ദിവ്യബലി വായനകൾ Monday of week 23 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 7/9/2020

Monday of week 23 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,
അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 5:1-8
നിങ്ങള്‍ പഴയ പുളിപ്പ് നീക്കിക്കളയുവിന്‍; നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

സഹോദരരേ, വിജാതീയരുടെ ഇടയില്‍പ്പോലും ഇല്ലാത്ത തരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെ ഇടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍ നിന്നു നീക്കിക്കളയുവിന്‍. ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ആത്മാവ് കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്ഷ പ്രാപിക്കട്ടെ. നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‍പം പുളിപ്പ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 5:4-5,6,11

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല;
തിന്മ അങ്ങയോടൊത്തു വസിക്കുകയില്ല.
അഹങ്കാരികള്‍ അങ്ങേ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല;
അധര്‍മികളെ അങ്ങു വെറുക്കുന്നു.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു;
രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ!
അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ!
അങ്ങേ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ!
അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 6:6-11
സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗ ശാന്തി നല്‍കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു. യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്മചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു. അവര്‍ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു..

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment