പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്?

കുടിവെള്ള ക്ഷാമമെന്നും, ഭക്ഷണ ക്ഷാമമെന്നും, തൊഴിൽ ക്ഷാമമെന്നും കേട്ടിട്ടുണ്ട്, കേൾക്കുന്നുമുണ്ട്.
പക്ഷേ, കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും ഈ അടുത്ത കാലത്തായി നമ്മൾ കേൾക്കുന്ന മറ്റൊരു ക്ഷാമമാണ് “പെണ്ണ് ക്ഷാമം”…
സീറോമലബാർ സഭയിൽ മാത്രം ഒരു ലക്ഷത്തിൽ അധികം പുരുഷന്മാർ വിവാഹം കഴിക്കുവാൻ പെണ്ണില്ലാതെ കാത്തിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ നമ്മുടെ മുഖത്ത് അമ്പരപ്പ് മാത്രമായിരിക്കും അല്ലേ വിരിയുക ?
രഹസ്യത്തിൽ പരസ്യമായികൊണ്ടിരിക്കുന്ന ഈ യാഥാർഥ്യത്തെ വിശ്വസിക്കാതിരിക്കാൻ നിവർത്തിയില്ല.
പുരുഷന്മാർ ജോലിക്ക് പോകുകയും സ്ത്രീകൾ വീട്ടിലിരുന്ന് കുടുംബകാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.. മാത്രമല്ല,
സ്ത്രീകൾ ജോലിക്ക് പോയി സാമ്പാദിക്കുന്നത് കുടുംബത്തിനു കുറച്ചിലാണെന്ന് ധരിച്ചിരുന്ന പുരുഷന്മാരും വിരളമല്ലായിരുന്നു അന്ന്..
എട്ടും പത്തും മക്കളെയും പെറ്റു വളർത്തി ക്രിസ്തീയ മൂല്യങ്ങളിൽ ഊട്ടിയുറപ്പിച്ചു മക്കളെ വളർത്തികൊണ്ട് വന്നിരുന്ന കാലം ശിഥിലീകരണത്തിലേക്ക് കൂപ്പുകുത്തിയിട്ട് വർഷങ്ങളെറെയായി.

തന്റെ പുരുഷൻ തന്നേക്കാളും പൊക്കം കൂടിയവനായിരിക്കണം എന്ന സ്ത്രീ സങ്കല്പം ആണ് അന്നും ഇന്നും..
ഒപ്പം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും,
വയസിന്റെ കാര്യത്തിലും തന്നേക്കാൾ ഒരുപടി മുൻപിൽ നിൽക്കണമെന്ന് കരുതുന്ന പെൺകുട്ടികൾ തന്നെയാണ് ഇന്നും ഭൂരിഭാഗവും…
കാലഘട്ടം മാറുന്നതിനു അനുസരിച്ചു നമ്മുടെ ചിന്തകളും രീതികളും മാറിതുടങ്ങി…
ഒപ്പം പെൺകുട്ടികളുടെ ചിന്തകളിലും പരിണാമം പ്രകടമായി തുടങ്ങി..
മക്കളെ വളർത്തുന്നതിനോടൊപ്പം തന്നെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ട് പോകാമെന്നു തെളിയിച്ചു തുടങ്ങി സ്ത്രീകൾ…
സാമ്പത്തിക സുരക്ഷിതത്വം കൂട്ടുവാൻ വിദേശത്തേക്ക് ചേക്കേറുവാനായി പെൺകുട്ടികൾ കൂട്ടത്തോടെ നഴ്സിംഗ് സ്വപ്നം കണ്ട് പഠിച്ച ഒരു കാലമുണ്ടായിരുന്നു…
ഒരു നഴ്സിനെ കെട്ടിയാൽ വിദേശത്തേക്കു ചേക്കേറാം തങ്ങളുടെ ജീവിതം ഭദ്രമായി എന്ന് കരുതി നേഴ്സ് പെണ്ണിനെ തപ്പി നടന്നിരുന്ന കാലവും വിദൂരമല്ല..
കാലപ്രവാഹങ്ങളുടെ ചക്രവാളത്തിൽ പെട്ട് ദിവസങ്ങളും വർഷങ്ങളും കറങ്ങിമറിയുന്നതിനിടയിൽ രീതികൾക്കും ചിന്തകൾക്കും വീണ്ടും പരിണാമം…

പുരുഷന്മാരുടെ മേൽക്കോയമയ്ക്ക് മുൻപിൽ തോറ്റു കൊടുക്കരുതെന്ന വാശിയോ ? അതോ, മക്കളെ പെറ്റു കൂട്ടലും അടുക്കള പണിയും മാത്രമല്ല തനിക്ക് വശം ജോലി ചെയ്തു കാശ് സാമ്പാദിക്കാനും അറിയാമെന്ന ആത്മവിശ്വാസമോ ??
എന്തായാലും കാഘട്ടത്തിന്റെ മാറ്റങ്ങളും നൂതനമായ ആശയങ്ങളും സ്ത്രീകളെ തെല്ലൊന്നുമല്ല മാറ്റിയത്.
ഒരു കാലത്ത് സ്ത്രീകൾ ജോലിക്ക് പോകുന്നതാണ് കുറച്ചിൽ എങ്കിൽ, ഇന്ന് സ്ത്രീകൾ ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്നതാണ് കുറച്ചിൽ..
അടുക്കളയിൽ നിന്നും അരങ്ങത്തെക്കെത്തിയിരിക്കുന്നു സ്ത്രീകൾ…
എല്ലാ മേഖലകളും അവൾക്ക് വിജയത്തിന്റെ തിളക്കം മാത്രം.

പെണ്ണ് കിട്ടിയില്ല, കിട്ടുന്നില്ല എന്ന് പരാതി പറയുമ്പോൾ നമ്മുടെ ചെറുപ്പക്കാർക്ക് എന്താണ് സംഭക്കുന്നത് എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു..
ഇത്തരത്തിൽ
ചിന്തകൾക്കും രീതികൾക്കും മാറ്റം സംഭവിച്ച പെൺകുട്ടികൾ തന്റെ പങ്കാളിയായി വരുന്ന പുരുഷൻ
തന്നെക്കാൾ ഒരു പടി മുൻപിൽ ആയിരിക്കണം എന്ന ധാരണ പുലർത്തുന്നവരാണ്..
സ്വഭാവികമായും തനിക്കു വേണ്ടുന്ന സുരക്ഷിതത്വം നൽകാൻ കഴിവുള്ള പുരുഷന്മാരെ ആയിരിക്കും അവർ തേടുക…
പണ്ട് കാലത്ത് അപ്പനും അമ്മയും പറയുന്ന ആളെ വിവാഹം കഴിക്കാൻ തയ്യാറാകുമ്പോഴും സ്വന്തം തീരുമാനങ്ങൾക്ക് പ്രാധാന്യം നഷ്ട്ടപെടുമ്പോഴും അവർ പ്രതികരിച്ചിരുന്നില്ല…
എങ്കിൽ ഇന്ന് സ്ഥിതി നേരെ തിരിച്ചാണ്..
അവളുടെ നിലപാടുകൾ ഉറച്ചതാണ്, തീരുമാനങ്ങൾ ശക്തവുമാണ്..

പക്ഷേ, ഇവിടെയാണ്‌ നമ്മുടെ നസ്രാണി ചെറുപ്പക്കാർക്ക് വീഴ്ച്ച പറ്റിപോയത്…
പെൺകുട്ടികൾക്ക് ചിന്തകളിൽ വന്ന പരിണാമവും കാഴ്ചപാടും അവർ അറിയാതെ പോയി…
അവരുടെ സ്വപ്‌നങ്ങൾ അടുക്കളയിലെ പുകമറയ്ക്കുള്ളിൽ ഒതുക്കികളയാതെ സ്വപ്ന സാക്ഷാൽ ക്കാരത്തിനു വേണ്ടി പ്രയത്നിച്ചു തുടങ്ങിയെന്നത് വൈകിയെങ്കിലും മനസിലാക്കുന്നത് നന്ന്.
നമ്മുടെ ചെറുപ്പക്കാരായ ആണുങ്ങൾ ഇപ്പോഴും ആ പഴഞ്ചൻ കാലഘട്ടത്തിൽ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

സ്ത്രീകളുടെ സങ്കൽപത്തിലെ പോലെ അവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കുവാൻ തങ്ങൾ അയോഗ്യരായി കൊണ്ടിരിക്കുകയാണെന്നുള്ള കാര്യവും തിരിച്ചറിയാതെ പോകുന്നു എന്നത് തന്നെ വലിയ ഒരു പരാജയം അല്ലേ ?

സുഖലോലുപതയും മടിയും അലസതയും കൂടപ്പിറപ്പായി കൊണ്ട് നടക്കുമ്പോൾ പെൺകുട്ടികൾ ഒരുപാട് സ്വപ്നം കണ്ട് തുടങ്ങി എന്ന് അവർ മനസിലാക്കിയില്ല….
ആയതിനാൽ തന്നെ നടുനിവർന്നു നിന്ന് ചങ്കൂറ്റത്തോടെ പ്രതികരിക്കാനുള്ള ചിന്താശേഷിപോലും നമ്മുടെ ചെറുപ്പക്കാർക്ക് അന്യമായി തുടങ്ങി എന്ന് വേണം കരുതുവാൻ..
പ്രതികാരാഗ്നി ആളിക്കത്തിക്കുന്നവരെയല്ല, നല്ല ആശയങ്ങൾ കൊണ്ട് പ്രതികരിക്കാൻ അറിയാവുന്ന ചെറുപ്പക്കാരെയാണ് വാർത്തെടുക്കേണ്ടത്..

ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ആശയങ്ങൾ കൊണ്ടും, വളർന്നു വരുന്ന ചിന്താശേഷികൾ കൊണ്ടും, കുടുംബത്തിന്റെയും നാടിന്റെയും സമുദായത്തിന്റെയും കെട്ടുറപ്പിന് വേണ്ടി പ്രയത്നിക്കുന്ന ചെറുപ്പക്കാരെയാണ് ഇനിയുള്ള തലമുറയിൽ വളർത്തിയെടുക്കേണ്ടത്…
തലയിൽ കൈ വച്ചാൽ ബോധം കെടുന്ന സുവിശേഷം അല്ല പഠിപ്പിക്കേണ്ടത് ,
കൈ വച്ചാൽ ബോധം ലഭിക്കുന്ന സുവിശേഷം ആണ് അവരെ പഠിപ്പിക്കേണ്ടത്.. നമ്മുടെ മക്കൾക്ക് കൈമാറേണ്ടത്..
എങ്കിൽ നമ്മുടെ നസ്രാണി ചെറുപ്പക്കാർക്ക് വഴിതെറ്റില്ല..,
✍️ Gigi Mario..

Original source: https://gigimario.blogspot.com/2020/09/blog-post_7.html

Leave a comment