വി. ചാവറ ഏലിയാസ് കുരിയാക്കോസ്

വി. ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെ തിരുനാള്‍ 

    കുട്ടനാടന്‍ ചെരിന്‍റെയും ഓരിന്‍റെയും സുഗന്ധങ്ങളുടെ നിറവില്‍ ആധ്യാത്മികതയുടെ ചൈതന്യത്തോടെ വിളിപ്പാടകലെയുള്ള മാന്നാനക്കുന്നില്‍ വന്നു , ഒരു സാമ്രാജ്യം സ്ഥാപിച്ച, കേരളത്തിന്‍റെ ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തനനിരതനായി കടന്നുപോയ വിശുദ്ധ ചാവറയച്ചന്‍റെ സ്മരണകള്‍ തെളിയുന്ന പുണ്യദിനം.

    സ്വജീവിതത്തെ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ദൈവോപാസനകൊണ്ടും സമ്പുഷ്ടമാക്കിയ വിശുദ്ധ ചാവറയച്ചന്‍ ഭൂമുഖത്തുനിന്നും സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടെങ്കിലും  മനുഷ്യ മനസുകളില്‍ ഇന്നും എന്നും ജിവിക്കുന്ന വിശുദ്ധന്‍.

   നാമിന്ന് കാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പമായിരുന്നു. അങ്ങനെയൊരു കാലത്താണ്, ബഹുമേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തി സഭയിലും സമൂഹത്തിലും പ്രവര്‍ത്തനനിരതനായത്. അതെ. ലോകത്തിനുവേണ്ടി  ദൈവം ഈ ഭൂവില്‍   1805  ഫെബ്രുവരി 10 ന് വലിയ സമ്മാനം നല്‍കി അതാണ് നമ്മുടെ വിശുദ്ധ ചാവറയച്ചന്‍. ചാവറയച്ചന്‍ ജനിച്ചതും ജീവിച്ചതും പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നുവെന്ന് നമുക്കറിയാം. കേരളചരിത്രത്തിന്‍റെ ആഴങ്ങളിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ വളരെ കലുഷിതമായ ഒരു കാലഘട്ടമായിരുന്നു അത്… കേരളം ഒരു ഭ്രാന്താലയമാണോ എന്ന സ്വാമി വിവേകാനന്ദന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

     വി. ചാവറയച്ചന്‍റെ  ജീവിതം വിലയിരുത്തിക്കൊണ്ട്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ ഇപ്രകാരം എഴുതിയിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദരപൂര്‍വം അനുസ്‌മരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തി പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും, ഇരുപത്തൊന്നാം നൂറ്റാണ്ടും സൃഷ്‌ടിച്ച ആളായിരിക്കും. അങ്ങനെയുള്ളവരെയാണ്‌ യുഗസ്രഷ്‌ടാക്കള്‍ എന്നു വിളിക്കുന്നത്‌. അച്ചന്‍ അത്തരത്തില്‍ ഒരു യുഗസ്രഷ്‌ടാവായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച്‌ കേരളീയ സമൂഹത്തിനു ശക്തിയും വെളിച്ചവും പകര്‍ന്ന ചാവറയച്ചന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്കു സൂര്യതേജസായി ചൂടും വെളിച്ചവും പകരുന്നു. ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും.”

 കത്തോലിക്കാസഭയുടെ കേരളത്തിലെ ആദ്യത്തെ അച്ചടിയന്ത്രം നിര്‍മ്മിച്ചതും, പ്രകാശന ജോലികള്‍ തുടങ്ങിയതും ചാവറയച്ചനാണ്‌. 1887ല്‍ മാന്നാനത്തുനിന്ന് ‘നസ്രാണിദീപിക’ ആരംഭിച്ചു. ഇന്നും പ്രസിദ്ധീകരണം തുടരുന്ന ആദ്യ മലയാള ദിനപത്രം. സി. എം. ഐ. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കംകുറിച്ചത് ചാവറയച്ചനാണ്. സീറോ മലബാര്‍ സഭയിലെ കാര്‍മ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (സി.എം.ഐ.) എന്ന പേരില്‍ വൈദികര്‍ക്കായും കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി.) എന്ന പേരില്‍ കന്യാസ്ത്രീകള്‍ക്കായും സന്ന്യാസസഭകള്‍ സ്ഥാപിച്ചാണ് ചാവറയച്ചന്‍ തന്റെ സഭാപ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ടത്. ഇന്നു ഈ സന്ന്യാസ സഭ ലോകമെങ്ങും വളര്‍ന്നിരിക്കുന്നു. സഭാസ്ഥാപകന്‍ സ്വര്‍ഗ്ഗോന്നതങ്ങളില്‍ നിന്ന് വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞുക്കൊണ്ടിരിക്കുന്നു. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വിശ്വം മുഴുവനിലുമായിരുന്നു ആ സ്‌നേഹസീമ അതിരിട്ടത്.

  സിഎംഐ സന്യാസസമൂഹത്തിന്റെ തലവന്‍ എന്ന നിലയില്‍ ചാവറയച്ചന്‍ ആദ്യം യത്‌നിച്ചത്‌ കത്തോലിക്കാ സഭാംഗങ്ങളുടെ ആധ്യാത്മിക നവീകരണത്തിനുവേണ്ടിയാണ്‌. എന്നാല്‍, അതോടൊപ്പം മറ്റൊരുകാര്യംകൂടി അദ്ദേഹം ചെയ്‌തു. അത്‌ ജനങ്ങളുടെയിടയില്‍ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കുക എന്നുള്ളതായിരുന്നു. അവര്‍ണര്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന അക്കാലഘട്ടത്തില്‍ അവര്‍ക്കുകൂടി പ്രവേശനം നല്‌കിക്കൊണ്ടാണ്‌ 1846-ല്‍ അദ്ദേഹം മാന്നാനത്ത്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ആര്‍ഷഭാഷയായ സംസ്‌കൃതത്തെ സ്‌നേഹിച്ചിരുന്ന ചാവറയച്ചന്‍ അന്ന്‌ ആരംഭിച്ചത്‌ ഒരു സംസ്‌കൃത സ്‌കൂളായിരുന്നു. പിന്നീട്‌, കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായി നിയമിതനായതിനുശേഷമാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനുതന്നെ അദ്ദേഹം തുടക്കംകുറിച്ചത്‌. ഓരോ പള്ളിയോടുമൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന കല്‌പന 1864-ല്‍ പുറപ്പെടുവിച്ചതിലൂടെ അദ്ദേഹം നടത്തിയ ധീരമായ കാല്‍വയ്‌പ്‌ കേരള സമൂഹത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന്‌ ആരോടും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. പള്ളിക്കൂടങ്ങള്‍ ആരംഭിക്കാത്ത പള്ളികളെ ശിക്ഷിക്കുമെന്നുവരെ പ്രഖ്യാപിച്ചുകൊണ്ടു സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ അദ്ദേഹം നല്‌കിയ പ്രാധാന്യം ആര്‍ക്കും അത്ര എളുപ്പത്തില്‍ വിസ്‌മരിക്കാമെന്നു തോന്നുന്നില്ല.

വാഴപ്പിണ്ടിയില്‍ രൂപകല്പനചെയ്ത് തടികൊണ്ടു നിര്‍മിച്ച അച്ചടിശാല, അനാഥര്‍ക്കായി കൈനടിയിലെ ഉപവിശാല, മരണവീടുകളിലെ ഗീതങ്ങള്‍, തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങള്‍….. കാലം നമസ്‌കരിച്ച ആ കര്‍മയോഗിയുടെ സംഭാവനകള്‍ ചെറുതല്ല.

ലോകവ്യാപാരങ്ങളിലൊന്നും ഇടപെടാതെ കഴിയുന്ന ഒരാളായിരുന്നില്ല, ചാവറയച്ചന്‍. വിദ്യാഭ്യാസത്തില്‍ ഇന്ന് കേരളം ഇന്ത്യയെ നമിക്കുന്നു. കോട്ടയം രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണസാക്ഷരനഗരം. പത്രപ്രചാരണത്തില്‍ രാജ്യത്തുതന്നെ കേരളത്തിന് മികച്ചസ്ഥാനം. നാം ചാവറയച്ചനോട് കടപ്പെട്ടിരിക്കുന്നു.

തന്‍റെ  ചെറുപ്പകാലത്തെ അനുസ്‌മരിച്ചുകൊണ്ട്‌ അഭിമാനപൂര്‍വ്വം ചാവറയച്ചന്‍ ഇങ്ങനെ പറയുമായിരുന്നു:

മുലപ്പാലിനൊപ്പം എന്റെ അമ്മ പ്രാര്‍ത്ഥനകളും എനിക്ക്‌ പകര്‍ന്നു തന്നു. ആ പ്രാര്‍ത്ഥനകളെല്ലാം തീക്ഷണമായി പഠിച്ചു” എന്ന്‌.

വിശ്വാസം മുലപ്പാലുപോലെ കുഞ്ഞിന്‌ പ്രധാനപ്പെട്ടാണെന്ന്‌ അറിയുന്ന മാതാപിതാക്കളാണ്‌ സഭയുടെ സമ്പത്ത്‌. അവരിലുടെയാണ്‌ ദൈവം അടുത്തനൂറ്റാണ്ടിനുവേണ്ടി സഭാതനയരെ ജനിപ്പിക്കുനന്നത്‌.

മാതാപിതാക്കളില്‍ നിന്ന്‌ ചാവറയച്ചന്‌ ലഭിച്ച ഈ വിശ്വാസ രൂപീകരണം വിശ്വാസത്തിന്റെ ഏത്‌ പ്രതിസന്ധിയെയും നേരിടാന്‍ ശക്തിയുളളതായിരുന്നു.

അവസാനമായി ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു ഉപദേശമേ നല്‌കാനുണ്ടായിരുന്നുളളു.

            “തിരുകുടുംബത്തെ ആശ്രയിക്കുക.

             തിരുകുടുംബത്തെ തിരുഹൃദയത്തില്‍ സ്വീകരിക്കുക.”

പൂര്‍ണമായ സ്‌നേഹാര്‍പ്പണത്തിലുടെ ആ കുടുംബത്തിലെ അംഗമാകുന്നതിലുടെയാണ്‌ വിശ്വാസ ജീവിതം അര്‍ത്ഥവത്താകുന്നത്… ചെറുപ്പത്തില്‍ തന്നെ കുടുംബം നഷ്ടപ്പെട്ട ചാവറയച്ചന്‍ തിരുകുടുംബത്തെ സ്വന്തമാക്കിയിരുന്നു.

ദൈവഹിതത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കാനും ദൈവത്തോടൊത്ത്‌ ചിന്തിക്കാനും, അങ്ങനെ ദീര്‍ഘവീക്ഷണമുളളവരാകാനും, ദൈവത്തോടൊത്ത്‌ ജോലി ചെയ്‌തുകൊണ്ട്‌ സഭയുടെയും സമൂഹത്തിന്‍റെയും ഭാവി കരുപ്പിടുപ്പിക്കുന്നവരാകാന്‍ നമുക്ക്‌ സാധിക്കണം.

    1871-ല്‍ ജനുവരി 3-ന് കൊച്ചി നഗരപ്രാന്തത്തിലെ കൂനമ്മാവ് അന്നുണ്ടായിരുന്ന കര്‍മ്മലീത്താ (ocd)  ആശ്രമത്തിലാണ് പുണ്യശ്ലോകനായ ഈ കര്‍മ്മലീത്തന്‍ അന്തരിച്ചെങ്കിലും അദ്ദേഹം തെളിച്ച തിരിയുടെ പ്രകാശo ഇന്നുo ഈ ഭൂമിയില്‍ ജീവിക്കുന്നു.

Advertisements

Leave a comment