‘വർത്തമാനപ്പുസ്തക’ ത്തിൻ്റെ ഒരിക്കലും നഷ്ടപ്പെടാത്ത പ്രസക്തി

ഇന്ന് സെപ്തംബർ 10 – കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്തയുടെ ഓർമദിനം; പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ ജന്മദിനം. ഇരുവരും ചേർന്ന് നടത്തിയ ഐതിഹാസികമായ റോമായാത്രയുടെ വിവരണവും, മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ ഗ്രന്ഥവുമായ ‘വർത്തമാനപ്പുസ്തക’ത്തിന്റെ ഒരിക്കലും നഷ്ടപ്പെടാത്ത പ്രസക്തി വിവരിക്കുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

മാര്‍ ജോസഫ് കല്ലറങ്ങാട്ട്
(പാലാ ബിഷപ്പ്)

സഞ്ചാരസാഹിത്യത്തിലെ ഒരു അനശ്വരകൃതിയാണ് പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ രചിച്ച ‘വര്‍ത്തമാനപ്പുസ്തകം’. അടച്ചുവച്ചാലും വീണ്ടും വീണ്ടും തുറക്കപ്പെടുന്ന ഒരു പുസ്തകമാണത്. ആ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മര്‍ത്യകുലത്തില്‍ പിറന്ന ഒരു അതിമാനുഷനാണ് തോമ്മാ കത്തനാര്‍ എന്ന് നാം തിരിച്ചറിയും. ഭാരത സുറിയാനിസഭയുടെ വേദാന്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

പതിനെട്ടാം നൂറ്റാണ്ടില്‍ (1778) കരിയാറ്റില്‍ മല്പാനുമൊത്ത് അദ്ദേഹം റോമിലേക്കു നടത്തിയ അതിസാഹസികമായ ഒരു യാത്രയുടെ ഓര്‍മക്കുറിപ്പുകളാണ് വര്‍ത്തമാനപ്പുസ്തകം. പഴയനിയമത്തിലെ ക്രോണിക്കിള്‍സ് (ദിനവൃത്താന്തം) പോലെ വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥത്തിന് മലയാള ഗദ്യസാഹിത്യത്തില്‍ നിസ്തുലമായ സ്ഥാനമാണുള്ളത്. ഭാരതത്തിലെ സുറിയാനി ക്രൈസ്തവരുടെ കാര്യം റോമില്‍ പാപ്പയെ അറിയിക്കാന്‍ ഇവര്‍ നടത്തിയ യാത്രയില്‍ കിട്ടിയ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

വര്‍ത്തമാനപ്പുസ്തകത്തെക്കുറിച്ചുള്ള വിപുലമായ ഒരു അധ്യയനം നമുക്കിന്ന് ആവശ്യമാണ്. സാഹിത്യത്തിനും ചരിത്രത്തിനും മാത്രമല്ല, ദേശസ്‌നേഹവും സഭാസ്‌നേഹവും സമുദായചിന്തയും വളര്‍ത്തിയെടുക്കാനും ഈ ഗ്രന്ഥം ഉപകാരപ്പെടും. 78 അധ്യായങ്ങളുള്ള ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ സാധിച്ചാല്‍ വേനലിന്റെ കെടുതി കഴിഞ്ഞ് മഴയുടെ കുളിര്‍മ നാം ആസ്വദിക്കുന്നതുപോലുള്ള അനുഭവം ലഭിക്കും.

നമ്മുടെ മനസിനെ വലിച്ച് നമ്മുടെ വിശ്വാസത്തിലേക്ക്, നമ്മുടെ രാജ്യത്തിലേക്ക് അടുപ്പിക്കുന്ന ഒരു മാസ്മരിക ശക്തി ഈ പുസ്തകത്തിനുണ്ട്. ഈ പുസ്തകത്തെ വിസ്മൃതിയിലാഴ്ത്താന്‍ മനപ്പൂര്‍വം പരിശ്രമിക്കുന്നവര്‍ക്കുപോലും അത് സാധ്യമാകുമെന്നു കരുതുന്നില്ല. കാരണം, വര്‍ത്തമാനപ്പുസ്തകത്തിനു നിശബ്ദത പാലിക്കാന്‍ സാധിക്കില്ല.

