ദിവ്യബലി വായനകൾ Wednesday of week 24 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 ബുധൻ

Saints Cornelius, Pope, and Cyprian, Bishop, Martyrs 
on Wednesday of week 24 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്
വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.
എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,
അവര്‍ തങ്ങളുടെ രക്തംചിന്തി;
അതിനാല്‍, ക്രിസ്തുവിനോടുകൂടെ,
അവര്‍ അനവരതം ആഹ്ളാദിക്കുന്നു.

Or:

വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടി
ഭാഗ്യപ്പെട്ട രക്തം ചിന്തി;
തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.
തങ്ങളുടെ മരണത്തില്‍ അവര്‍
അവിടത്തെ അനുകരിക്കുകയും
അതുവഴി വിജയകിരീടമണിയുകയും ചെയ്തു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
അങ്ങേ ജനത്തിനുവേണ്ടി, തീക്ഷ്ണതയുള്ള അജപാലകരും
അജയ്യരായ രക്തസാക്ഷികളുമായി അങ്ങു നല്കിയല്ലോ.
അവരുടെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്താലും സ്ഥിരതയാലും ഞങ്ങള്‍ ശക്തരാകാനും
സഭയുടെ ഐക്യത്തിനുവേണ്ടി
തീവ്രമായി പരിശ്രമിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 12:31-13:13
വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.

സഹോദരരേ, ഉത്കൃഷ്ടദാനങ്ങള്‍ക്കു വേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം. ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരം ഉണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്. പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു. ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തി വന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു. ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 33:2-3,4-5,12,22

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി
അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍;
ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ
വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.
കര്‍ത്താവേ, അങ്ങേ കാരുണ്യം
ഞങ്ങളുടെ മേല്‍ ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 7:31-35
ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ഈ തലമുറയെ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്? അവര്‍ ആരെപ്പോലെയാണ്? ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെ ങ്കിലും നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വിലാപഗാനം ആലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല എന്ന് ചന്തസ്ഥലത്തിരുന്നു കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെ പോലെയാണ് അവര്‍.
എന്തെന്നാല്‍, യോഹന്നാന്‍ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു. ജ്ഞാനം ശരിയെന്നു തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷികളായ വിശുദ്ധരുടെ
പീഡാസഹനത്തെ പ്രതി അര്‍പ്പിച്ച
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കണമേ.
വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
മതപീഡനത്തില്‍ ധീരതയോടെ ശുശ്രൂഷചെയ്യാന്‍
സഹായിച്ച ഈ കാണിക്കകള്‍,
ഞങ്ങള്‍ക്കും പ്രതിസന്ധികളില്‍
സ്ഥിരത പ്രദാനം ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 22:28-30

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പരീക്ഷകളില്‍ എന്നോടു കൂടെ നിലനിന്നവരാണ് നിങ്ങള്‍.
ഞാന്‍ നിങ്ങള്‍ക്ക് രാജ്യം തരുന്നു;
അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍,
എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും
പാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.

Or:

ഇതാ, ദൈവത്തിന്റെ മുമ്പില്‍,
വിശുദ്ധരുടെ സമ്മാനം വളരെ അമൂല്യമാണ്;
അവര്‍ തന്നെ കര്‍ത്താവിനുവേണ്ടി
യഥാര്‍ഥത്തില്‍ മരണം വരിക്കുകയും
എന്നേക്കും ജീവിക്കുകയും ചെയ്യുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച
ഈ രഹസ്യങ്ങള്‍ വഴി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
രക്തസാക്ഷികളായ വിശുദ്ധരായ കൊര്‍ണേലിയൂസിന്റെയും
സിപ്രിയന്റെയും മാതൃകയാല്‍
അങ്ങേ ചൈതന്യത്തിന്റെ ശക്തിയാല്‍ സ്ഥിരീകരിക്കപ്പെട്ട്,
സുവിശേഷ സത്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍
ഞങ്ങള്‍ക്കും കഴിയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment