പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും. നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്ഛതപ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും. (ദാനിയേല്‍ 12: 10-11)” ദിവ്യകാരുണ്യ നാഥാ, അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും, സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. അപ്പത്തിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എഴുന്നുള്ളി വരുകയും, ഞങ്ങളിൽ വസിക്കുകയും ചെയ്യുന്ന അവിടുത്തെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാൽ ആണ് മതിയാകുക. കോവിഡ് മഹാമാരിയെ തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കാത്ത ദേവാലയങ്ങളിലെ വിശ്വാസികളെ പിതാവേ, അങ്ങ് ആശ്വസിപ്പിക്കണമേ. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃത സംസ്കാര ശുശ്രുഷകൾ ചെയ്യുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. ഭയവും ആകുലതയും വിട്ടു പോകുവാൻ ദൈവമേ ഇടതരണമേ. ദുരിതത്തിന്റെ ഈ കാലത്തു നിന്നും മോചനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവേ, ഇന്നേ ദിനത്തിൽ ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കണമേ. ദൈവ ഹിതത്തിനു നിരക്കാത്ത എന്തെങ്കിലും തഴക്ക ദോഷങ്ങൾ ഞങ്ങളെ വേട്ടയാടുകയോ, ഞങ്ങൾ അടിമപ്പെടുകയോ ചെയ്തിട്ടുണ്ട് എങ്കിൽ ദൈവമേ മോചനം നൽകണമേ. പരിശുദ്ധ അരൂപിയുടെ ചൈതന്യത്തിൽ വ്യപാരിക്കുവാൻ കൃപ നൽകണമേ. വചനം പഠിക്കുവാനും മനസിലാക്കുവാനും ഞങ്ങളെ സഹായിക്കണമേ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന മക്കളെ ഓർക്കുന്നു. അവർക്ക് ദൈവിക അനുഭൂതി നൽകി അനുഗ്രഹിക്കണമേ. കണ്ണ് നീരോടെ ഉള്ള പ്രാർത്ഥനകൾ അങ്ങ് സ്വീകരിക്കേണമേ. ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യ ബലികളിൽ സമർപ്പിക്കപ്പെടുന്ന നിയോഗങ്ങൾ കർത്താവെ അവിടുന്ന് സ്വീകരിക്കണമേ. അയോഗ്യതയോടെ ബലിയർപ്പിക്കുകയോ, ബലിയിൽ പങ്കെടുക്കുകയോ ചെയ്യുന്നവരെ മനസാന്തരത്തിലേക്ക് നയിക്കണമേ. ഓൺലൈൻ വിശുദ്ധ കുർബാനകളിൽ പങ്കെടുക്കുന്നവർക്ക് സഭയുടെ ചൈതന്യത്തിൽ ബലി അർപ്പിക്കുവാൻ സഹായം ഏകണമേ . കർത്താവെ ഇന്ന് ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യപെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ അഗസ്റ്റിൻ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Advertisements

Leave a comment