രചനാലോകത്തെ ധ്രുവനക്ഷത്രം

ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന റവ. ഡോ. പ്ലാസിഡ് പൊടിപാറ തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷയിലൂടെ ഈ ഗ്രന്ഥം വിദേശീയര്‍ക്കും ഏറെ ഉപകാരപ്പെടുന്നുണ്ട്. 18-ാം നൂറ്റാണ്ടിലെ ബ്രസീല്‍, ആഫ്രിക്ക, റോം, ജനീവ, ഇറ്റലി എന്നീ രാജ്യങ്ങളെക്കുറിച്ചും അവിടത്തെ പട്ടണങ്ങളെക്കുറിച്ചുമുള്ള അദ്ഭുതകരമായ ഒരു വിജ്ഞാനകോശംകൂടിയാണ് ഈ പുസ്തകം. ഏതൊരു ജനാധിപത്യരാജ്യവും സ്വന്തമായി സംരക്ഷിക്കേണ്ട ദേശീയതയുടെ തത്ത്വശാസ്ത്രപരമായ ഒരു ആവിഷ്‌കാരംകൂടിയാണ് ഈ ഗ്രന്ഥം. തോമ്മാക്കത്തനാരെ കാലാനുവര്‍ത്തിയാക്കുന്ന ദേശീയചിന്തകളുടെ ഖജനാവാണ് വര്‍ത്തമാനപുസ്തകം.

രചനാലോകത്തിലെ ഒരു ധ്രുവനക്ഷത്രമായ തോമ്മാ കത്തനാനാരെ എഴുത്തുകാര്‍ക്കിടയിലെ ഒരു ‘നോര്‍ത്ത് സ്റ്റാര്‍’ (മാറ്റമില്ലാത്ത നക്ഷത്രം) എന്നും വിശേഷിപ്പിക്കാം. വര്‍ത്തമാനപ്പുസ്തകത്തിലൂടെ ഒരു നവോന്മേഷവും നവോത്ഥാനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു യഥാര്‍ത്ഥ എഴുത്തുകാരനെ കല്‍ത്തുറുങ്കിലടച്ചു വിസ്മൃതിയിലാക്കാന്‍ സാധ്യമല്ല എന്നു തെളിയിച്ചുകൊടുത്തവനാണ് കത്തനാര്‍. തെറ്റുകളില്ലാത്ത ഒരു സഞ്ചാര സാഹിത്യ ചരിത്രഗ്രന്ഥമെന്ന നിലയില്‍ ഇടംപിടിക്കുന്ന വര്‍ത്തമാനപ്പുസ്തകം ആദ്യന്തം അക്ഷരശുദ്ധിയുള്ള ഗ്രന്ഥവുമാണ്.

സുറിയാനിപൈതൃകം എന്ന വളക്കൂറുള്ള മണ്ണില്‍നിന്ന് ഊര്‍ജം സമ്പാദിച്ചാണ് ഇതിന്റെ രചന യാഥാര്‍ത്ഥ്യമാക്കിയത്. അതിന് അദ്ദേഹം സ്വീകരിച്ച ഇന്ധനം ദേശീയതയും. മുകളില്‍ സൂചിപ്പിച്ചതുപോലെ ഇന്ത്യയ്ക്കപ്പുറത്തേക്കും എത്തിനില്‍ക്കുന്ന ഒരു സാര്‍വദേശീയ സ്വഭാവംകൂടി പുലര്‍ത്തുന്ന ഗ്രന്ഥമാണിത്. സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചുമുള്ള കത്തനാരുടെ നിരീക്ഷണങ്ങള്‍ കുറ്റമറ്റതത്രേ. അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യവും രചനാ വൈഭവവുമെല്ലാം എത്ര പഠിച്ചാലും തീരാത്ത ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു. ഭാരതത്തിന്റെയും ക്രൈസ്തസമൂഹത്തിന്റെയും മുഖ്യധാരാചരിത്രവഴികളില്‍നിന്ന് ഒരു കാലത്തും കത്തനാര്‍ മാറ്റി നിര്‍ത്തില്ല.

ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, “എന്റെ സാക്ഷരത 100 പുസ്തകങ്ങള്‍ വായിക്കുന്നതിലല്ല, ഒരു പുസ്തകം 100 തവണ വായിക്കുന്നതിലാണ്” എന്ന്. വര്‍ത്തമാനപ്പുസ്തകം പല തവണ വായിക്കുന്ന ഒരു സമൂഹം സംജാതമായാല്‍ മലയാളി മനസുകളില്‍ സംജാതമാകാന്‍ പോകുന്ന ഏറ്റവും വലിയ വിപ്ലവം അതുതന്നെയായിരിക്കും. ഓരോ തവണ വായിക്കുമ്പോഴും ഓരോ പുതിയ കാഴ്ചപ്പാടുകള്‍ ഈ ഗ്രന്ഥം നമുക്കു സമ്മാനിക്കും.

ഭാരത സുറിയാനി സഭയിലെ പ്രതിസന്ധികളെ സൂക്ഷ്മാപഗ്രഥനത്തിനു വിധേയമാക്കിയിരിക്കുന്ന ഈ ഗ്രന്ഥം സഭാനവീകരണമുന്നേറ്റങ്ങളിലെല്ലാം വഴികാട്ടിയായി നില്‍ക്കേണ്ടതാണ്. ഇവിടത്തെ ജനങ്ങളുടെ ജീവിതശൈലിയെക്കുറിച്ചു പണ്ഡിതോചിതമായ വിവരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണാം. വിശുദ്ധ ഗ്രന്ഥത്തിനോ ഭരണഘടനയ്‌ക്കോ നല്‍കുന്നത്ര പ്രാധാന്യം നല്‍കിയില്ലെങ്കിലും നാം നിര്‍ബന്ധമായും വായിക്കേണ്ട ഒരു അമൂല്യഗ്രന്ഥമാണിത്. ഇതിലെ സന്ദേശം സുറിയാനി സഭക്കുവേണ്ടി മാത്രമല്ല, സാര്‍വത്രിക സഭക്കുവേണ്ടിയാണ്; ഇന്ത്യന്‍ ദേശീയതക്കുവേണ്ടിയാണ്; യൂറോപ്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള സത്യസന്ധമായ ഒരു പഠനത്തിനുവേണ്ടിയുമാണ്.

ഇനിയും ജനകീയമാക്കണം

മാര്‍ ജോസഫ് കരിയാറ്റില്‍ 1786 സെപ്റ്റംബര്‍ 10ന് ഗോവയില്‍വെച്ച് കാലം ചെയ്തതിനെ തുടര്‍ന്ന് ആ വര്‍ഷംതന്നെ തോമാ കത്തനാര്‍ നാട്ടിലെത്തുകയും അങ്കമാലി കേന്ദ്രമാക്കി സുറിയാനി സഭയുടെ ഗോവര്‍ണദോറായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. 13 വര്‍ഷത്തെ സ്തുത്യര്‍ഹ ശുശ്രൂഷയ്ക്കുശേഷം 1799 മാര്‍ച്ച് 20ന് കാലംചെയ്തു. 18-ാം നൂറ്റാണ്ടില്‍ ഏറ്റവും വലിയ സഞ്ചാരം നടത്തി ആ സഞ്ചാരത്തിന്റെ സവിസ്തരമായ വിവരണം നല്‍കുന്ന (സഞ്ചാരസാഹിത്യത്തിനുതന്നെ അടിത്തറയായി നില്‍ക്കുന്ന) വര്‍ത്തമാനപ്പുസ്തകം ഇനിയും ജനകീയമാകേണ്ടതുണ്ട്.

മനുഷ്യമനസുകളെ കീറിമുറിച്ച് ആ ഗ്രന്ഥം യാത്ര ചെയ്യേണ്ടതുണ്ട്. ഇതിലെ വര്‍ത്തമാനങ്ങള്‍ നമ്മുടെ കുടുംബങ്ങളിലെയും കലാലയങ്ങളിലെയും വര്‍ത്തമാനവിഷയങ്ങള്‍ ആകേണ്ടിയിരിക്കുന്നു. കുടുംബചരിത്രം ഏറെ പറയുന്ന പാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് വര്‍ത്തമാനപ്പുസ്തകത്തെക്കുറിച്ച് ആവശ്യത്തിന് സംസാരിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. നല്ല യാത്രാവിവരണങ്ങള്‍ വായിക്കുന്നത് വളരെ വിജ്ഞാനപ്രദമാണ്. വര്‍ത്തമാനപ്പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ വായിക്കുന്ന ശീലം ഏതാനും പതിറ്റാണ്ടുകള്‍ നിലനിന്നിരുന്നെങ്കിലും ആ പതിവു പിന്നീട് വിസ്മൃതിയിലാണ്ടുപോയി.

വര്‍ത്തമാനപ്പുസ്തകം ദിനവൃത്താന്തംപോലെ വിവരണങ്ങളും കഥ പറച്ചിലുമാണ്. ഈ വര്‍ത്തമാനം പറച്ചിലിനുള്ളില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന കാതല്‍ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ശിലയുടെ കാ~ിന്യമുള്ളതാണ്. വിപ്ലവാത്മകമായ ഒരു വര്‍ത്തമാനം പറച്ചിലാണിതിലേത്. ഗ്രന്ഥകാരന്റെ ധൈര്യവും ആത്മാര്‍ത്ഥതയും ഈ ഗ്രന്ഥത്തിലെ നിറനിലാവാണ്. അനീതിയോടു സൗമ്യവാക്കുകളില്‍ സംസാരിക്കാന്‍ അറിയാത്ത ഗ്രന്ഥകാരനെയാണ് ഈ പുസ്തകവായനയ്ക്കിടയില്‍ നാം പരിചയപ്പെടുന്നത്.

“അരച്ചതുകൊണ്ട് ഇടിക്കരുത്” എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുന്നതുപോലുള്ള ഭാഷാപ്രയോഗശൈലികള്‍ നിരൂപണ വിവേകത്തോടുകൂടി പ്രൗഢോജ്വലമായ രീതിയില്‍ കത്തനാര്‍ ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു. വൈകാരിക പ്രാധാന്യമുള്ള പ്രയോഗശൈലികളും ഈ ഗ്രന്ഥത്തില്‍ ഏറെ കാണാം.

വര്‍ത്തമാനപ്പുസ്തകത്തില്‍ ഗദ്യസൗന്ദര്യം നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. ഈ ഗദ്യസാഹിത്യത്തിലൂടെ പകരുന്നത് സഭാസ്‌നേഹവും ദേശസ്‌നേഹവുമാണ്. ഭാഷയുടെ ഭംഗി പുസ്തകത്തില്‍ ആദ്യന്തം കാണാന്‍ കഴിയും. ഇത്ര സമുജ്വലമായ രീതിയില്‍ എഴുതപ്പെട്ട മറ്റൊരു യാത്രാവിവരണഗ്രന്ഥം മലയാള ഭാഷയിലില്ല.

പരാജയ- വീരഗാഥകള്‍!

ദേശീയതയെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും മലയാളഭാഷയെ അവഗണിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ഗ്രന്ഥത്തിനും ഗ്രന്ഥകാരനും ഏറെ പ്രസക്തിയുണ്ട്. വളരെ ഉപരിപ്ലവമായിമാത്രം ചിന്തിക്കുന്ന ആധുനികസമൂഹത്തിന് കത്തനാരുടെ ബുദ്ധികൂര്‍മതയും ദീര്‍ഘവീക്ഷണവും തിരുത്തല്‍ശക്തിയായി നില്‍ക്കേണ്ടവയാണ്.

ഏറെ ക്ലേശപൂര്‍ണമായ ഒരു യാത്രയെ ഇത്ര ശൈലീസുന്ദരമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കുംതന്നെ കഴിഞ്ഞിട്ടില്ല. ഒരു ഭാഷാപ്രേമംതന്നെ ഈ പുസ്തകം വായനക്കാര്‍ക്കു സമ്മാനിക്കും. കത്തനാര്‍ മലയാളസാഹിത്യനഭസിലെ മഹര്‍ഷിയല്ല, ഏകര്‍ഷിതന്നെയാണ് (ഒരേയൊരു മഹര്‍ഷി). മലയാള ഗദ്യസാഹിത്യത്തിലെ പ്രാചീനമായ ഒരു കൃതി എന്ന നിലയിലും വര്‍ത്തമാനപ്പുസ്തകം മികവുറ്റതാണ്.

നിശ്ചയ ദാര്‍ഢ്യമുള്ളവര്‍ക്കുമാത്രമേ വര്‍ത്തമാനപ്പുസ്തകം ആദ്യന്തം വായിച്ചു തീര്‍ക്കാനാകൂ. ആദ്യഭാഗം അല്‍പ്പം ക്ഷമയോടെ വായിച്ചാല്‍, ബാക്കിഭാഗം വായിക്കുമ്പോള്‍ ഒരു ടോണിക് കഴിക്കുന്ന സുഖം ലഭിക്കും. അമൃതപാനമായിരിക്കും അത്. സൂക്ഷ്മഗ്രാഹിയായ ഒരു അന്വേഷകനും ഗവേഷകനുമായിരുന്നു കത്തനാര്‍. അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയും വിമര്‍ശന നൈപുണ്യവുമാണ് അദ്ദേഹത്തെ സമഗ്രദര്‍ശിയായ ഒരു സാഹിത്യകാരനാക്കിയത്.

കാര്യഗ്രഹണശേഷിയുടെ അപാരമായ ഒരു ധൈഷണികാവിഷ്‌കാരമാണു വര്‍ത്തമാനപ്പുസ്തകം. ചൂടും ചൂരുമുള്ള വാക്കുകളുടെ സംഭരണി പൊട്ടിയൊഴുകുന്നതുപോലെ വായനക്കാരന് അനുഭവപ്പെടും. മാതൃസഭാസ്‌നേഹത്തിന്റെ തീ പാറുന്ന വാക്കുകള്‍ പുസ്തകത്തില്‍ ഉടനീളമുണ്ട്. സുറിയാനിക്കാരന്‍ എന്ന അഭിമാനത്തിന്റെ ആഢ്യതയാണ് പുസ്തകത്തെ ഏറെ സുഗന്ധിയാക്കുന്നത്. പാശ്ചാത്യമേധാവിത്വത്തിനെതിരെയുള്ള ശക്തമായ വിസ്‌ഫോടനങ്ങള്‍ ഗ്രന്ഥത്തിലുടനീളം കാണാം.

റോമായാത്രാലക്ഷ്യങ്ങളെല്ലാം എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയതിനാല്‍ ഒരര്‍ത്ഥത്തില്‍ ഒരു പരാജയകഥയാണ് ഈ ഗ്രന്ഥം. മറ്റൊരു ലെന്‍സിലൂടെ വായിച്ചെടുത്താല്‍ വിജയത്തിന്റെ വീരഗാഥയും. സുറിയാനി സഭയുടെ സങ്കടങ്ങളിലും ക്ലേശങ്ങളിലും ഒരു ‘സഭാത്മകഭ്രാന്തനെ’പ്പോലെ വ്യാപരിച്ച വ്യക്തിയാണു കത്തനാര്‍. സഭയിലെ പ്രതിസന്ധികളെ കാടിളക്കി പുറംലോകത്തിനു കാണിച്ചുകൊടുത്ത ‘ഗജവീര’നായ കത്തനാര്‍ കാലം തെറ്റിപ്പിറന്ന കര്‍മയോഗിയും ക്രാന്തദര്‍ശിയുമായിരുന്നു.

നിത്യഹരിത ചരിത്രഖജനാവ്

ഭാരത സുറിയാനി സഭയുടെ തനിമ പരിരക്ഷിക്കാന്‍ കത്തനാര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു വര്‍ത്തമാനപ്പുസ്തകത്തിന്റെ രചന. അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ആഴമായ ഒരു സഭാദര്‍ശനം സ്ഥാപിച്ചെടുത്തു. സുറിയാനി സഭയുടെ വിശ്വാസസംസ്‌കാരമാണ് ഈ ഗ്രന്ഥത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഭാ കാര്യങ്ങളില്‍ അല്‍മായര്‍ക്കുള്ള സവിശേഷമായ സ്ഥാനവും കത്തനാരുടെ സഭാദര്‍ശനത്തിന്റെ ഊടും പാവുമാണ്.

മാര്‍ത്തോമ്മാ മാര്‍ഗത്തെ ഏറ്റവും നന്നായി എടുത്തു കാണിക്കുന്ന ഗ്രന്ഥമാണിത്. പൂര്‍വികരുടെ പാരമ്പര്യത്തെക്കുറിച്ച് ഇത്ര അഭിമാനപൂര്‍വം സംസാരിക്കുന്ന മറ്റൊരു ഗ്രന്ഥവും ഭാരതസഭാചരിത്രത്തിലില്ല. ഈടുറ്റ ഒരു സഭാദര്‍ശനം അവതരിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച വൈകാരികപ്രാധാന്യമുള്ള പ്രയോഗശൈലികള്‍ ഗ്രന്ഥത്തെ പ്രൗഢോജ്ജ്വലമാക്കുന്നു. അടുക്കും ചിട്ടയുമുള്ള ചരിത്രസംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിഗണിക്കുമ്പോള്‍ വര്‍ത്തമാനപ്പുസ്തകം ഒരു നിത്യഹരിത ചരിത്രഖജനാവാണ്.

തികച്ചും ദേശീയവും അതേസമയം മതപരവുമായ ഒരു ഗ്രന്ഥവുമാണ് വര്‍ത്തമാന പുസ്തകം. സഭാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ചിന്തകള്‍ ഇതില്‍ കാണാം. അക്ഷരാര്‍ത്ഥത്തില്‍ കത്തനാര്‍ ഒരു സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. വിദേശാധിപത്യത്തിനെതിരെ പടപൊരുതുന്നിനിടയില്‍ കത്തനാര് ഒരുപാടു സങ്കടങ്ങളുടെയും സഹനങ്ങളുടെയും ആള്‍രൂപമായി മാറി. സങ്കടങ്ങളുടെ നിഴലുകളിലാണ് അദ്ദേഹം ഈ കൃതി രചിച്ചതുതന്നെ.

ഒരര്‍ത്ഥത്തില്‍ ദു$ഖങ്ങളും പ്രയാസങ്ങളും എതിര്‍പ്പുകളും ഒരിക്കലും അദ്ദേഹത്തെ വിട്ടുമാറിയിട്ടില്ല. അതില്‍നിന്ന് അദ്ദേഹം ഒരിക്കലും മോചിതനായിരുന്നുമില്ല. ഈ സഹനങ്ങളത്രയും മാതൃസഭയുടെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അദ്ദേഹം ഏറ്റെടുത്തത്. ദൈവകൃപയിലുള്ള വലിയ ആശ്രയം എപ്പോഴും ആ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ഭാരത സുറിയാനി ക്രൈസ്തവരുടെ മതപരവും സാമുദായികവുമായ ചരിത്രഗ്രന്ഥം കൂടിയാണ് വര്‍ത്തമാനപ്പുസ്തകം. ഇവിടുത്തെ ജനങ്ങളുടെ ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങള്‍, ആരാധനാ ക്രമരീതികള്‍ എന്നിവയെല്ലാം ഈ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാം.

ഗാന്ധിജി പറയുകയുണ്ടായി: “എന്റെ രാജ്യം സ്വതന്ത്രമാകണമെന്നും ആവശ്യമെങ്കില്‍ മനുഷ്യവംശത്തിനുവേണ്ടി, ഈ രാജ്യം മുഴുവനും മരിക്കണമെന്നും ഉള്ളതാണ് എന്റെ ദേശീയത.” ഇതിനോടു സമാനമായിരുന്നു കത്തനാരുടെ വീക്ഷണങ്ങളും. സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന അദ്ദേഹം മറ്റാരുടെയും നാശം ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, അവകാശപ്പെട്ട സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി കത്തനാര്‍ തോക്കിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിച്ചു.

അതു പാശ്ചാത്യശക്തികളെ കീഴ്‌പ്പെടുത്തുന്നതിനുവേണ്ടി ആയിരുന്നില്ല പ്രത്യുത, ഭാരതത്തിലെ സുറിയാനി സമുദായത്തിന്റെ തനിമ അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. ഈ നിശ്ചയദാര്‍ഢ്യം, എതിര്‍പക്ഷത്തു നിന്നിരുന്നവരെ ചിലപ്പോഴെങ്കിലും നിഷ്‌ക്രിയരാക്കിയിട്ടുണ്ട്. കത്തനാര്‍ കലഹിച്ചത് സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയായിരുന്നു.

“കുടുംബമഹിമ വെളുപ്പിലോ കറുപ്പിലോ അല്ല” എന്ന അദ്ദേഹത്തിന്റെ ചെറുവാക്യം വാസ്തവത്തില്‍ ഒരു നിറയൊഴിക്കല്‍ തന്നെയായിരുന്നു. അതുപോലെതന്നെയാണ് “ഞങ്ങള്‍ സുറിയാനിക്കാരാണ്” എന്ന പ്രയോഗശൈലിയും. ഇതില്‍ പാശ്ചാത്യവിരോധമോ അന്യമതവിരോധമോ നാം അനാവശ്യമായി അടിച്ചേല്‍പ്പിക്കേണ്ടതില്ല.

മഹാകവിയുടെ സര്‍ട്ടിഫിക്കറ്റ്!

മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമത്രേ: “തോമ്മാ കത്തനാരുടെ വര്‍ത്തമാനപ്പുസ്തകം ഏതു നിലയ്ക്കു നോക്കിയാലും കൈരളിക്ക് ഒരു കനകാഭരണമാണ്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജ്യഗ്രാഹ്യവിവേചനസാമര്‍ത്ഥ്യം, വിവരണവൈദഗ്ധ്യം മുതലായ സിദ്ധികള്‍ക്ക് എവിടെയും ഉദാഹരണങ്ങള്‍ കാണാം. സംസ്‌കൃതപ്രധാനമായ ഒരു ശൈലിയല്ല അദ്ദേഹത്തിനുള്ളത് പ്രത്യുത, അന്നത്തെ സര്‍ക്കാര്‍എഴുത്തുകളിലും മറ്റും പ്രചുരപ്രചാരമായിരുന്ന ഒരു തരം ഭാഷാരീതിയാണ്.

“യാത്രാവിവരണത്തിന് ഏറ്റവും യോജിച്ച രീതിയാണിത്. ക്രിസ്ത്യാനികളുടെ ആവശ്യത്തെ പ്രായേണ മുന്‍നിര്‍ത്തി രചിച്ചിട്ടുള്ള ഗ്രന്ഥത്തിന് അവരുടെ ഇടയില്‍മാത്രം നടപ്പുള്ള വാക്കുകള്‍ അങ്ങിങ്ങായി കാണാമെങ്കിലും അവയുടെ സന്നിവേശവിശേഷണംകൊണ്ട് ഒരു വക സൗന്ദര്യമാണു ലഭിച്ചിരിക്കുന്നത്. ആകെക്കൂടി മലയാളഭാഷയിലെ ആകര്‍ഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനു പുറമേ അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിജ്ഞാനഭണ്ഡാഗാരം എന്ന നിലയില്‍ വര്‍ത്തമാനപ്പുസ്തകം നമ്മുടെ സമഗ്ര ശ്ലാഘനീയത അര്‍ഹിക്കുന്നു.”

(ജോണ്‍ മാളിയേക്കല്‍ ഭാഷാന്തരം നിര്‍വഹിച്ച ‘വര്‍ത്തമാനപുസ്തക’ത്തിന്റെ ആധുനിക പതിപ്പ് സോഫിയ ബുക്‌സ് വിതരണം ചെയ്യുന്നു. ഫോണ്‍: (0495) 2373077, 9995574308)

Leave a comment