പുലർവെട്ടം 335

{പുലർവെട്ടം 335}

“It’s the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid to fail, in the pursuit of something greater, something grander”

– Abhijit Naskar

ഒരു പൊട്ടൻഷ്യൽ ഡ്രോപ്ഔട്ട് ഉള്ളിലുണ്ടായിരുന്നു എന്നുതന്നെ കരുതണം, അതുകൊണ്ടാണ് ആ കവിയുടെ മുഴുവൻ കൃതികളിൽ നിന്ന് ആ വരികൾ മാത്രം ഹൃദിസ്ഥമാക്കിയത്. പാഠപുസ്തകങ്ങൾ സാമൂഹിക അകലം സൂക്ഷിച്ച കവിയായിരുന്നു. തൊട്ടടുത്ത വായനശാലയിലെ വാർഷികാഘോഷമത്സരങ്ങളിൽ നിന്നു കിട്ടിയ സമ്മാനപ്പുസ്തകമാണത്. ജ്ഞാനദീപഗൃഹം എന്ന ആ വായനശാല ഏതോ ബംഗാളിഗ്രാമത്തിലാണെന്നൊക്കെ സങ്കല്പിക്കുമായിരുന്നു. തീവ്ര ഇടതുപക്ഷചായ്‌വുള്ള അവിടുത്തെ ചില ചേട്ടന്മാർ ചാരു മജുംദാറെ ‘ചാരു’ എന്നു വിളിക്കാൻ മാത്രം മാനസിക അടുപ്പമുണ്ടാക്കിയിട്ടുണ്ടായിരുന്നു.

ടൈപ്പ് ചെയ്തുചെയ്തു കാടുകയറി. ‘ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

പുല്ലാണു പുസ്തകജ്ഞാനം പുലരിതൻ

പുല്ലാംകുഴൽവിളി വന്നു പുണരവേ;

തോല്ക്കുകിലെന്തു പരീക്ഷയിൽ? തെല്ലുമേ

തോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കൽ നാം

(വിശ്വഭാരതിയിൽ)

സ്വന്തം നിലയ്ക്ക് അത് ബ്ലാക് ബോർഡിൽ എഴുതിയിടാൻ ശ്രമിക്കുകയും വൃത്തിപിശാചിന്റെ അപഹാരമുള്ള ക്ലാസ് മോണിറ്റർ യന്ത്രമനുഷ്യനെപ്പോലെ തലയുയർത്താതെതന്നെ അതു തുടച്ചു വൃത്തിയാക്കുകയും ചെയ്തു… ബ്ലഡി ഗ്രാമവാസീസ്!

ഒന്നും സ്വയംഭൂവല്ല, സൃഷ്ടിക്കപ്പെടുകയാണെന്നു പറയുന്നതുപോലെ ഡ്രോപ്ഔട്ടുകളും നിർമിക്കപ്പെടുകയാണ്. ഡ്രോപ്ഔട്ടാവുന്നതിനു കാരണങ്ങൾ പലതും പറഞ്ഞുകേൾക്കാം; അലസത, ദാരിദ്ര്യം, അപമാനഭീതികൾ, സമ്മർദങ്ങൾ, തുടർച്ചയായ പരാജയങ്ങൾ. എന്നാലും, തടിയുടെ വളവു മാത്രമല്ല പ്രശ്നം. ഇത്രയും പള്ളി വേണ്ടായിരുന്നു എന്നു നാം തിരിച്ചറിഞ്ഞതുപോലെ ഇത്രയും പള്ളിക്കൂടവും വേണ്ടായിരുന്നോ എന്ന വീണ്ടുവിചാരത്തിനു സാധ്യതയുള്ള നേരമായിരിക്കുന്നു. കഷ്ടിച്ച് ഒരു മണിക്കൂർ നീളമേയുള്ളു വെർച്വൽ ക്ലാസ് മുറിക്ക്. അല്ല, ഡി സ്കൂളിങ്ങിനുള്ള വാഴ്ത്തല്ല ഇത്. അസാധാരണ ക്ഷമയും ആന്തരികജീവിതവുമുള്ള മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്കു കിട്ടുന്ന ബോണസാണത്. പള്ളിക്കൂടത്തിലേക്കുള്ള വഴികൾ പുല്ലുമൂടാതെ തന്നെ സൂക്ഷിക്കണം. പ്രണയത്തേക്കുറിച്ചുള്ള ഒരു ഹൈക്കുവിൽ, നിന്നിലേക്കെത്തിയതല്ല നിന്നെ കാണാനായി നടത്തിയ യാത്രകളായിരുന്നു ശരിക്കുമുള്ള പ്രണയമെന്നു പറയുന്നതുപോലെ, ക്ലാസ്‌മുറിയിലേക്കുള്ള വഴികളിലും ഇടനാഴികളിലും അറിവിന്റെ പരാഗങ്ങളുണ്ട്. പള്ളിക്കൂടങ്ങൾ പഴയ രീതിയിലാകുമ്പോൾ ചെയ്യാവുന്ന ഒരു സുകൃതം സ്കൂൾ ബസ് ഉപേക്ഷിക്കുകയെന്നതാവും. കുതിരയുടെ ബ്ലിങ്കേഴ്സ് അണിഞ്ഞതുപോലെ ഇതരകാഴ്ചകൾ കൊട്ടിയടച്ച് ഒരു ജീവപര്യന്തകാലത്തോളം തുടരുന്ന ആ യാത്ര മനസ്സു വച്ചാൽ തിരുത്തിയെഴുതേയുള്ളു.

ലോകത്തിനു മുഴുവൻ ഒരു വീണ്ടുവിചാരത്തിനുള്ള ഇടവേള കിട്ടുകയാണ്. അറിവിന്റെ മൂന്നു ഘട്ടങ്ങളെന്ന് സ്പിനോസ കരുതുന്ന by imagination, by reason, by intuition എന്നിവയ്ക്ക് അത്രയും ഇടം കൊടുക്കുന്നതാണ് നടപ്പുബോധനരീതികളെന്നു തോന്നുന്നില്ല. അധ്യാപനം അനുയാത്രയായി മാറുന്നൊരു കാലത്തിൽ ഒരാളും ഡ്രോപ്ഔട്ടെന്ന വിശേഷണത്തിൽ തലകുനിച്ചു നിൽക്കില്ല. കാരണം അപ്പോഴേക്കും പള്ളിക്കൂടത്തിന്റെ ചുവരുകൾ വികസിതമാവുകയും മേൽക്കൂര ഉയരുകയും ചെയ്യും. താഴെ ‘തോറ്റ കുട്ടി’ എന്ന റഫീക്ക് അഹമ്മദിന്റെ കവിത കൊടുത്തിട്ടുണ്ട്. ഒന്നു കേട്ടുനോക്കൂ. നേരമുണ്ടെങ്കിൽ ബോബി സഞ്ജയ് – റോഷൻ ആൻഡ്രൂസിന്റെ സ്കൂൾ ബസും കാണാവുന്നതാണ്.

-ബോബി ജോസ് കട്ടികാട്

 

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment