതാണ്, ‘വന്ന് കാണുക’. ഈ പ്രപഞ്ചത്തില്‍ മുഴങ്ങിയ ആദ്യ ദൈവസ്വരമാകട്ടെ ഇങ്ങനെ, ‘വെളിച്ചം ഉണ്ടാകട്ടെ’. അന്ധകാരം വ്യാപിച്ചിരുന്ന ഭൂമിയില്‍ അങ്ങനെ വെളിച്ചം എന്നത് ദൈവത്തിന്‍റെ മറുരൂപമായി. അന്ധകാരം എന്നത് ദൈവം ഇല്ലാത്ത അവസ്ഥയും.

അന്ധതയെ വൈദ്യശാസ്ത്രം നിര്‍വചിക്കുന്നത് No light perception എന്നാണ്. പ്രകാശത്തെ തിരിച്ചറിയാന്‍ പറ്റാതെ പോകുന്ന അവസ്ഥ. പ്രകാശമാകുന്ന ദൈവത്തെയും അവിടുത്തെ പ്രവൃത്തികളെയും മനസിലാക്കാനാവാതെ പോകുന്നതും ആ അര്‍ഥത്തില്‍ അന്ധതയാകുന്നു. ആത്മീയമായ അന്ധതയ്ക്കുള്ള പരിഹാരം ദൈവത്തില്‍ നിന്നും വരുന്ന ദൈവം തന്നെയായ പ്രകാശത്തെ (ക്രിസ്തുവിനെ) തേടി കണ്ടെത്തുക എന്നതാണ്. കാഴ്ച ലഭിക്കുന്നതിന് കണ്ണിലെഴുതാനുള്ള അഞ്ജനം എന്നോട് വാങ്ങുക എന്ന വചനവും ഈ പരിഹാരത്തിലേക്കു കുറെ കൂടി വെട്ടം പകരുന്നു. ഈ സത്യത്തിനു നേരെ മുഖം തിരിക്കുന്നവര്‍ക്കെതിരെയാണ് കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ല എന്ന ആരോപണം ഉയരുന്നത്. അന്ധരെ നയിക്കുന്ന അന്ധരാകാനാണ് അവര്‍ക്കു വിധി.

‘പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്ക് പ്രകാശം തരിക. നിനക്ക് പ്രകാശം നല്കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്‍റെ നിത്യമായ പ്രകാശം’- (ഏശയ്യാ: 60:19)

വിശാലമാകേണ്ട കാഴ്ചകള്‍

നമ്മുടെ അറിവുകള്‍ക്കും ഭാവനകള്‍ക്കുമുള്ള ആഴവും വിശാലതയും മാത്രമേ നമ്മുടെ കാഴ്ചകള്‍ക്കും സ്വന്തമാക്കാനാവൂ.അന്ധന്‍റെ അന്ധതയ്ക്കു പിന്നിലെ അനന്ത സാധ്യതയിലേക്കു ശിഷ്യന്മാരുടെ കാഴ്ച നീളാതിരുന്നതിനു കാരണവും അതു തന്നെ. കാഴ്ചകളെ നമുക്ക് മാറ്റാനാകില്ലായിരിക്കാം. പക്ഷേ, നമ്മുടെ വീക്ഷണ കോണുകളെ തീര്‍ച്ചയായും മാറ്റാനാകും. എല്ലാവരെയും എല്ലാറ്റിനെയും അറിയാനുള്ള ഒരു ശ്രമം ഉണ്ടാവുക എന്നതാണ് അതിനുള്ള ആദ്യ പടി. അതിനു വേണ്ടി മുന്‍വിധികളാകുന്ന കണ്ണിലെ തടിക്കഷണങ്ങളെ എടുത്തു മാറ്റേണ്ടി വരും.

