പുലർവെട്ടം 318

{പുലർവെട്ടം 318}

യേശു പറഞ്ഞ കഥകളിൽ ഞാൻ ഏറ്റവും ആശ്വാസം കണ്ടെത്തുന്നത് പല യാമങ്ങളിലായി മുന്തിരിത്തോട്ടത്തിൽ ജോലിക്കു കൂടിയ മനുഷ്യരുടെ കഥയിലാണ്. നമുക്കിന്ന് പരിചയമുള്ള നഗരക്കാഴ്ചയിലാണ് രണ്ടായിരം വർഷം പഴക്കമുള്ള ആ കഥ ആരംഭിക്കുന്നത്. കുറേയധികം പണിക്കാർ തെരുവിൽ കാത്തുനിൽക്കുകയാണ്. ഓരോ യാമത്തിലും അത്തരം മനുഷ്യരെ യജമാനൻ അഭിമുഖീകരിക്കുന്നു. ഒന്നാം മണിക്കൂർ തൊട്ട് ആ അങ്കം ആരംഭിക്കുന്നുണ്ട്; നമ്മുടെ ആറുമണി പുലരി എന്നു സൂചന. പതിനൊന്നാം മണിക്കൂർ വരെ അതു തുടരുന്നു; അന്തി അഞ്ചുമണി ആയെന്നു സാരം. നിങ്ങൾ എന്തുകൊണ്ട് അലസരായി നിൽക്കുന്നു എന്ന അന്വേഷണത്തിന് ഒരു പുരാതന ആകുലതയാണ് അവർ പങ്കിടുന്നത്. ഒരാളും ഞങ്ങളെ തൊഴിലിനു വിളിക്കുന്നില്ല. വേഷം മാറിയും ഭാഷ മാറാതെയും അതു കാലാതീതമായി മുഴങ്ങുന്നു.

ഒടുവിലൊരു അത്ഭുതം യജമാനൻ കരുതിവയ്ക്കുന്നുണ്ട്; കൂലി കൈമാറുമ്പോഴാണത്. പുലരിയിൽ വന്നയാൾക്കും അന്തിയിൽ വന്നായാൾക്കും ഒരേ കൂലി- ഒരു ദനാറ. ഒരാളും ഇനിയും വൈകിയിട്ടില്ലെന്നും ഏതു യാമത്തിലെത്തിയാലും എന്നെ കാത്തിരിക്കുന്ന ആത്മീയാനുഭൂതിയുടെ വെള്ളിനാണയം ഒന്നുതന്നെയാണ്. സമാന്തരങ്ങളില്ലാത്ത സ്വാസ്ഥ്യമാണത്. വെളിപാടിന്റെ പുസ്തകത്തിൽ വായിക്കുന്നതുപോലെ, വിശുദ്ധ നഗരിയിലേക്ക് നാലു ദിശകളിൽ നിന്നും വാതിലുണ്ട്. ജീവിതത്തിന്റെ നാലു ദശകളായി അതിനെ വായിച്ചെടുക്കുന്നു- ചിലർ ശൈശവനൈർമല്യങ്ങളിൽ, മറ്റു ചിലർ യൗവനത്തിന്റെ തീക്ഷ്ണതയിൽ, ഇനിയുമൊരു കൂട്ടർ എന്നെപ്പോലെ മധ്യവയസിന്റെ വീണ്ടുവിചാരങ്ങളിൽ, വേറെ ചിലർ മടങ്ങിപ്പോകുന്നതിന്റെ തിരിഞ്ഞുനോട്ടങ്ങളിൽ, ആ നല്ല കള്ളനേപ്പോലെ.

പുതിയ നിയമം രൂപപ്പെടുത്തുന്ന സാമ്പത്തിക സാമൂഹിക ശാസ്ത്രത്തിന്റെ സൂചനകളായി ജോൺ റസ്കിന്റെ Unto This Last ഉൾപ്പടെയുള്ള കൃതികൾ ഇതിനെ വായിച്ചെടുക്കുന്നുണ്ട്. ഒന്ന്, നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാൻ കല്പന കിട്ടിയ ഭൂമിയിൽ രക്തം വിയർപ്പാക്കാൻ തയാറായിട്ടും അപ്പത്തിനുള്ള സാധ്യത തുറന്നുകിട്ടാത്ത മനുഷ്യരുണ്ട്. അവരുടെ എണ്ണം അപകടകരമായ വിധത്തിൽ കൂടുന്നുമുണ്ട്. രണ്ട്, അലസതയെന്ന ആരോപണമാണ് നമ്മുടെ മക്കൾ ഉൾപ്പടെയുള്ള തൊഴിലന്വേഷകർ അഭിമുഖീകരിക്കുന്ന പരിഹാസം. 2015-ൽ ബി ടെക് ക്ലിയർ ചെയ്ത നിങ്ങൾ കഴിഞ്ഞ വർഷങ്ങളിലൊക്കെ എന്തുചെയ്യുകയായിരുന്നു? മൂന്ന്, പരിസരത്തിലും കാലത്തിലും ചെയ്യാവുന്ന ഏറ്റവും സർഗാത്മകമായ ഇടപെടൽ ഒരു തൊഴിൽദാതാവായി പരിണമിക്കുകയാണ്. ആ പഴമൊഴി പോലെ, മീൻ കൊടുത്താൽ ഒരു നേരത്തെ വിശപ്പടക്കാം. ചൂണ്ടയിടാൻ പഠിപ്പിച്ചാൽ എന്നേരത്തേക്കും. നാല്, കൂലി നീട്ടാതിരിക്കുക. ‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന’ തമ്പുരാനെ സ്തവം ചെയ്യുമ്പോൾ അതു മുട്ടിച്ചിരുന്ന ചിലരേക്കുറിച്ചും കാലത്തേക്കുറിച്ചുമുള്ള സൂചനയുണ്ട്.

കുറഞ്ഞതൊരു മൂന്നു സഹസ്രാബ്ദം പഴക്കമുള്ള പുസ്തകത്തിൽ ഇങ്ങനെ പരാമർശമുണ്ട്. “അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവൻ നിന്റെ സഹോദരനോ നിന്റെ നാട്ടിലെ പട്ടണങ്ങളിലൊന്നിൽ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്. അവന്റെ കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനു മുൻപു കൊടുക്കണം. അവൻ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്. അവൻ നിനക്കെതിരായി കർത്താവിനോടു നിലവിളിച്ചാൽ നീ കുറ്റക്കാരനായിത്തീരും.”

ഒടുവിലായി, കൂലിയേക്കുറിച്ചുള്ള ധാരണകളുടെ പുതുക്കലാണിത്. സ്വർണം തൂക്കുന്ന ത്രാസിൽ അളന്നുറപ്പിക്കേണ്ട വിയർപ്പിനുള്ള പ്രതിഫലമല്ല. വിയർത്തവനും അവനെ വലം ചുറ്റി ജീവിക്കുന്ന ഉറ്റവർക്കും ആത്മാഭിമാനത്തോടെ അന്നമുണ്ണാനുള്ള അടിസ്ഥാനധൈര്യമാണ് അവസാനം വന്നയാൾക്കും ഒരു ദനാറാ കൊടുക്കുന്നതുവഴി ഉറപ്പിക്കുന്നത്. പുതുകാലത്തിന്റെ വെൽഫെയർ നേഷൻ സങ്കല്പങ്ങളുടെ പ്രാഥമികവിചാരമാണിത്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment