ദിവ്യബലി വായനകൾ 18th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ,2/8/2020

18th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 69: 2,6

ദൈവമേ, എന്റെ സഹായത്തിനു വരണമേ;
കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ.
അങ്ങെന്റെ സഹായകനും വിമോചകനുമാണ്;
കര്‍ത്താവേ, വൈകരുതേ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെമേല്‍
അങ്ങയുടെ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 55:1-3
നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ!

കര്‍ത്താവ് അരുള്‍ ചെയ്യുന്നു:

ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍.
നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ!
വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.
ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?
സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു?
എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക.
നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍
ആസ്വദിക്കുകയും ചെയ്യുക.

എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍.
നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി
ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും;
ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 145:8-9,15-16,17-18

കര്‍ത്താവേ, അങ്ങ് കൈതുറന്നു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവേ, അങ്ങ് കൈതുറന്നു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

എല്ലാവരും അങ്ങയില്‍ ദൃഷ്ടി പതിച്ചിരിക്കുന്നു;
അങ്ങ് അവര്‍ക്കു യഥാസമയം ആഹാരം കൊടുക്കുന്നു.
അവിടുന്നു കൈതുറന്നു കൊടുക്കുന്നു;
എല്ലാവരും സംതൃപ്തരാകുന്നു.

കര്‍ത്താവേ, അങ്ങ് കൈതുറന്നു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും
അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.

കര്‍ത്താവേ, അങ്ങ് കൈതുറന്നു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

രണ്ടാം വായന

റോമാ 8:35,37-39
യാതൊരു സൃഷ്ടിക്കും യേശുക്രിസ്തുവിലുള്ള ദൈവസ്‌നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ല.

ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍ നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 14:13-21
അവന്‍ സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അത് ജനങ്ങള്‍ക്കു വിളമ്പി.

അക്കാലത്ത്, സ്‌നാപകയോഹന്നാന്റെ മരണത്തെപ്പറ്റി കേട്ടപ്പോള്‍ യേശു അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി. സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. എന്നാല്‍ യേശു പറഞ്ഞു: അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. അവന്‍ പറഞ്ഞു: അത് എന്റെ അടുത്തുകൊണ്ടുവരുക. അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാര്‍ ആയിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ജ്ഞാനം 16: 20

കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.
Or:
യോഹ 6: 35

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്രചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment