പുലർവെട്ടം 305

{പുലർവെട്ടം 305}

വർണ്ണപ്പകിട്ടു കൊണ്ടും നാഗരികതയുടെ കലർപ്പില്ലാത്ത നാടോടിജീവിതം കൊണ്ടും സ്വന്തം വാസസ്ഥലങ്ങളായ കെനിയയിലും ടാൻസാനിയയിലുമെന്നതുപോലെ പുറത്തും അറിയപ്പെടുന്ന ഗോത്രമാണ് മസായ്. തങ്ങളുടെ സംസ്കാരത്തിന്റെ പൊട്ടും പൊടിയും സന്ദർശകർക്ക് കാട്ടിക്കൊടുക്കുന്നത് അവരുടെ ആതിഥ്യത്തിന്റെ രീതിയാണ്. തീപ്പെട്ടിക്കൊള്ളികളുമായി അവർ ഇനിയും അത്ര അടുപ്പത്തിലായിട്ടില്ല. അഗ്നിയുടെ പവിത്രതയെക്കുറിച്ചുള്ള ചില ബോധങ്ങളാണ് അവരെ അതിൽനിന്ന് വിലക്കുന്നത്. ചെറിയ ഒരു മരപ്പാളിയിൽ ചില്ലിക്കമ്പുരച്ചുരച്ചാണ് അവർ തീയാളിക്കുന്നത്. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ ഓർത്തത് എന്തിലുമേതിലും മയക്കത്തിലായിരിക്കുന്ന ചില സ്ഫുലിംഗങ്ങളേക്കുറിച്ചായിരുന്നു.

കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും അതിന്റെ കോറലുകൾ ഗ്രാമഫോൺ റെക്കോഡിലെന്നപോലെ തലച്ചോറിൽ അവശേഷിപ്പിക്കുന്നുവെന്ന് ആദ്യം നിരീക്ഷിച്ചത് കാൾ യുങ് ആണ്. പിന്നീടെപ്പോഴോ വിസ്മൃതിയുടെ ചാരം വീഴുന്നു. ഗ്രീക്ക്ഭാഷയുമായി ഒരിക്കലും പരിചയമില്ലാത്ത ഒരു സാധുസ്ത്രീ അന്തിനേരത്ത് ഗ്രീക്ക് ബൈബിൾ ഉരുവിട്ട് ചുറ്റിലുമുള്ളവരെ അത്ഭുതപ്പെടുത്തിയ കഥ യുങ് പറയുന്നുണ്ട്. കൂടുതൽ അവളെ പഠിച്ചപ്പോൾ തീരെ ചെറുപ്പത്തിൽ ഒരു പുരോഹിതന്റെ വീട്ടുജോലിക്കായി അവൾ നിന്നിരുന്നു എന്ന് മനസ്സിലായി. തന്റെ അധ്വാനത്തിനിടയിൽ പുരോഹിതൻ ഗ്രീക്ക് ബൈബിൾ ഉരുവിടുന്നത് അവൾ അലക്ഷ്യമായി കേട്ടിട്ടുണ്ടായിരുന്നു. മറവിയുടെ ധൂളികൾക്കു താഴെ ചില കനലുകൾ കിടപ്പുണ്ട്. ചെറിയൊരു ഘർഷണം, ഇളംകാറ്റ്.. അത്രയും മതിയാകും അത് ആളിപ്പടരാൻ.

ഭൂമിയെന്ന നെരിപ്പോടിലേക്ക് ആരോ സദാ ഊതുന്നുണ്ട്. അങ്ങനെ സകലത്തെയും ജ്വലിപ്പിക്കുന്ന ആ ചൈതന്യത്തിന് ബൈബിൾ ചാർത്തിക്കൊടുക്കുന്നത് കാറ്റ് എന്ന വാക്കാണ്- റൂഹ. ആദിയിൽ ജലത്തിനു മീതെ ആ ചൈതന്യം സഞ്ചരിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞാണ് അതിനെ അവതരിപ്പിക്കുന്നത്. കാറ്റ് എപ്പോഴും വീശുന്നു, അതെവിടെനിന്നു വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ നമുക്കറിയില്ല. പുതിയ നിയമത്തിന്റെ ഇടനാഴികളിലെവിടെനിന്നോ യേശു നിക്കോദേമൂസിനോട് പറയുന്നുണ്ട്. ജീവിതത്തിന്റെ ചില അനന്യനിമിഷങ്ങളിൽ ഈ കാറ്റ് ഒരാളുടെ നിശ്വാസമായി മാറുന്നു. Anointing എന്നാണിതിനെ ആന്തരികവിചാരങ്ങളിൽ വിശേഷിപ്പിക്കുന്നത്. നിന്റെ നിശ്വാസത്തിന് ആപ്പിളിന്റെ സുഗന്ധമാണെന്ന് ‘ഉത്തമഗീത’ത്തിൽ പറയുന്നതുപോലെ നൂറ്റൊന്ന് ശതമാനം വൈയക്തികമാണിത്.

ഇത്തരം സ്നേഹനാളങ്ങളിൽ പെട്ടുപോയ മനുഷ്യർക്ക് പിന്നീടെന്തു സംഭവിക്കുന്നു എന്നറിയാൻ ആ വലിയ മുക്കുവനെ നോക്കിയാൽ മതി. ഒരിക്കൽ സ്വന്തം വേഷം കൊണ്ടും ഭാഷ കൊണ്ടും വെട്ടിലായതാണ് പീറ്റർ. യേശുവിന്റെ വിചാരണയാത്രയ്ക്കിടയിൽ ഒളിച്ചും പാത്തും കൂടെപ്പോയതാണ്. എന്നാൽ കൊട്ടാരത്തിന്റെ നടുത്തളത്തിൽ വച്ച് അയാൾ പെട്ടു. കടപ്പുറത്തുള്ള ഒരാളുടെ വേഷം തിരിച്ചറിയാൻ സാമാന്യ ഐ. ക്യു. മതി. “നീ അയാളോടൊപ്പമുള്ള ഗലീലിയാക്കാരനല്ലേ?” അല്ല എന്ന് നിഷേധിച്ചപ്പോൾ തീരത്തിന്റെ ഭാഷ മറ നീക്കി വന്നു. അങ്ങനെ അടുത്ത പൊല്ലാപ്പായി. പിന്നെ അതിൽ നിന്ന് ഊരാനായി ആണയിട്ടു, ‘അറിയില്ല അറിയില്ല’ എന്ന്. അങ്ങനെ പരിഷ്കൃതയിടങ്ങളിൽ തല കുനിച്ച് നിൽക്കേണ്ട ഭാഷയുള്ള ആ മുക്കുവൻ അതേ നഗരത്തിന്റെ ചത്വരത്തിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതാണ് പിന്നെ നമ്മൾ കാണുന്നത്. പല ഭാഷകളിലുള്ള മനുഷ്യർ അന്ന് ആ നഗരത്തിലുണ്ടായിരുന്നു. അവരിങ്ങനെയാണ് പരസ്പരം ആരാഞ്ഞത്: “ഈ സംസാരിക്കുന്നതെല്ലാം ഗലീലിയാക്കാരല്ലേ. എന്നിട്ടും എങ്ങനെയാണ് നമ്മുടെ മാതൃഭാഷയിൽ നമ്മളിത് കേൾക്കുന്നത്?”

സംഭവിച്ചത് ഇതാണ്. ഭയം തീണ്ടി നീലിച്ച കുറച്ചു മനുഷ്യർ അടച്ചിട്ട മുറിയിൽ അവന്റെ അമ്മയോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു. ഉയർപ്പിന്റെ അമ്പതാം ദിനമായിരുന്നു അത്. ഒരു കാറ്റ് വീശി. ആ കാറ്റിൽ അവരുടെ ശിരസ്സിനുമീതെ അഗ്നിനാവുകൾ എഴുന്നുനിന്നു. കത്തുന്ന ആ മനുഷ്യർ പിന്നീട് പള്ളികളിൽ എരിഞ്ഞുതീരുന്ന മെഴുകുതിരികളുടെ ആദിരൂപമായി. പരിശുദ്ധാത്മാവിന്റെ ആഗമനദിനമായി അതിനി വിശ്വാസഭൂപടത്തിൽ ഇടം തേടും- പന്തക്കുസ്ത. പരിശുദ്ധാത്മാവ് വരുമ്പോൾ അവിടുന്ന് നിങ്ങളെയെല്ലാം ഓർമ്മിപ്പിക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്. ആ പദത്തിന് പകരം power of love എന്ന് തിരുത്തിയെഴുതിയാൽ കാര്യങ്ങൾ വേഗത്തിൽ പിടുത്തം കിട്ടും.

സ്നേഹനിശ്വാസത്തിലാണ് നല്ലതല്ലാത്തതെല്ലാം കത്തിയെരിയുകയും നിലനിൽക്കേണ്ട ഓർമ്മകളുടെ സുവർണ്ണജ്വാല കൊണ്ട് ജീവിതം അതിന്റെ ദീപ്തി വീണ്ടെടുക്കുകയും ചെയ്യുന്നത്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment