പുലർവെട്ടം 367

{പുലർവെട്ടം 367}
 
കണ്ടറിഞ്ഞ ആരാധനയിടങ്ങളിൽ മറ്റൊന്നും ഇത്ര ഉള്ളിൽ പതിഞ്ഞിട്ടില്ല; അത് ജറുസലേമിലെ വിലാപമതിലാണ്. അത് ആ പേരിൽ അറിയപ്പെടാനല്ല യഹൂദർ ആഗ്രഹിച്ചിരുന്നത്. അവരതിനെ വിളിക്കുന്നത് വെസ്റ്റേൺ വാൾ എന്നാണ്. നിരന്തരവിലാപങ്ങൾക്ക് സാക്ഷിയായി അതു നിൽക്കുന്നതുകൊണ്ട് പുരാതന ഫ്രഞ്ചുയാത്രികരാണ് അതിനെ വിലാപമതിലെന്ന് വിളിച്ചുതുടങ്ങിയത്- wailng wall. കല്ലിന്മേൽ കല്ലില്ലാതെ കഥാവശേഷമായ ഒരു ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ നിന്നുള്ള ശേഷിപ്പാണത്. 150 അടി നീളവും 20 അടി ഉയരവുമുള്ള ആ കനത്ത ചുണ്ണാമ്പുമതിലിന്റെ വിള്ളലുകളിൽ പ്രാർത്ഥനകളെഴുതിയ കടലാസുകഷണങ്ങൾ കുത്തിനിറച്ചിട്ടുണ്ട്.
ഞങ്ങളെത്തിയത് ഏതോ വിശേഷപ്പെട്ട ദിവസമായിരുന്നു. കറുത്ത മേൽവസ്ത്രം ധരിച്ച് ആചാരവേഷത്തിലായിരുന്നു അവർ. ദൈവസാന്നിധ്യം ഇപ്പോഴും വലം ചുറ്റി നിൽക്കുന്ന ഇടമായിട്ടാണ് യഹൂദർ ആ ചുവരിനെ – Kotel – കാണുന്നത്. അവർ ചെയ്യുന്നതുപോലെ ഭിത്തിയിൽ തല മുട്ടിച്ചു നിൽക്കുമ്പോൾ വിലാപങ്ങളുടെ ആരോഹണദ്ധ്വനികൾ ഉയർന്നു. ഒരു സമൂഹം എന്ന നിലയിൽ ചരിത്രത്തിൽ ഇത്രയും ഞെരിഞ്ഞമർന്ന ചുമലുകൾ ആർക്കുമില്ല. എന്നിട്ടും തങ്ങളുടെ ചരിത്രത്തിന്റെ തന്നെ രൂപകമായ ആ ചുവരിനെ താങ്ങി അവർ തങ്ങളുടെ വിധിയെ കുലീനമായി അഭിമുഖീകരിക്കാൻ പഠിക്കുകയായിരുന്നു; ദൈവനിന്ദയോ ദൈവനിരാസമോ ഇല്ലാതെ. ഓർമിക്കണം, ഒരു കാക്കക്കാലിന്റെ തണൽ പോലും ലഭിക്കാതെ ലോകമെമ്പാടും ചിതറിയ മനുഷ്യരായിരുന്നു അവർ. മാളയിലും പറവൂരും കൊടുങ്ങല്ലൂരുമൊക്കെയുള്ള പഴമക്കാർ ഓർമിക്കുന്നുണ്ടാവും തലച്ചുമടുമായി തങ്ങളുടെ അങ്കണങ്ങളിൽ എത്തിയ ജൂതവാണിഭക്കാരെ. മൂന്നു നേരം പ്രാർത്ഥിക്കുമ്പോൾ അവരും ഈ തിരുശേഷിപ്പുനഗരത്തിന്റെ ദിശയിലേക്കാണ് ഉറ്റുനോക്കിക്കൊണ്ടിരുന്നത്.
ഒരു വിഷാദസ്മൃതിയായി മാത്രം അതിനെ അടയാളപ്പെടുത്തരുതെന്ന് യഹൂദറാബിമാർ എല്ലാ കാലങ്ങളിലും ശഠിച്ചിട്ടുണ്ട്. ഒൻപതു തവണ തകർത്ത് പുതുക്കിപ്പണിത ദേവാലയചരിത്രത്തിൽ തകർക്കാനാവാതെ നിലനിന്ന ഒരേയൊരു ഇടം അതു മാത്രമായിരുന്നു. കുനിഞ്ഞ ശിരസ് പുതിയൊരു ഇച്ഛാശക്തിയിൽ ഉയർത്തി മടങ്ങിപ്പോകാനാണ് ആ മതിൽ ഭക്തനോടു മന്ത്രിക്കുന്നത്.
അവരതിനെ ഗണിച്ചിട്ടുള്ളത് മാലാഖമാർ സംരക്ഷിക്കുന്ന ഇടമായിട്ടാണ്. അതിന് മനുഷ്യപ്പറ്റുള്ള ഒരു കാരണവുമുണ്ട് അവരുടെ ഐതിഹ്യത്തിൽ. ദേവാലയനിർമിതിയുടെ കാലത്ത് പല വിഭാഗങ്ങളെയായിരുന്നു പല ഇടങ്ങളുടെ പൂർത്തീകരണത്തിനായി നിശ്ചയിച്ചത്. പടിഞ്ഞാറേ മതിലിന് നറുക്കു വീണത് ദരിദ്രർക്കാണ്. മറ്റു കൂലിക്കാരെ നിർത്താനാവാത്തതുകൊണ്ട് രാപകലില്ലാതെ സ്വന്തം കരമുപയോഗിച്ച് അവർ കെട്ടിയുയർത്തുകയായിരുന്നു. ശത്രുക്കൾ ദേവാലയം തകർത്തപ്പോൾ അത്യുന്നങ്ങളിൽ നിന്ന് മാലാഖമാർ തന്നെ ഇറങ്ങിവന്ന് ചിറകുവിരിച്ച് ആ ഇടത്തെ കാത്തതാണ്: This wall, the work of the poor, shall never be destroyed (Legends of the Land of Israel)
പല രീതിയിൽ മേൽക്കൂര നഷ്ടപ്പെട്ടവർ, പൂർവസ്മൃതികളുടെ അവശേഷിക്കുന്ന ശേഷിപ്പുകളിൽ തല ചായ്ച്ച് നിലവിളിക്കുന്ന ഒരു കാലമായതുകൊണ്ടാണ് ഈ പുലരിയിൽ ഇതെഴുതണമെന്നു തോന്നിയത്; മറ്റൊന്നുമില്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.

Leave a comment