മനുഷ്യരെപ്പറ്റി, സ്ഥലങ്ങളെപ്പറ്റി, മതങ്ങളെപ്പറ്റി, ആശയങ്ങളെപ്പറ്റിയൊക്കെ എന്തു മാത്രം മുന്‍വിധികളും തെറ്റിദ്ധാരണകളുമാണ് നാം വച്ചു പുലര്‍ത്തുന്നത്. അവയിലേക്ക് നോക്കാനുള്ള ജാലകങ്ങളെ തുറന്നിടാനും നമുക്കു മടിയാണ്. Blind spot എന്നൊരു ഘടകം എല്ലാറ്റിലുമുണ്ട്. നമ്മള്‍ കാണാത്ത, നമുക്കത്ര പിടുത്തം കിട്ടാത്ത ചില യാഥാര്‍ഥ്യങ്ങള്‍. അവയെ മനസിലാക്കാന്‍ കൃത്യമായ ചില ശ്രമങ്ങളും പഠനങ്ങളും വേണ്ടി വരും. കാഴ്ച കിട്ടിയ ആ യുവാവിന്‍റെ ആദ്യ ട്രെയിന്‍ യാത്ര. അവന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആദ്യം എല്ലാവരിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, കാര്യങ്ങള്‍ കുറെ കൂടി മനസ്സിലാക്കുമ്പോള്‍ ഏവരുടെയും കാഴ്ചകള്‍ മങ്ങുന്നു, കണ്ണീരിനാല്‍. ഇങ്ങനെ ചില പുതിയ അര്‍ത്ഥങ്ങള്‍ ബന്ധങ്ങളില്‍, ജോലികളില്‍, വിശ്വാസങ്ങളില്‍ കണ്ടെത്താനാകുമ്പോള്‍, പലതിനോടും ചേര്‍ന്ന് നില്‍ക്കാനും പലരേയും ചേര്‍ത്ത് നിറുത്താനുമാകും. അപമാനമെന്ന് കരുതിയ പലതും അഭിമാനമായി മാറും, ഭാരമായവ ഭാഗമായും.

മറ്റുള്ളവരുടെ മുന്‍വിധികളാലും തെറ്റിദ്ധാരണകളാലും തകര്‍ന്നു പോയ ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങളെ മനസിലാക്കുന്ന, സൗഖ്യം പകരാന്‍ കെല്പുള്ള ഒരു ചെറുപ്പക്കാരന്‍ വഴിയിലൂടെ നടന്നു നീങ്ങുന്നുണ്ട്. അവന്‍റെ മുമ്പില്‍ ചെന്നണയാനുള്ള ഒരു ശ്രമം ഉണ്ടായാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും എന്ന പ്രതീക്ഷ കൂടി അന്ധന്റെ സൗഖ്യാനുഭവം പങ്കുവയ്ക്കുന്നു. ‘അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ അങ്ങയെ കാണുന്നു’ -( ജോബ്: 42 :5)

മറയ്ക്കപ്പെടുന്ന കാഴ്ചകള്‍

ഇന്ന് ശരിയായ കാഴ്ചകള്‍ ഇല്ലാതാകുന്നത് അജ്ഞതയുടെ അന്ധകാരം മൂലമല്ല, വിവരാധിക്യത്തിന്‍റെ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ചു പോകുന്നത് കൊണ്ട് കൂടിയാണ്. അത്തരമൊരു കാലിക വായനയ്ക്കും ഇവിടെ പ്രസക്തിയുണ്ട്. മതിയാകാതെ വരുന്ന ഡേറ്റ, ഉടലിന്‍റെ പ്രലോഭന കാഴ്ചകള്‍, ചാനല്‍ ചര്‍ച്ചകളുടെ പ്രളയം, ആചാരങ്ങളുടെ ബാഹുല്യം, വിവാദങ്ങളാകുന്ന ഫെയ്സ് ബുക്ക് പോസ്റ്റുകള്‍, മതഭ്രാന്തന്മാരുടെ വാഗ്ധോരണികള്‍, ഊതി വീര്‍പ്പിച്ച ദേശീയത ഇവയുടെയൊക്കെ അതിപ്രസരത്തില്‍ കണ്ടെത്തേണ്ടവ മാത്രമല്ല, സാധാരണ കാര്യങ്ങള്‍ പോലും കാണാതെ പോകുന്നു. സത്യങ്ങള്‍ മറയ്ക്കപ്പെടുന്ന ഈ കാലത്ത് സര്‍പ്പത്തിന്‍റെ വിവേകവും പ്രാവിന്‍റെ നിഷ്കളങ്കതയും പേറുന്ന കണ്ണുകളോടെ കാഴ്ചകള്‍ കണ്ടു തുടങ്ങാം. ‘ഞങ്ങള്‍ കാണുന്നു എന്ന് നിങ്ങള്‍ പറയുന്നു. അതുകൊണ്ട് നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു’- (യോഹ 9:41)

പ്രവൃത്തിയില്‍ ജ്വലിക്കേണ്ട പ്രകാശം

‘ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്’ ( യോഹ:9:5). സ്വര്‍ഗ്ഗത്തിന്‍റെ ആനന്ദവും ലോകത്തിന്‍റെ പ്രകാശവും എന്നൊരു വാഴ്ത്തുണ്ട് ക്രിസ്തുവിന്. ആയിരിക്കുന്ന ഇടങ്ങളെ പ്രകാശിപ്പിക്കാനും, പ്രചോദിപ്പിക്കാനും, പ്രമോദിപ്പിക്കാനും കഴിവുള്ളവന്‍. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന (മത്താ:5:14) വചനം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങളും കര്‍മങ്ങളും നമ്മുടെ കൂടി ഉത്തരവാദിത്വമായി മാറുന്നു. അല്ലെങ്കിലും അന്ധന് കാഴ്ച നല്‍കുന്നതിന് മുമ്പുള്ള അവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ, ‘എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ പകലാകുവോളം’ നാം ചെയ്യേണ്ടിയിരിക്കുന്നു. അപ്പോള്‍ അതാണ് point to be noted. അവനു മാത്രമല്ല നമുക്കും ബാധ്യതയുണ്ട് ഈ ലോകത്തെ പ്രകാശിപ്പിക്കാന്‍.

ഇരുട്ടിനെ മുഴുവന്‍ തുടച്ച് നീക്കുന്ന പ്രഭാപൂര്‍ണത, അടിമുടി കരിക്കുന്ന മിന്നല്‍ പിണര്‍, അന്ധനു കാഴ്ച നല്‍കുന്ന രോഗശാന്തിക്കാരന്‍ അങ്ങനെയൊന്നും ആകണമെന്നില്ല. അന്ധകാരത്തില്‍ ഒരു മിന്നാമിനുങ്ങ്, വിജന വീഥികളില്‍ ഒരു വഴി വിളക്ക്, ചുവടുകള്‍ക്കു മുന്നോട്ടു വയ്ക്കാന്‍ ഒരു കൈവിളക്ക്… അത്രയും മതിയെന്നേ, ക്രിസ്തുവിന്‍റെ പുഞ്ചിരി തെളിയാന്‍. സാരമില്ലെന്നും കൂടെയുണ്ടെന്നുമൊക്കെയുള്ള ചെറു വാക്കുകളിലൂടെ പോലും മനുഷ്യജീവിതങ്ങളിലെ മണ്‍ചിരാതുകളെ തെളിക്കാനും കെടാതെ സൂക്ഷിക്കാനും നമുക്കാവും. ഒന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ, നിന്നിലെ വെളിച്ചം ഇരുളാകാതെ സൂക്ഷിക്കുക. ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്ത് വരുന്നുണ്ട്.

ജിബ്രാനെ പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു, “ദൈവമേ,എന്‍റെ ഹൃദയത്തില്‍ പ്രകാശം നിറയ്ക്കണമേ. എന്‍റെ ജനനത്തെയും മരണത്തേയും പ്രകാശിപ്പിക്കുക. എന്‍റെ വിചാരത്തിലും അധരത്തിലും കാഴ്ചയിലും കേള്‍വിയിലും പ്രകാശം തരിക. എന്‍റെ ഇടതും വലതും മുകളിലും പാദത്തിലും നിന്‍റെ പ്രകാശം നല്‍കുക. നിന്‍റെ പ്രകാശം എന്‍റെ ഉള്ളില്‍ വളരട്ടെ. എന്നെ നിന്‍റെ പ്രകാശമാക്കി മാറ്റുക” (പ്രവാചകന്‍).
……………………
Publisher : Rev. Paul Kottackal (Sr.) email: frpaulkottackal@gmail.com
Malayalam – http://homilieslaity.com | English (for Children) – http://gospelreflectionsforkids.com

Leave a comment